Image

വനിതാ ഡെപ്യൂട്ടി കളക്ടറെ പരസ്യമായി അധിക്ഷേപിച്ചതിന്‌ മാപ്പ്‌ പറഞ്ഞ്‌ എംഎല്‍എ

Published on 27 November, 2017
വനിതാ ഡെപ്യൂട്ടി കളക്ടറെ പരസ്യമായി അധിക്ഷേപിച്ചതിന്‌ മാപ്പ്‌ പറഞ്ഞ്‌ എംഎല്‍എ

വനിതാ ഡെപ്യൂട്ടി കളക്ടറെ പരസ്യമായി അധിക്ഷേപിച്ച പാറശാല എംഎല്‍എ സികെ ഹരീന്ദ്രന്‍ ക്ഷമ ചോദിച്ചു. ഏതെങ്കിലും വാക്കുകള്‍ മോശമായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന്‌ സി കെ ഹരീന്ദ്രന്‍ പറഞ്ഞു.
അപമര്യാദയായി പെരുമാറിയ എംഎല്‍എ സികെ ഹരീന്ദ്രനെ വിമര്‍ശിച്ച്‌ വനിതക്കമ്മീഷന്‍ എംസി ജോസഫൈന്‍ രംഗത്ത്‌ വന്നിരുന്നു. സികെ ഹരീന്ദ്രനെ ഫോണില്‍ വിളിച്ചാണ്‌ അതൃപ്‌തി അറിയിച്ചത്‌. തിരുവനന്തപുരത്ത്‌ എത്തിയതിന്‌ ശേഷം തുടര്‍ നടപടി എടുക്കുമെന്നും ജോസഫൈന്‍ പറഞ്ഞു. ഒരു എംഎല്‍എ ആത്മസംയമനം പാലിക്കണം. എത്ര വികാരപരമായ അന്തരീക്ഷമാണെങ്കിലും സ്‌ത്രീകളോട്‌ സംസാരിക്കുമ്പോള്‍ വാക്കുകള്‍ ശ്രദ്ധിച്ച്‌ ഉപയോഗിക്കണമെന്നും ഹരീന്ദ്രനോട്‌ എംസി ജോസഫൈന്‍ പറഞ്ഞു.


സംഭവം നടന്ന്‌ രണ്ടു ദിവസത്തിന്‌ ശേഷമാണ്‌ വനിതാക്കമ്മീഷന്‍ ഇടപ്പെട്ടത്‌. ഡെപ്യൂട്ടി കളക്ടര്‍ ആര്‍ ജെ വിജയ സംഭവത്തില്‍ പരാതി നല്‍കിയിട്ടില്ല. ഡെപ്യൂട്ടി കളക്ടറോടും എംസി ജോസഫൈന്‍ സംസാരിച്ചു. സംഭവത്തില്‍ സി കെ ഹരീന്ദ്രന്‍ ക്ഷമ ചോദിച്ചുവെന്നും ജോസഫൈന്‍ പറഞ്ഞു.

ക്വാറി അപകടത്തില്‍ മരിച്ചവര്‍ക്കു ദുരിതാശ്വാസം നല്‍കുന്നതുമായി ബന്ധപ്പെട്ടാണ്‌ ഡപ്യൂട്ടി കളക്ടറോട്‌ എംഎല്‍എ അപമര്യാദയായി പെരുമാറിയത്‌. 'എന്നെ നിനക്ക്‌ അറിയില്ല, നിന്നെ ആരാടീ ഇവിടെ എടുത്തോണ്ടു വന്നത്‌' എന്നൊക്കെ ഹരീന്ദ്രന്‍ ചോദിച്ചിരുന്നു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്‌ 25 ലക്ഷം രൂപ വീതം നല്‍കണമെന്നായിരുന്നു എംഎല്‍എയുടെ ആവശ്യം. എന്നാല്‍, ഒരു ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കാനായിരുന്നു കളക്ടറുടെ യോഗത്തിലെടുത്ത തീരുമാനം എന്ന്‌ അറിയിച്ചതോടെ ഹരീന്ദ്രന്‍ നിയന്ത്രണം വിട്ട്‌ സംസാരിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സംഭവം വിവാദമായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക