Image

നാഗ്‌പൂര്‍ ടെസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക്‌ കൂറ്റന്‍ ജയം

Published on 27 November, 2017
നാഗ്‌പൂര്‍ ടെസ്റ്റില്‍  ശ്രീലങ്കയ്‌ക്കെതിരെ  ഇന്ത്യയ്‌ക്ക്‌ കൂറ്റന്‍ ജയം



നാഗ്‌പൂര്‍: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റില്‍ ഇന്ത്യക്ക്‌ ഇന്നിംഗ്‌സ്‌ ജയം. ഒന്നര ദിവസത്തിലേറെ ബാക്കിനില്‍ക്കെയാണ്‌ ഇന്ത്യ നാഗ്‌പൂരില്‍ ചരിത്രം കുറിച്ചത്‌.

ഇന്നിംഗ്‌സ്‌ തോല്‍വി ഒഴിവാക്കാന്‍ 405 റണ്‍സ്‌ വേണമെന്ന നിലയില്‍ ബാറ്റിംഗിനിറങ്ങിയ ലങ്കന്‍ പോരാട്ടം 166 റണ്‍സില്‍ അവസാനിച്ചു. ഇന്നിംഗ്‌സിനും 238 റണ്‍സിനുമാണ്‌ ഇന്ത്യ ജയം സ്വന്തമാക്കിയത്‌.

61 റണ്‍സ്‌ നേടിയ നായകന്‍ ദിനേഷ്‌ ചണ്ഡിമല്‍ ഒഴികെ മറ്റാര്‍ക്കും ഇന്ത്യന്‍ ആക്രമണത്തെ ചെറുത്തുനില്‍ക്കാനായില്ല. 4 വിക്കറ്റ്‌ വീഴ്‌ത്തിയ അശ്വിനാണ്‌ ലങ്കയെ തകര്‍ത്തത്‌. ഇതോടെ അശ്വിന്‍ ടെസ്റ്റ്‌ കരിയറില്‍ 300 വിക്കറ്റെന്ന നാഴികകല്ലും പിന്നിട്ടു.

ഇഷാന്ത്‌ ശര്‍മ്മ, രവീന്ദ്ര ജഡേജ, ഉമേഷ്‌ യാദവ്‌ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതം വീഴ്‌ത്തി. നേരത്തെ നായകന്‍ വിരാട്‌ കോഹ്‌ ലിയുടെ ഇരട്ട സെഞ്ചുറിയുടെ മികവിലാണ്‌ ഇന്ത്യ കൂറ്റന്‍ ലീഡ്‌ നേടിയത്‌.

കോഹ്‌ലി 213 റണ്‍സ്‌ നേടിയപ്പോള്‍, ചേതേശ്വര്‍ പൂജാര, മുരളി വിജയ്‌ രോഹിത്‌ ശര്‍മ്മ എന്നിവരും സെഞ്ചുറി നേടിയിരുന്നു. 6 വിക്കറ്റിന്‌ 610 റണ്‍സ്‌ എന്ന നിലയിലാണ്‌ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌ ഡിക്ലയര്‍ ചെയ്‌തത്‌.

നേരത്തെ ലങ്കയുടെ ആദ്യ ഇന്നിംഗ്‌സ്‌ 205 റണ്‍സില്‍ അവസാനിച്ചിരുന്നു. ഒന്നാം ഇന്നിംഗ്‌സിലും അശ്വിന്‍ നാല്‌ വിക്കറ്റ്‌ നേട്ടം സ്വന്തമാക്കിയിരുന്നു. ഇരട്ട സെഞ്ചുറി നേടിയ നായകന്‍ വിരാട്‌ കോഹ്‌ ലി തന്നെയാണ്‌ കളിയിലെ താരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക