Image

ജയലളിതയുടെ മകള്‍'; യുവതിയുടെ ഹര്‍ജി തള്ളി

Published on 27 November, 2017
ജയലളിതയുടെ മകള്‍'; യുവതിയുടെ ഹര്‍ജി തള്ളി

ന്യൂദല്‍ഹി: അന്തരിച്ച തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രി ജയലളിത തന്‍റെ അമ്മയാണെന്നും ഇത്‌ തെളിയിക്കുന്നതിനായി ഡിഎന്‍എ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട്‌ യുവതി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ബംഗളൂരു സ്വദേശിനിയായ അമൃത മഞ്‌ജുള എന്ന മുപ്പത്തിയേഴുകാരിയാണ്‌ കോടതിയെ സമീപിച്ചിരുന്നത്‌.

ഇക്കാര്യത്തില്‍ യുവതിക്ക്‌ ഹൈക്കോടതിയെ സമീപിക്കാമെന്നു ജസ്റ്റിസുമാരായ എംബി. ലോക്കൂര്‍, ദീപക്‌ ഗുപ്‌ത എന്നിവര്‍ അധ്യക്ഷരായ ബെഞ്ച്‌ നിരീക്ഷിച്ചു. ഡിഎന്‍എ ടെസ്റ്റിനായി ജയലളിതയുടെ മൃതദേഹം പുറത്തെടുക്കണമെന്നുമാണ്‌ അമൃത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്‌.

1980 ആഗസ്റ്റ്‌ 14 ന്‌ മൈലാപൂരിലെ ജയലളിതയുടെ വീട്ടിലാണ്‌ തന്‍റെ ജനനം. ജയലളിതയുടെ ആദരവിന്‌ ഇടിവു വരാതിരിക്കാനാണ്‌ ഇക്കാര്യം രഹസ്യമാക്കിവച്ചതെന്നുമാണ്‌ അമൃത ഹര്‍ജിയില്‍ പറയുന്നത്‌.

ജയലളിത തന്റെ അമ്മയാണെന്നും അവരുടെ അന്ത്യകര്‍മ്മങ്ങള്‍ തമിഴ്‌ ഹിന്ദു അയ്യങ്കാര്‍ ആചാരങ്ങള്‍ അനുസരിച്ച്‌ നടത്തണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക