Image

'തലയ്‌ക്ക്‌ സ്ഥിരതയുള്ള ആരും കോണ്‍ഗ്രസിനോട്‌ സഹകരിക്കില്ലെന്ന്‌ കാനം രാജേന്ദ്രന്‍

Published on 27 November, 2017
'തലയ്‌ക്ക്‌ സ്ഥിരതയുള്ള ആരും കോണ്‍ഗ്രസിനോട്‌ സഹകരിക്കില്ലെന്ന്‌ കാനം രാജേന്ദ്രന്‍


കോണ്‍ഗ്രസുമായുള്ള സഹകരണത്തില്‍ മലക്കം മറിഞ്ഞ്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോണ്‍ഗ്രസുമായി സഖ്യമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സത്യമല്ല, തലയ്‌ക്ക്‌ സ്ഥിരതയുള്ള ആരും ഇപ്പോള്‍ കോണ്‍ഗ്രസിനോട്‌ സഹകരിക്കില്ലെന്ന്‌ കാനം മാധ്യമങ്ങളോട്‌ പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട പ്രമേയത്തിന്റെ കരടിന്‍മേല്‍ ചര്‍ച്ച നടന്നു വരുന്നതേയുള്ളൂ. പാര്‍ട്ടി കോണ്‍ഗ്രസാണ്‌ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും കാനം വ്യക്തമാക്കി.

2018 ഏപ്രില്‍ 25 മുതല്‍ 29 വരെ കൊല്ലത്ത്‌ പാര്‍ട്ടി കോണ്‍ഗ്രസ്‌ നടക്കും. അതിനുവേണ്ട രാഷ്ട്രീയ പ്രമേയത്തിന്‌ രുപം നല്‍കുന്നത്‌ ജനുവരി എട്ട്‌, ഒമ്പത്‌, പത്ത്‌ തിയതികളില്‍ വിജയവാഡയില്‍ ചേരുന്ന പാര്‍ട്ടിയുടെ നാഷണല്‍ എക്‌സിക്യൂട്ടീവും നാഷണല്‍ കൗണ്‍സിലുമാണ്‌. അങ്ങനെ ഒരു രേഖ ഞങ്ങള്‍ തയ്യാറാക്കിയാല്‍ ഒരു നിമിഷം പോലും വൈകാതെ അത്‌ ജനങ്ങള്‍ക്ക്‌ മുന്നിലെത്തും. കാരണം അതൊരു പൊതു രേഖയാണ്‌. അപ്പോള്‍ ഇത്തരം കാര്യങ്ങളൊക്കെ ചര്‍ച്ചചെയ്യാമെന്നും കാനം പറഞ്ഞു.

ഇപ്പോള്‍ പുറത്തുവന്നത്‌ രാഷ്ട്രീയ പ്രമേയത്തിന്റെ കരട്‌ മാത്രമാണ്‌. അത്‌ പാര്‍ട്ടിയുടെ അഭിപ്രായമായി കണക്കാക്കാന്‍ പറ്റില്ല. ഇത്‌ ഔദ്യോഗികമായി അവതരിപ്പിക്കുന്നത്‌ വിജയവാഡ നാഷണല്‍ കൗണ്‍സിലിലാണ്‌. കോണ്‍ഗ്രസിനൊപ്പം ചേരാനുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ ക്ഷണം പാര്‍ട്ടി ഗൗരവത്തിലെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക