Image

കുഷ്‌നറുടെ റോള്‍ ചുരുങ്ങുന്നു: ഏബ്രഹാം തോമസ്

ഏബ്രഹാം തോമസ് Published on 28 November, 2017
കുഷ്‌നറുടെ റോള്‍ ചുരുങ്ങുന്നു: ഏബ്രഹാം തോമസ്
വാഷിങ്ടണ്‍: അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ  വലംകൈ ആയി മാറുന്നവര്‍ പരമാധികാരികളായി മാറുന്നത് സാധാരണ കാണാറുണ്ട്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്കയുടെ ഭര്‍ത്താവ് ജാരെഡ് കുഷ്‌നറുടെയും മകള്‍ ഇവാങ്കയുടെയും റോളുകള്‍ തിരഞ്ഞെടുപ്പ് പ്രചാരണം മുതല്‍ വലിയതായി വരികയായിരുന്നു. പ്രത്യേകിച്ച് ഇരുവരും വൈറ്റ് ഹൗസിന്റെ പ്രതാപമായ വെസ്റ്റ് വിങ്ങിലെ ഓഫിസുകള്‍ കൈയടക്കിയ ശേഷം തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായോ എന്നന്വേഷിക്കുന്ന മ്യൂള്ളര്‍ കമ്മീഷന്റെ വിചാരണ വേളയില്‍ കുഷനറുടെ  പേര് തുടര്‍ച്ചയായി പരാമര്‍ശിക്കപ്പെടുമ്പോള്‍ കുഷനറിന് കുറച്ചുനാളത്തേയ്‌ക്കെങ്കിലും  ഒരു ലോ പ്രോഫൈല്‍ നല്‍കുന്നത് ഉചിതമായിരിക്കും എന്ന് ട്രംപിന്റെ ഉപദേശകര്‍ നിര്‍ദേശിച്ചിട്ടുണ്ടാവണം.

ട്രംപ് അധികാരമേറ്റ ആദ്യ നാളുകളില്‍ അന്ന് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന റീന്‍സ് പ്രീബസ് ഒരു സ്റ്റാഫ് മീറ്റിംഗില്‍ വളരെ ലളിതമായ ഒരു ചോദ്യം കുഷ്‌നറോട് ചോദിച്ചു ; നിങ്ങള്‍ പുതിയതായി സൃഷ്ടിച്ച ഓഫിസ് ഓഫ് അമേരിക്കന്‍ ഇന്നോവേഷന്‍ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് ? ചോദ്യം കേട്ടിരുന്നവര്‍ പറയുന്നത് കുഷ്‌നര്‍ മറുപടി പറയാതെ അത് നിസ്സാരമായി തള്ളി എന്നാണ്. കുഷനറുടെ മറുപടി നിങ്ങള്‍ എന്തിനാണ് വിഷമിക്കുന്നത് എന്നും തുടര്‍ന്ന് പുറത്ത് പറയാനാവാത്ത പദപ്രയോഗവും ആയിരുന്നു. ശരി, നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യുക എന്ന് മറുപടി നല്‍കി പ്രീബസ്‌മെല്ലെ നടന്നു നീങ്ങി.

ഭരണത്തിന്റെ ആദ്യനാളുകളില്‍ കുഷ്‌നറുടെ ജോലി എന്തായിരിക്കണം എന്ന് അയാള്‍ നിശ്ചയിച്ചതിനെയോ വൈറ്റ് ഹൗസ് അയാള്‍ രൂപാന്തരപ്പെടുത്തി യതിനെയോ ചോദ്യം ചെയ്യുവാന്‍ ആരും ധൈര്യപ്പെട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പത്ത് മാസങ്ങള്‍ക്കുശേഷം പലരും ധൈര്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. കുഷനര്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെ കാലഹരണപ്പെട്ട സാങ്കേതിക സംവിധാനങ്ങള്‍ മധ്യപൂര്‍വ്വ രാഷ്ട്രങ്ങളിലെ പ്രശ്‌നങ്ങളില്‍ വരെ കൈകടത്തിയിരുന്ന കാലം അവസാനിച്ചു എന്ന് അകത്തളക്കാര്‍ പറയുന്നു.

പ്രസിഡന്റിന്റെ മരുമകനും സീനിയര്‍ അഡൈ്വസറുമായ കുഷ്‌നര്‍ ഇപ്പോള്‍ പൊതുജന ദൃഷ്ടിയില്‍ ഏതാണ്ട് കാണാതായിരിക്കുകയാണ്. എങ്കിലും പിന്നണിയില്‍ സജീവമായി തുടരുന്നുണ്ട് എന്നും സംസാരമുണ്ട്.

പുതിയ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി പ്രീബസിനെ പ്പോലെ സ്റ്റാഫിന് അധികം  സ്വാതന്ത്ര്യം നല്‍കുന്ന വ്യക്തിയല്ല. ഒരു ചെയിന്‍ ഓഫ് കമാന്‍ഡിന് ഉള്ളില്‍ നിന്ന് മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് കെല്ലി കുഷനറിന് നിര്‍ദ്ദേശം നല്‍കി എന്നാണ് വിവരം. പ്രസിഡന്റിന്റെ മൂന്ന് അഡ് വൈസര്‍മാര്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് വര്‍ഷാവസാനത്തോടെ കുഷ്‌നറിനെയും ഇവാങ്കയെയും വെസ്റ്റ് വിംഗില്‍ നിന്ന് മാറ്റുന്നതിനെക്കുറിച്ച് കെല്ലി സംസാരിച്ചു കഴിഞ്ഞു. ഇവര്‍ മാറുമോ എന്ന് കണ്ടു തന്നെ അറിയണം.

വാര്‍ത്ത പുറത്തായതോടെ കെല്ലി ഇത് നിഷേധിച്ചു. ഇങ്ങനെ ഒരു നിമിഷം പോലും താന്‍ ചിന്തിച്ചിട്ടില്ല എന്ന് കെല്ലി പറഞ്ഞു. കുഷ്‌നറുടെ ഓഫീസ് ഓഫ് അമേരിക്കന്‍ ഇന്നോവേഷന്‍ ഇതിനകം അതിന്റെ പ്രാധാന്യം തെളിയിച്ചു കഴിഞ്ഞു എന്നും ഈയിടെ സംഘത്തില്‍ ചിലരെ പ്യൂര്‍ട്ടോറിക്കോയില്‍ അയച്ച് പ്രകൃതി ദുരന്തദുരിതാശ്വാസ പുരോഗതിയുടെ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായും കെല്ലി പറഞ്ഞു.

വൈറ്റ് ഹൗസിന്റെ പുതിയ ഇമെയിലില്‍ താന്‍ ഇപ്പോഴും  കുഷ്‌നറെ വിശ്വസി ക്കുന്നതായി ട്രംപ് പറഞ്ഞു. ജാരെഡ് ഇസ്രയേലിനും പലസ്തീനിനും  ഇടയില്‍  സമാധാനം ഉണ്ടാകുവാന്‍ പ്രയത്‌നിക്കുകയാണ്. ഈ സാധ്യതയ്ക്കിടയില്‍ കടന്നു കയറുവാന്‍ ഞാന്‍ തീരെ ആഗ്രഹിക്കുന്നില്ല. ട്രംപ് തന്റെ ഇമെയില്‍ തുടര്‍ന്നു.

റഷ്യന്‍ ഇടപെടല്‍ അന്വേഷിക്കുന്ന മ്യൂള്ളറുടെ അന്തിമ റിപ്പോര്‍ട്ട് എങ്ങനെ ആയിരിക്കും, കുഷ്‌നറിനെതിരെ പരാമര്‍ശങ്ങള്‍ ഉണ്ടാകുമോ, അധികാരസ്ഥാനത്ത് കുഷ്‌നറിന് തുടരാന്‍ കഴിയുമോ എന്നറിയുവാന്‍ കാത്തിരിക്കേണ്ടതുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക