Image

ശബരിമലയില്‍ പോലീസ് സുരക്ഷ ശക്തം

അനില്‍ കെ പെണ്ണുക്കര Published on 28 November, 2017
ശബരിമലയില്‍ പോലീസ് സുരക്ഷ ശക്തം
ശബരിമലയുടെ സുരക്ഷയില്‍ ഭക്തര്‍ക്ക് യാതൊരു തരത്തിലുമുള്ള ആശങ്കയും വേണ്ടെന്ന് സന്നിധാനം ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്റര്‍ എ.ഡി.ജി.പി. സുദേഷ്‌കുമാര്‍ ഐ.പി.എസ്. പറഞ്ഞു. സന്നിധാനത്തെ ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളാ പോലീസും മറ്റ് സേനാവിഭാഗങ്ങളും മികവുറ്റ പ്രവര്‍ത്തനമാണ് ശബരിമലയില്‍ കാഴ്ച വെക്കുന്നത്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നാവിക, വ്യോമസേനാ വിഭാഗങ്ങളുടെ ഹെലികോപ്റ്റര്‍ നിരീക്ഷണം ഉടന്‍ ലഭ്യമാക്കും. ഭക്തര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടാകുന്ന ഒരു സമീപനവും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. മറ്റ് വകുപ്പുകളുമായി ചര്‍ച്ച ചെയ്ത് സന്നിധാനത്തെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കും. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളുടെ നിജസ്ഥിതി മനസിലാക്കി ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും എ.ഡി.ജി.പി. പറഞ്ഞു.

തീര്‍ഥാടനകാലം ആരംഭിച്ചത് മുതല്‍ 27-ാം തീയതിവരെയുള്ള പന്ത്രണ്ട് ദിവസങ്ങളില്‍ ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ ചുമതലയുള്ള പ്രത്യേക സ്‌ക്വാഡ് 89,500 രൂപ പിഴയീടാക്കി. സന്നിധാനത്തെ വ്യാപാര സ്ഥാപനങ്ങളിലെ പരിശോധനയ്ക്കായി എട്ടുപേര്‍ അടങ്ങുന്ന പ്രത്യേക ടീമാണ് ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്നത്. തീര്‍ഥാടകരില്‍ നിന്ന് അമിതവില ഈടാക്കുക, അളവില്‍ കുറച്ച് ഭക്ഷണസാധനങ്ങള്‍ നല്‍കുക, ലേബല്‍ ഇല്ലാത്ത ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുക തുടങ്ങി വിവിധ ക്രമക്കേടുകളാണ് സ്‌ക്വാഡ് പരിശോധിക്കുന്നത്. ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെടുന്ന വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി തൊട്ടടുത്ത ദിവസം ഡ്യൂട്ടി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിക്കും. കുറ്റാരോപിതരെ നേരില്‍ കേട്ട ശേഷമാണ് പിഴ ചുമത്തുന്നത്.

പ്രത്യേക സംഘമാണ് ഇതിനായി 24 മണിക്കൂറും സന്നിധാനത്ത് പ്രവര്‍ത്തിക്കുന്നത്. തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍, വില്ലേജ് ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്. സംഘം രണ്ട് ബാച്ചുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. ഡ്യൂട്ടി മജിസ്ട്രേറ്റ് എസ്. സന്തോഷ്‌കുമാര്‍ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നു. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ശങ്കരന്‍ നമ്പൂതിരി, ഡെപ്യൂട്ടി തഹസില്‍ദാര്‍ രാജശേഖരന്‍പിള്ള, ഗിരീഷ്, പ്രദീപ്കുമാര്‍, സജീവ്കുമാര്‍, റെമീസ്, പ്രകാശ്, അനില്‍കുമാര്‍ എന്നിവരാണ് പരിശോധനാ സംഘത്തിലുള്ളത്.
സന്നിധാനത്ത് പുതിയ പോലീസ് സേന ചുമതലയേറ്റു.

സന്നിധാനം ശാസ്താ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ പി.കെ. മധു പുതുതായി എത്തിയ സേനാംഗങ്ങള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ശബരിമലയില്‍ എത്തുന്ന അയ്യപ്പ ഭക്തരോട് ഏറ്റവും നല്ല രീതിയിലുള്ള പെരുമാറ്റം കാഴ്ചവെയ്ക്കുക എന്നതാണ് പോലീസിന്റെ പ്രധാന കര്‍ത്തവ്യമെന്ന് സ്പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു. മാസങ്ങളോളം വ്രതമെടുത്ത് കാനനപാതകള്‍ താണ്ടി ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ച് ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ആശ്വസമാകാന്‍ പോലീസിന് കഴിയണം.

ഡ്യൂട്ടി സമയത്ത് ഒരു കാരണവശാലും മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുവരെയും രാത്രി 12 മുതല്‍ മൂന്നുവരെയും ട്രാക്ടറുകള്‍ ഓടുന്നതിന് അനുമതിയുണ്ട്. ഈ സമയത്ത് ട്രാക്ടറുകള്‍ കടത്തിവിടുന്നു എന്ന് ഉറപ്പ് വരുത്തണം.

തിരക്ക് കൂടിയാല്‍ അതിനനുസരിച്ച്് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. സോപാനം, കൊടിമരം, നടപ്പന്തല്‍, യുടേണ്‍, ശരംകുത്തി, മരക്കൂട്ടം, മാളികപ്പുറം, എയ്ഡ്പോസ്റ്റ്, പാണ്ടിത്താവളം തുടങ്ങി വിവിധ സെക്ടറുകളായി തിരിച്ച് എസ്.ഐമാരുടേയും സി.ഐമാരുടേയും നേതൃത്വത്തിലാണ് പോലീസ് ടീമുകള്‍ പ്രവര്‍ത്തിക്കുന്നത്. പോലീസിന്റെ രണ്ടാമത്തെ ബാച്ചാണ് ഇന്നലെ(27ന്) ചുമതലയേറ്റത്. എസ്.പി (ഒന്ന്), എ.എസ്.പി (ഒന്ന്), ഡി.വൈ.എസ്.പി (16), സി.ഐ (32), എസ്.ഐ (110), എച്ച്.സി/സിവില്‍ പോലീസ് ഓഫിസര്‍(1750) ഉള്‍പ്പടെ 1910 സേനാംഗങ്ങളാണ് രണ്ടാംഘട്ടത്തില്‍ ഡിസംബര്‍ എട്ടുവരെ സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടാവുക.

ശബരിമലനട അടച്ചതായുള്ള പ്രചരണം അടിസ്ഥാനരഹിതം
ശബരിമലനട അടച്ചതായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമാണ്. ശബരിമലനട മണ്ഡലപൂജക്ക് ശേഷം ഡിസംബര്‍ 26ന് രാത്രി പത്തിന് മാത്രമേ അടയ്ക്കു. തുടര്‍ന്ന് മൂന്നുദിവസത്തെ ഇടവേളയ്ക്ക് ശേഷം ഡിസംബര്‍ 30ന് വൈകുന്നേരം അഞ്ചിന് തുറക്കും. ശബരിമലനട അടച്ചിരിക്കുന്നതായി തമിഴ്നാട്ടിലും മറ്റും സോഷ്യല്‍മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

പന്തളം രാജകുടുംബാംഗത്തിന്റെ മരണത്തെ തുടര്‍ന്ന് പന്തളം വലിയ കോയിക്കല്‍ ശാസ്താക്ഷേത്രം ഡിസംബര്‍ അഞ്ചുവരെ അടച്ചിരിക്കുകയാണ്. ഡിസംബര്‍ ആറിന് ശുദ്ധികലശത്തിന് ശേഷം മാത്രമേ തുറക്കുകയുള്ളു. വലിയ കോയിക്കല്‍ ശാസ്താ ക്ഷേത്രം അടച്ച വാര്‍ത്തയാണ് ശബരിമല ക്ഷേത്രം അടച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.

പകര്‍ച്ച വ്യാധികള്‍ക്കെതിരെ പ്രതിരോധ മരുന്നുകളുമായി ഹോമിയോ ഡിസ്പെന്‍സറി
പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കുന്നതിനുള്ള മരുന്നുകളുമായി സന്നിധാനത്തെ ഹോമിയോ ഡിസ്പെന്‍സറി. പോലീസ് ബാരക്കുകള്‍, കൊപ്രാക്കളം, വിശുദ്ധി സേനാംഗങ്ങളുടെ താമസസ്ഥലം തുടങ്ങി ജീവനക്കാര്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിലാണ് പകര്‍ച്ച വ്യാധികള്‍ വ്യാപിക്കാന്‍ സാധ്യതയുള്ളത്. ഇത്തരം സ്ഥലങ്ങളില്‍ എവിടെയെങ്കിലും പകര്‍ച്ച വ്യാധികള്‍ റിപോര്‍ട്ട് ചെയ്താല്‍ ഉടന്‍ പ്രതിരോധ മരുന്നുകള്‍ എല്ലാവര്‍ക്കും നല്‍കുന്നതിന് ഹോമിയോ ഡിസ്പെന്‍സറിയില്‍ ആവശ്യമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അലര്‍ജി, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയ്ക്ക് ചികില്‍സ തേടിയാണ് തീര്‍ഥാടകര്‍ പ്രധാനമായും സന്നിധാനത്ത് വലിയ നടപ്പന്തലിന് സമീപത്തെ ഹോമിയോ ഡിസ്പെന്‍സറിയില്‍ എത്തുന്നത്. ആന്ധ്രാ, തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകരില്‍ ചിലര്‍ ഹോമിയോ മരുന്നുകള്‍ മാത്രം ഉപയോഗിക്കുന്നവരാണ്. വഴിമധ്യേ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇവര്‍ ചികില്‍സ തേടുന്നത് സന്നിധാനത്തെ ഹോമിയോ ഡിസ്പെന്‍സറിയിലാണ്.

സീസണ്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ(27വരെ) 8557പേരാണ് ഹോമിയോ ഡിസ്പെന്‍സറിയില്‍ ചികില്‍സ തേടിയത്. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.പി. രമേശന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജുമോഹന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ആറുപേര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘമാണ് സന്നിധാനത്തെ ഹോമിയോ ഡിസ്പെന്‍സറിയില്‍ 24മണിക്കൂറും സേവനത്തിനുള്ളത്.

പമ്പയിലും ഒരു ചീഫ് മെഡിക്കല്‍ ഓഫിസറും ഒരു മെഡിക്കല്‍ ഓഫീസറും നാല് ജീവനക്കാരും അടങ്ങുന്ന ഹോമിയോ ഡിസ്പെന്‍സറി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. 
ശബരിമലയില്‍ പോലീസ് സുരക്ഷ ശക്തംശബരിമലയില്‍ പോലീസ് സുരക്ഷ ശക്തംശബരിമലയില്‍ പോലീസ് സുരക്ഷ ശക്തംശബരിമലയില്‍ പോലീസ് സുരക്ഷ ശക്തംശബരിമലയില്‍ പോലീസ് സുരക്ഷ ശക്തംശബരിമലയില്‍ പോലീസ് സുരക്ഷ ശക്തംശബരിമലയില്‍ പോലീസ് സുരക്ഷ ശക്തം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക