Image

60ാം വിവാഹവാര്‍ഷികം: ആശംസകളില്‍ മനംനിറഞ്ഞ്‌ മാണിസാറും കുട്ടിയമ്മയും

Published on 29 November, 2017
 60ാം വിവാഹവാര്‍ഷികം:   ആശംസകളില്‍ മനംനിറഞ്ഞ്‌ മാണിസാറും കുട്ടിയമ്മയും


പാലാ : അറുപതാം വിവാഹ വാര്‍ഷിക വേളയില്‍( 29.11.2017)   പാലാക്കാരുടെ ആശംസകളില്‍ മനംനിറഞ്ഞ്‌ മാണിയും പ്രിയതമ കുട്ടിയമ്മയും. കേരളാ കോണ്‍ഗ്രസിന്റെ നെടും തൂണായ കെ.എം. മാണിയെന്ന പാലാക്കാരുടെ മാണിസാര്‍ ദാമ്‌ബത്യജീവിതത്തിലേക്ക്‌ പ്രവേശിച്ചതിന്റെ അറുപതാം വാര്‍ഷികം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും ആഘോഷമായി.

1957 നവം. 28ന്‌ മരങ്ങാട്ടുപള്ളി സെന്റ്‌ ഫ്രാന്‍സീസ്‌ അസീസി പള്ളിയിലായിരുന്നു മാണിയുടെയും കുട്ടിയമ്മയുടെ വിവാഹം നടന്നത്‌. പിന്നീട്‌ കേരള രാഷ്ട്രീയത്തിലെ ഭീഷ്‌മാചാര്യരായി മാറിയ മാണിയുടെ വിജയഗാഥക്ക്‌ പിന്നില്‍ കുട്ടിയമ്മയുടെ പിന്തുണയും കരുതലുമാണെന്ന്‌ അദ്ദേഹം പലവേദികളിലും തുറന്നു പറഞ്ഞിട്ടുണ്ട്‌.

കോട്ടയം ബാര്‍ അസോസിയേഷനിലെ വക്കീലും ജില്ലാ കോണ്‍ഗ്രസ്‌ കമ്മറ്റിയുടെ സെക്രട്ടറിയുമായിരിക്കെ 25ാമത്തെ വയസിലാണ്‌ മാണി വിവാഹ വേദിയിലേക്കെത്തുന്നത്‌. വധു വാഴൂര്‍ ഇറ്റത്തോട്ട്‌ വീട്ടിലെ കുട്ടിയമ്മ എന്ന 21കാരി അസംപ്‌ഷന്‍ കോളേജിലെ ബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയുമായിരുന്നു. പടര്‍ന്നു പന്തലിച്ച വിവാഹ ജീവിതത്തില്‍ എത്സമ്മ, സാലി, ആനി, ടെസി, ജോസ്‌ കെ. മാണി, സ്‌മിത എന്നിവരാണ്‌ മക്കള്‍.


മക്കളും കൊച്ചുമക്കളും പേരക്കുട്ടികളും നാട്ടുകാരും ബന്ധുക്കളും ഒത്തുകൂടി നടന്ന വിവാഹവാര്‍ഷികം കഴിങ്ങോഴയ്‌ക്കല്‍ തറവാട്ടില്‍ ഉത്സവപ്രതീതി പകര്‍ന്നു. 28ന്‌ രാവിലെ ഭരണങ്ങാനം പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ച ശേഷം വീട്ടിലെത്തിയ കെ.എം. മാണിക്കും കുടുംബത്തിനും ആശംസകളുമായി നൂറുകണക്കിന്‌ പാലാക്കാരാണ്‌ കരിങ്ങോഴക്കലേക്ക്‌ എത്തിയത്‌. രാത്രിയും ആശംസകളുമായി നിരവധി ഫോണ്‍ കോളുകളാണ്‌ എത്തിക്കൊണ്ടിരുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക