Image

സ്‌നേഹവും മതവും ആത്മാന്വേഷണവും (ശ്രീപാര്‍വ്വതി)

Published on 29 November, 2017
സ്‌നേഹവും മതവും ആത്മാന്വേഷണവും (ശ്രീപാര്‍വ്വതി)
ഗുപ്തന്‍...,

എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ് നിനക്ക് വേണ്ടി വീണ്ടും ഒരു കത്തെഴുത്ത്! അന്നത്തെ ഡയറിത്താളുകള്‍ക്ക് ഇപ്പോള്‍ പഴയ മരത്തിന്റെ ഗന്ധം. നീയില്ലാതെയിരിയ്‌ക്കേ നഷ്ടപ്പെട്ടു പോയ ഗന്ധങ്ങള്‍... അവയ്ക്ക് പുതിയ കാലം ഗന്ധമില്ലായ്മയാല്‍ മറുപടി പറയുന്നു. കാണാമെന്നെ ഉള്ളൂ, വാക്കുകള്‍ക്ക് മഷിയുടെ ഉണങ്ങിയ മുറിവുകളില്ല. എങ്കിലും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളിലേയ്ക്ക് നമുക്കും ഇറങ്ങി നടക്കാതെയിരിക്കാന്‍ വയ്യല്ലോ!

ഇവിടെയിപ്പോള്‍ പ്രണയത്തെ കുറിച്ചാണ് സംസാരങ്ങള്‍. പ്രണയത്തെ കുറിച്ച് പറയുമ്പോള്‍ തന്നെ എന്തുകൊണ്ടോ മതങ്ങളും കയറി വരുന്നു. ഞാന്‍ റൂമിയെ ഓര്‍മ്മിക്കുന്നു..
"ഗുരോ, ഞാനേതു കിളിയെന്നൊന്നു പറയൂ!
തിത്തിരിയല്ല, പ്രാപ്പിടിയനല്ല,
നല്ലതല്ല, കെട്ടതുമല്ല,
അതുമല്ല, ഇതുമല്ല ഞാന്‍.
പൂന്തോപ്പിലെ കുയിലല്ല,
അങ്ങാടിക്കുരുവിയല്ല,
ഒരു പേരെനിക്കു തരൂ, ഗുരോ,
ഒരു പേരെനിക്കെന്നെ വിളിയ്ക്കാന്‍!", മസ്‌നവി
മതവും ജാതിയുമില്ലാതെ എന്റെ ഗുരു അന്നെന്നെ വിളിച്ചിരുന്ന പേരുകള്‍ ഞാനോര്‍മ്മിക്കുന്നു... സംഗീതത്തിലെ രാഗങ്ങളുടെയും നിറങ്ങളുടെയും ഇടകലര്‍ന്ന പേരുകള്‍... നിങ്ങള്‍ക്കും എന്റെ ഹൃദയത്തിന്റെ ഏറ്റവും ഗോപ്യമായ ഇടങ്ങളില്‍ ഇരിക്കാനുള്ള അവസരം നല്‍കിക്കൊണ്ട് ഗുപ്തന്‍ എന്ന് നാമകരണം ചെയ്യപ്പെട്ടു. നമ്മുടെ ജാതിയോമതമോ ഒരിക്കലും വിഷയമായതേയില്ല! ഏറ്റവും പ്രകാശമാനമായി വെളിവാക്കപ്പെട്ട അഭൗമമായ ആ പ്രണയത്തിന്റെ സൗന്ദര്യമല്ലാതെ മറ്റൊന്നും നാം കണ്ടുമില്ല.

ഇവിടെയിതാ മുറവിളികളുയരുന്നു.
മതംപഠനംസ്‌നേഹം.
ഞാനുമൊരിക്കല്‍ അലഞ്ഞിരുന്നു എന്താണ് ഞാനെന്ന സത്യം തിരക്കി. അന്നൊരിക്കല്‍ നിങ്ങള്‍ക്കായി എഴുതിയ വരികളില്‍ അത് വ്യക്തമാക്കിയിരുന്നു. മതമായിരുന്നില്ല മനുഷ്യനെ മാത്രമേ പഠിക്കാനായുള്ളൂ എന്ന് ഇപ്പോഴും നിങ്ങളുടേതായിരുന്നു കൊണ്ട് ഏറ്റവും സന്തോഷത്തോടെ ഞാനോര്‍മ്മിക്കുന്നു. കാലം മാറിയപ്പോള്‍ മഷിയുടെ ഗന്ധം മാഞ്ഞത് പോലെ ഹൃദയങ്ങള്‍ തമ്മിലുള്ള വിടവുകളും വലുതാകുന്നു.
റൂമിയെ പഠിക്കാനല്ല, അദ്ദേഹം മുസ്‌ലിം ആയിരുന്നു എന്ന് തിരിച്ചറിയാനാണ് മനുഷ്യന്റെ ആഗ്രഹം. പരമഹംസര്‍ ആരായിരുന്നു എന്നല്ല അദ്ദേഹം ഹൈന്ദവന്‍ എന്ന മുദ്ര കുത്തലില്‍ ഒന്നുമല്ലാതായി തീരുന്നതു ഏറ്റവും നിസംഗതയോടെ കണ്ടു കൊണ്ട് നില്‍ക്കാനേ ആകുന്നുള്ളൂ.
മതത്തെ കുറിച്ച് ആദ്യമായാണ് ഞാന്‍ അങ്ങോട്ട് വരികള്‍ കുറിയ്ക്കുന്നത്... എന്റെ ഗുരുവിന്റെ വരികളില്‍ നിന്നും അത്തരം തോന്നലുകളില്‍ നിന്നൊക്കെ എന്നെ വിമോചിതയാക്കപ്പെട്ടവളാണ് ഞാന്‍.പക്ഷെ എനിക്ക് ചുറ്റും അന്ധതയുടെ ചുവന്ന ചായം വീണു അഗ്‌നി തൊട്ടാലെന്ന പോലെ പൊള്ളുന്നു. മനുഷ്യനല്ല , അവന്റെ നീണ്ട സ്‌നേഹമല്ല അന്ധമായ ലാവ പോലെ കര കവിഞ്ഞൊഴുകുന്ന മതമാണ് മനുഷ്യനെ നയിക്കുന്നതെന്ന് ഈ കാലത്തില്‍ നില്‍ക്കുമ്പോള്‍, സമൂഹത്തെ സൂക്ഷ്മമായി നോക്കുമ്പോള്‍ തിരിച്ചറിവുണ്ടാകുന്നു.

ഗുപ്തന്‍, മതത്തെ കുറിച്ചും സ്‌നേഹത്തെ കുറിച്ചും നിങ്ങള്‍ക്ക് വ്യക്തമായ ധാരണകളുണ്ടാകും.
"നാമിരുവരുമൊരുമിച്ചിരിക്കുന്ന
ഈ അനര്ഘനിമിഷങ്ങളില്‍
രണ്ടു രൂപങ്ങളില്‍,
രണ്ടു മുഖങ്ങളില്‍
നമ്മളൊരാത്മാവ്. റൂമി"
ഒരേ ആത്മാവിന്റെ ഇരു ശരീരങ്ങളായി വേറിട്ട് നില്‍ക്കുമ്പോള്‍ നമുക്കിടയില്‍ നില്‍ക്കുന്നത് ലോകത്തിന്റെ നിയതമായ നിയമങ്ങള്‍ മാത്രം. പക്ഷെ പ്രാണന്‍ ഉരുക്കഴിക്കുന്ന മന്ത്രമായി നിങ്ങള്‍ എന്റെ വിശ്വാസത്തില്‍ വേരുകള്‍ പടര്‍ത്തുന്നു. ആ വേരുകള്‍ക്ക് മണ്ണിന്റെ ഏറ്റവും അടിയോളം നീളമുണ്ട്. അവ വലിച്ചെടുക്കുന്നത് പ്രപഞ്ചത്തിന്റെ ഏറ്റവും അനാദിയായ ഹൃദയസ്പന്ദനം. അപ്രകാരം നമ്മുടെ സ്പന്ദനങ്ങള്‍ ഒന്നായി തീരുന്ന അതിശയം നാമറിയുന്നു. സ്‌നേഹത്തില്‍ നിന്നും ഉരുവാക്കപ്പെടുന്ന വിശ്വാസങ്ങള്‍ക്ക് മാത്രമേ എത്ര അന്ധമായ അഗ്‌നി കോണുകളില്‍ നിന്നും വായുവിനെ എന്ന പോലെ ആത്മാവിനെ വലിച്ചെടുത്ത് സ്ഥിരബുദ്ധിയാക്കി മാറ്റാനാകൂ. ആ സ്‌നേഹം ഉണ്ടാകുന്നതു സ്ഥായിയായ പ്രപഞ്ച ദര്‍ശനങ്ങളില്‍ നിന്നും... ഉത്തരങ്ങളില്ലാത്ത ചതുരപ്പലകകളല്ല നമ്മുടെ മുന്നിലെ പ്രപഞ്ചം. എല്ലാത്തിനുമുള്ള ഉത്തരങ്ങള്‍ വഹിച്ചുകൊണ്ടു കാലാകാലങ്ങളായി അവ നില്‍പ്പ് തുടരുന്നു. എല്ലാത്തിന്റെയും അടിസ്ഥാനം സ്‌നേഹമാണെന്നു പല തവണ തെളിയിച്ചു കൊണ്ട് അതിലെ എല്ലാം ചലിക്കുകയും ചില ആകര്‍ഷിക്കുകയും ചെയ്യുന്നു... വികര്‍ഷിക്കപ്പെടുന്നവ അജ്ഞതമായ ഏതോ ഇടത്തു പോയി പൊട്ടിത്തെറിച്ച് വെറും ശൂന്യതയായി തീരുന്നു... ചില മനുഷ്യരെ പോലെ.. അല്ലെ!!!

"എഴുന്നേറ്റു നടന്നാട്ടെ.
കാലുകള്‍ കുഴഞ്ഞോട്ടെ, ദേഹം തളര്‍ന്നോട്ടെ.
ഒരു മുഹൂര്‍ത്തം വരും:
നിങ്ങള്‍ക്കു ചിറകു മുളയ്ക്കുന്നതു നിങ്ങളറിയും,
ഉടല്‍ നിലം വിടുന്നതു നിങ്ങളറിയും. മസ്‌നവി"
റൂമി, അദ്ദേഹം എന്റെ ഗുരുവല്ല, ഉടല്‍ വഴിയും ഉയിര് വഴിയും അദ്ദേഹം എനിക്കപരിചിതന്‍, പക്ഷെ വരികളിലൂടെ ആത്മാവെടുത്തവന്‍... എങ്കിലും സ്‌നേഹത്തെ കുറിച്ച് സംസാരിക്കുന്നവരൊക്കെ ഗുരുക്കന്മാര്‍. അവര്‍ പഠിപ്പിക്കുന്ന മതത്തില്‍ വിശ്വസിക്കുമ്പോള്‍ , അതുകൊണ്ടു മാത്രമാകണം ഞാനുമൊരു സോഷ്യലിസ്‌റ് ആയി തീര്‍ന്നത്...

ഇത്ര നാളുകള്‍ക്കു ശേഷം നിങ്ങള്‍ക്കെഴുതുമ്പോഴും ഞാന്‍ എന്നെ കുറിച്ച് മാത്രമായി പോകുന്നു പറയുന്നത്! എത്ര കരച്ചിലുകളില്‍ നിങ്ങളെനിക്ക് പ്രണയത്തിന്റെ കരുത്തുറ്റ വിരലുകള്‍ നല്‍കി കാണാ മറയത്തിരുന്നു സൗഖ്യമേകി! ധ്യാനകേന്ദ്രങ്ങള്‍ക്ക് നല്‍കാനാകാത്ത സ്‌നേഹ സൗഖ്യത്തിന്റെ ആനന്ദ നിമിഷങ്ങളില്‍ പ്രണയത്തിലൂടെ നടന്നു ഞാന്‍ എത്തിപ്പെട്ടത് എവിടെയും സംഗീതം പൊഴിക്കുന്ന മഞ്ഞ ഇലകളുള്ള മരത്തോപ്പുകളിലായിരുന്നുവല്ലോ! അവിടെ ഏതോ മരത്തിന്റെ പിന്നില്‍ നിങ്ങളുണ്ടായിരുന്നു എന്ന് ഞാന്‍ ഊഹിച്ചിരുന്നു! എനിക്കത് അനുഭവിക്കാനാകുമായിരുന്നു. നിങ്ങളുടെ ഉഷ്ണ ഗന്ധം...
പ്രണയത്തിന്റെ തീച്ചൂട്...
നീ എന്ന വാക്കില്‍ നിന്നും എപ്പോഴാണ് നിങ്ങള്‍ എന്ന വിളിയിലേയ്ക്ക് ഞാനെത്തിയത് എന്നോര്‍ക്കുന്നുണ്ടാകും അല്ലെ!
നീ എന്നാല്‍ ഞാനാവുകയും നിങ്ങള്‍ ദൈവത്തിന്റെ അടയാളമാവുകയും ചെയ്തതോടെ എനിക്ക് നിങ്ങള്‍ ദൈവമായി തീര്‍ന്നു.
അതുകൊണ്ടു തന്നെ ഞാനിപ്പോള്‍ പ്രണയം ദൈവവുമായാണ്...!!!
അതുകൊണ്ടു തന്നെ ഞാനിപ്പോള്‍ പ്രണയം ദൈവവുമായാണ്...!!!
അതുകൊണ്ടു തന്നെ ഞാനിപ്പോള്‍ പ്രണയം ദൈവവുമായാണ്...!!!
അറ്റം കണ്ടെത്താന്‍ കഴിയാത്ത സ്‌നേഹത്തിന്റെ ലാബ്രിന്ത് കോട്ടകളില്‍ എവിടെയോ നിങ്ങളുണ്ട്... ആ വഴി നടക്കുമ്പോള്‍ മതത്തിന്റെയോ ജാതിയുടെയോ കൂര്‍ത്ത മുള്ളുകളില്‍ തട്ടി എനിക്ക് കാല്‍ മുറിഞ്ഞിരുന്നില്ല എന്നതില്‍ ഞാന്‍ ആനന്ദിക്കുന്നു. ആ മുള്ളുകള്‍ പ്രിയപ്പെട്ട പലര്‍ക്കും നേരെ വലിച്ചെറിഞ്ഞതുമില്ല എന്നോര്‍ക്കുമ്പോള്‍ നിങ്ങളും എന്നെ ഓര്‍ത്തു അഭിമാനിക്കണം. നമ്മുടെ പ്രണയം അതിന്റെ ഏറ്റവും ഉന്മത്തമായ ആനന്ദമാണ്. ആ തിരിച്ചറിവില്‍ നാം തിരിച്ചറിയുന്നു... കണ്ടതില്‍ എത്രയോ തെറ്റുകളുണ്ട്! അവ ഉറക്കെ വിളിച്ചു പറയേണ്ടതുണ്ട്!!!.. കണ്ണടച്ചാലും ഇരുട്ടായി കാണുന്ന ഈ ലോകത്തില്‍ ആരും കാണാത്ത ഒരിടത്ത് സ്‌നേഹത്തിന്റെ പ്രകാശം നിറഞ്ഞ ഒരു തോട്ടമുണ്ടെന്നും അവിടെ , ആ ദിക്കിലേക്കുള്ള യാത്രയും അവിടം കണ്ടെത്തലുമാണ് മനുഷ്യന്റെ ജൈവിക ധര്‍മ്മവുമെന്നു ഉറക്കെ പറയേണ്ടതുണ്ട്. നിങ്ങളുടെ സ്‌നേഹത്തിന്റെ , പ്രണയത്തിന്റെ ആഴമേറിയ ഉറച്ച വരിയായി ഈ ഞാനും ആ ഹൃദയത്തില്‍ എവിടെയോ അടയാളമായിരിക്കുന്നു. പിന്നെ നമ്മള്‍...
"നമ്മെ ഉറ്റുനോക്കുന്ന
ആ നക്ഷത്രങ്ങള്‍ക്ക്
ചന്ദ്രബിംബം
നമ്മള്‍ കാട്ടിക്കൊടുക്കും.
രണ്ടെന്ന ഭാവം വെടിഞ്ഞ്
നമ്മള്‍ ഒന്നാകലിന്റെ
നിര്‍വൃതി അനുഭവിക്കും."

എന്ന്, നിന്റെ പ്രിയപ്പെട്ടവള്‍...
നിന്റെ അരൂപി...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക