Image

നടനും മിമിക്രി താരവുമായ അബി അന്തരിച്ചു

Published on 30 November, 2017
നടനും മിമിക്രി താരവുമായ അബി അന്തരിച്ചു


കൊച്ചി: നടനും മിമിക്രി കലാകാരനുമായ അബി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന്‌ രാവിലെയായിരുന്നു അന്ത്യം54 വയസായിരുന്നു.
രക്തസംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ ഏറെ നാളായി ചികിത്സയിലായിരുന്നു. നടന്‍ ഷെയിന്‍ നിഗം മകനാണ്‌. മലയാളത്തില്‍ മിമിക്രി കാസറ്റുകള്‍ക്ക്‌ സ്വീകാര്യത നല്‍കിയത്‌ അബിയായിരുന്നു. 50 ലേറെ മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്‌.

മിമിക്രിയിലൂടെയും സിനിമയിലൂടെയും ജനപ്രിയ താരമായി മാറിയ കലാകാരനായിരുന്നു അബി. ആയിരക്കണക്കിന്‌ വേദികളില്‍ മിമിക്രി അവതരിപ്പിച്ച്‌ വളര്‍ന്നുവന്ന കലാകാരനാണ്‌. സൈന്യം അടക്കമുള്ള സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്‌തിരുന്നു.

1991ല്‍ പുറത്തിറങ്ങിയ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്‌ത നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തില്‍ സ്റ്റീഫന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ്‌ അബി സിനിമാ ലോകത്തേക്ക്‌ കടന്നത്‌. പിന്നീട്‌ 50ലേറെ ചിത്രങ്ങളുടെ ഭാഗമായി. മഴവില്‍ കൂടാരം, സൈന്യം, കിരീടമില്ലാത്ത രാജാക്കന്‍മാര്‍, മിമിക്‌സ്‌ ആക്ഷന്‍ 500, അനിയത്തിപ്രാവ്‌, രസികന്‍, ഹാപ്പി വെഡ്ഡിങ്‌ , പ്രേക്ഷകരെ ചിരിപ്പിച്ച, ചിന്തിപ്പിച്ച മനസില്‍ തങ്ങി നില്‍ക്കുന്ന ഒരു പിടി കഥാപാത്രങ്ങള്‍ അബി മലയാള സിനിമയ്‌ക്ക്‌ സമ്മാനിച്ചു.

തൊണ്ണൂറുകളില്‍ കൊച്ചി കേന്ദ്രമായെത്തിയ ലോ ബഡ്‌ജറ്റ്‌ ചിത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. പിന്നീട്‌ ഒരിടവേളയ്‌ക്ക്‌ ശേഷം ഹാപ്പി വെഡ്ഡിംഗ്‌ എന്ന ചിത്രത്തിലൂടെയാണ്‌ അബി മടങ്ങിയെത്തിയത്‌. ഇടയ്‌ക്ക്‌ സിനിമയില്‍ നിന്ന്‌ മാറി നിന്ന അബിയോട്‌ ഇതിന്‌ കാരണം ചോദിച്ചപ്പോള്‍ അതിന്‌ ഞാനാരോടും അവസരം ചോദിച്ചു പോയിട്ടില്ലെന്നായിരുന്നു അബിയുടെ മറുപടി. സിനിമയില്‍ അഭിനയിക്കാന്‍ ചാന്‍സ്‌ തേടി പോകുന്നതില്‍ ഏറെ എതിര്‍പ്പുള്ള വ്യക്തിയായിരുന്നു അബി. ഇത്‌ പല അഭിമുഖങ്ങളില്‍ അദ്ദേഹം പങ്കുവെച്ചിട്ടുമുണ്ട്‌.

സിനിമയുടെ വെള്ളിവെളിച്ചത്തേക്കാള്‍ മിമിക്രിയായിരുന്നു അബിക്ക്‌ ഏറെ പ്രിയപ്പെട്ടത്‌.മിമിക്രി ലോകത്ത്‌ നിന്നും സിനിമാ രംഗത്തെത്തിയ പ്രതിഭാശാലിയായ കലാകാരനായിരുന്നു അബി. കൊച്ചിന്‍ കലാഭവനിലൂടെയാണ്‌ അഭി മിമിക്രി രംഗത്തും അതിലൂടെ പിന്നീട്‌ സിനിമയിലേക്കും എത്തിയത്‌. സിനിമാ നടന്മാരുടെ അനുകരണമായിരുന്നു അഭിയുടെ മാസ്റ്റര്‍പീസ്‌.മമ്മൂട്ടി , മോഹന്‍ ലാല്‍, അമിതാഭ്‌ ബച്ചന്‍, മിഥുന്‍ ചക്രവര്‍ത്തി, ശങ്കരാടി തുടങ്ങി നിരവധി കലാകാരന്മാരേയും രാഷ്ട്രീയ നേതാക്കളേയും അബി അനുകരിച്ചിരുന്നു. 

സ്‌റ്റേജ്‌ മിമിക്രിയിലെ വന്‍ മാന്‍ ഷോയില്‍ അബി സൃഷ്ടിച്ചെടുത്തത്‌ സ്വന്തം സ്‌റ്റൈല്‍ തന്നെ. അമിതാഭ്‌ ബച്ചനെ ഇത്രയും മികവോടെ അവതരിപ്പിക്കുന്നതില്‍ ഇത്രയും കൈയ്യടി നേടിയ താരമില്ല. കൊച്ചിയില്‍ നടന്ന സ്വകാര്യ ചടങ്ങിനിടെ അമിതാഭ്‌ ബച്ചനെ പോലും തന്റെ അനുകരണമികവ്‌ കൊണ്ട്‌ അബി കീഴടക്കിയിരുന്നു. അമിതാഭിന്റെ സിനിമ ഡയലോഗ്‌ വളരെ മികവോടെ അനുകരിച്ച അബിയെ പ്രശംസിക്കാനും അമിതാഭ്‌ മറന്നില്ല. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവമായിരുന്നു അതെന്നാണ്‌ ഇതിനെ കുറിച്ച്‌ അബി പിന്നീട്‌ പറഞ്ഞത്‌.

കലാഭവന്‍ കൂടാതെ കൊച്ചിന്‍ ഓസ്‌കാര്‍ എന്ന ഗ്രൂപ്പിലും സ്വന്തം ട്രൂപ്പായ കൊച്ചിന്‍ സാഗര്‍ എന്ന മിമിക്രി ട്രൂപ്പിലും അബി ജോലി ചെയ്‌തിട്ടുണ്ട്‌. അന്നത്തെ സഹപ്രവര്‍ത്തകരായ ദിലീപ്‌, കലാഭവന മണി, നാദിര്‍ഷാ, ഹരിശ്രി അശോകന്‍, ഷിയാസ്‌ എന്നിവരോടൊപ്പം ചേര്‍ന്ന്‌ ഓണത്തിനിടയ്‌ക്ക്‌ പുട്ടുകച്ചവടം, ദേ മാവേലി കൊമ്പത്ത്‌ തുടങ്ങിയ മൂന്നൂറോളം മിമിക്രി ഓഡിയോ കാസറ്റുകളും അബി സ്വന്തമായി ഇറക്കിയിട്ടുണ്ട്‌. കേരളത്തിലും വിദേശരാജ്യങ്ങളിലും നൂറുകണക്കിന്‌ വേദികളിലാണ്‌ അബി കലാപരിപാടി അവതരിപ്പിച്ചിട്ടുള്ളത്‌. വിദേശപര്യടനം കഴിഞ്ഞ്‌ തിരികെയെത്തി അധികം ദിവസങ്ങള്‍ കഴിയു മുന്‍പേയായിരുന്നു മരണമെന്നത്‌ അവിചാരിതമായി.

മലയാള സിനിമ അബിക്ക്‌ അവസരങ്ങള്‍ നിഷേധിച്ചുവെങ്കിലും, മകന്‍ ഷെയ്‌ന്‍ നിഗമിനെ ഇരുകൈകളും നീട്ടി സ്വീകരിച്ചു. മലയാളത്തിലെ അറിയപ്പെടുന്ന യുവതാരങ്ങളില്‍ ഒരാളാണ്‌ ഷെയ്‌ന്‍ ഇപ്പോള്‍. സുനിലയാണ്‌ അബിയുടെ ഭാര്യ. ഷെയ്‌നിനെ കൂടാതെ അഹാന, അലീന എന്നീ രണ്ട്‌ പെണ്‍മക്കളും അബിക്കുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക