Image

24 മണിക്കൂര്‍ ശക്തമായ മഴ, 75 കിമി വേഗതയില്‍ കാറ്റ്‌ വീശും, സംസ്ഥാനത്ത്‌ ജാഗ്രതാ നിര്‍ദേശം

Published on 30 November, 2017
24 മണിക്കൂര്‍ ശക്തമായ മഴ,  75 കിമി വേഗതയില്‍ കാറ്റ്‌ വീശും,  സംസ്ഥാനത്ത്‌ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത്‌    അടുത്ത 24 മണിക്കൂര്‍ ശക്തമായ മഴയ്‌ക്കു സാധ്യത. തെക്കന്‍ കേരളത്തിലായിരിക്കും മഴ കൂടുതല്‍ ശക്തി പ്രാപിക്കുക. ലക്ഷദ്വീപിനു മേല്‍ അടുത്ത 48 മണിക്കൂര്‍ അതിശക്തമായ മഴയുണ്ടാവും. കന്യാകുമാരിക്കടുത്തുണ്ടായ ശക്തമായ കൊടുങ്കാറ്റിനെത്തുടര്‍ന്ന്‌ വരും ദിവസങ്ങളില്‍ സംസ്ഥാനത്ത്‌ ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്‌ നല്‍കി.

വരുന്ന 48 മണിക്കൂറിനുള്ളില്‍ തെക്കന്‍ കേരളത്തിലും തെക്കന്‍ തമിഴ്‌നാട്ടിലും 65 മുതല്‍ 75 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്‌ നല്‍കുന്നു. കാറ്റിന്റെ വേഗം 90 കിലോമീറ്റര്‍ വരെയാവാനുള്ള സാധ്യതയുണ്ട്‌.


കന്യാകുമാരിക്കടുത്ത്‌ ഉണ്ടായ ഓഖി എന്ന ചുഴലിക്കാറ്റിനെത്തുടര്‍ന്ന്‌ പാറശ്ശാലയിലെ കലോത്സവ വേദി തകര്‍ന്നു വീണു. വിദ്യാര്‍ഥികള്‍ തലനാരിഴക്കാണ്‌ രക്ഷപ്പെട്ടത്‌. കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക്‌ സാധ്യതയുണ്ട്‌. കാറ്റിന്റെ വേഗം മണിക്കൂറില്‍ 75 കിലോമീറ്ററാണ്‌.

തെക്കന്‍കേരളത്തില്‍ വന്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. കൊട്ടാരക്കരയില്‍ പിഡബ്ലൂഡി കെട്ടിടം തകര്‍ന്നു
മരം വീണ്‌ കൊല്ലം ചെങ്കോട്ട ദേശീയ പാത ഗതാഗതം തടസ്സപ്പെട്ടു. ന്യൂന മര്‍ദം കാരണമാണ്‌ മഴ കനക്കുന്നതെന്ന്‌ കലാവസ്ഥാ നിരീക്ഷകര്‍. 

തീരദേശത്തുള്ളവര്‍ക്കും മത്സ്യ ബന്ധന ബോട്ടുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.
സുനാമി പോലെയുള്ള ദുരിതങ്ങള്‍ക്ക്‌ സാധ്യതയില്ലെന്ന്‌ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലകളില്‍ രാവിലെ മുതല്‍ കനത്ത മഴയാണ്‌. നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. 

കനത്ത മഴയെ തുടര്‍ന്ന്‌ തെന്മല പരപ്പാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഏതു നിമിഷം വേണമെങ്കിലും ഉയര്‍ത്തും. കല്ലടയാറിന്റെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന്‌ അധികൃതര്‍ അറിയിച്ചു. ഇടുക്കിയില്‍ പലയിടത്തും കനത്ത കാറ്റ്‌ വീശുന്നുണ്ട്‌. തെക്കന്‍ കേരളത്തിലുടനീളം ഇന്ന്‌ രാവിലെ മുതല്‍ മുടിക്കെട്ടിയ അന്തരീക്ഷമാണ്‌.

ശക്തമായ മഴയെത്തുടര്‍ന്ന കനത്ത നാശനഷ്ടമാണ്‌ തെക്കന്‍ ജില്ലകളിലുണ്ടായത്‌. കന്യാകുമാരിയില്‍ നാലു പേര്‍ അപകടത്തില്‍ മരിച്ചിട്ടുണ്ട്‌. കൊല്ലത്ത്‌ ഓട്ടോക്ക്‌ മുകളിലേക്ക്‌ നരം കടപുഴകി വീണ്‌ ഒരാള്‍ മരിച്ചു. 

ദുരന്തസാഹചര്യം മുന്നില്‍ കണ്ടു കര്‍ശന മാര്‍ഗനിര്‍ദേശങ്ങളാണ്‌ സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്‌.
സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍.
1. കേരളത്തിലെ കടല്‍തീരത്തും മലയോര മേഖലയിലും ഇന്നും നാളെയും വിനോദസഞ്ചാരത്തിനായി പോകരുത്‌.
2. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ മലയോര മേഘലയില്‍ വൈകിട്ട്‌ ആറിനും പകല്‍ ഏഴിനും ഇടയിലുള്ള യാത്ര ഒഴിവാക്കുക.
3. വൈദ്യുതിതടസം ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ മൊബൈല്‍ ഫോണ്‍, എമര്‍ജന്‍സി ലൈറ്റ്‌ എന്നിവ ചാര്‍ജ്‌ ചെയ്‌തു സൂക്ഷിക്കുക.
4. മോട്ടര്‍ ഉപയോഗിച്ചു പമ്പ്‌ ചെയ്‌തു വീട്ടിലെ ആവശ്യത്തിനുള്ള ജലം സംഭരിക്കുന്നവര്‍ ഇന്നു പകല്‍ സമയം തന്നെ ആവശ്യമായ ജലം സംഭരിക്കുക.
5. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ അടിയന്തിര ആവശ്യത്തിനുള്ള മരുന്നുകള്‍ സൂക്ഷിക്കുക.
6. വാഹനങ്ങള്‍ ഒരു കാരണവശാലും മരങ്ങള്‍ക്കു കീഴില്‍ നിര്‍ത്തിയിടരുത്‌.
7. മലയോര റോഡുകളില്‍, പ്രത്യേകിച്ചു നീരുറവകള്‍ക്കു മുന്നില്‍ വാഹനങ്ങള്‍ ഒരു കാരണവശാലും നിര്‍ത്തിയിടരുത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക