Image

അറിവിന്റെ അതിരില്ലായ്മയെക്കുറിച്ചുള്ള അറിവാണ് തിരിച്ചറിവ് (ഡി. ബാബുപോള്‍)

Published on 30 November, 2017
അറിവിന്റെ അതിരില്ലായ്മയെക്കുറിച്ചുള്ള അറിവാണ് തിരിച്ചറിവ് (ഡി. ബാബുപോള്‍)
അല്‍ഫോണ്‍സ് കണ്ണന്താനം 2006-ല്‍ ഐ.എ.എസില്‍ നിന്നും രാജിവെച്ച് രാഷ്ട്രീയത്തിലിറങ്ങിയ സമയം. ഒരു ചാനലില്‍ അത് സംബന്ധിച്ച ചര്‍ച്ച നടക്കുകയാണ്. ഡോ. ഡി. ബാബുപോളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. പൊതുപ്രവര്‍ത്തന രംഗത്ത് രാഷ്ട്രീയക്കാരേക്കാള്‍ ശോഭിക്കുവാന്‍ ഐ.എ.എസുകാര്‍ക്ക് കഴിയുമോ എന്നുള്ള രീതിയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ബാബുപോള്‍ തന്റെ ഒരു അനുഭവം പറഞ്ഞുകൊണ്ടാണ് ചര്‍ച്ചയില്‍ പുരോഗമിക്കുന്നത്. ബാബുപോള്‍ തന്റെ ഒരു അനുഭവം പറഞ്ഞുകൊണ്ടാണ് ചര്‍ച്ചയില്‍ സജീവമായത്. അദ്ദേഹം സാംസ്ക്കാരിക വകുപ്പ് സെക്രട്ടറിയായിരുന്നപ്പോള്‍ വകുപ്പില്‍ ഒരു പ്രൊപ്പോസല്‍ വന്നു. കനകക്കുന്ന് ചുറ്റുമോ മറ്റോ ആണെന്ന് തോന്നുന്നു 150 പ്രമുഖരുടെ സ്മാരകങ്ങള്‍ നിര്‍മ്മിക്കുക എന്നതാണ് പദ്ധതിയുടെ ചുരുക്കം. ആ പ്രൊജക്ടിനെ സംബന്ധിച്ച് താനുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥവൃന്ദം ചിന്തിച്ചത് ഈ 150 പേരെ എങ്ങനെ കണ്ടെത്തും എന്നുള്ളതാണ്. തെക്കന്‍ തിരുവിതാംകൂര്‍, മധ്യതിരുവിതാംകൂര്‍, വടക്കേ മലബാര്‍ പ്രാതിനിധ്യം വേണം... സാമൂഹിക-സാംസ്ക്കാരിക-രാഷ്ട്രീയ പ്രാതിനിധ്യം വേണം... എന്നിങ്ങനെ പോയി ചിന്തകളും ചര്‍ച്ചകളും. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലമായിരുന്നു അത്. ഒരു മീറ്റിംഗില്‍ കരുണാകരനോടൊപ്പം പങ്കെടുക്കുവാന്‍ ബാബുപോളിന് സാധിച്ചപ്പോള്‍ ഇടയ്ക്ക് കിട്ടിയ ചുരുങ്ങിയ സമയത്തില്‍ പ്രോജക്ടിനെക്കുറിച്ച് കരുണാകരനോട് ചുരുക്കി വിവരിച്ചു. “സി. എമ്മിന്റെ അഭിപ്രായം എന്താണ്”. ബാബുപോള്‍ കരുണാകരനോട് ചോദിച്ചു. ഉടന്‍ വന്നു മറുപടി. സെമിത്തേരി പോലെയിരിക്കും.

അതോടെ പദ്ധതിക്ക് ഫുള്‍സ്റ്റോപ്പായി. പൊതുപ്രവര്‍ത്തന രംഗത്ത് രാഷ്ട്രീയക്കാര്‍ക്കുള്ള കോമണ്‍സെന്‍സ് ഐ.എ.എസ്സുകാര്‍ക്ക് ഉണ്ടാവണമെന്നില്ല എന്നത് ഭംഗിയായി ബാബുപോള്‍ ചര്‍ച്ചയില്‍ അവതരിപ്പിച്ചു. അങ്ങനെയൊരു വിലയിരുത്തല്‍ നടത്താന്‍ ഡോ. ഡി. ബാബുപോളിന് മാത്രമേ സാധിക്കൂ. നെടുമ്പാശ്ശേരി വിമാനത്താവളത്തെ വി.ജെ. കുര്യന്റെ പേരിനോടും, കൊച്ചിന്‍ മെട്രോയെ ഇ. ശ്രീധരന്റെ പേരിനോടും ചേര്‍ത്ത് നമ്മള്‍ പറയുമ്പോള്‍ അതിനും എത്രയോ മുമ്പു തന്നെ ഏറ്റവും പ്രധാനപ്പെട്ട ഇടുക്കി ജലവൈദ്യുതപദ്ധതി തന്റെ പേരിനോട് കൂട്ടിക്കെട്ടാന്‍ ബാബുപോളിന് സാധിച്ചു. മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോന്‍ ബാബുപോളിനോട് അന്ന് പറഞ്ഞത്. “എനിക്ക് വേണ്ടത് തലോടാനൊരു മുതുകും വെട്ടാനൊരു തലയുമാണ്. അതു രണ്ടും തന്നിലാണുള്ളത്.” അവസാനം അച്യുതമേനോന്‍ മുതുക് തലോടുക തന്നെയാണ് ചെയ്തത്. സാമൂഹ്യ സാംസ്ക്കാരിക ആത്മീയ മേഖലകളില്‍ തന്റേതായ വീക്ഷണങ്ങള്‍ കൊണ്ട് വ്യത്യസ്തനായ ഡോ. ഡി. ബാബുപോള്‍ നമ്മോട് സംസാരിക്കുന്നു.

? അങ്ങയും ജീവിതം സഫലമാണോ? തിരിഞ്ഞു നോക്കുമ്പോള്‍ എന്തു തോന്നുന്നു?

— സഫലമാണോയെന്ന് ചോദിച്ചാല്‍ മോശമായില്ല എന്നു തന്നെ കരുതുന്നു. ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. അതിനുള്ള അവസരവും ലഭിച്ചു. കുറച്ചുകൂടി ഭംഗിയായി സമയവും ഊര്‍ജ്ജവും ക്രമീകരിച്ചിരുന്നെങ്കില്‍ കുറച്ചുകൂടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാമായിരുന്നോയെന്ന് ചോദിച്ചാല്‍ ചെയ്യാമായിരുന്നു എന്നുതന്നെ പറയേണ്ടിവരും. എങ്കിലും മറ്റനേകം ആളുകള്‍ക്ക് ലഭിക്കാത്ത അവസരങ്ങളും മറ്റും എനിക്ക് ലഭിച്ചു. ഈശ്വരന്‍ തന്നു. പലതും യാദൃശ്ചികമായിരുന്നു. ഇപ്പോഴും എന്നെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഞാന്‍ ചെയ്ത ഇടുക്കി പ്രോജക്ടിനെപ്പറ്റി പറയും. ഞാന്‍ അവിടുന്ന് പോയിട്ട് 40 കൊല്ലം കഴിഞ്ഞു. അതൊക്കെ ജീവിതത്തില്‍ വളരെ തൃപ്തി നല്‍കുന്ന കാര്യങ്ങള്‍ തന്നെയാണ്. അതുകൊണ്ട് സഫലമായില്ലെന്ന് ഉറക്കെ പറഞ്ഞാല്‍ ഒരുപക്ഷേ അഹങ്കാരമാകാം. എങ്കിലും സഫലമായിയെന്നു തന്നെ പറയാം. തന്നാലാവുന്നതൊക്കെ ചെയ്തു എന്ന തൃപ്തി ഏതായാലും ഉണ്ട്.

? അങ്ങ് നല്ലയൊരു പ്രഭാഷകനാണല്ലോ. അങ്ങേയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാഷകനാരാണ്. എന്താണ് അതിന്റെ കാരണം?

— ഞാന്‍ ഒരു പ്രഭാഷകനാകുമ്പോള്‍ എന്റെ ജോലി മറ്റുള്ളവരെ എന്റെ പ്രഭാഷണം ശ്രദ്ധിപ്പിക്കുക എന്നുള്ളതാണല്ലോ. ഒരു പ്രസംഗം പറയുന്നതാണ് പ്രസംഗം കേള്‍ക്കുന്നതിനേക്കാള്‍ സുഖം. (ചിരിക്കുന്നു). എന്റെ അഭിപ്രായത്തില്‍ കേരളത്തിലെ പ്രഭാഷകരില്‍ ഒന്നാംസ്ഥാനത്തിനര്‍ഹന്‍ എന്‍.കെ. സാനുവാണ്. അദ്ദേഹത്തിന് പബ്ലിക് റിലേഷനില്ല. അദ്ദേഹത്തെ പൊക്കാന്‍ ആളുമില്ല. പ്രസ്ഥാനവുമില്ല. അദ്ദേഹം വാസ്തവത്തില്‍ അഴീക്കോട് മാഷിനേക്കാള്‍ മികച്ച പ്രഭാഷകനാണ്. എന്റെ സ്കൂള്‍ വിദ്യാഭ്യാസകാലത്തൊക്കെ മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ പ്രഭാഷണം കേട്ടിട്ടുണ്ട്. അതിങ്ങനെ സമതലത്തില്‍ കൂടി ഒഴുകുന്ന നദി പോലെയാണ്. അതുകേട്ടുകൊണ്ടിരിക്കാന്‍ ഒരു സുഖമായിരുന്നു. വാക്കുകള്‍ തമ്മില്‍ ഇടമുറിയാതെ... ഒരു തപ്പലുമില്ലാതെ... നീണ്ട വാക്യങ്ങളൊക്കെ ഒരു വ്യാകരണപ്പിശകുമില്ലാതെ ഇങ്ങനെയൊഴുകിയിരുന്നു. പിന്നെ അതുപോലെ വന്ന് സാനുമാസ്റ്ററാണെന്ന് ഞാന്‍ കരുതുന്നു. സാനു മാസ്റ്റര്‍ക്ക് വേണ്ടത്ര ഒരു ഇത് കിട്ടിയില്ല. അതുപോലെ, രാഷ്ട്രീയത്തില്‍ ഒതുങ്ങിപ്പോയതുകൊണ്ട് ശ്രദ്ധിക്കാതെ പോയ രണ്ടുപേരാണ് പി.ടി. ചാക്കോയും പനമ്പിള്ളി ഗോവിന്ദമേനോനും. അവര്‍ നന്നായി വായിക്കുന്നവരുമായിരുന്നു. സാഹിത്യമുള്‍പ്പെടെ സകലകാര്യങ്ങളെക്കുറിച്ചും അറിവുള്ളവരുമായിരുന്നു. അവസാനം സ്വല്‍പ്പം മദ്യപാനമൊക്കെയായെങ്കിലും കെ. ബാലകൃഷ്ണനും നല്ല പ്രഭാഷകനായിരുന്നു.

? സുകുമാര്‍ അഴീക്കോടിന്റെ പ്രഭാഷണത്തെക്കുറിച്ച് അങ്ങേയുടെ അഭിപ്രായം?

— സത്യം പറഞ്ഞാല്‍ എനിക്ക് അത്ര അഭിപ്രായമില്ല. അത് നമ്മള് പറഞ്ഞാല്‍ ശോഭിക്കില്ല എന്നതുകൊണ്ട് പറയുന്നില്ല എന്നേയുള്ളൂ. സാനുമാസ്റ്ററൊക്കെ അഴീക്കോട് മാഷിനേക്കാളും മുകളിലാണ്. പക്ഷേ അഴീക്കോട് മാഷിന് പത്രക്കാരുടെയും, ഇടതുപക്ഷ പ്രസ്ഥാനക്കാരുടെയുമൊക്കെ ഒരു പിന്തുണയുണ്ടായിരുന്നു. അവരെല്ലാം അദ്ദേഹം പറയുന്നതൊക്കെ നന്നായി റിപ്പോര്‍ട്ട് ചെയ്ത് പൊലിപ്പിച്ചു. അദ്ദേഹം സത്യത്തില്‍ ഇവിടുത്തെ അച്ചടിയന്ത്രങ്ങളുടെ ഒരു സൃഷ്ടിയായിരുന്നു. സാനുമാസ്റ്ററിന് അതിലും സോളിഡ് സ്റ്റഫുണ്ട്.

? അങ്ങേയ്ക്ക് ഏറ്റവും പ്രിയപ്പെട്ട മുഖ്യമന്ത്രിയാരാണ്?

— പ്രിയങ്കരന്‍ എന്ന് പറയുന്നതില്‍ വലിയ കാര്യമില്ല. കാരണം മുഖ്യമന്ത്രിയെ നമ്മുടെ പ്രിയം വച്ചല്ലല്ലോ നിശ്ചയിക്കേണ്ടത്. പ്രായം വച്ച് പറയുകയാണെങ്കില്‍ എനിക്ക് പ്രിയങ്കരന്‍ ഉമ്മന്‍ചാണ്ടിയും പിണറായി വിജയനുമാണ്. മുതിര്‍ന്നവരെ പ്രിയങ്കരര്‍ എന്ന വാക്ക് വെച്ച് വിലയിരുത്താന്‍ പറ്റില്ലല്ലോ. അച്യുതാനന്ദന് എന്നെക്കാള്‍ പത്ത് പതിനെട്ട് വയസ്സിന് മൂപ്പുണ്ട്. കരുണാകരന്‍ എന്റെ അച്ഛന്റെ സുഹൃത്താണ്. നായനാര്‍ക്കും കരുണാകരന്റെ പ്രായമായിരുന്നു. അച്യുതമേനോന്‍ എനിക്ക് മുമ്പുള്ള തലമുറയില്‍പ്പെട്ട ആളാണ്. പട്ടംതാണുപിള്ള മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എനിക്ക് കേവലം ആറു വയസ്സോ മറ്റോ ഉള്ളൂ. അതുകൊണ്ട് അവരെയൊന്നും പ്രിയങ്കരര്‍ എന്ന് പറയാന്‍ പറ്റില്ല. കേരളം കണ്ട ഏറ്റവും പ്രഗത്ഭരായ രണ്ടു മുഖ്യമന്ത്രിമാരുടെ പേര് പറയുകയാണെങ്കില്‍ അത് അച്യുതമേനോനും ഉമ്മന്‍ചാണ്ടിയുമാണ്. ഉമ്മന്‍ചാണ്ടിയെക്കുറിച്ച് ഇപ്പോള്‍ പറയുമ്പോള്‍ ഉമ്മന്‍ചാണ്ടിയോ? എന്ന് ഒരുപക്ഷേ തോന്നാം. ഇരുപത് കൊല്ലം കഴിഞ്ഞാല്‍ അത് തോന്നില്ല. അച്യുതമേനോന്‍ ഭരിച്ചപ്പോള്‍ എന്തൊക്കെ വിവാദങ്ങളും ഗുലുമാലുകളും ഉണ്ടായിയെന്ന് ഇന്നത്തെ തലമുറ ഓര്‍ക്കാത്തതുകൊണ്ടാണ്. ഉമ്മന്‍ചാണ്ടിക്ക് റിട്ട. ജഡ്ജിയെക്കൊണ്ടാണ് സോളാര്‍ അന്വേഷിപ്പിക്കേണ്ടി വന്നത്. അച്യുതമേനോന്‍ സര്‍ക്കാരിനെക്കുറിച്ചും അഴിമതിയാരോപണങ്ങള്‍ ഉണ്ടായിരുന്നു. വ്യക്തിപരമായി അച്യുതമേനോന് എതിരല്ല. അതിപ്പോ ഉമ്മന്‍ചാണ്ടിയെപ്പറ്റിയും വ്യക്തിപരമായല്ലല്ലോ. അദ്ദേഹത്തിന് വേണ്ടത്ര നിയന്ത്രണം പേഴ്‌സണല്‍ സ്റ്റാഫിന്റെ പുറത്തുണ്ടായില്ല എന്നതാണ് പ്രധാന വിഷയം. അല്ലാതെ അദ്ദേഹം എന്തെങ്കിലും വൃത്തികേട് കാണിച്ചു എന്നാരും പറയില്ല. അച്യുതമേനോന്റെ കാലത്തെ വിവാദങ്ങളൊന്നും ഇന്നാരും ഓര്‍ക്കാറില്ല. തട്ടില്‍ എസ്റ്റേറ്റ് ഏറ്റെടുത്തപ്പോള്‍ സി.പി.ഐ. കാശു വാങ്ങിച്ചോ? സി.പി.ഐ. തമിഴ്‌നാട് ഘടകത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണോ 1970-ല്‍ അച്യുതമേനോന്‍ തമിഴ്‌നാടുമായി വീണ്ടും മുല്ലപ്പെരിയാര്‍ എഗ്രിമെന്റ് ഒപ്പിട്ടത്? എന്നൊന്നും ഇന്നാരും ചോദിക്കാറില്ല. അന്ന് അതൊക്കെ ധാരാളം ചര്‍ച്ച ചെയ്തതാണ്. ഇന്നിപ്പോള്‍ ഓര്‍ക്കുന്നത് ശ്രീ ചിത്രാ സെന്റര്‍, സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ്, കെ.ഡ്ബ്ല്യു.ആര്‍.ടി., കെ. എഫ്.ആര്‍.ഐ, ലക്ഷംവീട് പദ്ധതി, എല്ലാ പഞ്ചായത്തിലും ആയുര്‍വ്വേദ, അലോപ്പതി, ഹോമിയോപ്പതി ആശുപത്രികള്‍, ഓണത്തിന് ഒരുപറ നെല്ല് തുടങ്ങി ഒരുപിടി പദ്ധതികളാണ്. ഓരോ വകുപ്പിലും എന്തെങ്കിലുമൊക്കെ കാര്യങ്ങള്‍ കാര്യക്ഷമമായി നടന്നിരുന്നു. പ്രൈവറ്റ് ഫോറസ്റ്റ് നാഷണലൈസേഷന്‍, കര്‍ഷകതൊഴിലാളികളുടെ മിനിമം കൂലി, ഇതൊക്കെ നാം ഇപ്പോള്‍ ഓര്‍ക്കുന്നു. എന്നുപറഞ്ഞതുപോലെ 20 കൊല്ലെ കഴിയുേമ്പോള്‍ സരിതാ നായര്‍ ഒരിക്കലും കടന്നുവരില്ല. അന്ന് പറയുന്നത് കൊച്ചിന്‍ മെട്രോ, കണ്ണൂര്‍ വിമാനത്താവളം, സ്മാര്‍ട്‌സിറ്റി, വിഴിഞ്ഞം പദ്ധതി, കാരുണ്യ ലോട്ടറി, ജനസമ്പര്‍ക്കം ഇതൊക്കെയായിരിക്കും. അതുകൊണ്ട് തന്നെയാണ് ഞാന്‍ പറയുന്നത് കേരളം കണ്ട മുഖ്യമന്ത്രിമാരില്‍ ഇവര് രണ്ടുപേരും ചരിത്രത്തില്‍ സ്ഥാനം പിടിക്കും. കണ്ടിടത്തോളം പിണറായി വിജയനും അതേ പാതയില്‍ തന്നെയാണ്. അഞ്ചുകൊല്ലം ഭരണം കഴിയുമ്പോള്‍ അങ്ങനെ വിലയിരുത്താമെന്ന് ഞാന്‍ കരുതുന്നു. ഇപ്പോള്‍ പറയാന്‍ സമയായിട്ടില്ല.


? ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി തിരിച്ചുവരുമെന്ന് അങ്ങേയ്ക്ക് തോന്നുന്നുണ്ടോ?

— ഇനി അതിന് ഒരു സാധ്യതയും ഞാന്‍ കാണുന്നില്ല. കാരണം അദ്ദേഹമൊക്കെ എന്റെ തലമുറയാണല്ലോ. ഒന്നാമത് പ്രായം. അടുത്തയൊരു തിരഞ്ഞെടുപ്പ് വരുമ്പോള്‍ അദ്ദേഹത്തിന് 78-79 വയസ്സായിരിക്കും. അന്ന് അദ്ദേഹം ഒരുപക്ഷേ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലയെന്നാണ് എന്റെ വിശ്വാസം. ഗ്രൂപ്പിന്റെ ചില പ്രശ്‌നങ്ങളൊക്കെ ഇല്ലായിരുന്നെങ്കില്‍ അദ്ദേഹം ഇത്തവണ തന്നെ മത്സരിക്കില്ലായിരുന്നു എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അദ്ദേഹം അടുത്ത തവണ മത്സരിക്കാന്‍ ഒരുസാധ്യതയും ഞാന്‍ കാണുന്നില്ല. അതുകൊണ്ടിനി മുഖ്യമന്ത്രിയായി ഒരു തിരിച്ചുവരവ് ഉമ്മന്‍ചാണ്ടിക്ക് ഉണ്ടാവില്ല എന്നാണ് എന്റെ വിലയിരുത്തല്‍.

? വേളൂര്‍ കൃഷ്ണന്‍കുട്ടിയെ എങ്ങനെ വിലയിരുത്തുന്നു? അദ്ദേഹത്തിന്റെ നര്‍മ്മം എങ്ങനെ കാണുന്നു?

— അദ്ദേഹത്തിന്റെ നര്‍മ്മം ഇഷ്ടമാണോയെന്ന് ചോദിക്കുന്നത് മനോരമയിലും മംഗളത്തിലും വരുന്ന നീണ്ട കഥകള്‍ ഇഷ്ടമാണോയെന്ന് ചോദിക്കുന്നതുപോലെയാണ്. അതിന് അതിന്റേതായ ഒരു രീതിയുണ്ട്. ഞാനും വേളൂര്‍കൃഷ്ണന്‍കുട്ടിയും തമ്മില്‍ നല്ല വ്യക്തിബന്ധമുണ്ടായിരുന്നു. അദ്ദേഹം എന്റെയൊരു ഹാസ്യലേഖന സമാഹാരത്തിന് അവതാരികയും എഴുതിയിരുന്നു. പക്ഷേ എനിക്ക് ഇവരാരെയും അത്ര പിടിക്കില്ല. എനിക്കിഷ്ടപ്പെട്ടത് ഇ.വി. കൃഷ്ണപിള്ളയെയാണ്. ഞാനിപ്പോഴും ആറുമാസത്തിലൊരിക്കല്‍ അദ്ദേഹത്തിന്റെ എന്തെങ്കിലുമൊന്ന് വായിച്ചിരിക്കും. ഒരുപക്ഷേ ഞാന്‍ ജനിക്കുന്നതിന് മുമ്പോ അല്ലെങ്കില്‍ എന്റെ ബാല്യകാലത്തോ മറ്റോ അദ്ദേഹം മരിച്ചു. പക്ഷേ എന്തൊരു സെന്‍സ് ഓഫ് ഹ്യൂമറാണ് അദ്ദേഹത്തിന്. കവിയുടെ ക്രാന്തദര്‍ശിത്വം എന്നൊക്കെ പറയുന്നതുപോലെ. ഈ ടേപ്പ് റിക്കാര്‍ഡറും, വയര്‍ലെസ് ട്രാന്‍സ്മിഷനുമൊക്കെ ഉണ്ടാകുന്നതിന് മുമ്പ് അദ്ദേഹം എം.എല്‍.എ. ക്വാര്‍ട്ടേഴ്‌സില്‍ പ്രസംഗമുണ്ടാക്കി, പ്രസംഗിക്കാന്‍ അറിയാത്ത എം.എല്‍.എ. മാരുടെ പോക്കറ്റിലേക്ക് യന്ത്രം തിരുകി വച്ച്, അവിടെ സമയമാകുമ്പോള്‍, ഇവിടെയറിയിക്കാനും, ഇവിടെ സമയമാകുമ്പോള്‍ സ്വിച്ചിട്ടാല്‍ ഈ പ്രസംഗം അവിടെ കേള്‍പ്പിക്കുവാനും ഒക്കെയുള്ള കാലത്തെ അതിജീവിച്ച ആശയങ്ങള്‍, അദ്ദേഹത്തിനുണ്ടായിരുന്നു. പിന്നെ നല്ല നര്‍മ്മവും. ആ കവിതക്കേസ് ഒക്കെ വായിച്ചാല്‍ ആരാണ് ചിരിക്കാത്തത്? അതുകൊണ്ട് ഇ.വി. കൃഷ്ണപിള്ളയുടെയും കുഞ്ചന്‍നമ്പ്യാരുടെയുമൊക്കെ ലെവലില്‍ കുറഞ്ഞൊരു ഫലിതം നമുക്ക് മാര്‍ക്കിടാന്‍ പ്രയാസമാണ്. പലരും ‘ഇനി ഞാനൊരു തമാശ പറയട്ടെ’ എന്ന മട്ടിലല്ലേ പറയുന്നത്.

? നര്‍മ്മബോധം താങ്കളെ അപകടത്തിലെത്തിച്ച എന്തെങ്കിലും സന്ദര്‍ഭമോര്‍ക്കുന്നുണ്ടോ?

— അങ്ങനെയൊന്നും ഓര്‍മ്മയില്ല. പക്ഷെ അപകടം ഉണ്ടായിട്ടുണ്ടോയെന്നു ചോദിച്ചാല്‍ ഉണ്ടുതാനും. പറയാനുള്ള രസത്തിന് ചിലപ്പോള്‍ പെട്ടെന്ന് വല്ലതും പറയും. ഒരുപക്ഷേ അത് ഒരു 75 വയസ്സുകാരന്‍ പറയേണ്ടാത്തതായിരിക്കും. പണ്ട് എ.എല്‍.ജേക്കബ് മന്ത്രിയായി വന്നകാലത്തെ ഒരു സംഭവം ഞാന്‍ എഴുതിയിട്ടുണ്ട്. പട്ടം മുതല്‍ ഉമ്മന്‍ചാണ്ടി വരെ എന്ന പുസ്തകത്തില്‍. അതില്‍ തൂപ്പുകാരിയോടുള്ള അദ്ദേഹത്തിന്റെ ചില ഡയലോഗുകളുണ്ടായിരുന്നു. കഴിഞ്ഞദിവസം ഒരാള്‍ എ.എല്‍. ജേക്കബ് അനുസ്മരണയോഗത്തിന് മുമ്പ് എന്നോട് പറഞ്ഞു. ‘പണ്ട് പുസ്തകത്തില്‍ എഴുതിയതൊന്നും പറഞ്ഞേക്കല്ല്. മനുഷ്യര്‍ ചിരിക്കുമായിരിക്കും. വയസ്സ് 75 ആയി എന്നോര്‍മ്മ വേണം.’ അങ്ങനെയൊക്കെ ചില അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ട്. അത്രമാത്രം.

? അങ്ങയുടെ ദിനചര്യ എങ്ങനെയാണ്?

— പണ്ടൊക്കെ മൂന്നുമണിക്ക് എഴുന്നേല്ക്കുമായിരുന്നു. ഇപ്പോള്‍ നാലു നാലരയാകുമ്പോള്‍ എഴുന്നേല്ക്കും. ആറുമണി വരെയുള്ള സമയം ഈശ്വരവിചാരമാണ്. അല്പസമയം ബൈബിള്‍ വായിക്കും. ഗീതയിലെ ഒരു ശ്ലോകം പഠിക്കും. അതിന്റെയൊക്കെ വ്യാഖ്യാനങ്ങള്‍ പഠിക്കും. ആറുമണിയാകുമ്പോള്‍ പത്രം വരും. പത്രപാരായണവും പ്രഭാതകൃത്യങ്ങളും ഭക്ഷണവുമൊക്കെയായി പത്തുപത്തര വരെയങ്ങ് പോകും. പത്തര മുതല്‍ ഒന്നര വരെ ജോലിയാണ്. ലേഖനങ്ങള്‍, എഴുത്ത്, വായന തുടങ്ങിയ കാര്യങ്ങള്‍. ചില അപ്പോയ്‌മെന്റുകളും കാണും. ഉച്ചക്ക് ഊണു കഴിഞ്ഞ് ഒന്നു രണ്ടു മണിക്കൂര്‍ ഉറങ്ങും. വിശ്രമം ഒക്കെ കഴിഞ്ഞ് വൈകുന്നേരം ചിലപ്പോള്‍ പ്രസംഗം തുടങ്ങി പരിപാടികള്‍ കാണും. അല്ലെങ്കില്‍ വീണ്ടും എഴുത്തും വായനയുമൊക്കെത്തന്നെ. ഒമ്പത് മണിക്ക് ടി. വി. കാണും. വാര്‍ത്ത, തിരുവാ എതിര്‍വാ, ചിത്രം വിചിത്രം, വക്രദൃഷ്ടി തുടങ്ങിയവയൊക്കെ മാറിമാറിക്കാണും. പത്തുമണിക്കത്തെ മാതൃഭൂമി വാര്‍ത്ത കണ്ട് ഭക്ഷണം കഴിച്ച് ദിവസം അവസാനിപ്പിക്കും.

? ഏകാന്തത അനുഭവപ്പെടാറുണ്ടോ? അതിനെ എങ്ങനെ കാണുന്നു?

— സത്യത്തില്‍ ഏകാന്തതയില്ല. ഒരുപാട് സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമൊക്കെയുണ്ട് വിദേശത്തും സ്വദേശത്തുമൊക്കെയായി. അവരൊക്കെ നാട്ടില്‍ വരുമ്പോള്‍ കാണാന്‍ വരും. സംസാരിക്കും. ഈ സമൂഹമാണ് എന്നെ കൊണ്ടുനടക്കുന്നത്. 2017-ലെ സാറ്റിസ്റ്റിക്‌സ് അനുസരിച്ച് നോക്കിയാല്‍ മുപ്പിയേഴര മണിക്കൂറില്‍ ഞാനൊരു പ്രസംഗം പറയും (ചിരിക്കുന്നു). അതുകൊണ്ട് ഏകാന്തത ഒരു പ്രശ്‌നമല്ല.

? ഒറ്റയ്ക്കിരുന്ന് പണ്ടത്തെ കാര്യങ്ങളൊക്കെ ആലോചിക്കുമ്പോള്‍ എന്തെങ്കിലും പശ്ചാത്താപം തോന്നാറുണ്ടോ?

— പശ്ചാത്താപവും മറ്റും തോന്നാത്ത മനുഷ്യന്‍ മനുഷ്യനല്ലല്ലോ. പക്ഷെ അതിന്റെ അര്‍ത്ഥശൂന്യതയെക്കുറിച്ച് അപ്പോള്‍ തന്നെ ചിന്തിക്കും. അത് ദൈവം തരുന്ന വിവേകത്തിന്റെ ലക്ഷണമാണ്. ഇനി അതിനെക്കുറിച്ച് ആലോചിക്കേണ്ട കാര്യമില്ല. Past is Past എന്ന ഒരു ബോധ്യത്തിലേക്ക് വരുമ്പോള്‍ അത് ശരിയാകും.

? ബി.ജെ.പി.യുമായി സഹകരിച്ച് പോകാന്‍ ഒരിക്കല്‍ തയ്യാറായിരുന്നല്ലോ? പിന്നീടത് വേണ്ടെന്ന് വച്ചോ? കാരണമെന്താണ്?

— വേണ്ടെന്ന് വച്ചിട്ടില്ലല്ലോ. ഇപ്പോഴും ആഭിമുഖ്യത്തിന് കുറവൊന്നുമില്ല. അവര്‍ വിളിക്കാത്തതുകൊണ്ട് പോകുന്നില്ല. കഴിഞ്ഞ ഇലക്ഷനില്‍ ശ്രീധരന്‍പിള്ള ചെങ്ങന്നൂരില്‍ വിളിച്ചിരുന്നു. ഞാന്‍ പോയി പ്രസംഗിച്ചു. സാധാരണ ഇലക്ഷന് പ്രസംഗത്തിനൊന്നും ഞാന്‍ പോകാറില്ല. ശ്രീധരന്‍പിള്ള വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. നിങ്ങള്‍ എന്തെങ്കിലുമൊക്കെ സാംസ്ക്കാരിക പരിപാടി സംഘടിപ്പിച്ചാല്‍ ഞാന്‍ വരാം. അവര്‍ ഒരു ബുക്ക് റിലീസ് സംഘടിപ്പിച്ചു. ഞാന്‍ പോയി ഒരു മണിക്കൂര്‍ പ്രസംഗിച്ചു. ശ്രീധരന്‍പിള്ള പറഞ്ഞു. അതിന്റെ പേരില്‍ ഒരു അയ്യായിരം വോട്ട് എക്‌സ്ട്രാ കിട്ടിയെന്ന്. 1998 കാലഘട്ടം മുതല്‍ ഒരു ചെറിയ ആഭിമുഖ്യം ബി.ജി.പി.യോടുണ്ട്. നരസിംഹറാവുവിന്റെ കാലഘട്ടത്തിന് ശേഷം ഉണ്ടായ അനിശ്ചിതത്വത്തിന് ശേഷമാണ് ആ ആഭിമുഖ്യം ഉണ്ടായത്. അതിപ്പോഴും തുടരുന്നു. കോണ്‍ഗ്രസ് അല്ലാതെ മറ്റൊരു ദേശീയപാര്‍ട്ടി ബി.ജെ.പി. മാത്രമല്ലേയുള്ളൂ. ഇപ്പോള്‍ വന്നിരിക്കുന്ന ഒരു വ്യത്യാസം എനിക്ക് വയസ് 75 ആയി. അപ്പോള്‍ നേതൃസ്ഥാനത്തിരിക്കുന്ന രാജന്‍ ഉള്‍പ്പെടെ എല്ലാവരും എന്നേക്കാള്‍ ചെറുപ്പക്കാരാണ്. അവര്‍ എന്നെ അന്വേഷിക്കാറില്ല, ഞാന്‍ അങ്ങോട്ടും പോകാറുമില്ല.

? അന്നപോള്‍ മാഡത്തിന് അര്‍ബുദമാണെന്ന് കേട്ടപ്പോള്‍ ഇനി അര്‍ബുദത്തിന് ചികിത്സിക്കുന്നില്ലായെന്ന് തീരുമാനിച്ചതായി പറഞ്ഞുകേട്ടിട്ടുണ്ട്. എന്താണ് കാരണം?

— അങ്ങനെ തീരുമാനിച്ചിട്ടില്ലായിരുന്നു. എനിക്ക് ഭാവിയില്‍ അര്‍ബുദം വന്നാല്‍ ചികിത്സിക്കണ്ടായെന്ന് അന്ന് തീരുമാനിച്ചിരുന്നു. അത് ഞാന്‍ ഡോക്ടറോട് പറഞ്ഞിരുന്നു. ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ അനാവശ്യ ചികിത്സകള്‍ നടത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. കട്ടി കൃതാവും കപ്പട മീശയുമൊക്കെയുണ്ടെങ്കിലും എനിക്ക് വേദന സഹിക്കാന്‍ ബുദ്ധിമുട്ടാണ്. ആ കാര്യത്തില്‍ ഞാനൊരു പാവത്താനാണ്. (ചിരിക്കുന്നു). അതുകൊണ്ട് വേദന ഒഴിവാക്കാനുള്ള വല്ല മരുന്നും നല്‍കിയാല്‍ മതിയെന്ന് പറഞ്ഞിരുന്നു. അത് എനിക്ക് അര്‍ബുദം വന്നാല്‍ എന്നുള്ള നിലയിലാണ് പറഞ്ഞത്. വൈഫിന്റെ കാര്യത്തില്‍ ചികിത്സിച്ചിരുന്നു. അവര്‍ ചെറുപ്പമായിരുന്നല്ലോ. പ്രായം 50 കളിലായിരുന്നു. അതുകൊണ്ട് ചെറുപ്പക്കാര്‍ ചികിത്സയെടുക്കുക തന്നെ വേണം.

? അങ്ങയുടെ അച്ഛനൊരു വൈദികനായിരുന്നല്ലോ? അദ്ദേഹമാണ് പ്രസംഗം എന്താണെന്ന് താങ്കളെ ബോധ്യപ്പെടുത്തിയത്. ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോല്‍ അച്ഛനെക്കുറിച്ച് എന്തു തോന്നുന്നു?

— അച്ഛനില്ലെങ്കില്‍ ഞാനില്ല. അച്ഛനാണെന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയത്. അച്ഛനില്‍ നിന്നും കിട്ടിയ ഗുണദോഷങ്ങളാണ് എനിക്ക് ഇപ്പോഴും ഉള്ളത്. ഇപ്പോഴും എസ്.എസ്.എല്‍.സി. പഠനസഹായി പത്രത്തില്‍ വരുന്നത് ഞാന്‍ വായിക്കാറുണ്ട്. അച്ഛന്‍ പറഞ്ഞിട്ടുണ്ട് അവസാനം വരെ പഠിച്ചുകൊണ്ടിരിക്കണമെന്ന്. അറിയാതെ നമ്മള്‍ അത് ഫോളോ ചെയ്യുന്നു. എല്ലാ തിങ്കളാഴ്ചയും ‘ഹിന്ദു’വില്‍ ഗിീം ഥീൗൃ ഋിഴഹശവെ എന്നൊരു കോളമുണ്ട്. ഇപ്പോഴും എടുത്ത് വായിക്കും. ചിലപ്പോള്‍ പുതിയ വാക്കുകള്‍ കിട്ടാറുമുണ്ട്. അച്ഛന്‍ പഠിപ്പിച്ച പ്രധാനകാര്യം... അറിവ് അനന്തമാണ് എന്നുള്ളതാണ്. ആ അറിവാണ് തിരിച്ചറിവ്. തിരിച്ചറിവ് എനിക്ക് ലഭിച്ചത് അച്ഛനില്‍ നിന്നാണ്. ഞാനതിപ്പോഴും പാലിക്കുന്നു. അച്ഛന്റെ ഏറ്റവും പ്രിയ ശിഷ്യന്‍ പി. ഗോവിന്ദപ്പിള്ളയായിരുന്നു. അദ്ദേഹത്തോടും പിന്നെ എന്നോടും അച്ഛന്‍ പറഞ്ഞ പ്രധാന ഒരു കാര്യം ഇതാണ്. ‘ഏത് വിഷയത്തെക്കുറിച്ചും ഒരു പടക്കത്തിനുള്ളതും ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് ഒരു പൂരം വെടിക്കെട്ടിനുള്ളതും കരുതിയിരിക്കണം. ഇതാണ് വേണ്ടത്.’ അതായത് എല്ലാ വിഷയങ്ങളെക്കുറിച്ചും ഒരു സാമാന്യബോധവും ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് അഗാധമായ അറിവും ഉണ്ടായിരിക്കണം. ഇതാണ് അറിവ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

? മലയാളികളെക്കുറിച്ചുള്ള അഭിപ്രായം?

— മലയാളികള്‍ അടിസ്ഥാനപരമായി മടിയന്മാരാണ്. അറിവ് സമ്പാദിക്കുവാന്‍ ഇന്ന് ഒരുപാടു വഴികളുണ്ട്. പക്ഷെ മെനക്കെടാന്‍ കഴിയില്ല.

? പുതിയ തലമുറയോടുള്ള ഉപദേശം?

— ഇത്രയേയുള്ളൂ. അറിവിന്റെ അതിരില്ലായ്മയെക്കുറിച്ചുള്ള അറിവാണ് ശരിയായ അറിവ്. അതാണ് തിരിച്ചറിവ്. അതുകൊണ്ട് അവസാനം വരെ അറിവിനായിട്ട് പരിശ്രമിച്ചുകൊണ്ടിരിക്കുക. അതുപോലെ നമ്മള്‍ ഈ പ്രപഞ്ചത്തിന്റെ ഭാഗമാണ് എന്നു പറയുന്നതിന്റെയര്‍ത്ഥം. പ്രപഞ്ചത്തിന്റെ മറ്റുഭാഗങ്ങളെ നമ്മള്‍ സ്‌നേഹിക്കണം എന്നാണ്. അതുകൊണ്ട് മറ്റ് മനുഷ്യരെയും സ്‌നേഹിക്കണം. ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പ്പാപ്പ പറഞ്ഞു. “നീ എന്തു ദാനം ചെയ്യുന്നു എന്നത് നിന്റെ കഴിവിനെ ആശ്രയിച്ചല്ല. ദാനം വാങ്ങിക്കുവാന്‍ നില്ക്കുന്നവന്റെ ആവശ്യത്തെ ആശ്രയിച്ചാണ് അത് നില്ക്കുന്നത്.” അതുപോലെ മദര്‍ തെരേസ പറഞ്ഞു. “Give, Give, Give... Until it Hurts.” മതങ്ങളെക്കുറിച്ച് മദര്‍ തെരേസ പറഞ്ഞത് ഇങ്ങനെയാണ്. “I love all religions, But I am in love with my religion”. അതൊക്കെയാണ് ഇന്നത്തെ ബഹുസ്വരസമൂഹത്തിന് ആവശ്യമായ കാര്യങ്ങള്‍.

*************
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക