Image

അബിയുടെ ഷോട്ടുകള്‍ ഒരു സിനിമാ പ്രമുഖന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വെട്ടി മാറ്റി

Published on 01 December, 2017
അബിയുടെ ഷോട്ടുകള്‍ ഒരു സിനിമാ പ്രമുഖന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വെട്ടി മാറ്റി
നടന്‍ അബി പാടിയ ഏക സിനിമാഗാനം സലാല മൊബൈല്‍സ് എന്ന ചിത്രത്തിലാണ്. ലാ ലാ ലാസാ... വന്‍ ഹിറ്റ് ആയിരുന്നു ഗാനം. എന്നാല്‍ പാട്ടിന്റെ ദൃശ്യങ്ങളില്‍ അബിയുടെ ഒറ്റ ഷോട്ട് മാത്രമാണുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ഇക്കാര്യത്തിലെ സത്യാവസ്ഥ വ്യക്തമാക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ശരത് എ. ഹരിദാസന്‍. പാട്ടിന്റെ വിഷ്വല്‍സില്‍നിന്ന് അബിയുടെ ഷോട്ടുകള്‍ ഒരു സിനിമാ പ്രമുഖന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വെട്ടി മാറ്റുകയായിരുന്നുവത്രേ.

അതേയാള്‍ അദ്ദേഹത്തിനായി കണ്ണീരില്‍ കുതിര്‍ന്ന അനുശോചനക്കുറിപ്പ് എഴുതിയതു വായിക്കാനിടയായെന്നും ശരത് പറയുന്നു.

ശരത് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്

രാവിലെ അറിഞ്ഞപ്പോള്‍ മുതല്‍, ആദ്യം ചിന്തിച്ചത് ഇതാണ്: ശരീരം ഉപേക്ഷിച്ചു സ്വതന്ത്രനായ ഒരാളോട് സമൂഹമാധ്യമത്തിലൂടെ മനസ്സു തുറന്നിട്ട് എന്തു കാര്യം ! പിന്നെ ഓര്‍ത്തു നര്‍മം ഒരുപാടിഷ്ടപ്പെടുന്ന ഒരു സമൂഹത്തിന്റെ മനസ്സുകളില്‍ അബിക്ക ഇപ്പോഴും ജീവിക്കുന്നുണ്ട്. അത് കൊണ്ട് ഞാനിവിടെ പറയുന്നത് നിങ്ങളോരോരുത്തരും കേള്‍ക്കുമ്പോള്‍ അദ്ദേഹം കേള്‍ക്കുന്നു എന്നര്‍ത്ഥം. ഈ പേജില്‍ അധികം ഫാന്‍ ലൈക്കുകള്‍ ഒന്നുമില്ല. പതിനായിരത്തില്‍ നിന്നല്പം കൂടുതല്‍. പക്ഷെ ഞാന്‍ എന്റെ ഉള്ളില്‍ നിന്ന് പറയുന്നത് കേള്‍ക്കാന്‍ ചെറുതെങ്കിലും സ്‌നേഹമുള്ള ഒരു ചെറിയ കൂട്ടം എന്റെ മുന്നിലുണ്ട്. അവരിലോരോരുത്തരിലും അബിക്കയും.

സലാല മൊബൈല്‍സിലെ ലാ ലാ ലസ എന്ന പാട്ടു പാടിക്കാന്‍ ഞാനും ഗോപിയും അബിക്കയെ വിളിക്കുന്നത് സിനിമ ടെക്നിഷ്യന്‍സ് എന്ന നിലക്കായിരുന്നില്ല. കുട്ടിക്കാലം മുതല്‍ അബിക്കയുടെ പ്രകടനങ്ങള്‍ VHS ടേപ്പുകളിലും, ടിവിയിലും, അരങ്ങത്തും കണ്ടു ചിരിച്ചു മറിഞ്ഞ രണ്ടു ആരാധകര്‍ ആയിട്ടായിരുന്നു. ആ പാട്ടെഴുതിയതു ഞാന്‍ തന്നെ ആയിരുന്നു. അത് അബിക്കയെ കൊണ്ട് പാടിക്കുന്നതിന്റെ ത്രില്ല് ഒന്ന് വേറെ തന്നെ ആയിരുന്നു. ആ റെക്കോര്‍ഡിങ്ങും അവിസ്മരണീയമായിരുന്നു. അത്രയ്ക്ക് ലൈഫ്, അബിക്ക ആ പാട്ടിലേക്കു കൊണ്ട് വന്നു. അത് ചിത്രീകരിച്ചപ്പോള്‍, അതിന്റെ പകുതി ഭാഗത്തോളം അദ്ദേഹം പാടുന്ന വീഡിയോയും ചിത്രീകരിച്ചു. സ്റ്റുഡിയോയില്‍ അബിക്ക പാടുന്നത് ഷൂട്ട് ചെയ്തു കഴിഞ്ഞപ്പോള്‍ അദ്ദേഹം ചിരിച്ചോണ്ട് ചോദിച്ചു: ഇതൊക്കെ സ്‌ക്രീനില്‍ വര്ഓടൊ ? ഞാന്‍ പറഞ്ഞു അതെന്താ അബിക്ക അങ്ങനെ ചോദിക്കുന്നത്. സോങ്ങിന്റെ ഹാഫ് പോര്‍ഷന്‍ ഓളം അബിക്കയുടെ വിഷ്വല്‍ ഉണ്ടാകും. അബിക്ക ചിരിച്ചിട്ട് പോയി. പക്ഷെ, അബിക്ക ജയിച്ചു ! ഞാന്‍ തോറ്റു ! അബിയെ പോലെ ഒരു 'ലോക്കല്‍' ആര്‍ട്ടിസ്റ്റിനെ എന്തിനാണ് ഈ പടത്തില്‍ വെക്കുന്നത്. അത് അവലക്ഷണം ആണ് എന്നാണ് ബന്ധപ്പെട്ട ഒരു സിനിമ പ്രമുഖന്‍ പറഞ്ഞത്. ഇന്ന് അബിക്കക്കുള്ള അയാളുടെ കണ്ണീരില്‍ കുതിര്‍ന്ന അനുശോചന കുറിപ്പും ഞാന്‍ ഇതേ സമൂഹമാധ്യമത്തില്‍ വായിച്ചു. അപ്പോഴാണ് എന്തായാലും ഞാന്‍ ഒന്നെഴുതാം എന്ന് തീരുമാനിച്ചത്. എനിക്ക് അത്രയ്ക്ക് ലക്ഷം ലൈക് ഒന്നുമില്ലെങ്കിലും.

ആ സംഭവത്തിന് ശേഷം, അബിക്കയുടെ ഒറ്റ ഷോട്ട് ഒഴിച്ചുള്ളതെല്ലാം ആ സോങ് വിഷ്വല്‍സില്‍ നിന്ന് മുറിച്ചു മാറ്റപ്പെട്ടു. ആദ്യ സംവിധായകനായ ഞാന്‍ നട്ടെല്ലില്ലാതെ അത് നോക്കി നിന്നു. പാട്ടൊക്കെ ഹിറ്റായി. ഇന്നും അത് കാണുമ്പോള്‍ ഓരോ ഷോട്ടിലും എനിക്ക് അബിക്കയെ കാണാം. നിങ്ങള്‍ക്കും ഇനി അത് കാണുമ്പോള്‍ അദ്ദേഹത്തെ അതില്‍ കാണാനാകും. ഓരോ ഷോട്ടിലും. ഒരാളെ കാണാനുള്ള മനസ്സുണ്ടായാല്‍ മതി നമുക്ക്. പക്ഷെ, ആ ആള്‍ ജീവിച്ചിരിക്കുമ്പോള്‍ അതിനായാല്‍ ഏറ്റോം നല്ലത്.

അബിക്കയോട് അക്കാലത്തു തന്നെ ഞാന്‍ മാപ്പു പറഞ്ഞിരുന്നു. ഉറക്കെ ഉള്ള ഒരു ചിരിയും തോളത്തൊരു തട്ടും തന്നു. ഇന്ന് അബിക്കയെ മനസ്സില്‍ കൊണ്ടുനടക്കുന്ന നിങ്ങളോരോരുത്തരോടും ഞാന്‍ മാപ്പു ചോദിക്കുന്നു. ഈ മാപ്പപേക്ഷ ആണ് എന്റെ അനുശോചനം.

ഇന്ന് ഗുരുവായൂര്‍ ഏകാദശി ആണ്. ഞാന്‍ വിശ്വസിക്കുന്ന മതപദ്ധതി പറയുന്നത് ഏകാദശിയില്‍ മരണം മോക്ഷപ്രാപ്തി ആണെന്നാണ്. അബിക്കയെ ജീവിച്ചിരിക്കുമ്പോള്‍ തിരിച്ചറിയാഞ്ഞ ഈ നരകത്തില്‍ നിന്ന് അദ്ദേഹം അവഗണനയുടെ വൈതരണീ നദിയും കടന്നു സ്വര്‍ഗ്ഗത്തിലേക്കു പ്രവേശിച്ചിരിക്കുന്നു. ഇവിടെ ഭൂമിയില്‍, അബിക്കയുടെ മകന്‍ അദ്ദേഹത്തിന്റെ സ്വപ്നങ്ങളും ഉയരങ്ങളും നേടും.
Join WhatsApp News
vincent emmanuel 2017-12-01 09:00:08
i see journalists reports - A significant leader, or a significant person. Don't they have a name? Write the name !!!!!! people. If you do not have the guts to write that, don't report the story. This leads to false assumptions.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക