Image

ഐഎഫ് എഫ് കെ ; ഹൊറര്‍ ചിത്രം സാത്താന്‍സ് സ്ലേവ് അര്‍ദ്ധരാത്രിയില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനം

Published on 01 December, 2017
ഐഎഫ് എഫ് കെ ; ഹൊറര്‍ ചിത്രം സാത്താന്‍സ് സ്ലേവ് അര്‍ദ്ധരാത്രിയില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനം

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ചരിത്രത്തിലാദ്യമായി ഒരു ഹൊറര്‍ ചിത്രം അര്‍ദ്ധരാത്രിയില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് വേറിട്ട ചരിത്രം സൃഷ്ടിക്കുന്നു. ഏറെ ജനപ്രീതി നേടിയ ഇന്തോനേഷ്യന്‍ ചിത്രം സാത്താന്‍സ് സ്ലേവാണ് മിഡ് നൈറ്റ് സ്‌ക്രീനിങ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിക്കുന്നത്. മേളയുടെ നാലാം ദിനം രാത്രി 12 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം.

ഒറ്റത്തവണ മാത്രം ചിത്രം പ്രദര്‍ശിപ്പിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. 1980 കളുടെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയിരിക്കുന്ന ചിത്രം പതിവ് ഹൊറര്‍ ചിത്ര ഫോര്‍മുലകളില്‍ നിന്ന് പ്രമേയം കൊണ്ടും അവതരണരീതി കൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്നു. ഇന്തോനേഷ്യന്‍ ചലച്ചിത്രമേളയില്‍ വിവിധ വിഭാഗങ്ങളിലായി എട്ട് അംഗീകാരങ്ങള്‍ നേടിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിനിമാ നിരൂപകന്‍ കൂടിയായ ജോകോ അന്‍വറാണ്.

നിഗൂഢമായ രോഗം ബാധിച്ച് മരണമടയുന്ന കുടുംബനാഥ, തുടര്‍ന്ന് കുടുംബത്തെ തന്നെ വേട്ടയാടുന്ന പൈശാചിക ശക്തിയായി മാറുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മേളയിലെത്തുന്ന പ്രേക്ഷകന് ഹൊറര്‍ ചിത്രത്തിന്റെ എല്ലാ ഭയാനതകളോടെയും ചിത്രം ആസ്വദിക്കാനുതകും വിധമാണ് അര്‍ദ്ധരാത്രിയിലെ പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്.

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയില്‍ 65 രാജ്യങ്ങളില്‍ നിന്നുള്ള 190ലധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തിലെ 80ലധികം ചിത്രങ്ങളും മത്സര വിഭാഗത്തിലുള്ള 14 ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടും. ഡിസംബര്‍ എട്ടു മുതല്‍ 15 വരെയാണ് മേള.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക