Image

അബിയെ ഒതുക്കാന്‍ സിനിമാ മേഖലയില്‍ ശ്രമം നടന്നുവെന്ന് സംവിധായകന്‍ ശരത് ഹരിദാസന്‍

Published on 01 December, 2017
അബിയെ ഒതുക്കാന്‍ സിനിമാ മേഖലയില്‍ ശ്രമം നടന്നുവെന്ന് സംവിധായകന്‍ ശരത് ഹരിദാസന്‍

അബിയെ ഒതുക്കാന്‍ സിനിമാ മേഖലയില്‍ ശ്രമം നടന്നുവെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ രംഗത്ത്. സലാല മൊബൈല്‍സ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ ശരത് ഹരിദാസനാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. സലാല മൊബൈല്‍സില്‍ ലാ ലാ ലസയെന്ന പാട്ട് അബി പാടുന്നത് ചിത്രീകരിച്ചെങ്കിലും ഒരു സിനിമാ പ്രമുഖന്‍ ഇടപെട്ട് സിനിമയില്‍ നിന്ന് അബിയുടെ ദൃശ്യങ്ങള്‍ ഒഴിവാക്കിയെന്ന് ശരത് ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. അതേ പ്രമുഖന്‍ ഇന്നലെ അബിക്ക് കണ്ണീരില്‍ കുതിര്‍ന്ന അനുശോചന കുറിപ്പെഴുതിയെന്നും ശരത് പറയുന്നു.

“സ്റ്റുഡിയോയില്‍ അബിക്ക പാടുന്നത് ഷൂട്ട് ചെയ്തു കഴിഞ്ഞപ്പോള്‍ അദ്ദേഹം ചിരിച്ചോണ്ട് ചോദിച്ചു: ഇതൊക്കെ സ്‌ക്രീനില്‍ വരുമോടൊ ? ഞാന്‍ പറഞ്ഞു അതെന്താ അബിക്ക അങ്ങനെ ചോദിക്കുന്നത്. സോങിന്റെ ഹാഫ് പോര്‍ഷനോളം അബിക്കയുടെ വിഷ്വല്‍ ഉണ്ടാകും. അബിക്ക ചിരിച്ചിട്ട് പോയി. പക്ഷെ, അബിക്ക ജയിച്ചു! ഞാന്‍ തോറ്റു! അബിയെ പോലെ ഒരു “ലോക്കല്‍” ആര്‍ട്ടിസ്റ്റിനെ എന്തിനാണ് ഈ പടത്തില്‍ വെക്കുന്നത്. അത് അവലക്ഷണം ആണ് എന്നാണ് ബന്ധപ്പെട്ട ഒരു സിനിമ പ്രമുഖന്‍ പറഞ്ഞത്. ഇന്ന് അബീക്കക്കുള്ള അയാളുടെ കണ്ണീരില്‍ കുതിര്‍ന്ന അനുശോചന കുറിപ്പും ഞാന്‍ ഇതേ സമൂഹമാധ്യമത്തില്‍ വായിച്ചു. അപ്പോഴാണ് എന്തായാലും ഞാന്‍ ഒന്നെഴുതാം എന്ന് തീരുമാനിച്ചത്. എനിക്ക് അത്രയ്ക്ക് ലക്ഷം ലൈക്ക് ഒന്നുമില്ലെങ്കിലും” ശരത് വ്യക്തമാക്കി.

പ്രമുഖന്റെ ഇടപെടലിന് പിന്നാലെ അബിയുടെ ഒറ്റ ഷോട്ട് ഒഴികെ ബാക്കി ദൃശ്യങ്ങളെല്ലാം മുറിച്ചുമാറ്റിയെന്നും ശരത് എഴുതി. ആദ്യ സംവിധായകനായ താന്‍ നട്ടെല്ലില്ലാതെ നോക്കിനിന്നു. പാട്ട് ഹിറ്റായി. ആ പാട്ടിലെ ഓരോ ഷോട്ടിലും തനിക്ക് അബിക്കയെ കാണാം. അ ക്കാലത്തുതന്നെ താന്‍ അബിക്കയോട് മാപ്പ് പറഞ്ഞിരുന്നു. ഉറക്കെയൊരു ചിരിയും തോളത്ത് തട്ടും തന്നു.അബിക്കയെ ഉള്ളില്‍ കൊണ്ടുനടക്കുന്ന ഓരോരുത്തരോടും മാപ്പ് ചോദിക്കുന്നു. ഈ മാപ്പപേക്ഷയാണ് തന്റെ അനുശോചനമെന്നും സംവിധായകന്‍ ഫേസ് ബുക്കില്‍ കുറിച്ചു. എന്നാല്‍ ആ പ്രമുഖന്റെ പേര് സംവിധായകന്‍ വെളിപ്പെടുത്തിയിട്ടില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക