Image

ഓഖി: മരിച്ചവരുടെ കുടുംബത്തിന്‌ പത്ത്‌ ലക്ഷം രൂപ ധനസഹായം; 393 പേരെ രക്ഷപ്പെടുത്തി : മുഖ്യമന്ത്രി

Published on 02 December, 2017
ഓഖി: മരിച്ചവരുടെ കുടുംബത്തിന്‌ പത്ത്‌ ലക്ഷം രൂപ ധനസഹായം; 393 പേരെ രക്ഷപ്പെടുത്തി : മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഖിചുഴലികൊടുങ്കാറ്റിന്റെ കെടുതിയില്‍ മരിച്ചവര്‍ക്ക്‌ പത്ത്‌ ലക്ഷം രുപയുടെ ധനസഹായം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. ഇതിനകം 393 പേരെ രക്ഷിച്ചതായും കുറച്ചുപേര്‍ ലക്ഷദ്വീപില്‍ എത്തിചേര്‍ന്നിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വന്നത്‌ വലിയ ദുരന്തം തന്നെയാണെന്നും ഇത്തരം ചുഴലികാറ്റുകള്‍ സംസ്ഥാനത്തിന്‌ പരിചിതമില്ലാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇനിയും എത്രപേര്‍ കടലില്‍ കുടുങ്ങികിടക്കുന്നുണ്ട്‌ എന്നതിന്‌ കൃത്യമായ വിവരം ഇല്ല. ലക്ഷദ്വീപില്‍ എത്തിയ നാലുബോട്ടുകളില്‍ ആരെല്ലാം ഉണ്ടെന്നും അറിഞ്ഞുവരുന്നതേയുള്ളൂ.

മരിച്ച മല്‍സ്യത്തൊഴിലാളികള്‍ക്ക്‌ ഫിഷറീസ്‌ വകുപ്പ്‌ നല്‍കുന്ന ധനസഹായത്തിന്‌ പുമെയാണ്‌ പത്ത്‌ ലക്ഷം രൂപ നല്‍കുക. നേരത്തെ 4 ലക്ഷമായിരുന്നു സര്‍ക്കാര്‍ കൊടുത്തിരുന്നത്‌ . ഇതാണ്‌ 10 ലക്ഷമായി ഉയര്‍ത്തിയത്‌ . പരിക്കേറ്റവര്‍ക്ക്‌ 5000 രൂപവീതം അനുവദിച്ചിരുന്നു. ഇതടക്കം 15000 രൂപ നല്‍കും. കൂടാതെ മല്‍സ്യത്തൊഴിലാളി ക്ഷേമബോര്‍ഡില്‍നിന്നും 5000 രൂപ നല്‍കും.ഇവര്‍ക്കുള്ള ചികില്‍സയും ഭക്ഷണവും സൌജന്യമാണ്‌. കൂടാതെ തീരദേശത്തെ മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക്‌ ഒരാഴ്‌ച സൌജന്യ റേഷനും അനുവദിച്ചിട്ടുണ്ട്‌. വീടുകള്‍ നഷ്ടമായവര്‍ക്കും നഷ്ടപരിഹാരം അനുവദിക്കും. ബോട്ടുനഷ്ടമായവര്‍ക്ക്‌ ന്യായമായ നഷ്ടപരിഹാരം അനുവദിക്കും. നിലവില്‍ നല്‍കുന്നതിലെ അപാകത പരിഹരിച്ച്‌ നഷ്ടപരിഹാര തുക കൂട്ടിനല്‍കും.മുഖ്യമന്ത്രി പറഞ്ഞു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക