Image

തുമ്പീ... തുമ്പീ.... കല്ലെടുക്ക് (എഴുതാപ്പുറങ്ങള്‍-9: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

Published on 02 December, 2017
തുമ്പീ... തുമ്പീ.... കല്ലെടുക്ക് (എഴുതാപ്പുറങ്ങള്‍-9: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
""വൗ'' പലസമയത്തും ഈ കൊച്ചു കുട്ടികളുടെ പ്രകടനങ്ങള്‍ കണ്ടാസ്വദിച്ചു ഞാനും പറഞ്ഞിട്ടുണ്ട് . അതിമനോഹരമായ, അതിശക്തമായ പ്രകടനം.

കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റിയാലിറ്റി ഷോകള്‍ ഓരോ ടെലിവിഷന്‍ ചാനലുകളുടെയും പ്രത്യേകം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നു. റിയാലിറ്റി ഷോകള്‍ മാത്രമല്ല ടെലിവിഷന്‍ പരമ്പരകളിലും കുട്ടികള്‍ അവതരിപ്പിയ്ക്കുന്ന കഥാപാത്രങ്ങള്‍ വളരെ ശ്രദ്ധേയമാണ്. റിയാലിറ്റി ഷോകളില്‍ അസാമാന്യമായ പ്രകടനങ്ങള്‍കൊണ്ടും, ഓരോ പരമ്പരയിലും ശക്തമായ കുട്ടി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയും ഇവര്‍ പ്രേക്ഷകരുടെ മനോവികാരത്തെ വശീകരിയ്ക്കുന്നു. കുട്ടികളുടെ പ്രകടനം അല്ലെങ്കില്‍ അഭിനയം പ്രായഭേദമന്യേ കുട്ടികളുടെയും, മുതിര്‍ന്നവരുടെയും, പ്രായമായവരുടെയും മനസ്സില്‍ കയറിപ്പറ്റുന്നു. കുട്ടികള്‍ കാഴ്ചവയ്ക്കുന്ന വികാര തീവ്രമായ സംഭാഷണങ്ങള്‍, പ്രകടനങ്ങള്‍, ഭാവമാറ്റങ്ങള്‍ വളരെ ശക്തമായി, വലിയവര്‍ കാഴ്ചവയ്ക്കുന്ന കഥാപാത്രങ്ങളേക്കാള്‍ പ്രേക്ഷക മനസ്സില്‍ ഇഴുകിച്ചേരുന്നു. കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റിയാലിറ്റി ഷോകളും, പരമ്പരകളും ഓരോ ചാനലിന്റെയും പ്രേക്ഷക നിരക്ക് വര്‍ദ്ധിപ്പിയ്ക്കുന്നു എന്നതിലാണ് ഇത്തരം പരിപാടികള്‍ക്ക് ചാനലുകള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. പല ചാനലുകളും വിലയേറിയ പാരിതോഷികങ്ങള്‍ നല്‍കി കുട്ടികളെ ഇത്തരം പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിയ്ക്കുന്നു. കുട്ടികളുടെ പരിപാടികള്‍ക്ക് പ്രേക്ഷക നിരക്ക് കൂടുതലാണെന്നു കണക്കിലെടുത്ത് തന്റെ ഉത്പന്നങ്ങള്‍ക്ക് പ്രചാരം ലഭിയ്ക്കുന്നതിനായി ഇത്തരം പരിപാടികള്‍ക്ക് പരസ്യം നല്‍കിയും പങ്കെടുക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയും പ്രോത്സാഹാഹിയ്പ്പിയ്ക്കുന്നതിന് ഉതകുന്ന ഉല്‍പാദകരെ ചാനലുകള്‍ക്ക് അനായാസമായി ലഭിയ്ക്കുന്നു.

വിവിധ പ്രകടനങ്ങളിലൂടെ ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുന്ന കുട്ടികളുടെ കഴിവ് അസാമാന്യം തന്നെ എന്ന് പലപ്പോഴും പ്രേക്ഷകരായ നമുക്ക് തോന്നാറുണ്ട്. അതെ സമയം ഇവരുടെ പ്രകടനവും, സംഭാഷണവും അവരുടെ പ്രായത്തിലും പക്വതയുള്ളതാണെന്നു തോന്നാറില്ലേ? പല അവസരങ്ങളിലും ചെറിയ വായില്‍ വലിയ വര്‍ത്തമാനമായി മാറി കുട്ടികളിലെ നിഷ്കളങ്ക ഭാവവും ലാളിത്യവും നഷ്ടപ്പെടുന്നതായി തോന്നുന്നു.

കൊച്ചു പ്രായത്തില്‍ ഇത്രയും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ എങ്ങിനെ കഴിയുന്നു? പരിപാടികളില്‍ പങ്കെടുക്കുന്ന നൂറു കുട്ടികളില്‍ രണ്ടു കുട്ടികളില്‍ ജന്മസിദ്ധമായ കഴിവുകള്‍ ഉണ്ടായിരിയ്ക്കാം. എന്നാല്‍ ശേഷിയ്ക്കുന്ന കുട്ടികളില്‍ അവരുടെ ബാലിശമായ നിഷ്കളങ്കമായ സ്വഭാവത്തെ അമര്‍ത്തിപ്പിടിച്ച് മാതാപിതാക്കള്‍ സാമ്പത്തിക ഭദ്രതയ്ക്കും, സ്വാര്‍ത്ഥ താല്പര്യത്തിനും വേണ്ടി നിര്‍ബന്ധിത പരിശീലനത്താല്‍ അവരില്‍ അടിച്ചേല്‍പ്പിയ്ക്കുന്ന കഴിവുകളാണെന്നാണ് യാഥാര്‍ത്ഥ്യം. ചില മാതാപിതാക്കള്‍ സ്വയം പൊങ്ങച്ചത്തിനുവേണ്ടിയും, മറ്റുചിലര്‍ തന്റെ കുട്ടിയ്ക്ക് പേരും പ്രശസ്തിയുമായാല്‍ അവളുടെ അല്ലെങ്കില്‍ അവന്റെ നല്ല ഭാവിയ്ക്ക് എല്ലാം ആകുന്നു എന്ന് വിശ്വസിയ്ക്കുന്നവരുമാണ്. തന്റെ കുട്ടി പഠിച്ച് നല്ല ഒരു ജോലി സമ്പാദിയ്ക്കുന്നതിലും, തന്റെ മകള്‍ അല്ലെങ്കില്‍ മകന്‍ ഒരു ടെലിവിഷന്‍ ചാനലില്‍ പരിപാടിയില്‍ പങ്കെടുക്കുന്നു എന്നതാണ് മാതാപിതാക്കള്‍ക്ക് കൂടുതല്‍ അഭിമാനം നല്‍കുന്നത്. ഇതിനായി മാതാപിതാക്കള്‍ കുട്ടികളെ തുമ്പിയെക്കൊണ്ട് കല്ലെടുപ്പിയ്ക്കുംപോലെ പലതരം പരിശീലന ക്ലാസ്സുകളിലും അയയ്ക്കുന്നു. ദിവസം മുഴുവന്‍ പഠനവും, അതിലുപരി പരിശീലനങ്ങളുമായി കുട്ടികള്‍ അവരുടെ ബാല്യം മറന്ന് വലുതാകുന്നു.

പണ്ടെല്ലാം കലകള്‍ അഭ്യസിച്ചിരുന്നത് പ്രധാനമായും ഉല്ലാസത്തിനായും ശാരീരിക വ്യായാമത്തിനുമായിരുന്നു. അതുപോലെ ഓരോ കലയെയും ദൈവീക വരദാനവും, അനുഗ്രഹവുമായാണ് ആദരിച്ചിരുന്നത്. എന്നാല്‍ ഇന്ന് കല പേരിനും, പെരുമയ്ക്കും, സാമ്പത്തിക വ്യാമോഹത്തിനും, തരപ്പെടുമെങ്കില്‍ കലാതിലകമോ അതുപോലെ മറ്റുപല ബഹുമതിയ്ക്കും വേണ്ടി പണമെറിഞ്ഞു മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നേടികൊടുക്കുന്ന ഒന്നായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു. കലകള്‍ കുട്ടികള്‍ക്ക് പ്രധാനം ചെയ്യുന്ന അദ്ധ്യാപകര്‍ക്കും പണമുണ്ടാക്കാനുള്ള ഒരു ഉപാധിയായിരിയ്ക്കുന്നു കല. അവരെ സംബന്ധിച്ചിടത്തോളം ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് കമ്പോളത്തില്‍ ഇറക്കുമതി ചെയ്തുകൊടുക്കുന്ന ഒന്നാണ് കല. ഇവിടെ ഗുരുശിഷ്യബന്ധത്തിനോ, അടിസ്ഥാനവും, ശാസ്ത്രീയവുമായ പഠനങ്ങള്‍ക്കോ യാതൊരു പ്രാധാന്യവുമില്ല.
റിയാലിറ്റി ഷോകളും, ടെലിവിഷന്‍ പരമ്പരകളും പ്രേക്ഷകര്‍ക്ക് നയനാനന്ദകരവും, നേരമ്പോക്കും, ആഹ്‌ളാദകരവുമാണെങ്കിലും അണിയറലിലും അരങ്ങിനും പങ്കെടുക്കുന്നവര്‍ തമ്മിലുള്ള കിടമത്സരങ്ങളും, വിജയ പരാജയങ്ങളും പങ്കാളികളില്‍ വളരെ സ്വാധീനം ചെലുത്തുന്നു. പ്രത്യേകിച്ചും കുട്ടികളില്‍, കാരണം കുട്ടികളുടെ വിജയ പരാജയങ്ങള്‍ മാതാപിതാക്കളുടെ അഭിമാനത്തിന്റെ ചോദ്യചിഹ്നമായി തീരുന്നു. ഈ മത്സരം ദൃശ്യമാധ്യമങ്ങളില്‍ എന്നുവേണ്ട സ്കൂള്‍ കോളേജ് തലത്തില്‍ നടത്തുന്ന കലാമത്സരങ്ങളിലും ഉണ്ടെന്നുള്ളതിനുള്ള തെളിവാണ് പലപ്പോഴും വിധികര്‍ത്താക്കളുടെ അന്തിമതീരുമാനത്തെ കോടതിവരെ എത്തിയ്ക്കുന്നു എന്നത്. വിജയ പരാജയങ്ങളില്‍ കുട്ടികളോടുള്ള മാതാക്കളുടെയും, വ്യാപിച്ചുകിടക്കുന്ന പ്രേക്ഷകരുടെയും സമീപനം അവരുടെ ഭാവിയെ വളരെയധികം ബാധിയ്ക്കുന്നു. ഒരുപാട് പണം മുടക്കി പ്രതീക്ഷകളോടെ കുട്ടിയെ പരിപാടിയില്‍ പങ്കെടുപ്പിയ്ക്കുന്ന മാതാപിതാക്കളുടെ, പരാജയം നേരിടുമ്പോള്‍ കുട്ടിയ്ക്ക് നേരേയുള്ള പ്രതികരണം മാനസികമായി ഉള്‍കൊള്ളാന്‍ ഒരു കൊച്ചു കുട്ടിയ്ക്ക് കഴിഞ്ഞെന്നുവരില്ല. ഇത് കുട്ടിയുടെ ആത്മവിശ്വാസത്തെ നശിപ്പിയ്ക്കുന്നു. ജീവിതത്തില്‍ നേരിടേണ്ടി വരുന്ന ചെറിയ പരാജങ്ങളെപോലും നിസ്സാരമായി കാണാന്‍ കഴിയാതെ ഇത്തരം കുട്ടികള്‍ മാനസിക വിഭ്രാന്തിയ്ക്ക് അടിമപ്പെടുന്നു. നേര്‍രേമറിച്ച് വിജയം കൈവരിച്ച കുട്ടികളോടുള്ള മാതാപിതാക്കളുടെ അമിത വാത്സല്യം പ്രേക്ഷകര്‍ക്കിടയിലുള്ള വമ്പിച്ച സ്വീകരണം, വിലമതിയ്ക്കുന്ന പാരിതോഷികങ്ങള്‍ എല്ലാം വളരെ കൊച്ചു പ്രായത്തിലെ ഒരുകുട്ടിയെ അഹങ്കാരിയാക്കുകയും അമിതവിശ്വാസിയാക്കുകയും ചെയ്യുന്നു. ചെറുപ്രായത്തില്‍ തന്നെ അമിത സമ്പാദ്യവും, പേരും, പ്രശസ്തിയുമുള്ള ഇവര്‍ മാനുഷിക മുല്യങ്ങള്‍ക്കോ, ബന്ധങ്ങള്‍ക്കോ വില കല്പിയ്ക്കാതാകുന്നു. ഇത്തരം അവസ്ഥകള്‍ കുട്ടികളെ സാധാരണ കുട്ടികളുടെ ലോകത്തില്‍ നിന്നും അവരുടേതായ ഒരു ലോകത്തേയ്ക്ക് പറിച്ച് നടുന്നു. എവിടെ തിരിഞ്ഞാലും അവരെ പിന്തുടരുന്ന മാധ്യമങ്ങളും, ക്യാമറയും, ബാലിശമായ സ്വഭാവവും, കുസൃതിയും, കുറുമ്പും മറച്ചുപിടിച്ച് കൃത്രിമമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയാക്കുന്നു. മാതാപിതാക്കളുടെ വാത്സല്യവും, ബാല്യവും, കുസൃതിയും, കൗതുകങ്ങളും എന്തെന്നറിയാതെ അവരുടെ ബാല്യം അവരോടു വിടപറഞ്ഞു എന്ന് തിരിച്ചറിയുമ്പോള്‍ സ്വയം വെറുക്കുകയും മാതാപിതാക്കളെ വെറുക്കുകയും പലതരം മാനസിക പിരിമുറുക്കങ്ങള്‍ക്ക് അടിമപ്പെടുകയും ചെയ്‌തേക്കാം. ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ നമുക്ക് സമ്മാനിയ്ക്കുന്നത് താളപ്പിഴകളോടെ മുന്നോട്ട് സഞ്ചരിയ്ക്കുന്ന ഒരു തലമുറയെയാണ്. ഇവര്‍ മറ്റുള്ളവരുടെ സുഖ ദു:ഖങ്ങളെ കണക്കിലെടുക്കാതെ സ്വന്തം പേരിലും പ്രശസ്തിയിലും സുഖത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് മുന്നോട്ടു പോകുന്നു. ഇതിനുവേണ്ടി മറ്റുള്ളവരെ വേദനിപ്പിയ്ക്കാനോ വേണമെങ്കില്‍ കുറ്റകൃത്യങ്ങള്‍ വരെ ചെയ്യാനോ തയ്യാറുള്ള മൃഗീയമായ വ്യക്തിത്വത്തിനുടമയാകുന്നു. അതുപോലെ തന്നെ പല മാതാപിതാക്കളും അവരുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കു മാത്രം പ്രാധാന്യം നല്‍കി കുട്ടികളുടെ പേരിലും പ്രശസ്തിയിലും മതിമറക്കുന്നു. കുട്ടിയുടെ പേരിനും പ്രശസ്തിയ്ക്കുമുള്ള നെട്ടോട്ടത്തിനിടയില്‍ കുട്ടിയുടെ ഭാവിയെ കുറിച്ചോര്‍ക്കാന്‍ അവര്‍ സമയം കണ്ടെത്താറില്ല. ദൃശ്യ മാധ്യമങ്ങളില്‍ വെട്ടിത്തിളങ്ങുന്ന തന്റെ കുട്ടിയെ സ്വപ്നം കണ്ടു അതിനായി പണം മുടക്കി ആ സ്വപ്നം സാക്ഷാത്കരിയ്ക്കാന്‍ കഴിയാതെ വരുമ്പോള്‍ അതിന്റെ നിരാശ കുട്ടികള്‍ക്ക് നേരെ കാണിയ്ക്കുന്നു കുട്ടികളില്‍ ജന്മസിദ്ധമായി ലഭിച്ചിട്ടുള്ള കഴിവുകളെ പ്രോത്സാഹിപ്പിയ്ക്കാതിരിയ്ക്കുകയും, അവരെ മറ്റുകുട്ടികളുമായി താരതമ്യം ചെയ്യലും ഈ നിരാശയുടെ ഭാഗമാകുന്നു. കുട്ടികളോടുള്ള ഈ സമീപനം അവരില്‍ അന്തര്‍ലീനമായ കഴിവുകള്‍ ഇല്ലാതാക്കുകയും എല്ലാറ്റിനെക്കുറിച്ചും ഒരു നിഷേധ ചിന്തയും, ബലഹീനമായ ആത്മവിശ്വാസവും കുട്ടികളില്‍ ഉളവാക്കാന്‍ ഇടവരുത്തുകയും ചെയ്യുന്നു.

പരിപാടികളില്‍ പങ്കെടുക്കുന്നവരെ മാത്രമല്ല അത് കാണുന്ന പ്രേക്ഷകരായ കുട്ടികളെയും ദൃശ്യമാധ്യമങ്ങള്‍ പല തരത്തില്‍ സ്വാധീനിയ്ക്കുന്നു. പുതിയ തലമുറയുടെ വാചാലതയെ തോല്പിയ്ക്കാന്‍ ആകില്ല എന്ന് പൊതുവെ പറയാറുണ്ട്. തെറ്റായാലും ശരിയായാലും അതിനെ ന്യായീകരിയ്ക്കാനുള്ള വാഗ്ചാതുര്യം ഇന്നത്തെ കുട്ടികള്‍ വളരെ ചെറുപ്പത്തിലെ സ്വായത്തമാക്കുന്നു. മാത്രമല്ല മുതിര്‍ന്നവരോടുള്ള ബഹുമാനം, മറ്റുള്ളവരോടുള്ള സ്‌നേഹം ഇത്തരം ഗുണങ്ങള്‍ അവരില്‍ കുറവും, സ്വാര്‍ത്ഥ മനോഭാവം അവരില്‍ കുടുതലും ഉള്ളതായി കാണാം. ഇവിടെയും ദ്ര്യശ്യമാധ്യമങ്ങളുടെ പങ്കില്ലേ? ദൃശ്യമാദ്യമങ്ങള്‍ നല്ല കാര്യങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കുന്നതിനൊപ്പംതന്നെ ഒരുപാട് ചീത്ത കാര്യങ്ങള്‍ക്കുള്ള പ്രേരണയും ഉളവാക്കുന്നു. കുഞ്ഞു മനസ്സുകള്‍ ദൃശ്യമാധ്യമങ്ങള്‍ക്കും, ഇലക്ട്രാണിക്ക് ഉപകരണങ്ങള്‍ക്കും അടിമപ്പെട്ടതോടെ ശാരീരിക വ്യായാമങ്ങളായ കളികള്‍ അപ്രത്യക്ഷമായി. ഇത് ഇവരില്‍ എന്നുവേണ്ട വലിയവരിലും ശരീരത്തിനെ കാര്‍ന്നുതിന്നുന്ന മയക്കുമരുന്നുപോലെ ആരോഗ്യത്തെ നശിപ്പിച്ചുകൊണ്ടിരിയ്ക്കുന്നു.

കുട്ടികളിലുള്ള അഭിരുചിയെ പ്രോത്സാഹിപ്പിയ്ക്കുന്നതും, ആ അഭിരുചിയെ വളര്‍ത്തുന്നതും, അതിനുവേണ്ട സാഹചര്യങ്ങള്‍ കുട്ടികള്‍ക്ക് ഉണ്ടാക്കികൊടുക്കുന്നതും മാതാപിതാക്കളുടെ കടമതന്നെയാണ്. അവരുടെ അഭിരുചിയ്ക്കനുസരിച്ച് മുന്നോട്ടുപോകുവാനുള്ള സ്വാതന്ത്രം നല്‍കുക എന്നതും മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. എന്നാല്‍ പണമെന്ന ദൗര്‍ബല്യത്തിനും, പ്രശസ്തിയെന്ന, പൊങ്ങച്ചമെന്ന സ്വാര്‍ത്ഥമോഹത്തിനും അഹങ്കാരമെന്ന മുഖംമൂടിയ്ക്കും അടിമപ്പെട്ടു, കുഞ്ഞു കൈകളിലെ കളിപ്പാട്ടങ്ങളെ വാങ്ങി വലിച്ചെറിഞ്ഞു, അവരുടെ കുട്ടികുറുമ്പുകള്‍ക്ക് കടിഞ്ഞാണിട്ട്, അവരുടെ നിഷ്കളങ്കതയില്‍ മായം കലര്‍ത്തി, കളിവഞ്ചിയെ വിലപിടിച്ച കാറുകളാക്കി മാറ്റി അവര്‍ നുണയാന്‍ കൊതിയ്ക്കുന്ന ബാല്യത്തിന്റെ മിഠായിയില്‍ ഉത്തരദാദിത്വങ്ങളും, പതിബന്ധങ്ങളുമായ കയ്പുനിറച്ച്, വളമിട്ട് പൊടുന്നനെ വളര്‍ത്തി വിളവെടുക്കുന്ന ഒരു സസ്യമാക്കി മാറ്റരുത് കുട്ടികളെ. പഠനത്തിന്റെയും, പരിശീലനത്തിന്റെയും സമയപട്ടികയില്‍ കുട്ടികളെ തളച്ചിടാതെ മനസ്സ് തുറന്നു കളിയ്ക്കാന്‍, ഉല്ലസിയ്ക്കാന്‍ ബാല്യത്തിന്റെ കുന്നിക്കുരു അവരുടെ കയ്യിലേല്‍പ്പിയ്ക്കു. കൗമാരത്തില്‍, വാര്‍ദ്ധക്യത്തില്‍ പുസ്തകത്താളിനുള്ളില്‍ ഒളിപ്പിച്ചുവെച്ച മയില്‍പീലിപ്പോലെ എടുത്തുനോക്കി ആസ്വദിയ്ക്കാന്‍, ഓര്‍മ്മകളിലൂടെ അയവിറക്കാന്‍ ഒരു ബാല്യം കുട്ടികള്‍ക്ക് കാഴ്ചവെയ്‌ക്കേ ണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമല്ലേ?
Join WhatsApp News
P. R. Girish Nair 2017-12-02 14:21:37

റിയാലിറ്റി ഷോകൾ വെറും ഷോകൾ മാത്രമാണ്. ജനങ്ങള്‍ അത് ഇഷ്ടപ്പെടുന്നു. സംഗീതത്തിനോ കലക്കോ അതുകൊണ്ട് പ്രത്യേകിച്ച് നേട്ടമൊന്നുമില്ല. ചിലര്‍ക്ക് സ്റ്റേജ് പരിപാടികള്‍ കിട്ടുന്നു എന്നു മാത്രം. പ്രേം നസീര്‍ അഭിനയിച്ച സിനിമയിലെ പാട്ടുപാടുമ്പോള്‍ ഗായകന്‍ നസീറിന്റെ വേഷം കെട്ടണം എന്നുപറയുന്നതില്‍ അര്‍ത്ഥമില്ല. ഓരോവര്‍ഷവും കഴിയുന്തോറും റിയാലിറ്റി ഷോകളുടെ ഗൗരവം കുറയുകയാണ്. അവസാനം അത് വെറും ''ഷോ'' മാത്രമായി മാറും.

റിയാലിറ്റി ഷോകൾ സാംസ്കാരികമായ ജീർണത മാത്രമല്ല സ്രീഷ്ടിക്കുന്നത് എന്ന് ബംഗാളിയായ പെൺകുട്ടി ഷിജിനി സെൻഗുപ്‌തയുടെ ദാരുണമായാ അനുഭവം വിളിച്ചറിയിക്കുന്നു. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ഈ കുട്ടിയുടെ ചലനശേഷിയും സംസാരശേഷിയും നഷ്ടപെട്ട അവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നതിന്റെ കാരണം റിയാലിറ്റിഷോയിലെ വിധികർത്താക്കളുടെ അധിക്ഷേപമാണത്രെ. ദേശിയ ചാനലുകളുടെയും പ്രാദേശിക ഭാഷ ചാനലുകളുടെയും എണ്ണം ദിനംപ്രതി പെരുകിവരുന്ന സാഹചര്യമാണ് ഇന്ന്ഉള്ളത്. ജനശ്രദ്ധ ആകർഷിക്കാൻ ചാനലുകൾ തമ്മിൽ അതിരുകടന്ന മത്സര പ്രവണത പ്രകടമാക്കുന്നു. അനാരോഗ്യകരമായ ചാനൽ മത്സരത്തിന്റെ ഭാഗമായി വാർത്തകൾ എന്ന പേരിൽ കെട്ടുകഥകൾ മെനയുന്നതിലും ഇക്കിളിപ്പെടുത്തുന്ന പരിപാടികൾ സംപ്രേക്ഷണം ചെയുന്നതിലും നിലവാരം കെട്ട റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നതിലും ചാനൽ മേധാവികൾ ദുസാമർഥ്യം പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

മാധ്യമ സംസ്കാരത്തെ കുറിച്ചൊന്നും ഈ മത്സര വെപ്രാളത്തിനിടയിൽ അവർ ഉൽകണ്ഠപെടുന്നില്ല. കലാമൂല്യവും സംസ്കാര വിചാരവും അവർക്ക് മാനദണ്ഡങ്ങളാവുന്നില്ല. കൂടുതൽ പ്രേക്ഷകരെ വശീകരിക്കുക, അതുവഴി വൻകിട പരസ്യ ദാതാക്കളെ ഒപ്പം കൂട്ടുക എന്നതുമാത്രമാണ് ലക്ഷ്യം.

മലയാള ചാനലുകളിൽ നടന്നുകൊണ്ടിരിക്കുന്ന റിയാലിറ്റിഷോകൾ ചില ദേശിയ ഇതര ഭാഷ ചാനലുകളെ അപ്പടി അനുകരിച്ചതുവഴി സൃഷ്ടിക്കപെട്ടതാണ്. ഇത്തരം ഷോകൾ സാംസ്കാരികമായി ജനങ്ങളെ പിന്നോട്ടുനയിക്കുമെന്നും കലയുടെ വിലക്കെടുത്തുന്നുവെന്നും ഭാഷയുടെ ശുദ്ധിക്ക് കളങ്കം വരുത്തുന്നുവെന്നും ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വ്യാപക ആക്ഷേപം ഉയർന്നിട്ടുണ്ട്. പ്രലോഭനങ്ങളിലൂടെ തുമ്പിയെക്കൊണ്ട് കല്ല് എടുപ്പിക്കാനുള്ള സാമർഥ്യം ചാനലുകാർക്കുണ്ട്.  നല്ല ഗായകനായാൽ ഒരു അഭിനന്ദന പത്രമോ ആയിരത്തൊന്നു രൂപയോ ഒരു സ്വർണ പതക്കമോ അല്ല കാത്തിരിക്കുന്നത്എന്നു ഇടക്കിടെ വരുന്ന ഇടവേളകളിൽ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കും.  2  കോടി രൂപയുടെ ഫ്ലാറ്റ് ഒരുകൂട്ടർ മറ്റൊരുകൂട്ടർ 5 കോടി വിലമതിക്കുന്ന വീട് കാട്ടി പ്രലോഭിപ്പിക്കുന്നു. കോടികളുടെ ചൂതാട്ടത്തിനാണ് മത്സരവേദികളെ വിനിയോഗിക്കുന്നത്.

ജ്യോതിലക്ഷ്മിക്ക് അഭിനന്ദനം
Ninan Mathullah 2017-12-02 20:43:43
Very good observation and analysis of human psychology.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക