തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റു ദുരന്തത്തില്‍ സംസ്ഥാനത്തു മരണ സംഖ്യ ഉയരുന്നു. കടലില്‍ കാണാതായ ഏഴു പേരുടെ മൃതദേഹങ്ങള്‍ കൂടി ശനിയാഴ്ച ലഭിച്ചു. തിരുവനന്തപുരത്ത് അഞ്ചു പേരും കണ്ണൂരിലും എറണാകുളത്തും ഓരോ മരണവുമാണു റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ദുരന്തത്തില്‍ കേരളത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി ഉയര്‍ന്നു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് ആശങ്ക.
നാവിക വ്യോമ തീരദേശ സേനകള്‍ കടലില്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനത്തില്‍ ശനിയാഴ്ച മാത്രം 400 പേരെ കരയ്ക്കെത്തിച്ചു. ഇനിയും 126 പേര് കടലില്‍ കുടുങ്ങിക്കിടക്കുന്നതായാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ നല്കുന്ന വിവരം. ഇവരില്‍ 120 പേര് തിരുവനന്തപുരത്തു നിന്നുള്ളവരും അഞ്ചു പേര് ആലപ്പുഴ സ്വദേശികളും ഒരാള്‍ കാസര്‍ഗോഡ് സ്വദേശിയുമാണ്.