Image

സി.പി.ഐ.എം സമ്മേളനങ്ങളിലെ ഫ്‌ളക്‌സ്‌ ബോര്‍ഡുകളില്‍ തന്റെ ഫോട്ടോ ഉപയോഗിക്കരുതെന്ന്‌ പി. ജയരാജന്‍

Published on 04 December, 2017
സി.പി.ഐ.എം സമ്മേളനങ്ങളിലെ ഫ്‌ളക്‌സ്‌ ബോര്‍ഡുകളില്‍ തന്റെ ഫോട്ടോ ഉപയോഗിക്കരുതെന്ന്‌ പി. ജയരാജന്‍


കണ്ണൂര്‍: സി.പി.ഐ.എം സമ്മേളനങ്ങള്‍ക്കായി ഒരുക്കുന്ന ഫ്‌ളക്‌സ്‌ ബോര്‍ഡുകളില്‍ തന്റെ ഫോട്ടോ ഉപയോഗിക്കുന്നതിനെതിരെ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍.
സി.പി.ഐ.എം സമ്മേളനങ്ങള്‍ക്കായി ജനങ്ങളാകെ മുന്‍കൈ എടുത്തുകൊണ്ട്‌ വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ്‌ നടത്തുന്നത്‌. എന്നാല്‍ ചിലയിടങ്ങളില്‍ എന്റെ ഫോട്ടോ ഉള്‍ക്കൊള്ളുന്ന ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ ഉയര്‍ത്തിയതായി കാണാന്‍ കഴിഞ്ഞു.


അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ അവര്‍ പിന്മാറണം. ഇതുയര്‍ത്തി ശത്രു മാധ്യമങ്ങള്‍ ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണ്‌ ശ്രമിക്കുന്നത്‌. അതിനു സഹായകരണമാണ്‌ ഇത്തരം ബോര്‍ഡുകളെന്നും പി. ജയരാജന്‍ പറഞ്ഞു.
സമ്മേളനങ്ങളുടെ ഭാഗമായി പാര്‍ട്ടിയുടെ രാഷ്ട്രീയ സന്ദേശമാണ്‌ പ്രചരിപ്പിക്കേണ്ടത്‌. ഈ ഉദ്ദേശം സാധ്യമാക്കുന്നതിന്‌ വേണ്ടിയാണ്‌ എല്ലാവരും പ്രവര്‍ത്തിക്കേണ്ടതെന്നും ജയരാജന്‍ ഫേസ്‌ബുക്ക്‌ പോസ്റ്റില്‍ പറഞ്ഞു.

നേരത്തെ പി. ജയരാജന്‍ സ്വയം മഹത്വവത്‌ക്കരിക്കുകയാണെന്ന വിമര്‍ശനം സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്നിരുന്നു. ജയരാജനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഡോക്യുമെന്ററിയും സംഗീത ആല്‍ബവും പരിഗണിച്ചായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തല്‍.

തന്നെ വളര്‍ത്തിയ പാര്‍ട്ടിക്ക്‌ വിമര്‍ശിക്കാനുള്ള അധികാരമുണ്ടെന്നും പാര്‍ട്ടിയുടെ വിമര്‍ശനത്തില്‍ ഉള്‍ക്കൊള്ളേണ്ടവ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുമെന്നുമായിരുന്നു ജയരാജന്റെ പ്രതികരണം. പാര്‍ട്ടി തീരുമാനിച്ച കാര്യങ്ങള്‍ മാത്രമാണ്‌ കണ്ണൂരില്‍ നടക്കുന്നതെന്നും താനുമായി ആലോചിച്ചല്ല ഇത്തരം ഗാനങ്ങളും മറ്റും പുറത്തിറക്കുന്നതെന്നും ജയരാജന്‍ പറഞ്ഞിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക