Image

എല്ലാവരെയും കണ്ടെത്തുംവരെ തിരച്ചില്‍... 29ന്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നതായി പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍

Published on 04 December, 2017
എല്ലാവരെയും കണ്ടെത്തുംവരെ തിരച്ചില്‍... 29ന്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നതായി പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍
 തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു കടലില്‍ പെട്ടുപോയ അവസാനയാളെയും കണ്ടെത്തുന്നതു വരെ തിരച്ചില്‍ തുടരുമെന്ന്‌ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ദുരന്ത വിതച്ച സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ഇവര്‍. ചുഴലിക്കാറ്റിനെക്കുറിച്ച്‌ മുന്നറിയിപ്പ്‌ ലഭിക്കാന്‍ വൈകിയെന്ന ആരോപണം ശരിയല്ലെന്ന്‌ നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. നവംബര്‍ 29ന്‌ തന്നെ സംസ്ഥാന സര്‍ക്കാരിനു മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. 

എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നില്ലെന്നും ഇത്‌ വിവാദങ്ങള്‍ക്കുള്ള സമയമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 100 വര്‍ഷത്തിനിടെ ഇത്തരമൊരു കാറ്റ്‌ ഉണ്ടായിട്ടില്ല. ശക്തമായ ന്യൂനമര്‍ദ്ദമാണെന്ന വിവരം മാത്രമാണ്‌ ആദ്യം ലഭിച്ചത്‌. പിന്നീടാണ്‌ ശക്തമായ കാറ്റാണെന്നു വ്യക്തമായത്‌. കാറ്റിന്റെ ശക്തി വര്‍ധിക്കുന്നതിന്‌ അനുസരിച്ച്‌ സംസ്ഥാനത്തിനു മുന്നറിയിപ്പ്‌ നല്‍കിയിരുന്നതായും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. 

ഈ സമത്ത്‌ കുറ്റപ്പെടുത്തലുകള്‍ നടത്താതെ എല്ലാവും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ്‌ ചെയ്യേണ്ടതേന്നും അവര്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ നിന്നും മറ്റു തീരങ്ങളിലെത്തിയ മലയാളികളെക്കുറിച്ച്‌ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്‌. തിരച്ചിലിനായി യുദ്ധക്കപ്പല്‍ വരെ ഉപയോഗിക്കുന്നുണ്ടെന്നും നിര്‍മ്മല സീതാരാമന്‍ വിഴിഞ്ഞത്തെ ജനങ്ങളോടു പറഞ്ഞു. സുനാമിയുണ്ടായപ്പോള്‍ നടത്തിയതിനേക്കാള്‍ മികച്ച രക്ഷാപ്രവര്‍ത്തനമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. അര്‍ഹരായവര്‍ക്കു നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി എല്ലാ വിധ സഹായങ്ങളും നല്‍കുമെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ജെ മേഴ്‌സിക്കുട്ടിയമ്മ എന്നിവര്‍ക്കൊപ്പമാണ്‌ നിര്‍മ്മല സീതാരാമന്‍ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക