Image

പത്രങ്ങളില്‍ ചരമവാര്‍ത്ത നല്‍കി മുങ്ങിയ 'പരേതന്‍' ഒടുവില്‍ കോട്ടയത്ത്‌ പിടിയില്‍

Published on 05 December, 2017
പത്രങ്ങളില്‍ ചരമവാര്‍ത്ത നല്‍കി മുങ്ങിയ 'പരേതന്‍' ഒടുവില്‍ കോട്ടയത്ത്‌ പിടിയില്‍


ചാര്‍ളി എന്ന ദുല്‍ഖറിന്റെ സിനിമ അനുകരിച്ച്‌ പത്രങ്ങളില്‍ സ്വന്തം ചരമ വാര്‍ത്തയും പരസ്യവും നല്‍കിയ തളിപ്പറമ്പ്‌ കുറ്റിക്കോല്‍ സ്വദേശി ജോസഫ്‌ മേലുകുന്നേല്‍ (75) കോട്ടയത്ത്‌ പിടിയിലായി. വാര്‍ത്തയും പരസ്യവും പത്രങ്ങളില്‍ പ്രസിദ്ധികരിച്ചശേഷം അപ്രത്യക്ഷനായ ജോസഫ്‌ ഇന്ന്‌ പുലര്‍ച്ചെ രണ്ടുമണിയോടെ തിരുനക്കര ക്ഷേത്രത്തിന്‌ സമീപത്തുള്ള ഐശ്വര്യ ഹോട്ടലില്‍ വച്ചാണ്‌ പിടിയിലായത്‌.

ജോസഫ്‌ ഇപ്പോള്‍ കോട്ടയം വെസ്റ്റ്‌ പൊലീസ്‌ കസ്റ്റഡിയിലാണുള്ളത്‌. മുങ്ങിയ ജോസഫ്‌ കോട്ടയത്ത്‌ എത്താന്‍ സാധ്യതയുള്ളതായി വിവരം ലഭിച്ച പൊലീസ്‌ കോട്ടയത്തുള്ള എല്ലാ ഹോട്ടലുകളിലും ഇദ്ദേഹത്തിന്റെ ഫോട്ടോ കാണിച്ചു പരിശോധന നടത്തിയിരുന്നു. പരിശോധനയ്‌ക്കായി ഐശ്വര്യ ഹോട്ടലില്‍ എത്തിയപ്പോള്‍ ഇന്നലെ രാവിലെ മുതല്‍ ഇതേ പോലെ ഒരാള്‍ താമസിക്കുന്നുണ്ടെന്ന വിവരം നല്‍കിയത്‌ ജീവനക്കാര്‍ ആണ്‌. ഇതേത്തുടര്‍ന്നാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്‌തത്‌.

കുടുംബ പ്രശ്‌നമാണ്‌ ഇത്തരത്തില്‍ മാറിനില്‍ക്കാന്‍ കാരണമെന്ന്‌ ജോസഫ്‌ പറയുന്നത്‌. വേണമെകില്‍ ആള്‍മാറാട്ടത്തിന്‌ ജോസഫിന്റെ പേരില്‍ പൊലീസിന്‌ കേസെടുക്കാം. ജോസഫിന്റെ മകളും കുടുംബവും ഇന്ന്‌ തളിപ്പറമ്പില്‍ നിന്ന്‌ കോട്ടയത്തേക്ക്‌ തിരിക്കും. പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെ ടൂറിസ്റ്റ്‌ ഹോമില്‍ നിന്ന്‌ വ്യാഴാഴ്‌ച രാവിലെ അപ്രത്യക്ഷനായ ജോസഫ്‌ തിങ്കളാഴ്‌ച കോട്ടയം കാര്‍ഷിക വികസന ബാങ്കിലെത്തിയിരുന്നു. 

പകല്‍ രണ്ടരയോടെ ബാങ്കിലെത്തിയ ജോസഫ്‌ അരമണിക്കൂറിലധികം അവിടെ ചെലവഴിച്ചു. പത്രങ്ങളില്‍ പ്രസിദ്ധികരിച്ച സ്വന്തം ചരമ പരസ്യവും നിര്യാണവാര്‍ത്തയും ബാങ്ക്‌ സെക്രട്ടറി ശിവജിയെ കാണിച്ചു. തന്റെ ബന്ധുവാണെന്നും ചെവിക്ക്‌ പിന്നിലെ മുഴ തിരുവനന്തപുരത്ത്‌ ആര്‍സിസിയില്‍ കാണിച്ചപ്പോള്‍ ട്യൂമറാണെന്ന്‌ കണ്ടെത്തിയതായും സെക്രട്ടറിയോട്‌ പറഞ്ഞു. അവിടെ ചികിത്സയില്‍ കഴിയവേ ഹൃദാഘാതത്താല്‍ മരിച്ചെന്ന്‌ പറഞ്ഞ്‌ ജോസഫ്‌ പൊട്ടികരഞ്ഞുവത്രേ.
തുടര്‍ന്ന്‌ സ്വര്‍ണമാലയും പണവും ഭാര്യക്ക്‌ അയച്ചുകൊടുക്കണമെന്ന്‌ ജോസഫ്‌ ആവശ്യപ്പെട്ടിരുന്നു. 

ബാങ്കില്‍ ചെന്ന ജോസഫ്‌ ബാങ്ക്‌ സെക്രട്ടറിയെ കണ്ടാണ്‌ തളിപ്പറമ്പ്‌ കുറ്റിക്കോലിലെ മേരിക്കുട്ടിക്ക്‌ അയച്ചുകൊടുക്കണമെന്ന്‌ ആവശ്യപ്പെട്ടത്‌. മേരിക്കുട്ടിയുടെ ഭര്‍ത്താവ്‌ മേലുക്കുന്നേല്‍ ജോസഫ്‌ ഹൃദയാഘാതം മൂലം മരിച്ചുവെന്നും അയാളുടെ ഭാര്യയാണ്‌ മേരിക്കുട്ടിയെന്നും ഇത്‌ അയച്ചുകൊടുക്കണമെന്നുമാണ്‌ സെക്രട്ടറിയോടു പറഞ്ഞത്‌. ബാങ്കില്‍ അത്തരം സൗകര്യമില്ലെന്നു പറഞ്ഞ്‌ സെക്രട്ടറി തിരിച്ചയയ്‌ക്കാന്‍ ശ്രമിച്ചുവെങ്കിലും അദ്ദേഹം പിന്‍മാറിയില്ല. ഒടുവില്‍ തളിപ്പറമ്പ്‌ മേല്‍വിലാസം കണ്ടപ്പോള്‍ സെക്രട്ടറി തളിപ്പറമ്പ്‌ കാര്‍ഷിക വികസന ബാങ്ക്‌ സെക്രട്ടറിയെ വിളിച്ചു വിവരം പറഞ്ഞു.

 തുടര്‍ന്നു ജോസഫ്‌ തന്നെയാണു തന്റെ മുന്നിലിരിക്കുന്നതെന്ന്‌ സെക്രട്ടറി മനസിലാക്കുകയായിരുന്നു. വിവരം ചോദിച്ചയുടന്‍ ജോസഫ്‌ അവിടെനിന്നു കടന്നുകളയുകയും ചെയ്‌തു. പിന്നീട്‌ നടത്തിയ അന്വേഷണത്തിലാണു സ്വകാര്യ ലോഡ്‌ജില്‍നിന്ന്‌ ആളെ കണ്ടെത്തിയത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക