Image

'കര്‍ണാടകത്തിലെ പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ അക്രമം നടത്താന്‍ നിര്‍ദ്ദേശിച്ചു': അമിത്‌ ഷായ്‌ക്കെതിരെ ബിജെപി എംപി

Published on 05 December, 2017
 'കര്‍ണാടകത്തിലെ പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ  അക്രമം നടത്താന്‍ നിര്‍ദ്ദേശിച്ചു': അമിത്‌ ഷായ്‌ക്കെതിരെ ബിജെപി എംപി


മൈസൂരു എംപി പ്രതാപ്‌ സിംഹയെ അറസ്റ്റ്‌ ചെയ്‌തതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ പുതിയ വഴിത്തിരിവിലേക്ക്‌. ബിജെപി ദേശീയ പ്രസിഡന്റ്‌ അമിത്‌ ഷാ യുവമോര്‍ച്ച നേതാക്കളോട്‌ കര്‍ണ്ണാടകയില്‍ ആക്രമണാത്മക പ്രതിഷേധങ്ങള്‍ നടത്താന്‍ നിര്‍ദ്ദേശിച്ചതിനെ സംബന്ധിച്ച്‌ പ്രതാപ്‌ സിംഹ സംസാരിക്കുന്ന വീഡിയോ ആണ്‌ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്‌.

37 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറാലായിക്കൊണ്ടിരിക്കുകയാണ്‌. യുവമോര്‍ച്ചാ നേതാക്കളും അമിത്‌ ഷായും ചര്‍ച്ച നടത്തുകയും, ഈ ചര്‍ച്ചയില്‍ അമിത്‌ ഷാ നേതാക്കളോട്‌ ആക്രമണസ്വഭാവമുള്ള പ്രതിഷേധങ്ങള്‍ നടത്താന്‍ നിര്‍ദ്ദേശിച്ചുവെന്നുമാണ്‌ പ്രതാപ്‌ സിംഹ വീഡിയോയില്‍ പറയുന്നത്‌.

ആദ്യം യുവമോര്‍ച്ചാ നേതാക്കള്‍ തങ്ങള്‍ നടത്തിയ പ്രതിഷേധങ്ങളെക്കുറിച്ച്‌ അമിത്‌ ഷായോട്‌ പറഞ്ഞപ്പോള്‍, അദ്ദേഹം കൂടുതല്‍ ഭീകരത സൃഷ്ടിക്കാന്‍ കഴിയുന്ന പ്രതിഷേധങ്ങള്‍ നടത്താന്‍ ആഹ്വാനം ചെയ്യുകയായിരുന്നു. ലാത്തിച്ചാര്‍ജ്ജും, കണ്ണീര്‍ വാതകവും പൊലീസ്‌ പ്രയോഗിക്കുന്ന രീതിയിലുള്ള പ്രതിഷേധങ്ങള്‍ നടത്താനായിരുന്നു അമിത്‌ ഷായുടെ നിര്‍ദ്ദേശമെന്നും പ്രാതാപ്‌ സിംഹ പറയുന്നു.
എന്നാല്‍  അമിത്‌ ഷാ ആഹ്വാനം ചെയ്‌തതുപോലുള്ള പ്രതിഷേധങ്ങള്‍ നടന്നിട്ടില്ലെന്നും എംപി പറയുന്നു. ഫെയ്‌സ്‌ബുക്ക്‌ ലൈവിലൂടെയായിരുന്നു സിംഹയുടെ ആദ്യ പ്രതികരണം.
ഹുന്‍സുരുവിലെ ഹനുമാന്‍ ജയന്തി ആഘോഷത്തിനിടെ പ്രതാപ്‌ സിംഹയെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തതിന്‌ തൊട്ടുപിന്നാലെയാണ്‌ വീഡിയോ പുറത്തുവരുന്നത്‌. ആഘോഷങ്ങള്‍ക്കിടെ സിംഹയെ അറസ്റ്റ്‌ ചെയ്‌തതില്‍ ജനങ്ങള്‍ പ്രതിഷേധിച്ചത്‌ ലാത്തിച്ചാര്‍ജിന്‌ വഴിവെച്ചിരുന്നു. സിംഹയെ പൊലീസ്‌ കസ്റ്റഡിലെടുത്തിരുന്നെങ്കിലും ഞായാറാഴ്‌ച രാത്രി വിട്ടയച്ചിരുന്നു.
എന്നാല്‍ സിംഹ നടത്തിയ ആരോപണങ്ങള്‍ തെറ്റിദ്ധാരണ മൂലമാണെന്നാണെന്നാണ്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ ബിഎസ്‌ യദ്യൂരപ്പ പറയുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക