Image

മികച്ച കഥയുമായി സദൃശ്യവാക്യം

Published on 05 December, 2017
    മികച്ച കഥയുമായി സദൃശ്യവാക്യം
സ്‌ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട പ്രമേയവുമായി എത്തുന്ന സിനിമകള്‍ സമീപകാലത്തായി ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്‌. അതിന്റെ ശ്രേണിയില്‍ ഏറ്റവും ഒടുവിലായി ഇറങ്ങിയ ചിത്രമാണ്‌ എം. പ്രശാന്ത്‌ സംവിധാനം ചെയ്‌ത സദൃശ്യവാക്യം 24:29.

പെണ്ണിന്റെ പ്രതികാരമാണ്‌ ചിത്രത്തിന്റെ കഥ. നായികാകേന്ദ്രീകൃതമാണ്‌ സിനിമയും. വലിയ ബിസിനസുകാരനായ തന്റെ അച്ഛനെ ചതിച്ച്‌ സ്വത്തുക്കള്‍ തട്ടിയെടുക്കുകയും അച്ഛന്റെയും അമ്മയുടെയും ആത്മഹത്യയ്‌ക്ക്‌ കാരണക്കാരനാവുകയും ചെയ്‌ത ആള്‍ക്കെതിരേ ഒരു മകള്‍ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ്‌ ഈ ചിത്രം. തനിക്കു നഷ്‌ടപ്പെട്ടതെല്ലാം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നേരിടേണ്ടി രുന്ന പ്രതിബന്ധങ്ങളെ അതിജീവിച്ചു കൊണ്ട്‌ അവള്‍ ലക്ഷ്യത്തിലെത്തുന്നു. ആത്മസംഘര്‍ഷങ്ങളും വികാരതീവ്രതയും നിറഞ്ഞ മുഹൂര്‍ത്തങ്ങളും ഏറെയുള്ള സദൃശ്യവാക്യത്തില്‍ ഷീലു എബ്രഹാമാണ്‌ നായികയായി എത്തുന്നത്‌.

 ഇതാദ്യമായി നായികവേഷത്തിലെത്തുന്ന ഷീലുവിനെ സംബന്ധിച്ച്‌ ശക്തമായ കഥാപാത്രം തന്നെയാണ്‌ ഈ ചിത്രത്തിലേത്‌. ശ്രദ്ധേയമായ രീതിയില്‍ തന്നെ ഷീലു അത്‌ അവതരിപ്പിച്ചിട്ടുമുണ്ട്‌. മലയാളത്തില്‍ ശക്തമായ സ്‌ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ തനിക്കു കഴിയുമെന്ന്‌ ഈ ചിത്രത്തിലൂടെ ഷീലു തെളിയിച്ചു.

ബിസിനസുകാരനായ അച്ഛന്റെ തണലില്‍ കോടികളുടെ ബിസിനസ്‌ നടത്തുന്ന വ്യക്തിയായി മനോജ്‌ കെ.ജയന്‍ ഈ ചിത്രത്തില്‍ എത്തുന്നത്‌. മനുഷ്യത്വവും നന്‍മയുമുള്ള ആളാണ്‌ അയാള്‍. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്‌ടപ്പെടുന്ന മകളുടെ ഒറ്റപ്പെടലിന്റെ വേദനയും അരക്ഷിതാവസ്ഥയും ആത്മസംഘര്‍ഷങ്ങളുമെല്ലാം ബേബി മീനാക്ഷി വളരെ മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്‌. 

നായികയുടെ അച്ഛനായി സിദ്ദിഖ്‌, വില്ലനായി മേഘനാദന്‍, സ്‌ത്രീവിഷയത്തില്‍ അതീവ തല്‍പ്പരനായ രജിസ്‌ട്രാറായി കലാഭവന്‍ ഷാജോണ്‍ എനനിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. കൂടാതെ ഇവര്‍ക്കൊപ്പം അംബികാ മോഹന്‍, വിജയ്‌ ബാബു, സാജന്‍ പള്ളുരുത്തി, അഞ്‌ജലി നായര്‍ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോടു നീതി പുലര്‍ത്തി.

സദൃശ്യവാക്യത്തിന്റെ കഥയും തിരക്കഥയും എഴതിയിരിക്കുന്നത്‌ ഷിജു നമ്പ്യാരാണ്‌. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്‌ ധനേഷ്‌ രാമകൃഷ്‌ണനും. വി.കെ.ഹരിനാരായണന്റെ വരികള്‍ക്ക്‌ സംഗീതം പകര്‍ന്നിരിക്കുന്നത്‌ 4മ്യൂസിക്കാണ്‌. എം.ജി.ശ്രീകുമാര്‍, ശ്രേയ ജയദീപ്‌, വിജയ്‌ യേശുദാസ്‌, വൃന്ദ ഷമീക്ക്‌ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.
നല്ല സിനിമയെ സ്‌നേഹിക്കുന്നവര്‍ക്ക്‌ ധൈര്യമായി ടിക്കറ്റെടുക്കാവുന്ന ചിത്രമാണ്‌ സദൃശ്യവാക്യം.
















































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക