Image

ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്‌സിറ്റിയില്‍ 200ല്‍ പരം കോഴ്‌സുകള്‍ക്ക് ഫോമായിലൂടെ 15% ഡിസ്കൗണ്ട്

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 05 December, 2017
ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്‌സിറ്റിയില്‍ 200ല്‍ പരം കോഴ്‌സുകള്‍ക്ക് ഫോമായിലൂടെ 15% ഡിസ്കൗണ്ട്
ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ ദേശീയ സംഘടനയായ ഫോമാ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്), ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനോപകാരപ്രദമായ ഒട്ടനവധി പ്രോജക്റ്റുകള്‍ ഏറ്റെടുത്ത് നടത്തുവാന്‍ ഇടയായി. ഫോമായുടെ 2012 -14 കാലഘട്ടത്തിലെ ജോര്‍ജ് മാത്യൂവിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നു ആരംഭിച്ച ഫോമാ ജി.സി.യു. പ്രോജക്ടു കൊണ്ടു ഏകദേശം മൂവായിരത്തില്‍ പരം മലയാളി നേഴ്‌സുമാര്‍ ആര്‍.എന്നില്‍ നിന്നും ബി.എസ്.എന്നിലേക്കു ഡിസ്കൗണ്ട് നിരക്കില്‍ ട്രാന്‍സിഷണല്‍ കോഴ്‌സെടുത്തു പ്രയോജനപ്പെടുത്തി.

ഈ ഫോമാ ജി.സി.യു. പ്രോജക്റ്റ് അടുത്ത തലങ്ങളിലേക്ക് ഉയര്‍ത്തണമെന്ന ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകളുടെ ഫലമായി, ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്‌സിറ്റിയില്‍ (ജി.സി.യു.) ഇപ്പോഴുള്ള 200ല്‍ പരം കോഴ്‌സുകളിലും, ഫോമാ അംഗസംഘടനകളിലെ അംഗങ്ങള്‍ക്ക്, 15% ഡിസ്കൗണ്ടില്‍ ഇനി മുതല്‍ പഠിക്കുവാന്‍ സാധിക്കുന്ന പുതിയ പ്രോജക്റ്റിന്റെ ധാരണ പത്രത്തില്‍ ഫോമായും ജി.സി.യൂ.വും ഒപ്പ് വച്ചു.

ഫോമാ ജി.സി.യൂ. പ്രോജക്ടിനെ കുറിച്ച് അറിയുവാനും അതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുവാനുമായി, വിവിധ റീജയനുകളില്‍ നിന്നായി പത്തോളം കോഓര്‍ഡിനേറ്റര്‍മാരെ ഫോമാ തിരഞ്ഞെടുത്തിട്ടുണ്ട്.

ബെന്നി വാച്ചാച്ചിറ ചിക്കാഗോ, ജിബി തോമസ് ന്യൂജേഴ്‌സി, രേഖാ നായര്‍ ന്യൂയോര്‍ക്ക്, ഫിലിപ്പ് ചാമത്തില്‍ ഡാളസ്സ്, ബാബു തെക്കേക്കര ഹ്യൂസ്റ്റണ്‍, മെര്‍ലിന്‍ ഫ്രാന്‍സിസ് ഡിട്രോയിറ്റ്, ചെറിയാന്‍ കോശി ഫിലാഡല്‍ഫിയ, ജെയിംസ് ഇല്ലിക്കല്‍ ടാമ്പ, ഷീല ജോസ് മയാമി, സാജൂ ജോസഫ് സാന്‍ ഹൊസെ, എന്നിവരെയാണ് ഫോമാ ജി.സി.യു. കോര്‍ഡിനേറ്റര്‍മാരായി തിരഞ്ഞെടുത്തത്.

ബിസിനസ് & മാനേജ്‌മെന്റ്; ക്രിമിനല്‍, പൊളിറ്റിക്‌സ് & സോഷ്യല്‍ സയന്‍സ്; എന്‍ജിനിയറിംഗ് & ടെക്‌നോളജി; മെഡിക്കല്‍ സ്റ്റഡീസ് & സയന്‍സ്; നേഴ്‌സിങ്ങ് & ഹെല്‍ത്ത് കെയര്‍; പെര്‍ഫോമിംഗ് ആര്‍ട്ട്‌സ് & ക്രിയേറ്റീവ് ഡിസൈന്‍; സൈക്കോളജി & കൗണ്‍സലിംഗ്; ടീച്ചിംഗ് & സ്കൂള്‍ അഡ്മിനിസ്‌ട്രേഷന്‍; തിയോളജി & മിനിസ്ട്രി, തടങ്ങി ഒട്ടനവധി കോഴ്‌സുകള്‍ക്ക് ഫോമാ ജി.സി.യു. കൂട്ടുകെട്ടു വഴി ഫോമാ അംഗ സംഘടനകളിലെ അംഗങ്ങള്‍ക്ക് 15% ഡിസ്കൗണ്ടില്‍ ലഭ്യമാകും.
ഫോമാ ഈ കുറഞ്ഞ കാലം കൊണ്ട് ഒട്ടനവധി ജനോപകാരപ്രദമായ കാര്യങ്ങള്‍, പ്രത്യേകിച്ച് മലയാളികള്‍ക്കായി ചെയ്തിട്ടുണ്ട്. ഫോമാ റീജണല്‍ കാന്‍സര്‍ സെന്റര്‍ പ്രോജക്റ്റ്, ഹാര്‍വ്വി ഡിസാസ്റ്റര്‍ റിലീഫ്, ഫോമാ വുമണ്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നാട്ടിലെ 10 നേഴ്‌സിങ്ങ് സ്റ്റുഡന്റ്‌സിന് സ്‌കോളര്‍ഷിപ്പും പാലിയേറ്റീവ് കെയര്‍ സപ്പോര്‍ട്ട്, തുടങ്ങിയവ അവയില്‍ ചിലതു മാത്രം.

അതോടൊപ്പം 2018 ജൂണ്‍ 21 മുതല്‍ 24 വരെ ചിക്കാഗോയില്‍ വച്ചു നടക്കുന്ന 2018 ഫോമാ അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ നടന്നു വരികയാണ്. കണ്‍വന്‍ഷനു 7 മാസങ്ങള്‍ ബാക്കി നില്‍ക്കെ, ആദ്യഘട്ടത്തില്‍ 250ല്‍ പരം ഫാമിലി രജിസ്‌ട്രേഷനുകളുമായി മുന്നേറുകയാണ് ടീം ഫോമാ.

രണ്ടാം ഘട്ട രജിസ്‌ട്രേഷന്‍ ജനുവരിയിലാണ് തുടങ്ങുന്നത്. ഫോമായുടെ 2018 കുടുംബ കണ്‍വന്‍ഷന്‍ മറ്റൊരു പൂരമാക്കുവാന്‍ വേണ്ടി ഈ പ്രവാസഭൂമിയിലെയും ജന്മനാട്ടിലെയും കലാ സാംസ്കാരിക രാഷ്ട്രീയ മേഘലയിലെ ഒരു വന്‍ നിര തന്നെ അണിനിരന്നു കൊണ്ട് ചിരിയുടെയും ചിന്തയുടെയും വിനോദത്തിന്റെയും പ്രാര്‍ത്ഥനയുടെയും സര്‍ഗ സാന്നിദ്ധ്യം അറിയിക്കുന്നതാണെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

ഫോമായെ കുറിച്ചും, ഫോമാ ജി.സി.യൂ. പ്രോജക്ടിനെ കുറിച്ചും കൂടുതല്‍ അറിയുവാനും, 2018 ഫോമാ അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്യുവാനും സന്ദര്‍ശിക്കുക.
www.fomaa.net

ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്‌സിറ്റി കോഴ്‌സുകളെപ്പറ്റി അറിയുവാന്‍ സന്ദര്‍ശിക്കുക.
https://www.gcu.edu
ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്‌സിറ്റിയില്‍ 200ല്‍ പരം കോഴ്‌സുകള്‍ക്ക് ഫോമായിലൂടെ 15% ഡിസ്കൗണ്ട്ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്‌സിറ്റിയില്‍ 200ല്‍ പരം കോഴ്‌സുകള്‍ക്ക് ഫോമായിലൂടെ 15% ഡിസ്കൗണ്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക