Image

ഫോര്‍ട്ട്‌ബെന്റ് കൗണ്ടി ജഡ്ജ് സ്ഥാനത്തേക്ക് കെ.പി.ജോര്‍ജ്ജ് മത്സരിക്കുന്നു.

ജീമോന്‍ റാന്നി Published on 06 December, 2017
ഫോര്‍ട്ട്‌ബെന്റ് കൗണ്ടി ജഡ്ജ് സ്ഥാനത്തേക്ക് കെ.പി.ജോര്‍ജ്ജ് മത്സരിക്കുന്നു.
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യമായ കെ.പി.ജോര്‍ജ്ജ് സുപ്രധാന പദവിയായ ഫോര്‍ട്ട്‌ബെന്റ് കൗണ്ടി ജഡ്ജ് കൗണ്ടിയുടെ ഭരണാധികാരി സ്ഥാനത്തേക്ക് മത്സരിക്കുന്നു. ടെക്‌സാസിലെ ഏറ്റവും വലിയ കൗണ്ടികളിലൊന്നായ ഫോര്‍ട്ട്‌ബെന്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യന്‍ വംശജന്‍ ഈ പദവിയിലേക്ക് മത്സരിക്കുന്നത്.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി വീണ്ടും മത്സരിക്കുന്ന ഇപ്പോഴത്തെ കൗണ്ടി ജഡ്ജ് റോബര്‍ട്ട് ഹെബര്‍ട്ടിനെതിരെ ശക്തമായ ഒരു മത്സരം കാഴ്ചവെച്ചുകൊണ്ട് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെ.പി.ജോര്‍ജ്ജ് ശ്രമിയ്ക്കുന്നത്.

പത്തനംതിട്ട സ്വദേശിയായ ജോര്‍ജ്ജ് 2014 ല്‍ 75,000 ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിയ്ക്കുന്ന ടെക്‌സാസിലെ ഏറ്റവും വലിയ സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റുകളിലൊന്നായ ഫോര്‍ട്ട് ബെന്‍സ് 150 യുടെ ട്രസ്റ്റി ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 2017 മെയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 64 ശതമാനം വോട്ടുകള്‍ നേടി വീണ്ടും ട്രസ്റ്റി ബോഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

66 ശതമാനത്തിലധികം ഏഷ്യന്‍, ന്യൂനപക്ഷ വോട്ടുകളുള്ള കൗണ്ടിയില്‍ 100 കണക്കിന് മലയാളി കുടുംബങ്ങളും തിങ്ങിപാര്‍ക്കുന്നു. അമേരിക്കയിലെ മാറിയ സാഹചര്യത്തില്‍ ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ഇന്ത്യന്‍ മലയാളി സമൂഹത്തില്‍പ്പെട്ടവരുടെ പങ്കാളിത്തവും പ്രാതിനിധ്യവും ഉണ്ടാകേണ്ടതുണ്ടെന്നും വളര്‍ന്നുവരുന്ന പുത്തന്‍ തലമുറയെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതാണെന്നും ജോര്‍ജ് പറഞ്ഞു.

'ഹാര്‍വി' ദുരന്തനിവാരണവേളയില്‍ ഒരു ശക്തമായ കൗണ്ടി ഭരണസംവിധാനത്തിന്റെ അഭാവം ശ്രദ്ധയില്‍പ്പെടുകയും പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുമ്പോള്‍ അടിയന്തര സാഹചര്യങ്ങളെ നേരിടുവാന്‍ തക്ക സംവിധാനങ്ങള്‍ കൗണ്ടിയിലില്ല എന്നും മനസിലായെന്ന് ജോര്‍ജ്ജ് പറഞ്ഞു.

വൈവിദ്ധ്യസമൂഹത്തില്‍പ്പെട്ടവര്‍ക്ക് പ്രത്യേകിച്ച് മലയാളി സമൂഹത്തില്‍ ദുരിതമനുഭവിച്ചവര്‍ക്ക് വേണ്ട വിധത്തില്‍ സഹായിയ്ക്കുവാന്‍ കഴിയാതിരുന്ന കൗണ്ടി ഭരണസംവിധാനത്തിന്റെ വീഴ്ചകളാണ് തന്നെ മത്സരിയ്ക്കാന്‍ പ്രേരിപ്പിച്ചതെന്ന് കെ.പി.ജോര്‍ജ്ജ് പറഞ്ഞു.

1993 മുതല്‍ അമേരിക്കയിലുള്ള ഒരു ഫൈനാന്‍ഷ്യല്‍ പ്ലാനര്‍ കൂടിയായ കെ.പി.ജോര്‍ജ്ജ് എല്ലാ പ്രവാസി മലയാളി സുഹൃത്തുക്കളുടെയും സഹകരണം ഉണ്ടെങ്കില്‍ വിജയം സുനിശ്ചിതമാണെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.


ഫോര്‍ട്ട്‌ബെന്റ് കൗണ്ടി ജഡ്ജ് സ്ഥാനത്തേക്ക് കെ.പി.ജോര്‍ജ്ജ് മത്സരിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക