Image

അഭിഭാഷകവൃത്തി: തൊഴില്‍ ധാര്‍മികത ലംഘിക്കുന്നത്‌ തടഞ്ഞു നിയമനിര്‍മാണം വേണമെന്ന്‌ സുപ്രീംകോടതി

Published on 07 December, 2017
അഭിഭാഷകവൃത്തി: തൊഴില്‍ ധാര്‍മികത ലംഘിക്കുന്നത്‌ തടഞ്ഞു നിയമനിര്‍മാണം വേണമെന്ന്‌ സുപ്രീംകോടതി


ന്യൂഡല്‍ഹി : അഭിഭാഷകവൃത്തിയുടെ തൊഴില്‍പരമായ ധാര്‍മികത ലംഘിക്കുന്നത്‌ തടഞ്ഞുകൊണ്ട്‌ നിയമനിര്‍മാണം കൊണ്ടുവരാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. നിയമസേവനം എല്ലാവര്‍ക്കും ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ജസ്റ്റിസുമാരായ എ കെ ഗോയലും യു യു ലളിതും ഉള്‍പ്പെട്ട ബെഞ്ച്‌ നിര്‍ദേശിച്ചു. വാഹനാപകട കേസുകളിലും മറ്റും നഷ്ടപരിഹാര തുകയുടെ നിശ്ചിത ശതമാനം അഭിഭാഷകര്‍ ഫീസായി ആവശ്യപ്പെടുന്നത്‌ നിയമവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.

ഒരു തൊഴിലെന്ന നിലയില്‍ നിയമമേഖലയില്‍ വാണിജ്യവല്‍ക്കരണം ശക്തമാകുന്നതില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു. അഭിഭാഷകര്‍ ഭീമമായ തുക ഫീസായി ആവശ്യപ്പെടുന്നത്‌ ദരിദ്രര്‍ക്ക്‌ നീതി ലഭിക്കാന്‍ തടസ്സമാകുന്നു. അഭിഭാഷകരുടെ ഫീസിന്‌ പരിധി നിശ്ചയിച്ചും മേഖലയെ നിയന്ത്രിച്ചും സര്‍ക്കാര്‍ നിയമനിര്‍മാണം കൊണ്ടുവരണം. തൊഴിലിന്റെ ധാര്‍മികത നിലനിര്‍ത്തുംവിധം നിയമനിര്‍മാണം കൊണ്ടുവരേണ്ടത്‌ അനിവാര്യമായതായി വിവിധ വിധിന്യായങ്ങളും കമീഷന്‍ റിപ്പോര്‍ട്ടുകളും ഉദ്ധരിച്ച്‌ കോടതി പറഞ്ഞു.

പണമില്ലെന്ന കാരണത്താല്‍ ദരിദ്രര്‍ക്ക്‌ നിയമസഹായം ലഭിക്കാതെ പോകരുത്‌. നഷ്ടപരിഹാരമായും മറ്റും ലഭിക്കുന്ന തുകയുടെ നിശ്ചിത ശതമാനം ഫീസായി ഈടാക്കുന്ന അഭിഭാഷകര്‍ക്കെതിരായി നടപടിയുണ്ടാകണം. അഭിഭാഷകവൃത്തിയെന്നത്‌ നീതി നിര്‍വഹണത്തില്‍ സുപ്രധാന ഘടകമാണ്‌. നിയമവാഴ്‌ച ഉയര്‍ത്തിപ്പിടിക്കുന്നതില്‍ വലിയ പങ്ക്‌ വഹിക്കുന്നുമുണ്ട്‌. തൊഴില്‍പരമായ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അഭിഭാഷകര്‍ പരാജയപ്പെട്ടാല്‍ എങ്ങനെയാണ്‌ നീതി ഉറപ്പാക്കുകകോടതി ആരാഞ്ഞു.

തന്റെ കക്ഷി നല്‍കിയ ചെക്ക്‌ പണമില്ലാത്തതിനാല്‍ തള്ളിയത്‌ ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ്‌ സുപ്രീംകോടതിയുടെ ഉത്തരവ്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക