Image

ഓഖി കൊടുങ്കാറ്റ്: ദുരന്തത്തില്‍ നിന്നുള്ള ആദ്യ പാഠങ്ങള്‍ (മുരളി തുമ്മാരുകുടി)

Published on 07 December, 2017
ഓഖി കൊടുങ്കാറ്റ്: ദുരന്തത്തില്‍ നിന്നുള്ള ആദ്യ പാഠങ്ങള്‍ (മുരളി തുമ്മാരുകുടി)
വലിയ സങ്കടത്തോടെയാണ് ഈ ലേഖനം എഴുതുന്നത്. കേരളത്തിന്റെ തെക്കന്‍ തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ ആള്‍നാശമുള്‍പ്പെടെ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഇതുവരെ മുപ്പതിലധികം ആളുകള്‍ മരിച്ചു. നൂറോളം പേരെ കാണാതായി. ഇത് മാത്രമല്ല വിഷയം. ഇതേച്ചൊല്ലി നാട്ടില്‍ നടക്കുന്ന വിവാദങ്ങളും പഴി ചാരലുകളും കാണുമ്പോള്‍ കൂടുതല്‍ വിഷമമാണ്. ഞാന്‍ എപ്പോഴും പറയുന്നതുപോലെ ഒരു സംഭവം ശരിക്കും ദുരന്തമായി മാറുന്നത് നമ്മള്‍ അതില്‍നിന്നും ഒന്നും പഠിക്കാതിരിക്കുമ്പോളാണ്. കേരളത്തില്‍ ഉണ്ടാകാന്‍ സാധ്യത ഉള്ള ദുരന്തങ്ങളില്‍ ചെറുതായ ഒന്നാണ് ഇപ്പോള്‍ സംഭവിച്ചത്. അപ്പോള്‍ ഇതില്‍ നിന്നും പാഠങ്ങള്‍ പഠിച്ചാല്‍ യഥാര്‍ത്ഥത്തില്‍ വലിയ ദുരന്തങ്ങള്‍ വരുമ്പോഴേക്കും നമുക്ക് കൂടുതല്‍ തയ്യാറായിരിക്കാം.

മത്സ്യത്തൊഴിലാളികളുടെ കാര്യം: മല്‍സ്യബന്ധന തൊഴിലാളികളുടെ അവസ്ഥ വളരെ കഷ്ടമാണ്. ഓഖിയെപ്പറ്റിയുള്ള കോലാഹലങ്ങള്‍ കുറച്ചു ദിവസങ്ങളില്‍ കെട്ടടങ്ങും. കടല്‍ത്തീരത്തെ ആള്‍ക്കൂട്ടവും കാമറയും ഒക്കെ സ്ഥലം വീടും. പക്ഷെ ദുരന്തത്തില്‍ ശരിക്കും നഷ്ടം പറ്റിയത് ബന്ധുക്കളെ നഷ്ടപ്പെട്ട വീട്ടുകാര്‍ക്കായിരിക്കും. അതില്‍ തന്നെ കടലില്‍ കാണാതാവുകയും മൃതദേഹം കണ്ടുകിട്ടാത്തവരുടെയും കാര്യമാണ് ഏറെ കഷ്ടമാകാന്‍ പോകുന്നത്. മൃതദേഹം കണ്ടുകിട്ടാത്തിടത്തോളം ഇവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം പോലും കിട്ടില്ല. . സാധാരണഗതിയില്‍ ഏഴുവര്‍ഷം ഒരാളെ കാണാതായാലെ അയാള്‍ മരിച്ചു എന്ന് നിയമപരമായി അംഗീകരിക്കൂ. അത്രയും നാള്‍ അവരുടെ കുടുംബത്തിന് സഹായം കിട്ടാത്തതോ പോകട്ടെ, അവരുടെ പേരില്‍ സ്വന്തമായുള്ള സമ്പാദ്യം പോലും ഉപയോഗിക്കാന്‍ പറ്റില്ല.

അതുപോലെതന്നെ മൃതദേഹം കണ്ടുകിട്ടുന്നതു വരെ സ്വന്തം മകനോ അച്ഛനോ സഹോദരനോ മരിച്ചു എന്ന് വിശ്വസിക്കാന്‍ കുടുംബക്കാരും കൂട്ടാക്കില്ല. കാറ്റില്‍പ്പെട്ട് വല്ല ദ്വീപിലും അകപ്പെട്ടോ, പാകിസ്ഥാനില്‍ എത്തിപ്പെട്ട് ജയിലിലായോ, എന്നൊക്കെയുള്ള സംശയങ്ങളും പ്രതീക്ഷകളും അവരിലുണ്ടാകും. സുനാമി കഴിഞ്ഞ് പത്തുവര്‍ഷത്തിനു ശേഷവും കാണാതായവരെ അന്വേഷിച്ചു നടക്കുന്ന പലരെയും ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ക്ക് പ്രതീക്ഷ നല്‍കി അവരെ പറ്റിക്കുന്നവരില്‍ പുരോഹിതരും ജ്യോല്‍സ്യരും ബന്ധുക്കളുമുണ്ട്.
. ഇത്തവണത്തെ അപകടത്തില്‍ നിന്നും വ്യക്തമായ പല കാര്യങ്ങളില്‍ പലതുണ്ട്.

ഒന്നാമത്, ഓരോ ദിവസവും നമ്മുടെ തീരത്തുനിന്നും എത്രപേര്‍ കടലില്‍ പോകുന്നു എന്നതിന് ആരുടെയടുത്തും ഒരു കണക്കില്ല എന്നതാണ്. ഇതില്‍ തന്നെ മറുനാടന്‍ തൊഴിലാളികളുടെ കാര്യത്തില്‍ അന്വേഷിക്കാന്‍ കരയില്‍ ബന്ധുക്കള്‍ പോലുമില്ല. രണ്ട്, ഇന്ത്യ മെറ്റീരിയോളജി ഡിപ്പാര്‍ട്ട്‌മെന്റ് (ഐ എം ഡി) ഉള്‍പ്പെടെയുള്ളവര്‍ കാലാവസ്ഥാപ്രവചനം നടത്തുന്നുണ്ടെങ്കിലും അത് താഴേത്തട്ടിലേക്ക് എത്തുന്നില്ല. മൂന്ന്, കടലില്‍ പോകുന്ന ഭൂരിഭാഗം മത്സ്യത്തൊഴിലാളികള്‍ക്കും യാതൊരു സുരക്ഷാസംവിധാനവും ഇല്ല. നാല്, ചെറുവള്ളങ്ങളില്‍ കടലില്‍ പോകുന്നവരുടേത് കൈവിട്ട ഒരു കളിയാണ്. സുനാമിയോ കൊടുങ്കാറ്റോ, എന്തിന് വീട്ടില്‍ ആര്‍ക്കെങ്കിലും ഒരു അത്യാഹിതം സംഭവിച്ചാല്‍ പോലും അവരെ അറിയിക്കാന്‍ യാതൊരു മാര്‍ഗ്ഗവുമില്ല.

കഷ്ടം എന്തെന്നുവെച്ചാല്‍, ഇതൊന്നും ഇക്കാലത്ത് സാങ്കേതികമായോ സാമ്പത്തികമായോ ഒരു വെല്ലുവിളിയേ അല്ല എന്നതാണ്. ഇംഗ്ലണ്ട് പോലുള്ള വികസിത രാജ്യങ്ങളില്‍ ഉല്ലാസത്തിനായി വള്ളങ്ങളില്‍ ചെറുപ്രായക്കാര്‍ പോലും ഏറെ കടലില്‍ ഇറങ്ങുന്നു. അവര്‍ സുരക്ഷക്കായി ഏറെ വിദ്യകള്‍ ഉപയോഗിക്കുന്നു. അതേ പോലെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നില്‍ക്കുന്ന ബംഗ്ലാദേശിലെ കടല്‍ത്തീര സമൂഹങ്ങളില്‍ കാലാവസ്ഥ മുന്നറിയിപ്പ് നാട്ടുകാരെ അറിയിക്കാനും ദുരന്ത സമയത്ത് സ്വയവും വള്ളവും സുരക്ഷിതമാക്കി വക്കാനും ഒക്കെ സര്‍ക്കാരും, മതമേധാവികളും സാമൂഹ്യ സംഘടനകളും ചേര്‍ന്ന് നല്ല പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം നമുക്ക് പാഠങ്ങള്‍ പഠിക്കാനുണ്ട്.

മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്ക് ലോകത്തെ നല്ല മാതൃകകളില്‍നിന്നും പഠിക്കാനും, അത് സമയബന്ധിതമായി നടപ്പാക്കാനും ആവശ്യമായ പണം അടുത്ത ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തണം. തീരദേശത്ത് പ്രത്യേക റേഡിയോനിലയങ്ങള്‍ സ്ഥാപിക്കുന്നത് മുതല്‍ വള്ളങ്ങള്‍ക്ക് ജി പി എസ് ടാഗ് ഇടുന്നതു വരെ വളരെ പ്രയോജനമാണ്. വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താത്തതിനാല്‍ ഇവ പലതും പരീക്ഷിച്ച് പരാജയപ്പെട്ടതാണ്. രാഷ്ട്രീയപ്പാര്‍ട്ടികള്‍, മത സംഘടനകള്‍, മാധ്യമങ്ങള്‍, ഗവേഷകര്‍, ഐ എം ഡി, ദുരന്ത നിവാരണ അതോറിറ്റി, മല്‍സ്യബന്ധന വകുപ്പ് എല്ലാം ചേര്‍ന്ന് വേണം ഇതിനെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കാനും നടപ്പിലാക്കാനും. ഈ ദുരന്തത്തില്‍ നിന്നും നമുക്ക് പഠിക്കാവുന്ന ഏറ്റവും വലിയ പാഠം ഇതുതന്നെയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക