Image

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുലിന് പാര്‍ട്ടിയെ പുനര്‍ജീവിപ്പിക്കുവാന്‍ കഴിയുമോ? (ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 08 December, 2017
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുലിന് പാര്‍ട്ടിയെ പുനര്‍ജീവിപ്പിക്കുവാന്‍ കഴിയുമോ? (ദല്‍ഹികത്ത് : പി.വി.തോമസ്)
എതിരാളികള്‍ ഇല്ലാതെ പാര്‍ട്ടിയുടെ ഒരു സാങ്കല്പിക തെരഞ്ഞെടുപ്പ് യുദ്ധക്കളത്തില്‍ വിജയശ്രീലാളിതനായി നില്‍ക്കുകയാണ് ശ്രീമാന്‍ രാഹുല്‍ഗാന്ധി. വയസ് 47. നെഹ്‌റു-ഗാന്ധി പരിവാറില്‍ നിന്നും ആറാമത്തെ കുടുംബാംഗം ആണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് അവരോഹിതന്‍ ആകുന്ന രാഹുല്‍. നല്ല ജനാധിപത്യ പാരമ്പര്യം എന്നല്ലാതെ എന്ത് പറയണം? കുടുംബത്തില്‍ നിന്നും ആദ്യം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ആകുന്നത് രാഹുലിന്റെ മുതുമുത്തച്ഛന്‍ മോട്ടിലാല്‍ നെഹ്‌റു ആണ്(1919-20, 1928-29). അദ്ദേഹം വളരെ ധനികനായ ഒരു അഭിഭാഷകന്‍ ആയിരുന്നു. ആദ്യം എല്ലാം മകന്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്വാതന്ത്ര്യസമരത്തില്‍ ചേര്‍ന്നതിന് എതിരും ആയിരുന്നു. പക്ഷേ, അദ്ദേഹവും പിന്നീട് മകനെ അനുഗമിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു മൂന്നുപ്രാവശ്യം കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷന്‍ ആയി(1929-31, 1936-37, 1951-54). ഇത് സ്വാതന്ത്ര്യസമരത്തിന്റെ രക്തകലുഷിതമായ സമയം ആയിരുന്നു. നെഹ്‌റു അച്ഛന്‍ നെഹ്‌റുവില്‍ നിന്നും ആണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. പിന്നീട് മകള്‍ ഇന്ദിരഗാന്ധി. അപ്പോഴേക്കും നെഹ്‌റുഗാന്ധി ആയി. ഇന്ദിരയുടെ ഭര്‍ത്താവ് ഫിറോഷ് ഗാന്ധി മുഖാന്തിരം. ഇന്ദിര ഒരു പെണ്‍പുലി ആയിരുന്നു. രണ്ട് പ്രാവശ്യം കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷ ആയിരുന്നു. ആദ്യം 1959-60 കാലഘട്ടത്തിലും പിന്നീട് 1978-84 ലും. 1959-ല്‍ ഇന്ദിരയുടെ പ്രധാനതീരുമാനം ആയിരുന്നു കേരളത്തിലെ ഈ.എം.എസ്. ഗവണ്‍മെന്റിനെ പിരിച്ചു വിടുക എന്നത്. അദ്ധ്യക്ഷ സ്ഥാനത്തിന്റെ രണ്ടാം ഘട്ടത്തില്‍ 1984 ല്‍ ഇന്ദിര വെടിവെച്ച് കൊല്ലപ്പെടുകയും ചെയ്തു. അതിനുശേഷം 1984-ല്‍ മകന്‍, രാജീവ്ഗാന്ധി, ഇന്‍ഡ്യന്‍ എയര്‍ലൈന്‍സിലെ ഒരു പൈലറ്റ്, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ആയി. അദ്ദേഹം 1991-ല്‍ ശ്രീലങ്കയിലെ തമിഴ്ഭീകരരുടെ മനുഷ്യബോംബിന്റെ ഇരയായി കൊല്ലപ്പെടുന്നതുവരെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ആയി തുടര്‍ന്നു. അദ്ദേഹത്തിനുശേഷം, അതായത് അദ്ദേഹത്തിന്റെ മരണത്തിനുശേഷം, ഏഴുവര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മടിച്ച് മടിച്ച് 1998-ല്‍ സോണിയ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ ആയി(1998-2007). ഏറ്റവും കൂടുതല്‍ കാലം-19 വര്‍ഷം-കോണ്‍ഗ്രസ് അദ്ധ്യക്ഷ ആയി വാണു എന്ന പേരും സോണിയക്ക് കരസ്ഥമായി. സോണിയയുടെ കാലത്ത് കോണ്‍ഗ്രസ് പത്തുവര്‍ഷം ഇന്‍ഡ്യ ഭരിച്ചു(2004-2014). ഇപ്പോള്‍ ഇതാ മകന്‍ രാഹുല്‍ ഗാന്ധിക്കു വേണ്ടി അമ്മ വഴിമാറുകയാണ്.
ഈ അധികാര കൈമാറ്റത്തിന്റെ ജനാധിപത്യ സ്വഭാവം ചോദ്യം ചെയ്യപ്പെടുകയാണ്. അമ്മയില്‍ നിന്നും മകനിലേക്ക് എതിരാളികള്‍ ഒന്നും ഇല്ലാതെ, അല്ലെങ്കില്‍ എതിരാളികളെ ഒന്നും അനുവദിക്കാതെ ഉള്ള ഈ അധികാര കൈമാറ്റത്തിന് എന്ത് ജനാധിപത്യസാധുത ആണ് ഉള്ളത്? ഇത് കുടുംബാധിപത്യത്തിന്റെ അധികാരപകര്‍ച്ച മാത്രം അല്ലേ?

പക്ഷേ, ഈ കുടുംബാധികാര കൈമാറ്റം വളരെ നിര്‍ണ്ണായകമായ ഒരു ഘട്ടത്തില്‍ ആണ്, കോണ്‍ഗ്രസിന്റെയും ഇന്‍ഡ്യയുടെയും രാഷ്ട്രീയ ചരിത്രത്തില്‍. കോണ്‍ഗ്രസ് ഇന്‍ഡ്യയിലെ എന്നു മാത്രം അല്ല ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനം മുന്നേറ്റം ആണ്. 132 വര്‍ഷത്തെ പഴക്കവും പാരമ്പര്യവും അതിന് ഉണ്ട്. ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണി പോരാളിയാണ് അത്. സ്വാതന്ത്ര്യാനന്തര ഇന്‍ഡ്യയുടെ ശില്പിയും.

പക്ഷേ, ഇന്ന് കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ ആണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്മാര്‍ തന്നെ അതിനെ വിശേഷിപ്പിച്ചത് അസ്തിത്വപരമായ പ്രതിസന്ധി എന്ന് ആണ്. അതായത് നിലനില്‍പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ. ഇത് വളരെ ശരിയും ആണ്. ഇതാണ് നരേന്ദ്രമോഡി പ്രഖ്യാപിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് വിമുക്ത ഭാരതം എന്ന ആശയം.

എന്താണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേരിടുന്ന പ്രശ്‌നങ്ങള്‍? അധികാരപരമായി, സംഘടനാപരമായി, ആശയപരമായി, നേതൃത്വപരമായി കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളികള്‍ എന്തെല്ലാം ആണ്?
അധികാരപരമായി പറഞ്ഞാല്‍ കോണ്‍ഗ്രസിന് 2014 ലെ ലോകസഭതെരഞ്ഞെടുപ്പില്‍ ലഭിച്ചത് വെറും 44 സീറ്റുകള്‍ മാത്രം ആണ്. ഇതുപോലെ ഒരു പതനം കോണ്‍ഗ്രസിന് ഒരു ലോകസഭ തെരഞ്ഞെടുപ്പിലും സംഭവിച്ചിട്ടില്ല. 2014-ല്‍ കോണ്‍ഗ്രസും അതിന്റെ സഖ്യകക്ഷികളും 15 സംസ്ഥാനങ്ങള്‍ ആണ് ഭരിച്ചിരുന്നത്. ബി.ജെ.പി.യും അവരുടെ സഖ്യകക്ഷികളും വെറും ഏഴ് സംസ്ഥാനങ്ങളും.
എന്നാല്‍ എന്താണ് ഇന്നത്തെ അവസ്ഥ? കോണ്‍ഗ്രസും ഘടക കക്ഷികളും 2017 ല്‍ ഭരിക്കുന്നത് വെറും ആറ് സംസ്ഥാനങ്ങള്‍ മാത്രം ആണ്. മറിച്ച് ബി.ജെ.പി.യും സഖ്യകക്ഷികളും പതിനെട്ട് സംസ്ഥാനങ്ങളും ഭരിക്കുന്നു.

2014-ലെ വന്‍പരാജയത്തിന് ശേഷം കോണ്‍ഗ്രസിന് പരാജയങ്ങളുടെ ഒരു നിരതന്നെ ആയിരുന്നു സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളില്‍. ഇത് ആര്‍ക്കും നിഷേധിക്കുവാന്‍ സാധിക്കുകയില്ല. ഇത് എന്തുകൊണ്ട് സംഭവിച്ചു. ഇത് പരിശോധിച്ച് പരിഹരിക്കുവാനുള്ള ഉത്തരവാദിത്വം പുതിയ കോണ്‍ഗ്രസ് അദ്ധ്യക്ഷനില്‍ ആണ്.

എന്തുകൊണ്ട് മഹാരാഷ്ട്രയും ഹരിയാനയും ഝാര്‍ഖണ്ഡും ഉത്തരാഖണ്ഡും ജമ്മു-കാശ്മീരും കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു? കോണ്‍ഗ്രസിന് ജയിക്കുവാന്‍ സാധിച്ചത് പഞ്ചാബ് മാത്രം. അത് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംങ്ങിന്റെ മികവില്‍ മാത്രം. ഇനി ബീഹാര്‍. അവിടെ കോണ്‍ഗ്രസ് ഒരു ഭരണകക്ഷി ആയി നിലവില്‍ വന്നു, മഹാസഖ്യത്തിന്റെ വാല്‍ ആയി. പക്ഷേ, ആ സഖ്യം നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഇന്ന് ബി.ജെ.പി.യുടെ കൂടെയാണ്. എവിടെ ആണ് കോണ്‍ഗ്രസിന് കണക്കുകൂട്ടല്‍ പിഴച്ചത്? എവിടെ ആണ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയം അടിതെറ്റിയത്? രാഹുല്‍ ഇത് മനസിലാക്കി തിരുത്തേണ്ടതായിട്ടുണ്ട്. അപ്പോള്‍ അധികാരപരമായി കോണ്‍ഗ്രസ് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അടിയറവ് പറഞ്ഞിരിക്കുകയാണ്. ഇതിന്റെ കാരണം കണ്ടറിഞ്ഞ് ചികിത്സിക്കേണ്ട ഉത്തരവാദിത്വം പുതിയ അദ്ധ്യക്ഷനുണ്ട്.

ഇനി സമകാലിക രാഷ്ട്രീയത്തിലേക്ക് വരാം. രണ്ട് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഡിസംബര്‍ 18 ന് പുറത്ത് വരുവാന്‍ ഇരിക്കുകയാണ്-ഗുജറാത്തും ഹിമാചല്‍ പ്രദേശും. പുതിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന് ഇവ നല്ല വാര്‍ത്തനല്‍കുമോ? അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ രാഹുലിന് ഇവ അത്ര നല്ല തുടക്കം ആകുവാന്‍ സാദ്ധ്യതയില്ല. അഥവാ ഗുജറാത്തില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ അല്ലെങ്കില്‍ ബി.ജെ.പി.യുടെ ഭൂരിപക്ഷം കുറച്ചാല്‍ അത് രാഹുലിന് നല്ല ഒരു തുടക്കം ആയിരിക്കും.
2018-ല്‍ രാഹുലിന് ഒരു വലിയ വെല്ലുവിളി ആയിരിക്കും.

2019-ലെ ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു യവനിക ഉയര്‍ത്തല്‍ ആയിരിക്കും ഇത്.  2018-ല്‍ മദ്ധ്യപ്രദേശും, കര്‍ണ്ണാടകയും, രാജസ്ഥാനും, ഛത്തീസ്ഘട്ടും, ത്രിപുരയും, മേഘാലയും-ആറ് സംസ്ഥാനങ്ങള്‍- സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. മദ്ധ്യപ്രദേശും രാജസ്ഥാനും ബി.ജെ.പി.യില്‍ നിന്നും തിരിച്ചു പിടിക്കുവാന്‍ കോണ്‍ഗ്രസിന് സാധിക്കുമോ? കര്‍ണ്ണാടക നിലനിര്‍ത്തുവാന്‍ രാഹുലിന്റെ കോണ്‍ഗ്രസിന് സാധിക്കുമോ? ഇവിടെ ബി.ജെ.പി.യും കോണ്‍ഗ്രസും ആണ് പ്രധാന എതിരാളികള്‍.

അതിനു ശേഷം ആണ് 2019-ലെ പൊതുതെരഞ്ഞെടുപ്പ്. നരേന്ദ്രമോഡിക്കും ബി.ജെ.പി.ക്കും എതിരെ ഒരു ദേശീയ ബദല്‍ കെട്ടിപ്പടുക്കുവാന്‍ പുതിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന് സാധിക്കുമോ? സാധിച്ചാല്‍ തന്നെയും എന്തായിരിക്കും അതിന്റെ ജയസാദ്ധ്യത? എന്തായിരിക്കും രാഹുലിന് കോണ്‍ഗ്രസിന് വെളിയിലുള്ള സ്വീകാര്യത? മോഡിയുമായുള്ള ഒരു തുലനത്തില്‍ രാഹുല്‍ എവിടെ നില്‍ക്കും?
സംഘടനാപരമായി കോണ്‍ഗ്രസ് ഇന്ന് നല്ല ആരോഗ്യാവസ്ഥയില്‍ അല്ല. ചില മുതിര്‍ന്ന നേതാക്കന്മാര്‍ പാര്‍ട്ടിവിട്ടു കഴിഞ്ഞു. നരയന്‍ ദത്ത് തീവാരിയും എസ്.എം.കൃഷ്ണയും ജാഫര്‍ ഷെരീഫും എല്ലാം ഇതില്‍പ്പെടും. ബി.ജെ.പി.യെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പടുത്തുയര്‍ത്തുന്ന ഹേമന്ത് ബിശ്വസര്‍മ്മയും(ആസാം) ജഗന്‍മോഹന്‍ റെഡ്ഡിയും (ആന്ധ്രപ്രദേശ്-തെലുങ്കാന) കോണ്‍ഗ്രസ് വിട്ട യുവനേതാക്കന്മാരില്‍പെടും. സര്‍മ്മ ഇപ്പോള്‍ ബി.ജെ.പി.യുടെ ആസാം ഗവണ്‍മെന്റില്‍ മന്ത്രി ആണ്. മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ആയ വൈ.എസ്.രാജശേഖര്‍ റെഡിയുടെ മകന്‍ ആയ ജഗന്‍ തീര്‍ച്ച ആയിട്ടും തെലുങ്കാനയില്‍ കോണ്‍ഗ്രസിന്റെ മുഖം ആകുമായിരുന്നു. സര്‍മ്മയുടെയും ജഗന്റെയും എല്ലാം പരാതി ദല്‍ഹിയില്‍ വന്നാല്‍ സോണിയ ഗാന്ധിയെയോ രാഹുലിനെയോ ദിവസങ്ങള്‍ കാത്തുകെട്ടികിടന്നാലും കാണുവാന്‍ സാധിക്കുക ഇല്ലെന്നതായിരുന്നു. ജഗന്റെ കാര്യത്തില്‍ വൈ.എസ്.ആറി.ന്റെ വിമാന ദുരന്തമരണത്തിനുശേഷം അമ്മയും ഒരുമിച്ച് വന്നപ്പോഴാണ്. ഈ ദുരനുഭവം ഉണ്ടായത്. രാഹുല്‍ ഈ പെരുമാറ്റരീതി മാറ്റുവാന്‍ സാദ്ധ്യത ഉണ്ടോ?
കേരളം മുതല്‍ ജമ്മു-കാശ്മീര്‍ വരെ കോണ്‍ഗ്രസ് സംഘടനാപരമായി അരക്ഷിതാവസ്ഥയില്‍ ആണ്. കേരളത്തില്‍ ഒരു പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയിലെ മുതിര്‍ന്ന നേതാക്കന്മാര്‍, മുന്‍മുഖ്യമന്ത്രി ഉള്‍പ്പെടെ, അഴിമതി, ബലാത്സംഗകേസുകളില്‍ കുരുങ്ങികിടക്കുകയാണ്. പുതിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഇതിനെ എങ്ങനെ കൈകാര്യം ചെയ്ത് പാര്‍ട്ടി ശുദ്ധീകരിക്കും. മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും ആന്ധ്രയിലും തെലുങ്കാനയിലും പാര്‍ട്ടി നാമ മാത്രമെ ഉള്ളൂ. അവശേഷിക്കുന്ന കര്‍ണ്ണാടകത്തില്‍ ആകട്ടെ അടുത്തവര്‍ഷം, കോണ്‍ഗ്രസിന് അധികാരം നിലനിര്‍ത്തുവാന്‍ സാധിക്കുമോ എന്നത് സംശയത്തില്‍ ആണ്.

മദ്ധ്യപ്രദേശില്‍ ദശാബ്ദങ്ങള്‍ ആയി കോണ്‍ഗ്രസ് അധികാരത്തില്‍ ഇല്ല. സംഘടനയും ദുര്‍ബ്ബലം. മഹാരാഷ്ട്രയിലും, രാജസ്ഥാനിലും കോണ്‍ഗ്രസ് അധികാരത്തില്‍ അല്ലെങ്കിലും സംഘടനക്ഷയോന്മുഖം ആണ്. ഗുജറാത്തും, ഉത്തര്‍പ്രദേശും, ബീഹാറും, ബംഗാളും, ഒഡീഷയും, ജമ്മു-കാശ്മീരും, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും നല്‍കുന്ന ചിത്രവും വ്യത്യസ്തം അല്ല. ഇവിടെ എല്ലാം കോണ്‍ഗ്രസ് അടക്കി വാണിരുന്നതാണ്. ഇവിടെ എല്ലാം പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുക എന്നത് രാഹുലിന് വലിയ ഒരു ഉത്തരവാദിത്വം ആയിരിക്കും.

ആശയപരമായി കോണ്‍ഗ്രസ് ഇന്ന് എവിടെ നില്‍ക്കുന്നു? രാഹുലും. സ്വാതന്ത്ര്യാനന്തര ദശകങ്ങളില്‍ കോണ്‍ഗ്രസ് സ്വാതന്ത്ര്യസമരത്തിന്റെയും, മതേതരത്വത്തിന്റെയും, ദേശീയതയുടെയും പേരില്‍ അധികാരത്തില്‍ നിലനിന്നു. ഇന്ന് സ്വാതന്ത്ര്യസമരം പഴയ ഒരു ഏടാണ് പുതിയ തലമുറയ്ക്ക്. മതേതരത്വത്തിന്റെയും ദേശീയതയുടെയും നിര്‍വ്വചനങ്ങള്‍ മാറിയിരിക്കുന്നു.  രാഹുലിന് ഇക്കാര്യത്തില്‍ എന്ത് ദിശാബോധം ആണ് ഉള്ളത്? ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അമ്പലങ്ങള്‍ ചുറ്റി ഇതുപോലെ ബി.ജെ.പി.യുടെ 'ബി' ടീം ആയി പ്രവര്‍ത്തിക്കുവാനാണോ പുതിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ പരിപാടി? ഇന്നത്തെ ഇന്‍ഡ്യയുടെ രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തീക സാഹചര്യത്തില്‍ എന്ത് നയപരിപാടി ആണ് രാഹുലിന് ഉള്ളത്? ഇതൊക്കെ ചോദിച്ചു പോകുവാന്‍ കാരണം രാഹുല്‍ രാഷ്ട്രീയമായി, ഭരണപരമായി ഒട്ടും പരീക്ഷിക്കപ്പെടാത്ത, തെളിയിക്കപ്പെടാത്ത ഒരു വ്യക്തി ആയതുകൊണ്ടാണ്.
കുടുംബവാഴ്ചയുടെ ആരോപണം അദ്ദേഹത്തിന്റെ തോളില്‍ ഒരു മാറാപ്പ് പോലെ ഉണ്ടാകും? കോണ്‍ഗ്രസിനെ കുടുംബവാഴ്ചയില്‍ നിന്നും സ്വതന്ത്രയാക്കി ജനാധിപത്യവല്‍ക്കരിക്കുവാന്‍ രാഹുലിന് ആകുമോ? പ്രാദേശിക നേതാക്കന്മാരെ വളര്‍ത്തുവാനും അവരെ ദേശീയ തലത്തില്‍ അവരോധിക്കുവാനും പുതിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന് സാധിക്കുമോ? നെഹ്‌റു-ഗാന്ധി കുടുംബത്തിന് അപ്പുറം കോണ്‍ഗ്രസിന് ഒരു ദേശീയ നേതൃനിര ഉണ്ടാകുമോ? അതിന് വഴി ഒരുക്കുവാന്‍ രാഹുലിന് കഴിയുമോ?

രാഹുല്‍ 2004 മുതല്‍ ലോകസഭ അംഗം ആണ്. 2007-ല്‍ അദ്ദേഹം അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മറ്റിയുടെ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍ ആയി അവരോധിക്കപ്പെട്ടു. കുടുംബഭരണത്തില്‍ ഇതൊന്നും വിഷയം അല്ല. 2013-ല്‍ അദ്ദേഹം കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനും ആയി.

എന്താണ് രാഹുല്‍ ഗാന്ധിയും സംഭവന പാര്‍ട്ടിക്കും, രാഷ്ട്രത്തിനും? അദ്ദേഹത്തിന്റെ വിദേശ അജ്ഞാതവാസങ്ങള്‍ ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രീയ നേതാവിന് യോജിച്ചത് ആണോ? അദ്ദേഹം ഇതിനൊന്നും ആരോടും ഉത്തരം പറയേണ്ടതായിട്ടില്ലേ? കോണ്‍ഗ്രസിലെ ഉള്‍പാര്‍ട്ടി ജനാധിപത്യം വിചിത്രം തന്നെ.

കോണ്‍ഗ്രസ് അദ്ധ്യക്ഷനായി അധികാരം ഏറ്റ് കഴിയുമ്പോള്‍ കുടുംബപേരിനപ്പുറം രാഹുലിന്റെ നേതൃപാടവം പരീക്ഷിക്കപ്പെടും. ആ അഗ്നിപരീക്ഷണം ആണ് രാഹുലിന് തരണം ചെയ്യുവാനുള്ളത്. പാര്‍ട്ടിക്കുള്ളില്‍ മുതിര്‍ന്ന തലമുറയില്‍ നിന്നോ ഇളം തലമുറയില്‍ നിന്നോ രാഹുലിന് വെല്ലുവിളി ഉണ്ടാവുകയില്ല. പക്ഷേ, ചോദ്യം ഇതാണ്, അദ്ദേഹം രാഷ്ട്രത്തിന് സ്വീകാര്യന്‍ ആകുമോ? കാരണം മോഡിയുടെയും സംഘപരിവാറിന്റെയും യുഗം ആണ് ഇത്. അസഹിഷ്ണുതയും അപ്രഖ്യാപിത ഫാസിസത്തിന്റെയും ചങ്ങാത്തമുതലാളിത്തിന്റെയും കൊള്ളയടിയും കാലം ആണ്. ഈ കാലഘട്ടത്തില്‍ പുതിയ വെല്ലുവിളികള്‍ ഏറ്റെടുത്ത് മോഡിക്ക് മുമ്പില്‍ കരുത്തനായ ഒരു കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ആകുവാന്‍ രാഹുലിന് കഴിയുമോ? ഈ ചോദ്യത്തിന് ഉത്തരം ആണ് രാജ്യം കാതോര്‍ത്ത് ഇരിക്കുന്നത്. ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ ആരോഗ്യപരമായ വളര്‍ച്ചക്ക് ശക്തനായ ഒരു പ്രതിപക്ഷവും പ്രതിപക്ഷനേതാവും അത്യന്താപേക്ഷിതം ആണ്.


കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുലിന് പാര്‍ട്ടിയെ പുനര്‍ജീവിപ്പിക്കുവാന്‍ കഴിയുമോ? (ദല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക