Image

ഓഖി ദുരന്തം: ആഴക്കടലില്‍ കപ്പലുകളുപയോഗിച്ചുള്ള തെരച്ചില്‍ തുടരണമെന്ന്‌ സര്‍ക്കാര്‍

Published on 09 December, 2017
ഓഖി ദുരന്തം: ആഴക്കടലില്‍ കപ്പലുകളുപയോഗിച്ചുള്ള തെരച്ചില്‍ തുടരണമെന്ന്‌ സര്‍ക്കാര്‍

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കാണാതായ മല്‍സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനും ജീവന്‍ നഷ്ടപ്പെട്ടവരുടെ മൃതശരീരം കരയിലെത്തിക്കുന്നതിനും കപ്പലുകളുപയോഗിച്ചുള്ള തെരച്ചില്‍ പത്ത്‌ ദിവസം കൂടി തുടരണമെന്ന്‌ നാവികസേന, കോസ്റ്റ്‌ ഗാര്‍ഡ്‌, വ്യോമസേന എന്നീ വിഭാഗങ്ങളോട്‌ സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടു. 

ഇത്‌ സംബന്ധിച്ച്‌ ചീഫ്‌ സെക്രട്ടറി ഡോ കെ എം എബ്രഹാം സേനാവിഭാഗങ്ങള്‍ക്കും കോസ്റ്റ്‌ ഗാര്‍ഡിനും അടിയന്തിരസന്ദേശമയച്ചു.

നേവിയും കോസ്റ്റ്‌ ഗാര്‍ഡും ആവശ്യമായ കപ്പലുകളുപയോഗിച്ച്‌ ആഴക്കടലില്‍ തെരച്ചില്‍ നടത്തണം. കപ്പലുകള്‍ വിഴിഞ്ഞം ഭാഗത്ത്‌ കൊണ്ടുവന്ന്‌ മല്‍സ്യത്തൊഴിലാളികളെക്കൂടി തെരച്ചിലിന്‌ കൊണ്ടുപോകണം.

തെരച്ചിലിന്‌ പോകാന്‍ സന്നദ്ധതയുള്ള മല്‍സ്യത്തൊഴിലാളികളെ തിരുവനന്തപുരം കളക്ടര്‍ വിഴിഞ്ഞത്തെത്തിക്കും.

തെരച്ചിലിനുപയോഗിക്കുന്ന ബോട്ടുകളിലും മല്‍സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തണം.കോസ്റ്റ്‌ ഗാര്‍ഡും നേവിയും ആവശ്യപ്പെട്ടാല്‍ ജില്ലാ ഭരണസംവിധാനം ഒരുദ്യോഗസ്ഥനെ തെരച്ചിലിനുള്ള കപ്പലില്‍ നിയോഗിക്കണം.

ചികില്‍സയ്‌ക്കും മൃതശരീരം കണ്ടെത്തിയാല്‍ അവ സൂക്ഷിക്കുന്നതിനും പ്രധാനതീരപ്രദേശകേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പ്‌ സൌകര്യമൊരുക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക