Image

സുരഭിയുടെ പ്രതികരണം അറിവില്ലായ്മ കൊണ്ട്; സുരഭിക്ക് മറുപടിയുമായി കമല്‍

Published on 09 December, 2017
സുരഭിയുടെ പ്രതികരണം അറിവില്ലായ്മ കൊണ്ട്; സുരഭിക്ക് മറുപടിയുമായി കമല്‍
ഐ.എഫ്.എഫ്.കെയില്‍ തന്നെ ക്ഷണിച്ചിട്ടില്ലെന്ന സുരഭിയുടെ പ്രതികരണം അറിവില്ലായ്മ കൊണ്ടായിരിക്കുമെന്ന് അക്കാദമി ചെയര്‍മാന്‍ കമല്‍. മലയാളത്തിന് ദേശീയ അവാര്‍ഡ് നേടിത്തന്ന സുരഭിയെ രാജ്യാന്തര സിനിമയില്‍നിന്ന് ഒഴിവാക്കിയെന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു കമല്‍.

ഐ.എഫ്.എഫ്.കെയില്‍ ദേശീയ അവാര്‍ഡ് ജേതാക്കളെ ആദരിക്കാറില്ലെന്നും സുരഭിയെ മാത്രമായി ക്ഷണിക്കാന്‍ കഴിയില്ലെന്നും കമല്‍ പറഞ്ഞു. മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചതു കൊണ്ട് വേദിയില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്നും കമല്‍ പറഞ്ഞു.

ഡെലിഗേറ്റ് പാസ് ഓണ്‍ലൈനില്‍ എടുക്കാന്‍ കഴിയാതിരുന്ന സുരഭി മണിയന്‍പിള്ള രാജുവിനോടു വിളിച്ചു കാര്യം പറഞ്ഞിരുന്നു. ദേശീയ അവാര്‍ഡ് ലഭിച്ച നടിയായതുകൊണ്ട് അവാര്‍ഡ് കിട്ടുമെന്നും അക്കാദമി ചെയര്‍മാന്‍ കമലിനെ വിളിച്ച് വിവരം പറഞ്ഞാല്‍ മതിയെന്നും രാജു പറഞ്ഞു. അതനുസരിച്ച് കമലിനെ വിളിച്ച് വിവരം പറഞ്ഞപ്പോള്‍ ഉടന്‍ തന്നെ പാസിന്റെ കാര്യം ഏര്‍പ്പാടാക്കാം എന്നാണ് പറഞ്ഞത്. എന്നാല്‍ പിന്നീട് അദ്ദേഹം വിളിച്ചിട്ടില്ലെന്ന് സുരഭി പറഞ്ഞു.

"കിങ് ഓഫ് പെക്കിങ്' മികച്ച ദൃശ്യാനുഭവം

സിനിമയ്ക്കുള്ളിലെ സിനിമ എന്നൊക്കെ നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. മലയാത്തില്‍ അത്തരം കുറേ ചിത്രങ്ങള്‍ കണ്ടിട്ടുമുണ്ട്. എന്നാല്‍ ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഉദ്ഘാടന ചിത്രമായ "കിങ് ഓഫ് പെക്കിങ്' കണ്ടു കഴിയുമ്പോള്‍ ഇങ്ങനെയും സിനിമകള്‍ നിര്‍മ്മിക്കാന്‍ കഴിയുമോ എന്ന അത്ഭുതമാണ് പ്രേക്ഷകരില്‍ ഉണ്ടാവുക.

സാംവോട്ട്‌സ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം മികച്ച കൈയ്യടക്കത്തിനുള്ള ഉദാഹരണമാണ്. സിനിമയെ ഒരുപാട് സ്‌നേഹിക്കുന്ന ഒരച്ഛന്റെയും അയാളുടെ മകന്റെയും ജീവിതവും അതിലെ പ്രയാണവും പ്രതിസന്ധികളുമാണ് കഥയില്‍. ഗ്രാമങ്ങള്‍ തോറും പ്രോജക്ടറുകള്‍ വച്ച് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന വോങിനേറും അയാളുടെ മകന്‍ കൊച്ചു വോങിറേയുമാണ് ചിത്രത്തില്‍ ആദ്യാവസാനം നിറഞ്ഞു നില്‍ക്കുന്നത്.
അഞ്ച് അധ്യായങ്ങളിലൂടെയാണ് സംവിധായകന്‍ വോങിന്റെ ജീവിതം ദൃശ്യവല്‍ക്കരിക്കുന്നത്. പ്രൊജക്ഷനിസ്റ്റ്, ദി ജനിറ്റര്‍, മൂവി പ്രൊഡ്യൂസര്‍, ദ് ബര്‍ഗ്‌ളര്‍, ദ് ബില്‍ഡര്‍ എന്നിവയാണ് ആ അധ്യായങ്ങള്‍. ഒരു ക്‌ളാസിക് ചിത്രം പ്രദര്‍ശിപ്പിക്കണമെന്നാണ് വോങിന്റെ ആഗ്രഹം. ജീവിക്കാനായി സിനിമാ തിയേറ്ററില്‍ ജോലി നോക്കുന്നതും പിന്നീട് വ്യാജ സി.ഡി നിര്‍മാണത്തിലേക്ക് വോങ് മാറുന്നതുമെല്ലാം വളരെ രസകരമായ രീതിയിലാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്.

വളരെ ചുരുക്കം കഥാപാത്രങ്ങളെ കൊണ്ടു തന്നെ മികച്ചൊരു സിനിമയൊരുക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു. ശരിയായ കാര്യങ്ങള്‍ ചെയ്യുന്നതിനാണെങ്കില്‍ പോലും അതിനു വേണ്ടി തെറ്റായ വഴികള്‍ തിറഞ്ഞെടുക്കുമ്പോള്‍ അത് കുട്ടികളെ എത്ര ആഴത്തില്‍ സ്വാധീനിക്കുമെന്നതും ഈ ചിത്രം കാട്ടിത്തരുന്നുണ്ട്. മികച്ച അവതരണ ഭംഗിയും ദൃശ്യവല്‍ക്കരണവും കൊണ്ട് പ്രേക്ഷകരെ ആകര്‍ഷിച്ച സിനിമ തന്നെയായിരുന്നു കിങ് ഓഫ് പെക്കിങ് എന്ന ചിത്രം.

രാജ്യത്തിന്റെ രാഷ്ട്രീയം ലോകത്തിന് മുന്നിലെത്തിക്കുക ലക്ഷ്യം - മെഹ്മത് സാലെ ഹാറൂണ്‍


ആഫ്രിക്കന്‍ രാജ്യമായ ചാഡിനെക്കുറിച്ച് ലോകത്തിനുണ്ടായിരുന്ന മിഥ്യാധാരണകള്‍ മാറ്റാനായിരുന്നു തന്റെ ചിത്രങ്ങളിലൂടെ ശ്രമിച്ചതെന്ന് സംവിധായകനും ചാഡ് സാംസ്കാരിക വകുപ്പ് മന്ത്രിയുമായ മെഹ്മത് സാലെ ഹാറൂണ്‍ പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് നിളയില്‍ നടന്ന "ഇന്‍ കോണ്‍വെര്‍സേഷനി'ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണ മനുഷ്യരുടെ ജീവതിത്തിലൂടെ ചാഡിന്റെ ഗഹനമായ സാംസ്കാരിക പാരമ്പര്യമാണ് ദൃശ്യവത്കരിക്കാന്‍ ശ്രമിച്ചത്. കേവലം ബോക്‌സ് ഓഫീസ് വിജയം വഴി പണം സമ്പാദിക്കാനല്ല സിനിമ ചെയ്യുന്നത്. ആഭ്യന്തര യുദ്ധം ശിഥിലമാക്കിയ ചാഡിന്റെ ദൈനംദിന ജീവിതത്തിലെ രാഷ്ട്രീയം ലോകത്തിനു മുന്നില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഇരുണ്ട ഭൂഖണ്ഡത്തിലെ കാഴ്ച്ചകള്‍ക്ക് വെളിച്ചം പകരേണ്ടത് തന്റെ കടമയാണെന്ന തിരിച്ചറിവാണ് സിനിമയില്‍ എത്തിച്ചത്.

രാജ്യത്ത് സിനിമാപാരമ്പര്യം ഇല്ലാത്തതുകൊണ്ട് കുട്ടിക്കാലത്തു കണ്ട ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യത്തെ സിനിമകള്‍ തന്നില്‍ സ്വാധീനം ചെലുത്തിട്ടുണ്ട്. സമൂഹത്തിലെ അസമത്വങ്ങളുടെ ഉത്തരം തേടലായിരുന്നില്ല തന്റെ സിനിമകള്‍. അവയെ ചോദ്യം ചെയ്യാനാണ് താന്‍ ശ്രമിച്ചത്. രാജ്യത്ത് നിര്‍മ്മിക്കപ്പെടുന്ന സിനിമകളുടെ എണ്ണം പരിമിതമായത് കൊണ്ട് സിനിമകള്‍ സര്‍ക്കാര്‍തലത്തില്‍ സെന്‍സര്‍ ചെയ്യുന്ന സമ്പ്രദായം നിലവില്‍ ഇല്ല. രാഷ്ട്രീയമായ സെന്‍സര്‍ഷിപ്പ് ഇല്ലെങ്കിലും സിനിമകള്‍ സാമൂഹികവും മതപരവുമായ സെന്‍സര്‍ഷിപ്പിന് വിധേയമാകുന്നുണ്ട്. അതുകാരണം സ്ത്രീകള്‍ക്ക് സ്വതന്ത്രമായി സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. തലസ്ഥാന നഗരമായ ന്യൂസമീയയില്‍ പോലും ഒരു തിയറ്റര്‍ മാത്രമാണുള്ളത്. ടെലിവിഷനാണ് ചാഡില്‍ സിനിമയെ ജനകീയവത്കരിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജവഹര്‍ ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയിലെ ആര്‍ട്‌സ് ആന്‍ഡ് ഏസ്‌തെറ്റിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ വീണ ഹരിഹരനാണ് മെഹ്മത് സാലെ ഹാറൂണുമായുള്ള ഇന്‍കോണ്‍വര്‍സേഷന്‍ നയിച്ചത്.

മേളയില്‍ ഡിസംബര്‍ 11-ന് സാത്താന്‍സ് സ്ലേവ്‌സടക്കം മികച്ച പത്ത് ചിത്രങ്ങള്‍

ജോകോ അന്‍വര്‍ സംവിധാനം നിര്‍വഹിച്ച ഇന്‍ഡോനേഷ്യന്‍ ഹൊറര്‍ മൂവി "സാത്താന്‍സ് സ്ലേവ്‌സ്', ജോര്‍ജ് ഒവാഷ് വിലി സംവിധാനം ചെയ്ത ജോര്‍ജിയന്‍ ചിത്രം "കിബുല', റോബിന്‍ കാംപില്ലോയുടെ ഫ്രഞ്ച് ചിത്രം "120 ബിപിഎം', മെക്‌സിക്കന്‍ സംവിധായകന്‍ മിഷേല്‍ ഫ്രാന്‍കോയുടെ "ആഫ്റ്റര്‍ ലൂസിയ' , ജാന്‍ സ്പെക്കാന്‍ബെഗ് തിരക്കഥയും സംവിധാനവും ചെയ്ത "ഫ്രീഡം' മാര്‍ത്ത മെസ്സാറോസിന്റെ ഹങ്കേറിയന്‍ ചിത്രം "ഔറോറ ബോറിയാലിസ്' , പെഡ്രോ പിനെയുടെ പോര്‍ച്ചുഗല്‍ ചിത്രം "നത്തിങ് ഫാക്ടറി' , ഹാസിം അയ്ഥേമിര്‍ സംവിധാനം ചെയ്ത "14 ജൂലൈ', മരിയ സദോസ്ക്കയുടെ "ദി ആര്‍ട് ഓഫ് ലവിങ്', രവി ജാദവ് സംവിധാനം ചെയ്ത "ന്യൂഡ്' എന്നിവ മേളയില്‍ നാളെ (ഡിസംബര്‍ 11) പ്രദര്‍ശിപ്പിക്കുന്ന പ്രധാന ചിത്രങ്ങളാണ്. പ്രമേയവും അവതരണരീതിയും സാമൂഹിക- സൗന്ദര്യാത്മക മേ•യുമാണ് ഈ ചിത്രങ്ങളെ മികച്ചതാക്കുന്നത്.

1980 കളുടെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രമാണ് "സാത്താന്‍സ് സ്ലേവ്‌സ്', മറ്റു ഹൊറര്‍ മൂവികളില്‍നിന്നു തികച്ചും വഴിമാറി നടന്ന ഈ ചിത്രം ഭയത്തിന് പുതിയൊരു പര്യായം നല്‍കുന്നു. ഇന്‍ഡോനേഷ്യന്‍ ചലച്ചിത്രമേളയില്‍ വിവിധ വിഭാഗങ്ങളിലായി എട്ടോളം അംഗീകാരങ്ങള്‍നേടിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത ചലച്ചിത്ര നിരൂപകന്‍ ജോകോ അന്‍വര്‍ ആണ്. നിശാഗന്ധിയില്‍ രാത്രി 10.30 നു ചിത്രം പ്രദര്‍ശിപ്പിക്കും .

സ്വാതന്ത്ര്യാനന്തരം ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട നേതാവ് ഒരു അട്ടിമറിയിലൂടെ സ്ഥാന ഭ്രഷ്ടനാവുന്നതും അദ്ദേഹത്തിന്റെ പലായനവും പ്രമേയമാകുന്ന സിനിമയാണ് "കിബുല' . അരക്ഷിത പരിസരങ്ങള്‍ക്കിടയിലും അതിജീവനത്തിനുള്ള കഥാപാത്രത്തിന്റെ ശ്രമങ്ങള്‍ കഥാഗതിയെ ആകാംക്ഷ നിറഞ്ഞതാക്കുന്നു. കൃപയില്‍ രാത്രി 8.30 നാണു ചിത്രം പ്രദര്‍ശിപ്പിക്കുക.

സാമൂഹിക പ്രസക്തമായ വിഷയം കൈകാര്യംചെയ്ത് ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഫ്രഞ്ച് സിനിമയാണ് "120 ബിപിഎം'. എയ്ഡ്‌സ് രോഗികള്‍ക്ക് സാന്ത്വനം പകരുന്ന പാരീസിലെ ആക്ട് അപ്പ് സംഘടനയിലെ സന്നദ്ധ സേവകരെക്കുറിച്ചുള്ള ചിത്രം കാന്‍, സാന്‍ സെബാസ്റ്റ്യന്‍ ഐ എഫ് എഫ് തുടങ്ങി വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പുരസ്കാരങ്ങള്‍ നേടി. ധന്യ തീയേറ്ററില്‍ ഉച്ചക്ക് 12 മണിക്കാണ് പ്രദര്‍ശനം .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക