Image

ഓഖി: 1843 കോടിയുടെ സഹായം വേണമെന്നു കേന്ദ്രത്തോടു മുഖ്യമന്ത്രി

Published on 09 December, 2017
ഓഖി: 1843 കോടിയുടെ സഹായം വേണമെന്നു കേന്ദ്രത്തോടു മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റില്‍ നഷ്ടം നേരിട്ടവര്‍ക്കു പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി കേന്ദ്രത്തെ സമീപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ചത്. 

1843 കോടിയുടെ സഹായംമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 300 കോടി രൂപ അടിയന്തരമായി അനുവദിക്കണം. വീടില്ലാത്ത മത്സ്യത്തൊഴിലാളികള്‍ക്കു വീടുവച്ചു നല്‍കണമെന്നും മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. ദുരിതക്കെടുതി വിലയിരുത്തുന്നതിനായി കേന്ദ്രസംഘം സംസ്ഥാനം സന്ദര്‍ശിക്കുമെന്നും ഇതിന്റെ തീയതികള്‍ പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചു.

മൂന്നുഘട്ടങ്ങളായി തിരിച്ചാണ് നിവേദനം തയാറാക്കിയിരിക്കുന്നത്. ഹ്രസ്വകാല (രണ്ടുവര്‍ഷം), മധ്യക്കാല (ആറുവര്‍ഷം), ദീര്‍ഘകാല (10 വര്‍ഷം) പദ്ധതികള്‍ക്കുള്ള സഹായത്തിന് തരംതിരിച്ചാണ് തുക ആവശ്യപ്പെട്ടിരിക്കുന്നത്. ഹ്രസ്വകാല സഹായത്തിന് 256 കോടിയും, മധ്യകാല സഹായത്തിന് 792 കോടിയും ദീര്‍ഘകാലസഹായമായി 795 കോടിയും ഉള്‍പ്പെടെയാണ് 1843 കോടി രൂപ അഭ്യര്‍ഥിച്ചുള്ള നിവേദനം കേരളം സമര്‍പ്പിച്ചത്. 

ചുഴലിക്കാറ്റില്‍ ഉള്‍പ്പെട്ട് മറ്റു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമെത്തിയ മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ അവിടങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷം മാത്രമേ കാണാതായവരുടെ കൃത്യമായ കണക്ക് പുറത്തുവിടാന്‍ കഴിയൂ എന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക