Image

കിങ്‌ ഓഫ്‌ പെക്കിങ്‌' മികച്ച ദൃശ്യാനുഭവം

Published on 09 December, 2017
കിങ്‌ ഓഫ്‌ പെക്കിങ്‌' മികച്ച ദൃശ്യാനുഭവം


സിനിമയ്‌ക്കുള്ളിലെ സിനിമ എന്നൊക്കെ നമ്മള്‍ ഒരുപാട്‌ കേട്ടിട്ടുണ്ട്‌. മലയാത്തില്‍ അത്തരം കുറേ ചിത്രങ്ങള്‍ കണ്ടിട്ടുമുണ്ട്‌. എന്നാല്‍ ഇരുപത്തിരണ്ടാമത്‌ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഉദ്‌ഘാടന ചിത്രമായ `കിങ്‌ ഓഫ്‌ പെക്കിങ്‌' കണ്ടു കഴിയുമ്പോള്‍ ഇങ്ങനെയും സിനിമകള്‍ നിര്‍മ്മിക്കാന്‍ കഴിയുമോ എന്ന അത്ഭുതമാണ്‌ പ്രേക്ഷകരില്‍ ഉണ്ടാവുക.

സാംവോട്ട്‌സ്‌ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ചിത്രം മികച്ച കൈയ്യടക്കത്തിനുള്ള ഉദാഹരണമാണ്‌. സിനിമയെ ഒരുപാട്‌ സ്‌നേഹിക്കുന്ന ഒരച്ഛന്റെയും അയാളുടെ മകന്റെയും ജീവിതവും അതിലെ പ്രയാണവും പ്രതിസന്ധികളുമാണ്‌ കഥയില്‍. ഗ്രാമങ്ങള്‍ തോറും പ്രോജക്‌ടറുകള്‍ വച്ച്‌ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന വോങിനേറും അയാളുടെ മകന്‍ കൊച്ചു വോങിറേയുമാണ്‌ ചിത്രത്തില്‍ ആദ്യാവസാനം നിറഞ്ഞു നില്‍ക്കുന്നത്‌.
അഞ്ച്‌ അധ്യായങ്ങളിലൂടെയാണ്‌ സംവിധായകന്‍ വോങിന്റെ ജീവിതം ദൃശ്യവല്‍ക്കരിക്കുന്നത്‌. പ്രൊജക്ഷനിസ്റ്റ്‌, ദി ജനിറ്റര്‍, മൂവി പ്രൊഡ്യൂസര്‍, ദ്‌ ബര്‍ഗ്‌ളര്‍, ദ്‌ ബില്‍ഡര്‍ എന്നിവയാണ്‌ ആ അധ്യായങ്ങള്‍. ഒരു ക്‌ളാസിക്‌ ചിത്രം പ്രദര്‍ശിപ്പിക്കണമെന്നാണ്‌ വോങിന്റെ ആഗ്രഹം. ജീവിക്കാനായി സിനിമാ തിയേറ്ററില്‍ ജോലി നോക്കുന്നതും പിന്നീട്‌ വ്യാജ സി.ഡി നിര്‍മാണത്തിലേക്ക്‌ വോങ്‌ മാറുന്നതുമെല്ലാം വളരെ രസകരമായ രീതിയിലാണ്‌ സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്‌.

വളരെ ചുരുക്കം കഥാപാത്രങ്ങളെ കൊണ്ടു തന്നെ മികച്ചൊരു സിനിമയൊരുക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു. ശരിയായ കാര്യങ്ങള്‍ ചെയ്യുന്നതിനാണെങ്കില്‍ പോലും അതിനു വേണ്ടി തെറ്റായ വഴികള്‍ തിറഞ്ഞെടുക്കുമ്പോള്‍ അത്‌ കുട്ടികളെ എത്ര ആഴത്തില്‍ സ്വാധീനിക്കുമെന്നതും ഈ ചിത്രം കാട്ടിത്തരുന്നുണ്ട്‌. മികച്ച അവതരണ ഭംഗിയും ദൃശ്യവല്‍ക്കരണവും കൊണ്ട്‌ പ്രേക്ഷകരെ ആകര്‍ഷിച്ച സിനിമ തന്നെയായിരുന്നു കിങ്‌ ഓഫ്‌ പെക്കിങ്‌ എന്ന ചിത്രം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക