Image

ജീവിതത്തിനും മരണത്തിനുമിടയിലെ `ഷെല്‍ട്ടര്‍'

Published on 10 December, 2017
          ജീവിതത്തിനും മരണത്തിനുമിടയിലെ `ഷെല്‍ട്ടര്‍'

യുദ്ധമാകട്ടെ, പ്രകൃതി ദുരന്തങ്ങളാകട്ടെ, അതിന്റെദുരന്തതയും പ്രത്യാഘാതങ്ങളും ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത്‌ സ്‌ത്രീകളാണ്‌. അതിജീവനത്തിനിടയില്‍ പ്രാണനും മാനവും സംരക്ഷിക്കാന്‍ അവര്‍ ഏല്‍ക്കുന്ന മുറിവുകളും അനുഭവിക്കേണ്ടി വരുന്ന വേദനകളും പലപ്പോഴും വാക്കുകള്‍ക്കതീതമായിരിക്കും. പല യുദ്ധഭൂമികളില്‍ നിന്നും അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്നും നമുക്ക്‌ കേള്‍ക്കാന്‍ കഴിയുന്നതും സ്‌ത്രീകളുടെ ഇത്തരം വിലാപങ്ങളാണ്‌.

സ്വന്തം ജീവന്‍ മരണത്തെ മുഖാമുഖം കാണുമ്പോഴും മറ്റുളളവരുടെ ജീവനും ജീവിതവും രക്ഷിക്കാന്‍ വേണ്ടി പ്രയത്‌നിക്കുന്നവരുടെ കഥയാണ്‌ ജര്‍മ്മന്‍ ചിത്രമായ `ഷെല്‍ട്ടര്‍' പറയുന്നത്‌. രാജ്യങ്ങള്‍ തമ്മിലുള്ള അദികാരതര്‍ക്കങ്ങള്‍ക്കും പരസ്‌പരം നിഗ്രഹിക്കാനുള്ള യുദ്ധങ്ങള്‍ക്കുമിടയില്‍ പ്രാണഭീതിയോടെ ജീവിക്കേണ്ടി വരുന്ന മനുഷ്യരുടെ കഥയാണ്‌ ഷെല്‍ട്ടര്‍ പറയുന്നത്‌.

ഇന്തായേല്‍ ചാരസംഘടനയില്‍ പ്രവര്‍ത്തിക്കുന്ന നവോമി( നെത റിക്‌സിന്‍) മോന(ഗോള്‍ഷിഫ്‌റ്റെ ഫരഹാനി) എന്നിവരാണ്‌ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ജീവിതത്തിനും മരണത്തിനുമിടിയിലെ പോരാട്ടങ്ങള്‍ക്കും അതിനിടയിലെ ഒളിത്താവള ജീവിതത്തിലും അവര്‍ പരസ്‌പരം തിരിച്ചറിയുന്നതും സ്‌നേഹിക്കുന്നതുമാണ്‌ ചിത്രം കാട്ടിത്തരുന്നത്‌. 

നിരവധി ഓപ്പറേഷനുകളില്‍ മോന പങ്കാളിയായിട്ടുണ്ട്‌. എന്നാല്‍ അത്തരത്തില്‍ സദാ ഭയത്തിന്റെയും ആക്രമണത്തിന്റെയും മുള്‍മുനയില്‍ നില്‍ക്കുന്ന ജീവിതം അവസാനിപ്പിക്കാന്‍ മുഖം പ്‌ളാസ്റ്റിക്‌ സര്‍ജറി നടത്തി വിശ്രമിക്കുകയാണ്‌ അവള്‍. തന്റെ പഴയ ജീവിതത്തിന്റെ പ്രതീകമായ മുഖം മാറ്റി പുതിയ ഒരു മുഖത്തിലേക്കും അതുവഴി പുതിയൊരു ജീവിതത്തിലേക്കും കടക്കാനുള്ള ശ്രമങ്ങളിലാണ്‌ മോന. ഏതു നിമിഷവും അപകടത്തില്‍ പെടാവുന്ന ജീവനും നെഞ്ചിലൊതുക്കിയാണ്‌ മോനയുടെ ജീവിതം. 

 കുടുംബബന്ധങ്ങളുടെ തകര്‍ച്ചയും അവളുടെ ഹൃദയത്തെ വല്ലാതെ ഉലയ്‌ക്കുന്നു. എല്ലാവരും വെറുക്കുന്ന ഒരാളാണ്‌ അവളുടെ ഭര്‍ത്താവ്‌. ഏകമകനാകട്ടെ, മറ്റെവിടെയോ ജീവിക്കുന്നു. അതെവിടെയാണെന്നു പോലും മോനയ്‌ക്കറിയില്ല. അനേകം രഹസ്യങ്ങളാണ്‌ അവളുടെ നെഞ്ചില്‍ ഉറങ്ങുന്നത്‌. അപകടകരമായ തന്റെ പഴയ ജീവിതത്തില്‍ നിന്നുള്ള ഒരു വഴിമാറി നടക്കല്‍കൂടിയാണ്‌ മോനയ്‌ക്ക്‌ മുഖം മാറ്റിയ പ്‌ളാസ്റ്റിക്‌ സര്‍ജറി. എന്നാല്‍ അതുകൊണ്ടു മാത്രം തന്റെ ജീവിതം രക്ഷപെടുകയില്ലെന്ന്‌ അവള്‍ക്കറിയാം.

മോനയുടെ സംരക്ഷണത്തിനും അവളെ നിരീക്ഷിക്കാനുമായി മറ്റൊരു ചാരവനിതയായ നവോമി നിയോഗിക്കപ്പെടുന്നു. മറ്റാരുമറിയാതെ മോന രഹസ്യമായി താമസിക്കുന്ന ഫ്‌ളാറ്റില്‍ നവോമിയും എത്തുന്നു. മോനയെ പോലെ തന്നെ അവളും അരക്ഷിതാവസ്ഥയുടെ നടുക്കാണ്‌ ജീവിക്കുന്നത്‌. എല്ലാ പോരാട്ടങ്ങളും അവസാനിപ്പിച്ച്‌ സ്വസ്ഥമായ ഒരു കുടുംബജീവിതം അവളും ആഗ്രഹിക്കുന്നുണ്ട്‌. 

ഒരു കുഞ്ഞിനെ പ്രസവികക്കുകയെന്നതാണ്‌ അവളുടെ ആഗ്രഹം. പക്ഷേ തൊട്ടടുത്ത നിമിഷം തന്നെ ആക്രമിക്കുന്ന എതിരാളി ആരെന്നു പോലുമറിയാതെ കഴിയുകയാണ്‌ അവളും. ഭയത്തോടെയാണ്‌ അവളുടെ ഓരോ ചുവടുവയ്‌പ്പുകളും. അരക്ഷിതാവസ്ഥയുടെ വിഭിന്ന തലങ്ങളില്‍ നില്‍ക്കുന്ന ഈ രണ്ടു സ്‌ത്രീകള്‍ക്കിടയിലും ഉണ്ടാകുന്ന ആത്മബന്ധവും അതിതീവ്രമായ വൈകാരിക സംഘര്‍ഷങ്ങളുമാണ്‌ ചിത്രത്തിന്റെ പ്രമേയം.

നവോമിയെ ആദ്യമെല്ലാം സംശയത്തോടെയാണ്‌ മോന വീക്ഷിക്കുന്നത്‌. അവളുടെ സാമീപ്യത്തില്‍ തനിക്ക്‌ ഇപ്പോഴുള്ള സുരക്ഷിതത്വം പോലും ഇല്ലാതാകുമോ എന്നവള്‍ ഭയപ്പെടുന്നു. എന്നാല്‍ പിന്നീട്‌ അവള്‍ നവോമിയിലെ നന്‍മയേയും കാരുണ്യത്തേയും തിരിച്ചറിയുന്നു. 

തന്റെ പരിമിതികളെ ഭേദിച്ചും അധികൃതരുടെ വിലക്കുകളെ മറികടന്നും മോനയുടെ മകനെ അന്വേഷിച്ച്‌ അവള്‍ ലെബനനിലേക്ക്‌ യാത്ര പോകാന്‍ തീരുമാനിക്കുന്നതും അതുകൊണ്ടു തന്നെയാണ്‌. ജീവിതം എന്നേയ്‌ക്കും ഇരുളിലല്ല എന്നും പ്രതീക്ഷകളുടെ പച്ചപ്പുകള്‍ ഇനിയും കാണാനാകുമെന്നും ഓര്‍മ്മപ്പെടുത്തി ജീവിതത്തിന്റെ പ്രസാദാത്മകമായ ഒരു ദൃശ്യത്തിലേക്ക്‌ ക്യാമറ തിരിച്ചുകൊണ്ടാണ്‌ ചിത്രം അവസാനിക്കുന്നത്‌.

രണ്ടു സ്‌ത്രീകള്‍ക്കിടയിലെ ആന്തരികവും വൈകാരികവുമായ സംഘര്‍ഷങ്ങള്‍ക്ക്‌ പ്രാമുഖ്യം നല്‍കിയാണ്‌ സംവിധായകനായ ഇറാന്‍ റിക്‌ളിസ്‌ ഈ ചിത്രം അവതരിപ്പിച്ചിട്ടുള്ളത്‌. പ്രമേയത്തിന്റെ വ്യത്യസ്‌തതയും അതിന്റെ ട്രീറ്റ്‌മെന്‍രും കാണികളെ ഏറെ ആകര്‍ഷിക്കുന്നതായിരുന്നു എന്നു പറയാതെ വയ്യ. പുരുഷ കഥാപാത്രങ്ങളുണ്ടെങ്കിലും നായികാ കഥാപാത്രങ്ങള്‍ക്കാണ്‌ പ്രധാനം. 

ഏതു പ്രതിസന്ധിയെയും നേരിടുന്ന ആപത്തുകളില്‍ ആത്മധൈര്യം കൈവിടാതെ ജീവന്‍ പണയം വച്ചും തീരുമാനങ്ങളെടുക്കുകയും നന്‍മയ്‌ക്കായി പൊരുതുകയും ചെയ്യുന്ന സ്‌ത്രീകളുടെ കഥ കൂടിയാണ്‌ ഷെല്‍ട്ടറില്‍ നമുക്ക്‌ കാണാന്‍ കഴിയുക.സ്‌ത്രീപക്ഷ കാഴ്‌ചപ്പാടോടെ എടുത്തിട്ടുള്ള സിനിമ പ്രേക്ഷകര്‍ നിറഞ്ഞ കൈയ്യടിയോടെ സ്വീകരിച്ചതും അതിന്റെ തെളിവാണ്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക