Image

മീന്‍കാരന്‍ ബാപ്പ (കവിത- അബ്ദുള്‍ പുന്നയൂര്‍ക്കുളം)

അബ്ദുള്‍ പുന്നയൂര്‍ക്കുളം Published on 11 December, 2017
മീന്‍കാരന്‍ ബാപ്പ (കവിത- അബ്ദുള്‍ പുന്നയൂര്‍ക്കുളം)
മീന്‍കാരനായ എന്റെ ബാപ്പ
സുബ്ഹ് വിളിക്ക് മുമ്പായി
കടപ്പുറം പോയി മീന്‍ വാങ്ങി,
തലയിലേറ്റി വീടുവീടാന്തരം  കയറിയിറങ്ങി,
രാവേറെ വൈകിയെത്തുന്നത്
എനിക്കപരിചിതമായിരുന്നു

കാസരോഗിയെപ്പോയെപ്പോലെ കിതച്ചും ചുമച്ചും
ചുമടിറക്കാന്‍ ഒരത്താണി കാണും വരെ 
ചുട്ടമണ്ണിലൂടെ നഗ്നപാദനായാണ് ബാപ്പ
നടന്നിരുന്നതെന്ന് എനിക്കറിയില്ലായിരുന്നു!

ചുടേറുമ്പോള്‍ ബാപ്പയുടെ മുണ്ഡനം
ചെയ്ത ശിരസ്സില്‍ നിന്നൊഴുകിവരുന്ന
സ്വേദമുത്തുകളൊപ്പുന്ന
ഉറുമാലിന്റെ എണ്ണമേറിയിരുന്നത്
എനിക്കജ്ഞാതമായിരുന്നു!

ചോരുന്ന കുടില്‍ കെട്ടാനുപ്പ ദൂരെ
നിന്നോല കൊണ്ടു വന്നതും പാതിരാത്രിയില്‍
ചോര്‍ച്ച മാറ്റിയതും ഞനറിഞ്ഞിരുന്നില്ല!
ബാപ്പ കൊണ്ടു വരുന്ന ഇഷ്ട ഭോജ്യങ്ങള്‍
ചിരി കളി തമാശയോടെ ഭുജിക്കുമ്പോഴതിന്റെ
ഉറവിടത്തെപ്പറ്റി ഒരിക്കലും ചിന്തിച്ചിട്ടില്ല!

ജീവിത ഭാരമേറിയപ്പോള്‍
ബാപ്പ ചുമട് തലയില്‍ നിന്ന് ചുമലിലേക്കും,
പിന്നെ കാവിലേക്ക് മാറ്റിയതും
കാവും ചുമലും ഞെളിപിരികൊണ്ട് കരഞ്ഞതും
ബാപ്പക്ക് കൂന് വീണതും
വീണ് തുടയെല്ല് പൊട്ടിയതും
മുടന്തി നടന്നതും ഞാന്‍ ഗൗനിച്ചില്ല!

കിടപ്പിലായ  ബാപ്പായെ മീന്‍ മണമുണ്ടെന്നാരോപിച്ചു
ഉമ്മ മാറ്റി കിടത്തിയതും മാസങ്ങള്‍ പിന്നിട്ടിട്ടും
മണം മാറുന്നില്ലെന്ന് മുറുമുറുത്തുമ്മ ഉറ്റവരെ അകറ്റി നിര്‍ത്തിയതും 
ഏവരുമറിഞ്ഞെങ്കിലും ആരുമൊന്നുമുരിയാടിയില്ല!

ഉപ്പയുടെ വരണ്ട തൊണ്ടയില്‍ നിന്ന് 
ആഴത്തിലുള്ള ശബ്ദം ചിലമ്പി വീഴുന്നതും
ആദ്രമായ നേത്ര ഗോളങ്ങളെന്നെ പിന്തുടരുന്നതും
ഞാനവഗണിച്ചെങ്കിലും, ഒടുവില്‍ ഒട്ടിയ കവിളിലൂടെ അശ്രു
ചാല്‍ കീറിയത്, നനവുകള്‍ വറ്റിപ്പോയ ഭൂമിപോലെ
ഉണങ്ങിയിരുന്നത് കണ്ടില്ലെന്ന് നടിക്കാന്‍ മകനെനിക്കായില്ല!!

**കാവ്- തോളില്‍ ഭാരം വഹിക്കാന്‍ ഉപയോഗിക്കുന്ന തണ്ട്‌

Join WhatsApp News
Sudhir Panikkaveetil 2017-12-11 08:40:51

 The poem is about a son who remembes his father through his labor, he sees him as bastions of support. But the son did not realize it till at the end. The poem seems to be simple but it exposes and fairly convey reality.

ഡോ.ശശിധരൻ 2017-12-11 16:40:46
ഈ ലോകത്തിൽ ആകാശത്തിനേക്കാൾ ഉയരമുള്ളത് തന്റെ സ്നേഹനിധിയായ മീൻകാരൻ ബാപ്പക്കാണെന്ന ഗ്രാമീണമായ നാടൻ ജീവിതയാഥാർഥ്യം,ആത്മശോഭയോടുകൂടി ശ്രീ അബ്ദുൾ പുന്നയൂർക്കുളം അക്ഷയകാന്തിയോടെ ,വികാരവിചാര സമന്വയത്തോടെ വിതുമ്പി എഴുതിയ ഈ കവിത എല്ലാ ബാപ്പമാർക്കുമുള്ള ഒരു ആത്മസമർപ്പണമാണ് .ഏറ്റുവും ലളിതമായ കുറഞ്ഞ വാക്കുകൾ ഉപയോഗിച്ചു ജീവിത സത്യത്തിന്റെ ആശ്ലേഷംകൊണ്ട്‌ വസന്തം അശോകമരത്തെയെന്നപോലെ ശ്രീ അബ്ദുൾ പുന്നയൂർക്കുളം എല്ലാ ആളുകളെയും ഒരേ സമയത്തു ആനന്ദിപ്പിക്കുകയും , എളിമ കൊണ്ട് ശോഭിപ്പിക്കുകയും ചെയ്യുന്നു .അങ്ങേയറ്റത്തെ യാഥാർഥ്യ മധുരിമയോടെ അർത്ഥതലത്തിലും ,ശബ്ദതലത്തിലും ,ഭാവതലത്തിലും ,സംസ്ക്കാരതലത്തിലും എഴുതിയ ഈ കവിത സാഹിത്യം വിവിധ അന്തർഭാവങ്ങളോടുകൂടിയ ജീവിതമാണെന്ന് ആവർത്തിച്ച് തെളിയിച്ചിരിക്കുന്നു (ഡോ.ശശിധരൻ)
andrew 2017-12-11 20:46:59
Beautiful, Abu. I know it is a product of your inner self. 
വിദ്യാധരൻ 2017-12-11 22:35:37
നോക്കുന്നില്ലിതിൻറെ വൃത്തവും ഭംഗിയും 
നോക്കുന്നതോ ഇതിലെ നിർവ്യാജഭാവത്തെ
പച്ചമനുഷ്യന്റെ ജീവിത നാഡിമിടിപ്പിനാൽ 
മെച്ചമാണിതിലെ ഓരോ വരികളും 
ഏതൊരു ബാപ്പയും കേൾക്കാൻ കൊതിക്കുന്ന 
ചേതോഹരമാം പുത്രന്റെ സ്നേഹ സമ്മാനം നൂനം. 
XXXXXXX XXXXXXX XXXXXXX XXXXXXX XXXXXXX 
ആധുനികതയുടെ പേരിൽ പടയ്ക്കുന്നു
മേധയിൽ കേറാത്തതെന്തൊക്കൊയോ ഇന്ന്    
മറുഭാഷയോ കമ്പ്യൂട്ടർ ഭാഷയോ? ആർ-
ക്കറിയാം!  ഭ്രാന്ത് പിടിക്കും വായിച്ചാലുടൻ. 
നല്ലതല്ലെന്നെങ്ങാൻ ചൊന്നുപോയാലുടൻ 
ഭള്ളു വിളിക്കും ബാപ്പായ്ക്കും ഉമ്മായ്ക്കും 
പിന്നെടുത്തു കാണിക്കും പൊന്നാട ഫലകങ്ങൾ 
'തന്നെ ഞാൻ കണ്ടോളം' എന്നൊരു ഭീഷണീം 
എന്തിന് സമവാക്യസമ  കവിത കുറച്ചിട്ട് 
എന്തിന് ഞങ്ങളെ നട്ടം തിരിക്കുന്നിങ്ങനെ? 
നിറുത്തുക മനുഷ്യ ഗന്ധമില്ലാത്ത രചനകൾ 
നിറുത്തി നിങ്ങൾ പോയി  മീൻ പിടിച്ചു വില്കുവിൻ

Jyothylakshmy Nambiar 2017-12-12 02:32:54
കുട്ടികൾക്ക് വേണ്ടി കഷ്ടപ്പെടുന്നതും, അവർക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കുന്നതും, അവരുടെ ഭാവി സുരക്ഷിതമാക്കുന്നതും മാതാപിതാക്കളുടെ കടമമാത്രമാണെന്നു അവകാശപ്പെടുന്ന പുതിയ തലമുറയുടെ കണ്ണുതുറക്കാൻ ഇത്തരം ആശയങ്ങളടങ്ങുന്ന കവിതകളും, ലേഖനങ്ങളും, കഥകളും അനിവാര്യമാണ്    
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക