Image

റിട്ടേണി' അശാന്തിയുടെ മണ്ണിലൂടെ ഒരു യാത്ര

Published on 13 December, 2017
റിട്ടേണി' അശാന്തിയുടെ മണ്ണിലൂടെ ഒരു യാത്ര


സാബിത്‌ ജെര്‍മന്‍ ബെക്കോവിന്റെ `റിട്ടേണി' എന്ന ചിത്രം പ്രേക്ഷകന്റെ ഉള്ളുലയ്‌ക്കാന്‍ പോന്ന വിധം വികാരതീക്ഷ്‌ണമായ സംഭവവികാസങ്ങള്‍ കൊണ്ടു നിറഞ്ഞതാണ്‌. തിയേറ്റര്‍ വിട്ടിറങ്ങിയാലും അസ്വസ്ഥതയും അശാന്തിയും മനസില്‍ നിന്നു വിട്ടൊഴിയാന്‍ സമ്മതിക്കാത്ത സിനിമ എന്നു റിട്ടേണ്ടിയെ വിശേഷിപ്പിച്ചാലും അത്‌ തെറ്റാവില്ല.

അതിജീവനത്തിന്റെ പാതകളില്‍ നിലനില്‍പ്പിനു വേണ്ടി സാഹചര്യങ്ങളുമായി പോരടിക്കേണ്ടി വരുന്ന ദുര്‍ബലരായ മനുഷ്യരുടെ കഥയാണ്‌ ഈ കസാഖ്‌സതാന്‍ സിനിമ പറയുന്നത്‌. ചിത്രത്തിലെ നായകനായ സവാര്‍ക്കുള്‍സും കുടുംബവും അഫ്‌ഗാനിസ്ഥാനില്‍ നിന്നും കസാഖ്‌സ്‌താനിലേക്കു പോകാനാവശ്യമായ രേഖകള്‍ സംഘടിപ്പിച്ചു അവിടേക്ക്‌ യാത്ര തിരിക്കുന്നു. യാത്രയ്‌ക്കിടയില്‍ അവരുടെ മതവിശ്വാസത്തിന്റെയും സമൂഹത്തിന്റെ തന്നെയും നിരവധി എതിര്‍പ്പുകളാണ്‌ സവാര്‍ക്കുള്‍സിനും കുടുംബത്തിനും നേരിടേണ്ടി വരുന്നത്‌. അത്‌ മറികടന്ന്‌ അവര്‍ യാത്ര തുടരുകയാണ്‌. കസാഖ്‌സ്‌താന്റെ യുദ്ധാനന്തര പ്രദേശത്ത്‌ അവര്‍ എത്തിച്ചരുന്ന. സവാര്‍ക്കുള്‍സിനാകട്ടെ, പള്ളിയുമായി ബന്ധപ്പെട്ട ജോലികള്‍ മാത്രമാണ്‌ അറിയാവുന്നത്‌. അയാളുടെ ഭാര്യ തികച്ചും യാഥാസ്ഥികത്വത്തിന്റെ പ്രതീകമാണ്‌. ശരീരമാസകലം കറുത്ത വസ്‌ത്രത്തില്‍ പൊതിഞ്ഞ രൂപം. 

ഈ ഗ്രാമത്തിലെത്തിയ സവാര്‍ക്കുള്‍സിനും കുടുംബത്തിനും നിനനില്‍പ്പിനായി എന്തെങ്കിലും ജോലി ചെയ്‌തേ മതിയാകൂ എന്ന അവസ്ഥയിലെത്തുന്നു. അയാള്‍ക്കാകട്ടെ പള്ളിയുമായി ബന്ധപ്പെട്ട ജോലികളല്ലാതെ മറ്റൊന്നും അറിയില്ല. ആ ഗ്രാമത്തില്‍ പള്ളിയുമില്ല. മുന്നോട്ടുള്ള ജീവിതം അവര്‍ക്കു മുന്നില്‍ ഒരു ചോദ്യചിഹ്നമാകുന്നു. മകളെ വിദ്യാഭ്യാസം ചെയ്യിക്കാത്തതിന്‌ ആ ഗ്രാമത്തിലെ ഭരണാധികാരി സവാര്‍ക്കുള്‍സിനെ വഴക്കു പറയുന്നു പോലുമുണ്ട്‌. അയാളുടെ കുടുംബത്തിന്റെ ചിത്രം പ്രേക്ഷകരില്‍ വേദനയുളവാക്കുന്നു. 

പിന്നീട്‌ അവര്‍ ആ ഗ്രാമത്തില്‍ തങ്ങളുടേതായ ഒരു ജീവിതം ആരംഭിക്കുകയാണ്‌. മുമ്പ്‌ നടന്ന യുദ്ധത്തില്‍ തകര്‍ന്നു തരിപ്പണമായി പോയ ഗ്രാമത്തിലെ പള്ളി അയാള്‍ പുതുക്കി പണിയാന്‍ തുടങ്ങുന്നു. അയാളെ സംബന്ധിച്ച്‌ ഒന്നുമില്ലാത്ത ജീവിതത്തില്‍ പ്രത്യാശയുടെ കച്ചിത്തുരുമ്പാണ്‌ ആ പള്ളി. അതു പണിയുന്നതില്‍ തന്റെ അതിജീവനം കൂടി അയാള്‍ സാധ്യമാക്കുകയാണ്‌. വിശ്വാസവും വിശപ്പും തമ്മിലുള്ള ബന്ധം എന്നു പോലും പ്രേക്ഷകനെ കൊണ്ടു ചിന്തിപ്പിക്കുന്ന സിനിമ. ഇതിനിടയില്‍ സവാര്‍ക്കുള്‍സിന്റെ പിതാവ്‌ മരണമടയുന്നു. എന്നാല്‍ ആ ഗ്രാമത്തില്‍ തന്റെ പിതാവിന്റെ മൃതദേഹം സംസ്‌ക്കരിക്കാനുള്ള ഇടമില്ലാതെ അയാള്‍ ഉഴലുന്നു. ഒടുവില്‍ ദൂരെയുള്ള ഒരു സെമിത്തേരിയില്‍ അതിക്രമിച്ചു കടന്ന്‌ അയാള്‍ തന്റെ പിതാവിന്റെ മൃതദേഹം അടക്കാന്‍ ശ്രമിക്കുന്നതിനിടെ ശ്‌മശാനത്തില്‍ വച്ച്‌ അയാളെ കൈയ്യോടെ പിടികൂടുന്നു. സ്വന്തം പിതാവിന്റെ ചേതനയറ്റ ശരീരം അടക്കം ചെയ്യാന്‍ ഇത്തിര മണ്ണ്‌. അതു മാത്രമായിരുന്നു അയാള്‍ക്കു വേണ്ടിയിരുന്നത്‌. എന്നാല്‍ സവാള്‍ക്കൂസിന്റെ ജീവിതത്തിന്റെ ദൈന്യത തിരിച്ചറിഞ്ഞ പട്ടാളക്കാരന്‍ പിതാവിന്റെ മൃതദേഹം അടക്കം ചെയ്യാന്‍ സമ്മതിക്കുന്നു. പട്ടാളക്കാരന്‍ കുരിശുവരയ്‌ക്കുമ്പോഴും അയാളിലെ മനുഷ്യത്വം തുറന്നു കാട്ടുമ്പോഴും പ്രേക്ഷകര്‍ ആ രംഗങ്ങള്‍ കൈയ്യടിച്ചാണ്‌ സ്വീകരിക്കുന്നത്‌.

ചിത്രത്തിന്റെ അവസാനം കസാഖ്‌സ്‌താനില്‍ വിഗദ്ധ ചികിത്സ ലഭിക്കുന്നതോടെ സവാള്‍ക്കൂസിന്റെ ഊമയായ മകള്‍ക്ക്‌ ശബ്‌ദം തിരിച്ചു കിട്ടുന്നു. അശാന്തിയും അനിശ്ചിതത്വവും നിറഞ്ഞ ദുരിതയാത്രയ്‌ക്കൊടുവില്‍ സവാള്‍ക്കുസീനു മാത്രമായി കിട്ടുന്ന ലന്തോഷമല്ലത്‌. മറിച്ച്‌ ആ സന്തോഷം ലഭിക്കുന്നത്‌ സിനിമയ്‌ക്കൊപ്പം സഞ്ചരിച്ച പ്രേക്ഷകനും കൂടിയാണ്‌. ദേശത്തിന്റെയും രാജ്യത്തിന്റെയും അതിര്‍ത്തികള്‍ മായുമ്പോള്‍ മനുഷ്യ സംസ്‌ക്കാരത്തിലും ജീവിതത്തിലും വരുന്ന വ്യതിയാനങ്ങളും അതിന്റെ പ്രതിഫലനങ്ങളും ഈ ചിത്രം നമ്മെ കാണിച്ചു തരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക