Image

കലാവേദി സംഘടനകള്‍ക്കു മാതൃക (ത്രേസ്യാമ്മ തോമസ്)

ത്രേസ്യാമ്മ തോമസ് Published on 14 December, 2017
കലാവേദി സംഘടനകള്‍ക്കു മാതൃക (ത്രേസ്യാമ്മ തോമസ്)
ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസത്തിന്റെ സുഖമുള്ള ഒരു സന്ധ്യയില്‍ ന്യൂയോര്‍ക്കിലെ ഇര്‍ വിന്‍ ഓള്‍ട്ട്മാന്‍ ഓഡിറ്റോറിയത്തിന്റെ വിശാലതയില്‍ ഇരുന്ന് കലാവേദിയുടെ കലാവിരുന്ന് ഞാനും കുടുംബവും ആസ്വദിച്ചു.

പ്രവാസികളായ കലാകാരന്മാരെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആ ദൃശ്യോത്സവം അതിമനോഹരമായിരുന്നു. രശ്മി നായരുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ചാരുതയാര്‍ന്ന നടനങ്ങള്‍, താളലയങ്ങളുടെ കൊടിപാറിപ്പിച്ച കലാ സാക്ഷാത്ക്കാരമായിരുന്നു. ഹരിണി രാഘവയുടെ സംഗീതസദ്യയും മനോഹര്‍ തോമസിന്റെ കാലാന്തരം എന്ന നാടകവും അതതിന്റെ പരിധിക്കുള്ളില്‍ സുരക്ഷിതമായിരുന്നു.

തന്റെ ശരീരത്തിന്റെ ഒരു ഭാഗം തന്നെ ജീവകാരുണ്യമായി സമര്‍പ്പിച്ച രേഖാനായര്‍ക്കു ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡു നല്‍കി ആദരിച്ചതും ആ സന്ധ്യയെ മിഴുവുറ്റതാക്കി.
അമേരിക്കയില്‍ ആയിരത്തിലധികം സംഘടനകള്‍ ഉണ്ട്. സംഘടിക്കാനും സന്തോഷിക്കാനും നന്മ ചെയ്യാനുമുള്ള ത്വരയാണ് മുഖ്യമായും ഇതിനു പ്രചോദനമാകുന്നത്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് റെയിസിംഗ് ആവശ്യമാണ്. അതിന് നാട്ടില്‍ നിന്നും കലാകാരന്മാരെ ഇവിടേക്കു കൊണ്ടുവരികയാണ് പതിവ്. എന്നാല്‍ കലാവേദി ആ കീഴ് വഴക്കത്തെ തീര്‍ത്തും മാറ്റി നിര്‍ത്തി, ഇവിടെയുള്ള കലാകാരന്മാരെക്കൊണ്ട് അതിനുള്ള ഫണ്ട് സ്വരൂപീക്കുകയാണ് ചെയ്തത്.
നാട്ടില്‍ കലാകാരന്മാര്‍ക്ക് ആവശ്യത്തിലധികം അവസരങ്ങളുണ്ട്; പണവും പ്രശസ്തിയും ഉണ്ട്; എണ്ണമില്ലാത്ത ചാനലുകളില്‍ നിറസാന്നിദ്ധ്യമുണ്ട്. ഇവിടെയും അവര്‍ തന്നെ വേണമെന്നു ശഠിക്കുന്നതിന്റെ ഔചിത്യം മനസ്സിലാകുന്നില്ല. ഇവിടെയുള്ള കലാകാരന്മാരെ എഴുത്തുകാരെ, ചിത്രകാരന്മാരെയൊക്കെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കേണ്ടതും സംഘടനയുടെ കടമയാണ്. അപ്പോള്‍ വിജയകരമായി സ്‌റ്റേജ് ഷോകളും നടത്താന്‍ സാധിക്കും. അന്ന് നൃത്തസംഘം കാഴ്ചവച്ചത് ഒരു നടനവിസ്മയം തന്നെയായിരുന്നു. വിചാരിച്ചാല്‍ പാട്ടും ഡാന്‍സും നാടകവുമെല്ലാം നമ്മുടെ കൈകളില്‍ ഭദ്രമാണെന്നു തെളിയിക്കുവാന്‍ ആ പ്രോഗ്രാമിനു സാധിച്ചു.

അതുപോലെ ചാരിറ്റിപ്രവര്‍ത്തനം നാട്ടിലേക്കു മാത്രം ഒഴുകേണ്ട ഒന്നല്ല. ഇവിടെയും അതിനര്‍ഹതപ്പെട്ടവര്‍ ഉണ്ട്. അവരെ കണ്ടെത്തി സഹായിക്കാന്‍ ശ്രമിക്കണം.
ഒരേ തരത്തിലുള്ള ടിക്കറ്റ് ചാര്‍ജ്ജ്, ഉയര്‍ച്ച താഴ്ചകള്‍ക്കു വില കല്പിക്കാത്തൊരിടം, ഭാരവാഹികളുടെയോ അണിയറ പ്രവര്‍ത്തകരുടെയോ ജാടകളില്ലാത്ത ലളിതമായ അന്തരീക്ഷം, സന്തോഷകരമായി ഏതാനും മണിക്കൂര്‍ ചെലവഴിക്കാനൊരിടം, അതായിരുന്നു അന്ന് കലാവേദി.
സ്‌റ്റേജില്‍ പ്രോഗ്രാം നടക്കുമ്പോള്‍ സ്‌ക്രീനില്‍ തെളിഞ്ഞ കടും വര്‍ണ്ണങ്ങളുടെ ധാരാളിത്തം അധികപ്പറ്റായി തോന്നി. പാട്ടുകളുടെ അധികത, നാടകത്തില്‍ മേക്കപ്പില്‍ വന്ന അശ്രദ്ധ, ഇവയൊക്കെ ഒഴിവാക്കാമായിരുന്ന ചില്ലറ പോരായ്മകളാണ്.

എന്തുകൊണ്ടും കലാവേദി അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന മാതൃകയായിരിക്കുകയാണ്. അതിന്റെ ഭാരവാഹികള്‍ക്കും പ്രത്യേകിച്ച് പ്രസിഡന്റ് സിബി ഡേവിഡിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!. ആശംസകള്‍.!

കലാവേദി സംഘടനകള്‍ക്കു മാതൃക (ത്രേസ്യാമ്മ തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക