Image

മേളയ്ക്ക് ഇന്ന് കൊടിയിറക്കം, സമാപന സമ്മേളനം ധനമന്ത്രി ഉദ്ഘാടനം ചെയ്യും

Published on 14 December, 2017
മേളയ്ക്ക് ഇന്ന് കൊടിയിറക്കം, സമാപന സമ്മേളനം ധനമന്ത്രി ഉദ്ഘാടനം ചെയ്യും
22-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് പരിസമാപ്തി. വൈകിട്ട് 6 ന് നിശാഗന്ധിയില്‍ നടക്കുന്ന സമാപന സമ്മേളനം ധനമന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയാകും. സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊകുറോവിന് മന്ത്രി എ.കെ. ബാലന്‍ സമ്മാനിക്കും.
മേയര്‍ വി.കെ. പ്രശാന്ത്, വി.എസ് ശിവകുമാര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ്ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, സെക്രട്ടറി മഹേഷ് പഞ്ചു, കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍, കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി. ശ്രീകുമാര്‍, ജൂറി ചെയര്‍മാന്‍ മാര്‍ക്കോ മുള്ളര്‍ എന്നിവര്‍ പങ്കെടുക്കും. സമാപന ചടങ്ങിന് ശേഷം സുവര്‍ണ്ണചകോരത്തിന് അര്‍ഹമാകുന്ന ചിത്രം പ്രദര്‍ശിപ്പിക്കും.

മികച്ച സംവിധാനത്തിനും നവാഗത സംവിധാനത്തിനുമുള്ള രജത ചകോരം, പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച ചിത്രം, ഫിപ്രസി, നെറ്റ്പാക് പുരസ്‌കാരങ്ങള്‍, മികച്ച മലയാള ചിത്രത്തിനുള്ള അംഗീകാരം എന്നിവയും ചടങ്ങില്‍ സമ്മാനിക്കും.
കണ്‍ട്രി ഫോക്കസ്, ഹോമേജ്, റീസ്റ്റോര്‍ഡ് ക്ലാസിക്‌സ്, കണ്ടംപററി മാസ്റ്റേഴ്‌സ് ഇന്‍ ഫോക്കസ് തുടങ്ങിയ വിഭാഗങ്ങളിലായി 65 രാജ്യങ്ങളില്‍ നിന്നുള്ള 190 ചിത്രങ്ങള്‍ ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിച്ചു. ഏഷ്യന്‍ ഫിലിംസ് അവാര്‍ഡ്‌സ് അക്കാഡമി ക്യുറേറ്റ് ചെയ്ത ഏഷ്യന്‍ സിനിരമ വിഭാഗവും മലയാള സിനിമയിലെ പെണ്ണിടങ്ങള്‍ ചര്‍ച്ച ചെയ്ത അവള്‍ക്കൊപ്പം എന്ന വിഭാഗവും ഇത്തവണത്തെ മേളയുടെ സവിശേഷതയായിരുന്നു.
മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ക്ക് പുറമെ 'ദ യങ് കാള്‍ മാര്‍ക്‌സ്', 'വില്ലേജ് റോക്ക് സ്റ്റാര്‍സ്', 'ഡ്ജാം', '120 ബി.പി.എം', 'റീഡൗട്ടബിള്‍' തുടങ്ങിയ ചിത്രങ്ങളും പ്രേക്ഷക പ്രശംസ നേടി. 

മേളയുടെ അവലോകനമായി ഓപ്പണ്‍ ഫോറം

22-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ അവസാന ഓപ്പണ്‍ ഫോറം മേളയുടെ തുറന്ന അവലോകനമായി. ടാഗോര്‍ തിയേറ്ററില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍ പേഴ്‌സണ്‍ ബീന പോള്‍, വി.കെ ജോസഫ്, ചെലവൂര്‍ വേണു, മഹേഷ് പഞ്ചു, അലന്‍സിയര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മേളയെ സംബന്ധിച്ച് പ്രതിനിധികളുടെ ചോദ്യങ്ങള്‍ക്കാണ് ഓപ്പണ്‍ ഫോറത്തില്‍ പ്രാധാന്യം നല്‍കിയത്. ഏതു പരിപാടിയും പൂര്‍ണ്ണതയോടെ നടത്തുക അസാധ്യമാണെന്നും പോരായ്മകള്‍ ഉണ്ടെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നുവെന്നും കമല്‍ ആമുഖമായി പറഞ്ഞു. തുടര്‍ന്ന് സദസില്‍ നിന്ന് നിരവധി ചോദ്യങ്ങളും നിര്‍ദ്ദേശങ്ങളും ഉയര്‍ന്നു.

മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലന്‍ മുതലാണ് പോസ്റ്റര്‍ ഒട്ടിക്കുന്ന സമ്പ്രദായം ആരംഭിച്ചതെന്നും അതിനാലാണ് സിഗ്നേച്ചര്‍ ഫിലിമില്‍ വിഗതകുമാരന്‍ ഉള്‍പ്പെടുത്താതിരുന്നതെന്നും കമല്‍ പറഞ്ഞു. ശബ്ദത്തിന് പ്രാധാന്യം നല്‍കിയാണ് സിഗ്നേച്ചര്‍ ഫിലിം ഒരുക്കിയത്. ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ് പൂര്‍ണ്ണമായും സെലക്ഷന്‍ കമ്മിറ്റിയാണ് ചെയ്തതെന്നും അത് ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രൊജക്ടര്‍ സൗകര്യം ലഭ്യമല്ലാത്തതിനാലാണ് ചില ചിത്രങ്ങള്‍ ശ്രീ തിയേറ്ററില്‍ മാത്രം പ്രദര്‍ശിപ്പിക്കേണ്ടിവന്നതെന്ന് ബീനപോള്‍ പറഞ്ഞു. ഭൂരിഭാഗം ചിത്രങ്ങളും ഒന്നിലേറെ തവണ വ്യത്യസ്ത തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി അവര്‍ പറഞ്ഞു.
സ്വാഭാവികമായി ഉണ്ടാകാവുന്ന പാകപ്പിഴകള്‍ മാത്രമേ ഉണ്ടായിട്ടുള്ളുവെന്ന് ചെലവൂര്‍ വേണു പറഞ്ഞു. ഇത്തവണത്തെ ഓപ്പണ്‍ ഫോറത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് അടുത്ത വര്‍ഷത്തെ മേള നടത്തുക എന്ന ഉറപ്പ് പ്രേക്ഷകര്‍ക്ക് നല്‍കിക്കൊണ്ടാണ് ഓപ്പണ്‍ ഫോറം സമാപിച്ചത്. ഓപ്പണ്‍ ഫോറത്തിനു മുന്നോടിയായി വി.എസ് ജയശങ്കര്‍ രചിച്ച സിനിമ പറയുന്നു എന്ന പുസ്തകം ബീനപോളിന് നല്‍കി കമല്‍ പ്രകാശനം ചെയ്തു.

അസഹിഷ്ണുതയ്‌ക്കെതിരെ അലന്‍സിയര്‍

രാജ്യം അസഹിഷ്ണുതയുടെ കാലത്തിലൂടെ കടന്നുപോകുമ്പോള്‍ ഉത്തരം കിട്ടുന്നതുവരെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കണമെന്ന് നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ അലന്‍സിയര്‍. ചലച്ചിത്രമേളയുടെ ഭാഗമായി ടാഗോര്‍ തിയേറ്ററില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തിലാണ് അലന്‍സിയര്‍ തുറന്നടിച്ചത്. നാവുകള്‍ അരിയപ്പെടുമ്പോള്‍ കൂടുതല്‍ നാവുകള്‍ ചലിച്ചു തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

പല ചോദ്യങ്ങള്‍ക്കും തന്റെ കയ്യില്‍ ഉത്തരങ്ങള്‍ ഇല്ലെന്നും ചില കാര്യങ്ങള്‍ സമൂഹത്തെ ഓര്‍മ്മിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ദേശസ്‌നേഹത്തിന് ഒരു രാഷ്ട്രീയ കക്ഷിയുടേയും സര്‍ട്ടിഫിക്കറ്റ് വേണ്ട. താന്‍ ഒരു രാഷ്ട്രീയ കക്ഷിയിലും അംഗമല്ല. എങ്കിലും തനിക്ക് ഒരു പക്ഷമുണ്ട്. ശരീരമാണ് തന്റെ മാധ്യമം. അത് കത്തിക്കുന്നത് വരെ പ്രതിഷേധങ്ങള്‍ തുടരുമെന്നും അലന്‍സിയര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക