Image

ഇനിയും വരാത്ത ക്രിസ്മസ്(കവിത: ജയന്‍ വര്‍ഗീസ്)

ജയന്‍ വര്‍ഗീസ് Published on 14 December, 2017
ഇനിയും വരാത്ത ക്രിസ്മസ്(കവിത: ജയന്‍ വര്‍ഗീസ്)
എന്നാണിനിയെന്റെ മണ്ണില്‍ സാഹോദര്യ 
ഫുല്ലപ്പുളക, പ്പുതു യുഗ വിപ്ലവം?
എന്നാണ് ജീവന്റെ താളം തുടിക്കുന്ന
മണ്ണിന്റെ മാറില്‍ മനുഷ്യക വിപ്ലവം?

എന്നാണു സ്‌നേഹ പാശത്തിന്റെ ബന്ധന 
പൊന്‍വിഴചന്ദന സന്ദേശ വിപ്ലവം?
എന്നാണയല്‍കാര, നന്യനല്ലാതാവു 
മെന്നു വരുന്ന പുലര്‍ കാല വിപ്ലവം?

 ബുദ്ധനും, ക്രിസ്തുവും, ഗാന്ധിയും, ലൂഥറും,
നഗ്‌ന പാദങ്ങള്‍ പതിച്ചോരീ ഭൂമിയില്‍,
വിശ്വ സംസ്‌ക്കാരകൊടിക്കൂറകള്‍ പേറി 
യശ്വ രഥങ്ങളുരുണ്ടൊരീ വേദിയില്‍,

കോപം ജ്വലിച്ച മുനിശാപ മാഗ്‌നിയായ്
' മാനിഷാദ' ത്തിന്നശനി പാതങ്ങളില്‍
' താമസമത്തിന്റെ ' ബന്ധനം ധ്വംസിച് 
'ജ്യോതിര്‍ ഗമയ ' വിരിയിച്ചിടങ്ങളില്‍,
യുദ്ധമോ? ക്ഷാമമോ? സംഹാര രുദ്രമാം
നൃത്തമോ? വാളോ? പകയോ? നിഷാദമോ?
                                       
                                       
ഇല്ല! ജനിക്കില്ലിനിയൊരിക്കല്‍ കൂടി
യെന്റെ മിശിഹാ യിരുളില്‍ വെളിച്ചമായ് ???

ഇനിയും വരാത്ത ക്രിസ്മസ്(കവിത: ജയന്‍ വര്‍ഗീസ്)
Join WhatsApp News
Sudhir Panikkaveetil 2017-12-15 08:03:27
മിശിഹായുടെ വരവ് കാത്തിരിക്കുന്നവരോട് കവി പറയുന്നു ഇല്ല ജനിക്കില്ലിനിയൊരിക്കൽ കൂടി
എന്റെ മിശിഹാ ഇരുളിൽ വെളിച്ചച്ചമായി...കവികൾ മാത്രം സത്യം അറിയുന്നു. അതുകൊണ്ടത്രേ ജനം കവിതകൾ വായിക്കാത്തത്. ജനിച്ച മണ്ണിലേക്ക്  ഉയർത്തെഴുന്നേറ്റ പോലെ   മിശിഹാ തിരിച്ച് വരുകയാണ്, ഇനി വീണ്ടും ജനിക്കയല്ലെന്ന കവിയുടെ ഭാവന അല്ലെങ്കിൽ അറിവ് വായനക്കാരെ ചിന്തിപ്പിക്കും. 
EM 2017-12-15 10:48:40
മിശിഹായുടെ ആ തിരിച്ചുവരവ്‌ നീതിന്യായ വ്യവസ്ഥിതി നടപ്പാക്കുന്ന അന്ത്യനാളിലായിരുക്കുമെന്നും അറിയുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക