Image

സദാചാരം മെഡിക്കല്‍ കോളജിലുമെത്തി

Published on 15 December, 2017
സദാചാരം മെഡിക്കല്‍ കോളജിലുമെത്തി
തിരുവനന്തപുരം: തലസ്ഥാനത്തെ മെഡിക്കല്‍ കോളജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കരുതെന്ന് ഒരു വിഭാഗം അധ്യാപകര്‍. ഒരുമിച്ചിരുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി അപമാനിച്ചതായും പരാതിയുണ്ട്. ആരോപണം പരിശോധിച്ച് നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. സംഭവത്തില്‍ മന്ത്രി റിപ്പോര്‍ട്ട് തേടി.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള സൗഹൃദത്തേക്കുറിച്ച് കോളേജ് യൂണിയന്‍ സംഘടിപ്പിച്ച സെമിനാറിന് ശേഷം പതിവിന് വിപരീതമായി ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ ഇടകലര്‍ന്നിരുന്നു. ഇത് ഒരു വിഭാഗം മുതിര്‍ന്ന അധ്യാപകരെ ചൊടിപ്പിച്ചു. ഇടകലര്‍ന്നിരുന്നാല്‍ പഠിപ്പിക്കാനാവില്ലെന്ന് അവര്‍ നിലപാടെടുത്തുവെന്നാണ് പരാതി. ഇവരുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തുകയും ചെയ്തു. ഒരുമിച്ചിരുന്നാല്‍ ഏകാഗ്രത നഷ്ടപ്പെടുമെന്നും ഇതു തുടര്‍ന്നാല്‍ മാര്‍ക്ക് നല്‍കില്ലെന്നും അധ്യാപകര്‍ നിലപാടെടുത്തതായി വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു.

സ്ത്രീ - പുരുഷ വിവേചനത്തിനെതിരെ ഒരു പിജി വിദ്യാര്‍ഥിനി ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് ലൈക്ക് ചെയ്തവരെ അധ്യാപകര്‍ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇതിനെതിരെ ചില അധ്യാപകരും രംഗത്തെത്തി.

അന്വേഷിക്കുമെന്ന് പ്രിന്‍സിപ്പല്‍
വിദ്യാര്‍ഥികളോട് ആരും ഒന്നിച്ചിരിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ആരോപണത്തേക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കും.

65 വര്‍ഷത്തിലേറെ പഴക്കമുള്ള ചെറിയ ലക്ചര്‍ ഹാളില്‍ ഏഴെട്ടു പേര്‍ക്കിരിക്കാവുന്ന ബെഞ്ചില്‍ പതിമൂന്ന് പതിനാല് വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചിരുന്നതിനെ ആ ക്ലാസിലെ അധ്യാപിക മാത്രമാണ് ചോദ്യം ചെയ്തത്. ഒരുമിച്ചിരിക്കരുതെന്ന് കോളേജധികൃതരാരും ആവശ്യപ്പെട്ടിട്ടില്ല.

എന്നാല്‍ തൊട്ടടുത്ത ദിവസം നടന്ന പി.ടി.എ.യുടെ ജനറല്‍ ബോഡി യോഗത്തില്‍ ഈ വിഷയം ചില അധ്യാപകര്‍ ഉന്നയിച്ചു. രക്ഷിതാക്കളില്‍ ബഹുഭൂരിപക്ഷവും പറഞ്ഞത് ഞെങ്ങി ഞെരുങ്ങിയുള്ള ക്ലാസില്‍ ഒന്നിച്ചിരിക്കരുതെന്നാണ്. ഇതിന്റെ പേരില്‍ ഒരു നടപടിയെടുക്കുകയോ വിലക്കുകയോ ചെയ്തിട്ടില്ല. പുതിയ ലക്ചര്‍ ഹാളിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ വിദ്യാര്‍ത്ഥികള്‍ ഞെങ്ങിഞെരുങ്ങി ഇരിക്കേണ്ട സാഹചര്യം ഒഴിവാക്കാവുന്നതാണെന്നും കോളേജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. (Mathrubhumi)
Join WhatsApp News
സദാചാര കുമാര്‍ 2017-12-15 08:51:51
ഇനി നഗ്നശരീരം-മരിച്ചതായാലും-കാണാന്‍ പാടില്ല. ലൈംഗിക കാര്യങ്ങള്‍ പഠിപ്പിക്കരുത്.
ഒരധ്യാപിക ആണു ഒരൂമിച്ചിരിക്കുന്നതിനെ എതിര്‍ത്തത് എന്നു കണ്ടു. അവര്‍ സദാചാര ജില്ലക്കാരിയാണോ?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക