Image

യാത്ര (കവിത: അനിഷ് ജി എസ്)

Published on 15 December, 2017
യാത്ര (കവിത: അനിഷ് ജി എസ്)
ഇനി ഒരു യാത്രയുണ്ടെങ്കില്‍
അതു നിന്റെ വീട്ടിലേക്കാവണം.

പുഴ കടന്നെത്തുന്ന വീട്ടില്‍ നിന്റെ
ഓര്‍മയൊക്കെയും പിന്നി
പൂമുഖത്തിട്ടിട്ടുണ്ടാവണം.

കല്‍ഭിത്തിയും തറയോടുമൊക്കെയും
കൊലുസിന്റെ ഒച്ച കൊട്ടിവച്ചിട്ടുണ്ടാവണം.

പനി പിടിച്ചു കിടന്ന മുറിയിലൊക്കെയും
നിന്റെ ഗന്ധം നിറഞ്ഞിരിക്കുന്നുണ്ടാവണം.

പാതിയൊഴിഞ്ഞ ഒരു കപ്പ് കാപ്പിയില്‍
ചുണ്ടുകളൊക്കെയും പതിഞ്ഞിരിക്കുന്നുണ്ടാവണം

നാലുവരി കവിത കസേരയില്‍
കണ്മഷി ഉണങ്ങാതെ ഇരിപ്പുണ്ടാവണം.

തട്ടം വലിച്ചൊന്ന് പൂകാനായി
കാറ്റും വെയിലും പരവശപ്പെടുന്നുണ്ടാവണം.

മഴത്തുള്ളികളൊക്കെയും വിരല്‍ത്തുമ്പ് തൊടുവാന്‍ മേല്‍ക്കൂര തൊട്ടു ചാഞ്ഞിട്ടുണ്ടാവണം.

മരങ്ങളിലൊക്കെയും ചേക്കേറുവാന്‍
നീ പറത്തിവിട്ട കിളികളുണ്ടാവണം.

മഴക്കാട്ടിലേക്ക് നീ പോയ നേരം
അവയെല്ലാം ചിറകടിച്ചുയര്‍ന്നിട്ടുണ്ടാവണം

അത് മറ്റൊരു ജന്മത്തിലെ വീടാവണം.
അത് മറ്റൊരു ജന്മത്തിലെ മഴയാവണം.

( ജഗദീഷ് നാരായണന്റെ ഒരു മനോഹചിത്രം ഓര്‍മിപ്പിച്ചത് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക