Image

ജനറിക്ക് ആവുന്ന വയാഗ്ര (ജോര്‍ജ് തുമ്പയില്‍: പകല്‍ക്കിനാവ്- 81)

ജോര്‍ജ് തുമ്പയില്‍ Published on 16 December, 2017
ജനറിക്ക് ആവുന്ന വയാഗ്ര (ജോര്‍ജ് തുമ്പയില്‍: പകല്‍ക്കിനാവ്- 81)
നീല നിറത്തിലുള്ള ആ ചെറിയ ഗുളിക, ലോകമെമ്പാടുമുള്ള പുരുഷന്മാര്‍ക്ക് കിടപ്പറയിലെ ഒരു ആശ്വാസമായിരുന്നു. അതെ വയാഗ്ര തന്നെ. ഇതിന്റെ നിറം മാറുന്നുവെന്നതാണ് പുതിയ വാര്‍ത്ത. നീല നിറത്തില്‍ നിന്നും നല്ല തൂവെള്ള നിറത്തിലേക്ക് മാറുന്നു, ഒപ്പം വിലയിലും വന്‍ വ്യത്യാസം വരുന്നു. കൂടുകയല്ല കേട്ടോ, കുറയുകയാണ്. കാരണം വയാഗ്രയുടെ കുത്തക അവസാനിക്കുന്നു. പുതിയത്, ജനറിക്ക് ആവുന്നു എന്നതു തന്നെ. ഫൈസര്‍ കമ്പനിയാണ് ഇതിനു പിന്നില്‍. ഡിസംബര്‍ പകുതിയോടെ വിപണിയില്‍ സജീവമായേക്കും, പുതിയ വയാഗ്ര. സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് ഒട്ടനവധി പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്നതായിരുന്നു വയാഗ്രയുടെ പ്രശ്‌നങ്ങള്‍. എന്നാല്‍ പുതിയ വയാഗ്ര അതിനെല്ലാമുള്ള പ്രതിവിധിയുമായാണ് മാര്‍ക്കറ്റിനെ കീഴടക്കാനെത്തുകയെന്ന് ന്യൂയോര്‍ക്ക് സ്റ്റാറ്റന്‍ ഐലന്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ യൂറോളജിസ്റ്റ് ഡോ. നാചും കാറ്റോളിറ്റ്‌സ് പറയുന്നു. ഇപ്പോള്‍ ലഭിക്കുന്ന വയാഗ്രയേക്കാള്‍ 90 ശതമാനത്തോളം ഉയര്‍ന്ന കാര്യക്ഷമതയും അത്രത്തോളം തന്നെ വിലക്കുറവിലുമാണ് വെള്ള വയാഗ്ര എത്തുന്നത്. ഇതാദ്യമായാണ് വിലക്കുറച്ച് വയാഗ്ര വില്‍ക്കുന്നത്. ഇതിനു പുറമേ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്ക് ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഉണ്ടെങ്കില്‍ കാര്‍ഡ് പേയ്‌മെന്റ് അനുസരിച്ച് നല്‍കാനും കമ്പനി തയ്യാറാണെന്ന് ഫൈസര്‍ എസ്സന്‍ഷ്യല്‍ ഹെല്‍ത്ത് പ്രസിഡന്റ് ജിം സേജ് അറിയിച്ചു.

ലോകത്ത് വിപ്ലവം സൃഷ്ടിച്ച് കൊണ്ടാണ് വയാഗ്ര കടന്ന് വന്നത്. പുരുഷന്മാരെ ലൈംഗികവൃത്തിയില്‍ ആത്മവിശ്വാസമുള്ളവരാക്കുമെന്നായിരുന്നു പ്രചരണം. ഏതായാലും സംഗതി ഹിറ്റായി. വയാഗ്രയോടൊപ്പം ഹിറ്റ് ആയതാണ് ഫ്രാന്‍സില്‍ നിര്‍മ്മിക്കുന്ന സിയാലിസും ജര്‍മ്മനിയില്‍ നിര്‍മ്മിക്കുന്ന ലെവിട്രയും ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന സ്റ്റാക്‌സിനും. ആഗോളമായി വയാഗ്രയ്ക്ക് ആവശ്യക്കാരുടെ തള്ളിക്കയറ്റമാണ് ഉണ്ടായത്.അതു മുതലെടുക്കുക തന്നെയാണ് കമ്പനിയുടെ ഇപ്പോഴത്തെ ലക്ഷ്യവും. വില്‍പ്പന രണ്ടിരട്ടിയായി വര്‍ദ്ധിപ്പിക്കുന്നതോടെ, അമേരിക്കയില്‍ മാത്രം ആവശ്യക്കാരില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് കരുതുന്നത്. എന്നാല്‍ സ്ഥിരമായി കഴിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന സൈഡ് ഇഫക്ടുകളില്‍ കമ്പനി പക്ഷേ, അത്ര കാര്യമായി ഇടപെടുന്നില്ല. ഇക്കാര്യത്തില്‍ ലോകാരോഗ്യസംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ എന്നു മാത്രമാണ് കമ്പനിയുടെ വക്താവ് അറിയിച്ചിരിക്കുന്നത്.

മുന്‍പുണ്ടായിരുന്നതിനേക്കാള്‍ ഡോസ് കൂടുതലാണെങ്കിലും വിലകുറച്ച്, പാര്‍ശ്വഫലങ്ങള്‍ കുറച്ച് ഉപയോക്താക്കളില്‍ എത്തിക്കുകയെന്നത് തന്നെ വലിയൊരു കാര്യമാണെന്നാണ് ലൈംഗികാരോഗ്യ മേഖലയിലുള്ളവര്‍ പറയുന്നത്. ഒരു പഠനത്തില്‍ പറയുന്നതനുസരിച്ച് വളരെ വലിയൊരു ശതമാനം പുരുഷന്മാര്‍ ഉദ്ധാരണശേഷിക്കുറവ് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നു. മധ്യവയസ്‌കര്‍ക്കും പ്രായമുള്ളവര്‍ക്കുമാണ് മിക്കപ്പോഴും ഈ പ്രശ്‌നത്തെ നേരിടേണ്ടിവരുന്നത്. ആഗോളതലത്തില്‍, 2030 ദശലക്ഷം പുരുഷന്മാരാണ് ഇതു മൂലമുള്ള പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നത്. അതിലുപരി, പ്രമേഹ രോഗമുള്ളവരില്‍ (ഡയബെറ്റിസ്) 50% ആളുകളും ഉദ്ധാരണശേഷിക്കുറവ് മൂലം ബുദ്ധിമുട്ടുന്നു.
അതേസമയം, വയാഗ്ര കഴിക്കുന്ന പ്രായമേറിയ പുരുഷന്മാരില്‍ ലൈംഗിക രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതായാണ് ബ്രിട്ടീഷ് ഡോക്ടര്‍മാര്‍ പറയുന്നത്. വിവാഹേതര ലൈംഗിക ബന്ധമാണ് ഈ സ്ഥിതിവിശേഷത്തിന് കാരണമത്രേ. വയാഗ്ര കഴിക്കുന്നതിലൂടെ വീര്യം ഏറുന്ന പുരുഷന്മാര്‍ ലൈംഗിക സംതൃപ്തിക്കായി വ്യത്യസ്ത സ്ത്രീകളെ തേടി പോകുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. 45നും 64 നും ഇടയ്ക്ക് പ്രായമുള്ള വയാഗ്ര ഉപയോഗിക്കുന്ന പുരുഷന്മാരില്‍ ലൈംഗികരോഗം മൂന്നിരട്ടി വര്‍ദ്ധിച്ചതായാണ് ഡോക്ടര്‍മാരുടെ പക്ഷം.

വയാഗ്ര പുരുഷന്മാര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതായി ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സെക്ഷ്വല്‍ മെഡിസിന്‍ പ്രസിഡന്റ് ജോണ്‍ ഡീന്‍ അഭിപ്രായപ്പെട്ടു. അമിതോപയോഗമാണ് വയാഗ്രയെ ലോകത്തിലെ വില്ലനാക്കിയതെന്നു പ്രശസ്ത സാമൂഹികാവലോകന വിദഗ്ധന്‍ ജോര്‍ജ് ഗ്രിഗറി പറയുന്നു. ഇതിനെ മറികടക്കാന്‍ കഴിയുമെന്നതു തന്നെയാണ് വിപണിയിലേക്ക് കോടികള്‍ മുടക്കി കൊണ്ടു പുതിയ ഉത്പന്നം ഇറക്കാന്‍ ഫൈസര്‍ എസ്സന്‍ഷ്യല്‍ ഹെല്‍ത്ത് കമ്പനിയെ പ്രേരിപ്പിച്ചതും. ഇതിന്റെ പ്രാഥമിക വില്‍പ്പന എന്ന വിധത്തില്‍ ന്യൂയോര്‍ക്കില്‍ ഇതിന്റെ പ്രത്യേക പ്രദര്‍ശനോദ്ഘാടനവും കമ്പനി നടത്തുന്നുണ്ടത്രേ. വാസ്തവത്തില്‍ ആത്മവിശ്വാസത്തിന്റെ കുറവാണ് വയാഗ്ര പോലുള്ള മരുന്നുകള്‍ തേടി പോകാനുള്ള പ്രധാനകാരണമെന്ന് സെക്‌സോളജിസ്റ്റ് ഡോ. കെയ്ന്‍ ബാര്‍ലോണ്‍ പറയുന്നു. ഏറെ പാര്‍ശ്വഫലങ്ങള്‍ ഉള്ളതാണ് ഇത്തരം ഗുളികകള്‍. ഓരോരുത്തരുടെ ശരീര പ്രകൃതിയോട് ഈ മരുന്നുകള്‍ പ്രതികരിക്കുന്നത് പല വിധത്തിലാകുമെന്നു ഡോക്ടര്‍ പറയുന്നു. വയാഗ്ര സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ കേള്‍വി ശക്തി കുറയുന്നുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. അതു കൊണ്ടു തന്നെ കണ്ടും കേട്ടുമൊക്കെ ഉപയോഗിക്കുന്നതാണ് നല്ലത്.

ഒട്ടേറെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്നറിഞ്ഞിട്ടും ഇത്തരം മരുന്നുകള്‍ കഴിക്കുന്നവരുടെ തിരക്ക് കൂടി വരികയാണ്. ഫ്രാന്‍സിലെ ലിയോണ്‍ സര്‍വകലാശാലയിലെ ഡോക്ടര്‍മാര്‍ സ്ത്രീകള്‍ക്കുള്ള ലൈംഗിക ഉത്തേജക മരുന്ന് കണ്ടുപിടിച്ച വാര്‍ത്ത പുറത്തുവന്നിട്ട് ദിവസങ്ങളേ ആയുള്ളൂ. വിഷാദരോഗത്തിനും മറ്റും നല്‍കുന്ന ഫല്‍ബാന്‍സെറിനില്‍ നിന്നാണ് ഇവര്‍ പുതിയ ഔഷധം വികസിപ്പിച്ചെടുത്തത്. വയാഗ്രയുമായി ബന്ധപ്പെട്ട് മറ്റൊരു സന്തോഷവാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. പുരുഷന്മാര്‍ക്കായി വയാഗ്ര കോണ്ടം തന്നെ വരുന്നുണ്ടത്രേ. എന്തായാലും, വയാഗ്രയും ജനറിക്ക് ആയിരിക്കുന്നുവെന്ന വാര്‍ത്തക്കാണ് ഇപ്പോള്‍ കൂടുതല്‍ പ്രചാരം.

ജനറിക്ക് ആവുന്ന വയാഗ്ര (ജോര്‍ജ് തുമ്പയില്‍: പകല്‍ക്കിനാവ്- 81)
Join WhatsApp News
vayanakkaran 2017-12-16 08:10:55
ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ ഇതിന്റെ ആവശ്യം
ഉണ്ടാകുമെന്നു തോന്നുന്നില്ല. അവിടെ നിത്യവും സ്ത്രീ പീഡനവും, ബലാൽസംഗവും നടക്കുന്നു. ഫൈസർ കമ്പനി പോയി മലയാളികളുടെ 
ലൈംഗിക ആരോഗ്യരഹസ്യം കണ്ടുപിടിക്കണം. അവരുടെ ഭക്ഷണം, വ്യായാമം, ചിന്തകൾ, വിദ്യാഭ്യാസം ഏതൊക്കെയാണ് അവനെ ഇണചേരാനുള്ള തീവ്രമായ  വ്യഗ്രത ഉണ്ടാക്കുന്നത്. മരുന്നിനേക്കാൾ പ്രകൃത്യായുള്ള മാർഗ്ഗങ്ങൾ കൊണ്ട് ചികിത്സയ്ക്കാമെങ്കിൽ അതല്ലേ നല്ലത്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക