Image

പുഷ്പം (കവിത: ഡോ.ഈ.എം.പൂമൊട്ടില്‍)

ഡോ.ഈ.എം.പൂമൊട്ടില്‍ Published on 16 December, 2017
പുഷ്പം (കവിത: ഡോ.ഈ.എം.പൂമൊട്ടില്‍)
സുന്ദര പുഷ്പമേ നിന്നെ കണികണ്ട്
സുസ്‌മേരനായ് ഞാനുണര്‍ന്ന നേരം
നിന്‍ മുഖശോഭയില്‍ മുങ്ങി മയങ്ങിയോ
നിന്‍ മുമ്പില്‍ ഞാനമ്പരന്നു നിന്നോ!

പൂവേ നിന്‍ ചുണ്ടില്‍ വിരിഞ്ഞൊരാ പുഞ്ചിരി
പൂര്‍ണ്ണമായ് ഞാനാസ്വദിച്ചീടവേ
എന്നിലെ ശോകഭാവങ്ങളതത്രയും
എങ്ങോ മറഞ്ഞതറിഞ്ഞീല ഞാന്‍!

കാറ്റില്‍ പരക്കുന്ന നിന്റെ സുഗന്ധത്തി-
ലാകൃഷ്ടരായ് ശലഭങ്ങളെത്തി;
ആയവര്‍ക്കാസ്വദിച്ചീടുവാന്‍ നിന്‍ മധു
ആവോളം നീ, സഖി നല്‍കിയില്ലേ!

മന്ദസമീരനില്‍ മന്ദസ്മിതം തൂകി
സുന്ദരി നീ നൃത്തമാടിടുമ്പോള്‍
സൂനമേ നിന്‍ മൃദു ഭാവങ്ങളെന്നിലെ
സാന്ത്വന മന്ത്രമായ് ചേര്‍ന്നലിഞ്ഞോ!

ഏറെ നാള്‍ നിന്നില്ല എന്റെ കണ്‍മുമ്പിലെ-
ന്നാകിലും നീ എന്‍ മനം കവര്‍ന്നു;
ഉജ്ജ്വലം, വന്ദ്യം നിന്‍ ജീവിതം പുഷ്പമേ
ഹ്രസ്വമതാകിലും എത്ര ധന്യം!!

പുഷ്പം (കവിത: ഡോ.ഈ.എം.പൂമൊട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക