Image

സാധാരണക്കാര്‍ അറിഞ്ഞിരിക്കേണ്ട പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ (അഡ്വ.ജോസി കുര്യന്‍)

അഡ്വ.ജോസി കുര്യന്‍ (ഹൈക്കോടതി ,എറണാകുളം ) Published on 17 December, 2017
സാധാരണക്കാര്‍ അറിഞ്ഞിരിക്കേണ്ട പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ (അഡ്വ.ജോസി കുര്യന്‍)

മരണാനന്തരം ബന്ധുമിത്രാദികള്‍ക്കു മുന്നില്‍ വരുന്ന പ്രധാന ചോദ്യമാണ് സ്വത്തിന്റെ അവകാശം ആര്‍ക്കാണെന്നത്. വില്‍പത്രം മുന്‍കൂട്ടി തയ്യാറാകാത്ത പക്ഷമാണ് പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം ഭാഗോടമ്പടി തയ്യാറാക്കുന്നത്.

 അവകാശികള്‍ക്കിടയില്‍ വിഹിതത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ സര്‍വ്വസാധാരണമാണ്. അത്തരം സാഹചര്യത്തില്‍ കോടതിയെ സമീപിക്കും മുന്‍പ് അവകാശപ്പെട്ടത്എന്താണെന്ന ബോധ്യം അത്യാവശ്യമാണ്. സാധാരണക്കാര്‍ അറിഞ്ഞിരിക്കേണ്ട പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ ...

നിയമവും മതങ്ങളും

ഇന്ത്യന്‍ ദേശീയത ഒരു സങ്കര ജീവിതക്രമമാണ്. വൈവിധ്യങ്ങളുടെ ഏകോപനമാണ് ഇവിടുള്ളത്. അതതു സംസ്‌കാരത്തിന്റെ മൂല്യങ്ങള്‍ക്ക് വില കല്പിച്ചു കൊണ്ടുള്ള നിയമസംഹിതയാണ് ഭരണഘടനാ അനുശാസിക്കുന്നത്. പിന്തുടര്‍ച്ചാവകാശനിയമവും ഈ തത്വം ഉള്‍ക്കൊണ്ടാണ് രൂപപ്പെടുത്തിയിരിക്കുന്നത്.

ഭാരതത്തിലെ എണ്‍പത് ശതമാനത്തോളം ആളുകള്‍ ഹൈന്ദവ സംസ്‌കാരത്തില്‍ അടിയുറച്ച് ജീവിക്കുന്നവരാണ്. ജാതീയവും പ്രാദേശികവുമായ ചില വേര്‍തിരിവുകള്‍ ഉണ്ടെങ്കിലും അടിസ്ഥാന പരമായി ഒരേ രീതികളാണ് ഇവര്‍ പാലിക്കുന്നത്. അതുകൊണ്ടുതന്നെ 1956 മുതല്‍ ഹിന്ദുസമൂഹത്തിന് ഒന്നടങ്കം ഐക്യരൂപം നല്‍കുന്ന രീതിയിലുള്ള നിയമ വ്യവസ്ഥയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഹിന്ദുമതത്തിനു പുറമെ ആ മതത്തിന്റെ പൈതൃകബന്ധം അനുഷ്ഠിച്ചുപോരുന്ന ജൈന, ബുദ്ധ, സിക്കു മതവിഭാഗക്കാരുടെയും പിന്തുടര്‍ച്ചാവകാശ നിയമം സമാനമാണ്.

ഹിന്ദു, ജൈന, ബുദ്ധ, സിക്ക് മതസ്ഥരുടെ പിന്തുടര്‍ച്ച എങ്ങനെ?

ഏതു മതത്തില്‍ പെട്ടവരായാലും  എണ്ണം തിട്ടപ്പെടുത്തി വേണം സ്വത്തിനെ ഭാഗിക്കാന്‍. മുഴുവന്‍ സ്വത്തിനെ അവകാശികളുടെ എണ്ണം കൊണ്ട് ഭാഗിക്കുമ്പോള്‍ കിട്ടുന്നതിനെ വിഹിതം എന്ന് വിളിക്കാം. മരണപ്പെട്ടയാളുടെ വിധവ (വിധവകള്‍ക്ക്)  അവകാശപ്പെട്ടതാണ് ആദ്യത്തെ ഒരു പങ്ക്. അയാളുടെ അമ്മയ്ക്കും മകനും മകള്‍ക്കും ഇതുപോലെ തന്നെ ഒരു വിഹിതത്തിനുള്ള അര്‍ഹതയുണ്ട്. മുന്‍പേ മരിച്ച മക്കള്‍ ഉള്ള പക്ഷം, അവരുടെ അനന്തരാവകാശിയിലേക്ക് വിഹിതം എത്തിച്ചേരും. ഈ അവകാശികളെ ക്ലാസ് വണ്‍ അവകാശികളായാണ് പറയുക. ഇക്കൂട്ടരുടെ അഭാവത്തില്‍ മാത്രമേ സഹോദരങ്ങളെ പോലെയുള്ള ക്ലാസ് ടൂ അവകാശികളിലേക്ക് ഭാഗം ചെല്ലൂ.

മുസ്ലീങ്ങളുടെ സ്വത്തില്‍ ആര്‍ക്കാണ് അവകാശം?

മുസ്ലിം വ്യക്തിനിയമപ്രകാരം , പിന്തുടര്‍ച്ചാവകാശം കുറച്ചുകൂടി സങ്കീര്‍ണമാണ്. ഷിയാ, സുന്നി , ഹനഫി എന്നിങ്ങനെയുള്ള പല വിഭാഗക്കാര്‍ക്കും ഖുര്‍ആന്‍ അധിഷ്ഠിതമായ മാര്‍ഗ ദര്‍ശനങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിയമങ്ങള്‍ രൂപീകരിച്ചിട്ടുള്ളത്. മുസ്ലീമായ ഒരാള്‍ മരിച്ചാല്‍ അയാളുടെ സ്വത്തില്‍ മാതാപിതാക്കള്‍ക്ക് എന്നപോലെ അപ്പൂപ്പനും അമ്മൂമ്മയ്ക്കും ആറിലൊന്ന് അവകാശം ഉണ്ടായിരിക്കും. ഭാര്യയ്ക്ക് എട്ടിലൊന്ന് അവകാശവും മരിക്കുന്നയാള്‍ സ്ത്രീയെങ്കില്‍ ഭര്‍ത്താവിന് നാലിലൊന്ന് അവകാശവും കാണും. മകന് മൂന്നില്‍ രണ്ട് അവകാശമുള്ളപ്പോള്‍ മകള്‍ക്ക് മൂന്നിലൊന്ന് അവകാശമാണ് ഉണ്ടാവുക. മകന്‍ ഇല്ലാതിരിക്കുകയും പെണ്മക്കള്‍ രണ്ടോ അതിലധികമോ ഉള്ള സാഹചര്യത്തില്‍ ഓരോ രുത്തര്‍ക്കും മൂന്നില്‍ രണ്ട് എന്ന കണക്കിലായിരിക്കും അവകാശം.

ക്രിസ്ത്യാനികളുടെ സ്വത്ത് എങ്ങനെ ഭാഗിക്കാം?

മറ്റു മതസ്ഥരുടേതുപോലെ ക്രോഡീകൃതവും ലിഖിതവുമായ പിന്തുടര്‍ച്ചാനിയമം ക്രിസ്ത്യന്‍ മത വിഭാഗത്തിനുമുണ്ട്. പാഴ്‌സികളുടേതും ഇവരുടേതിന് സമാനമായ നിയമങ്ങളാണ്. ക്രിസ്ത്യാനിയായ ഒരാള്‍ മരിച്ചാല്‍ അയാളുടെ വിധവയ്ക്ക് മൂന്നിലൊന്ന് അവകാശവും മക്കള്‍ക്ക് തുല്യമായി മൂന്നില്‍ രണ്ട് അവകാശവും ലഭിക്കും. 1986 ലെസുപ്രീം കോടതി വിധിപ്രകാരം (മേരി റോയ് വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള), ഒരാള്‍ വില്‍പത്രം എഴുതാതെ മരിക്കുന്ന പക്ഷം, ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം അനുസരിച്ച് അയാളുടെ അനന്തരാവകാശികള്‍ക്ക് സ്വത്തില്‍ അര്‍ഹത ഉണ്ടായിരിക്കുമെന്ന് അടിവരയിട്ട് പറയുന്നുണ്ട്. ഈ വിധിയോടെയാണ് പ്രാദേശികമായി നിലനിന്നിരുന്ന ക്രിസ്ത്യന്‍ വ്യവസ്ഥിതികള്‍ക്ക് മാറ്റം വന്നത്. ചില ട്രൈബല്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഈ ഭേദഗതി ബാധകമല്ല. പ്രാദേശികമായ ആചാരങ്ങളില്‍ മുറുകെ പിടിക്കുന്നവര്‍ക്ക് അത് തുടരാനുള്ള സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്.

കടപ്പാട്: മംഗളം 
Join WhatsApp News
നാരദന്‍ 2017-12-19 05:25:42
സാദാരണകാരന് അകെ ഉള്ളത്  ഉടുതുണി പഴംതുണിയും പിച്ച ചട്ടിയും 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക