Image

വൈകിയെത്തിയ ക്രിസ്തുമസ്സ് സമ്മാനം (ചെറുകഥ- ബെന്നി ന്യൂ ജേഴ്സി)

Published on 17 December, 2017
വൈകിയെത്തിയ ക്രിസ്തുമസ്സ് സമ്മാനം (ചെറുകഥ- ബെന്നി ന്യൂ ജേഴ്സി)
മന്‍ഹാട്ടനിലെ വാള്‍സ്ട്രീറ്റിനോട് ചേര്‍ന്നുള്ള അംബരചുംബിയായ കെട്ടിടത്തിന്റെ 47-ാം നിലയിലേക്ക് അവള്‍ എലിവേറ്ററില്‍ നിന്നും ഇറങ്ങി. താങ്ക്‌സ് ഗിവിങ്ങിന് പ്രത്യകം അനുവദിച്ച വെക്കേഷന്‍ കഴിഞ്ഞു വന്നതിന്റെ ആലസ്യത്തില്‍ ലാപ്‌ടോപ്പ് ഓണ്‍ ചെയ്തു.

കഴിഞ്ഞമാസം പ്രമോഷന്‍ തന്നപ്പോള്‍ 'You deserve a special seat..' എന്നു പറഞ്ഞ് സീനിയര്‍ വി.പി. റോണ്‍ ലസ്റോവിച്ച് പ്രത്യേകം തന്നിരിക്കുന്ന വിന്‍ഡോ സീറ്റ്.
സീനിയര്‍ പ്രോഗ്രാമര്‍ ആയി സ്ഥാനക്കയറ്റം!

പ്രസിദ്ധമായ ഈ വാള്‍ സ്ട്രീറ്റ് കമ്പനിയില്‍ പ്രോഗ്രാമേഴ്സിനു കൊടുക്കാറുള്ള ഏറ്റവും ഉയര്‍ന്ന പോസ്റ്റ്.
47 -ാം നിലയില്‍ നിന്ന് ജനലില്‍കൂടി നോക്കുമ്പോള്‍ ഹഡ്സണ്‍ റിവ
ര്‍ കാണാം.

പ്രമോഷന്റെ ഓര്‍ഡര്‍ തരാനായി റോണ്‍ മുറിയിലേക്ക് വിളിപ്പിച്ച് പറഞ്ഞത് അവള്‍ ഓര്‍ത്തുപോയി.
'Sono, you are an exceptional programmer. You are an asset to this firm. കമ്പനിയുടെ ചരിത്രത്തില്‍ ഞങ്ങള്‍ വളരെ കുറച്ചു പേര്‍ക്കെ ഇത്ര പെട്ടെന്ന് പ്രൊമോഷന്‍ കൊടുത്തിട്ടുള്ളൂ. We are proud of you!''

നീണ്ട പത്തു വര്‍ഷത്തെ നിരന്തരമായ പഠനവും രാപകലില്ലാത്ത കഠിന പ്രയത്നവും. കുട്ടികളുടെ കൂടെ പോലും അധിക സമയം ചിലവഴിക്കാന്‍ കഴിയാതിരുന്ന വാരാന്ത്യങ്ങള്‍. നീണ്ട വര്‍ക്കിംഗ് ഡേയ്സ്..

ഹഡ്സണ്‍ റിവറില്‍ കുടി സ്പീഡ് ബോട്ടില്‍ ഒട്ടിപിടിച്ച് പറക്കുന്ന കമിതാക്കളില്‍ അവളുടെ കണ്ണുകള്‍ ഉടക്കി. ഈ തണുപ്പു കാലത്തും ഇവരുടെ തീക്ഷ്ണത കണ്ടവള്‍ അത്ഭുതപ്പെട്ടു!

താങ്ക്സ് ഗിവിങ്ങ് ഹോളിഡേ കഴിഞ്ഞു വരൂന്ന തിങ്കളാഴ്ച. വാള്‍സ് ട്രീറ്റില്‍ ഏറ്റവും കൂടുതല്‍ ബിസിനസ്സ് നടക്കുന്ന മാസം. കമ്പ്യൂട്ടര്‍ സിസ്റ്റംസ് മുഴുവനും അടിയറവു പറയുന്ന ദിവസങ്ങള്‍.

പെട്ടെന്നാണ് റോണ്‍ വിളിച്ചത്. ധൃതി പിടിച്ച് റോണിന്റെ മുറിയില്‍ ചെന്നപ്പോള്‍ അദ്ദേഹം വളരെ വിഷണ്ണനായി തലക്കു കയ്യും കൊടുത്തിരിക്കുന്നു.

'സോ,......കാലിഫോര്‍ണിയായിലെ ആ കസ്റ്റമര്‍ വിളിച്ചിട്ട് ഷൗട്ട് ചെയ്യുകയാണ്. അവര്‍ പോസ്റ്റ് ചെയ്ത ഒരു ബോണ്ട് പര്‍ച്ചേസ്  ക്രാഷ് ആകുന്നു... വലിയ ബോസ്സിന്റെ ചെവിയില്‍ എത്തുന്നതിനു മുന്‍പേ അത് എത്രയും പെട്ടെന്ന് ഫിക്സ് ചെയ്യണം. ആ ട്രാന്‍സാക്ഷന്‍ സിസ്റ്റത്തില്‍ കയറ്റി അപ്‌ഡേറ്റ് ചെയ്യണം .....പ്ലീസ്.... You know the system in and out.. ! Please....'

ഈ സിസ്റ്റത്തിന്റെ ഓരോ പ്രോഗ്രാമും, അതിലെ ഓരോ പ്രൊസീഡിയരും ഫങ്ക്ഷനുകളും അവള്‍ അരച്ചു കുടിച്ചിട്ടുള്ളതാ ..... അവളാ സിസ്റ്റത്തെ ഇട്ടു അമ്മാനാടിട്ടുള്ളതാ!

മള്‍ട്ടി മില്യണ്‍ ഡോളറിന്റെ ഒരു ബോണ്ട് പര്‍ച്ചേയ്സ് ആണ് കമ്പ്യൂട്ടറില്‍ ഹാങ്ങായിട്ടിരിക്കുന്നത്.
ഐ.ബി.എം ന്റെ പ്രസിദ്ധമായ മിഡ്  റേഞ്ച് കമ്പ്യൂട്ടര്‍ AS/400 ന്റെ പച്ച സ്‌ക്രീനിന്റെ മുന്നില്‍ ഒരു
തപസ്സിയെ പോലെ അവളിരുന്നു.

അനേകം പ്രോഗ്രാമേഴ്സ് ഉണ്ടെങ്കിലും ഇങ്ങനെയുള്ള ആപല്‍ഘട്ടങ്ങളില്‍ റോണ്‍ അവളില്‍ മാത്രമാണ് ആശ്രയിക്കാറ് എന്നത് അവള്‍ ഓര്‍ത്തു. പതിറ്റാണ്ടുകളുടെ പഴക്കമുള്ള നുറു കണക്കിനുള്ള കോബോള്‍ പ്രോഗ്രാമുകളുടെ വളരെ കോംമ്പ്ളിക്കേറ്റഡ് ആയ സിസ്റ്റമാണ് 'റിയല്‍ ടൈം ട്രേയ്ഡിങ്ങ് സിസ്റ്റം'. 

എല്ലാം അങ്ങോട്ടും ഇങ്ങോട്ടും കൈ കോര്‍ത്തു കിടക്കുന്നു. Y2K ഫിക്സ് ചെയ്ത് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ പരിപാലിച്ചു കൊണ്ടിരിക്കുന്ന ഈ സിസ്റ്റമാണ് കമ്പനിയുടെ പ്രാണ വായു.

റോണിനറിയാം തന്റെ ഏതൊരു പ്രോഗ്രാമറേക്കാളും സോനോക്ക് ഇതിന്റെ ഹൃദയമിടിപ്പ് അറിയാമെന്ന്. ആയിരത്തിലേറെ പ്രോഗ്രാം ലൈനുകളുള്ള, പലരും കൈവെച്ച കോബോള്‍ പ്രോഗ്രാമുകള്‍!

അവളത് തുറന്ന് സ്‌ക്രീനില്‍ നിന്ന് സ്‌ക്രീനിലേക്ക് ഓടിച്ചോടിച്ചു പോയി.

'എവിടെയാണാ ബഗ്?!' അവള്‍ സ്വയം ചോദിച്ചു. 'ഏതു പ്രോഗ്രാമാണ് അനുസരണക്കേടു കാണിച്ചത്?'

ബഗ് റിപ്പോര്‍ട്ടില്‍ അവള്‍ ഒന്നു കൂടി കണ്ണുകള്‍ പായിച്ചു.

അതേ, ഒന്പതക്കമുള്ള ഒരു ബോണ്ട് പര്‍ച്ചേയ്സ്സാ ക്രാഷ് ചെയ്തിരിക്കുന്നത്.
അവള്‍ക്ക് ഉടനെ പിടികിട്ടി പ്രശ്നക്കാരനെ!
അവള്‍ പ്രോഗ്രാമില്‍ നിന്ന് പ്രോഗ്രാമിലേക്ക് എടുത്തുചാടി..
ഇതുപോലൊരു ബഗ് കഴിഞ്ഞ വര്‍ഷം അവള്‍ ഫിക്സ് ചെയ്തതു ഓര്‍ത്തു.
തലച്ചോറില്‍ ഒന്പതക്കമുള്ള ബോണ്ടു പര്‍ച്ചേയ്സ് ട്രാന്‍സാക്ഷന്‍ കിടന്നു പുകഞ്ഞു കത്തി....

1234: *** Save to temporary area for re-checking...........
1235: MOVE WS_QUANTITY TO WS_QUANTITY_TEMP.
1236: MOVE ..............................................................

അതെ, ഇവനാണ്.. ഇവാനാണ് പ്രശ്‌നക്കാരന്‍... കിട്ടി! പ്രോഗ്രാം ലൈന്‍ 1235

പെട്ടെന്ന് ഫിക്‌സ് ചെയ്തു പുതിയ വേര്‍ഷന്‍ പ്രൊഡക്ഷനിലേക്ക് മൂവ് ചെയ്ടിട്ടൂ അവള്‍ റോണിനെ വിളിച്ച് പറഞ്ഞു.

'Program fixed, Ron. Bond order is in the system and ready to execute'

ബഗ്ഗ് റിപ്പോര്‍ട്ടിങ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്ത് ഇ-മെയിലും എല്ലാവര്‍ക്കും അയച്ചിട്ടു അവളൊരു ചൂടുള്ള കോഫിയും ആയി ക്യാബിനില്‍ തിരികെ എത്തി.

ബഗ്ഗ് ഫിക്‌സ് ചെയ്ത പ്രോഗാമിന്റെ പേരും മറ്റു വിവരങ്ങളും അവള്‍ തന്റെ പേര്‍സണല്‍ ഡോക്യൂമെന്റല്‍ എഴുതി സൂക്ഷിക്കാറുണ്ട്.

പ്രമോഷനോടു കൂടി തന്ന H.P. യുടെ പുതിയ ലാപ്ടോപില്‍ സൂക്ഷിച്ചിരുന്ന എക്‌സല്‍ ഡോക്യുമെന്റുകള്‍ അവള്‍ എടുത്തു പരിശോധിച്ചു. അവളുടെ പ്രൈവറ്റ് ഫോള്‍ഡറുകള്‍ ഓരോന്നായി തുറന്നു നോക്കി.

പെട്ടെന്നാണ് സ്‌കാന്‍ ചെയ്തു സൂക്ഷിച്ചിരുന്ന ആ കത്ത് അവളുടെ കണ്ണുകളില്‍ ഉടക്കിയത്. വര്‍ഷങ്ങള്‍ക്കു മുമ്പ് അമ്മയ്ക്ക് ക്രിസ്തുമസ്സിനയച്ച കത്ത്..... അമ്മ....... അന്നീ കത്തു കിട്ടിയിട്ട് പിന്നീടൊരിക്കലും അമ്മ തനിക്കു കത്തെഴുതിയിട്ടില്ല എന്ന ദുഃഖ സത്യം ഒരു ഞെട്ടലോടെ അവള്‍ ഓര്‍ത്തു.........

**********************************************

പ്രിയപ്പെട്ട അമ്മേ.
കൃസ്തുമസ്സിന്റെ തിരക്കൊക്കെ കഴിഞ്ഞ് ഇന്നാണമ്മേ അല്പം സ്വസ്ഥത കിട്ടിയത്. ഇന്നലെ പള്ളിയില്‍ നിന്നപ്പോള്‍ ക്രിസ്തുമസ്സ് കരോളിന്റെ കൂടെ പാടാന്‍ വിടാത്തതിന് ഒരു രാത്രി മൂഴുവന്‍ ഞാന്‍ കരഞ്ഞതും പിറ്റെ ദിവസം അമ്മ അച്ചായനെ പറഞ്ഞ് സമ്മതിപ്പിച്ച് കുഞ്ചായന്റെ കൂടെ വിട്ടതും ഒക്കെ ഓര്‍ത്തു പോയി.
വേറൊരിക്കല്‍ ഒരു ക്രിസ്തുമസ്സ് രാത്രിയില്‍ അച്ചായന്റെ ഫോട്ടോടെ മുന്‍പില്‍ എന്നെ കെട്ടിപ്പിടിച്ചു നിന്നു കരഞ്ഞതും ഇന്നലെ പോലെ ഓര്‍മ്മയില്‍ വന്നു.

നമ്മുടെ കൊച്ചു വീടിന്റെ തിണ്ണയില്‍ ഞാന്‍ സ്‌കൂളില്‍ നിന്നും വരുന്നതും കാത്ത് അമ്മ എപ്പോഴും ഇരിക്കാറുള്ളതും ഓര്‍ക്കുന്നുണ്ടോ? അതൊന്നും അമ്മ ആരോടും പറയണ്ട. വല്യ വല്യ കമ്പനികളിലെ വല്യ വല്യ മാനേജര്‍മാരാ ജോണിച്ചായന്റെ കൂട്ടുകാര്‍. അവരൊന്നും ഇത് അറിയേണ്ട.

ഇവിടെ ഞങ്ങളൊരു വല്യ വീടു വാങ്ങിച്ചു. അമ്മ ഒന്നു വന്നു കാണണമിത്. നമ്മടെ ആള്‍ക്കാരടെ എടേല് ഏറ്റവും വലിയ വീടെന്നാ ജോണിച്ചായന്‍ പറയണത്. പഴയ വീട്ടില്‍ നിന്ന് മാറണമെന്ന് ജോണിച്ചായന് വല്യ നിര്‍ബന്ധമായിരുന്നു. അവിടെയാണെങ്കില്‍ മുഴുവന്‍ മലയാളികളെന്നാ ജോണിച്ചായന്റെ പരാതി. വീടിനൊന്നും വില കൂടില്ലാത്രേ! സ്‌കൂളിലാണെങ്കില്‍ മലയാളി പിള്ളേരേ തട്ടിയിട്ട് നടക്കാന്‍ പാടില്ലെന്നാ സജിമോന്റെ പരാതി. ജോണിച്ചായന്‍ എപ്പോഴും വഴക്കു പറയുകയും ചെയ്യും. അമേരിക്കന്‍ പിള്ളേരുമായിട്ട് കൂട്ടു കൂടിയാലേ കമ്പനികളിലൊക്കെ നല്ല ജോലി കിട്ടുകയുള്ളത്രേ! എന്തായാലും പുതിയ സ്‌കൂളില്‍ മലയാളികളൊന്നുമില്ല എന്ന് മോന്‍ പറയുന്നതു കേട്ടു. അതൊരു വല്യ സമാധാനമായി.

വടക്കേതിലെ കുഞ്ഞുഞ്ഞാന്റിയുടെ കയ്യില്‍ അമ്മ കൊടുത്തു വിട്ട കത്ത് ഇന്നാണ് വായിക്കാന്‍ സമയം കിട്ടിയത്. കുഞ്ചായന്റെ മോന് അത്ര നല്ല അസുഖമല്ലെന്ന് അമ്മ എഴുതിയാര്‍ന്നല്ലോ. നാട്ടില് നല്ല ഒന്നാന്തരം ഗവണ്മെന്റു ആശുപത്രി ഒക്കെ ഉള്ളപ്പോ എന്തിനാ അമ്മേ കാശും മുടക്കി വെല്ലൂര്‍ക്ക് കൊണ്ടു പോണേ? കുഞ്ചായനെ ഒന്ന് സഹായിക്കണമെന്ന് ജോണിച്ചായനോട് പറയാന്‍ എനിക്കു നാണക്കേടാ...

ഇവിടെ ഞങ്ങള്‍ക്ക് വല്ല തിരക്കാ. പുതിയ വീടിന് കൊറച്ചു പണിയൊക്കെ ചെയ്തു തീര്‍ക്കാനുണ്ട്. ഒരു മാസമായി അതിന്റെ ഓട്ടത്തിലാ ജോണിച്ചായന്‍. കേറി താമസത്തിന് വല്യ പരിപാടി വേണമെന്നാ ജോണിച്ചായന്. അല്ലേലും, നല്ല വില കൊടുത്തു വാങ്ങിയതല്ലേ. പള്ളിക്കാരെയും, അസ്സോസ്സിയേഷന്‍കാരേയും, കൂട്ടുകാരേയും ഒക്കെ ഒന്ന് വിളിച്ച് ആഘോഷിച്ചില്ലെങ്കില്‍ നമ്മടെ ഗമയ്ക്ക് കുറവെന്നാ ജോണിച്ചായന്‍ പറയണത്.

അമ്മേ, ഇപ്രാവശ്യവും ക്രിസ്തുമസ്സ് കാര്‍ഡ് അയക്കാനൊന്നും പറ്റിയില്ല. അല്ലമ്മേ, തിരക്കില്‍ വിട്ടു പോയി എന്നു പറഞ്ഞാല്‍ മതിയല്ലോ. പല പ്രാവശ്യം ഓര്‍ത്തതാ. പക്ഷെ... അമ്മയോടല്ലെ ഇത് തുറന്നു പറയാന്‍ കഴിയൂ. കൂട്ടുകാര്‍ക്കൊക്കെ അയച്ചില്ലെങ്കില്‍ അവരു നമ്മളെപ്പറ്റി എന്നാ വിചാരിക്കും.

ഇപ്രാവശ്യമാണെങ്കി ജോണിച്ചായന്‍ വീടിന്റെ ഒരു നല്ല ഫോട്ടോയും വച്ചാ കാര്‍ഡ് ഉണ്ടാക്കിച്ചേക്കണെ. ഒന്ന് കാണണമത്!

ഓ, അമ്മയുടെ എഴുത്തില്‍ എഴുതിയിരുന്നല്ലോ 'നിന്റെ വല്ലപ്പോഴുമൊക്കെ വരുന്ന കത്തില് വല്ല ചെക്കും ഉണ്ടോ എന്ന് ആദ്യമേ നോക്കു'മെന്നു! അമ്മ താമശ പറഞ്ഞതായിരിക്കുമല്ലോ.

അമ്മേ, ഇവിടെ എല്ലാത്തിനും തീ പിടിച്ച വിലയാ. വെള്ളം വരെ കാശുകൊടുത്തു വാങ്ങണം. വല്യ പലിശക്ക് കടമെടുത്ത ഈ പുതിയ വീടു വാങ്ങിയേ.. പലിശക്കാര്യം ഓര്‍ത്തിട്ട് ജോണിച്ചായനാണെങ്കില്‍ ഒട്ടും ഒറക്കോം ഇല്ലാ. വല്ല അസുഖവും വന്നു പിടിക്കോന്നാ എന്റെ പേടി. പിള്ളേര് കോളേജിലോക്കെ പോണേതിനു മുമ്പ് കടം കൊടുത്തു തീര്‍ക്കണമെന്നു എപ്പോഴും പറച്ചിലാ. നാട്ടിലേ പോലെയല്ലമ്മേ ഇവിടെ. കാശടച്ചില്ലെങ്കില്‍ കോടതിയും പോലീസും ഒക്കെ ആയി വന്നു ബാങ്കുകാര് വീടു പിടിച്ചെടുക്കും!

അമ്മേ, ഞാന്‍ അമേരിക്കേലു വന്നിട്ട് പത്തിരുപത് വര്‍ഷായിട്ടും ഓണത്തിനോ ക്രിസ്തുമസ്സിനോ ഒന്നും കാശയച്ചു തരാറില്ലല്ലോ. പിന്നെന്താ അമ്മക്കിങ്ങനെ പെട്ടെന്ന് തോന്നിയത്?

അമ്മേ, ഞങ്ങളിവിടെ വാങ്ങിയ വീട് വല്യ വിലപിടിപ്പുള്ള സ്ഥലത്താ. അടുത്തുള്ള വീടോക്കെ എന്നാ വലുതാണന്നറിയാമോ? എന്റെ കൂട്ടുകാര്‍ കണ്ട് അതിശയിച്ചു പോയി!

പുതിയ വീട്ടിലോട്ടു മാറുമ്പോള്‍ നല്ലൊരു കാറു വേണോന്നാ ജോണിച്ചായന്. പുതിയ വീടിന്റെ മുമ്പില്‍ പഴയ കാറിടുന്നതു വല്യ നാണക്കേടാണത്രേ. അടുത്തുള്ള വീട്ടിലുള്ളവര്‍ക്കൊക്കെ വല്യ വിലയുള്ള ജര്‍മ്മന്‍ കാറാണെന്നാ ജോണിച്ചായന്‍ പറഞ്ഞത്. ഒരു ബെന്‍സു കാറോടിക്കാന്‍ അമേരിക്കയില്‍ വന്നിറങ്ങിയപ്പോളു മുതലുള്ള വല്യ സ്വപ്‌നമാണെന്ന് ജോണിച്ചായന്‍ എപ്പോഴും പറയും. ഞാനും വിചാരിച്ചു 'രാപകലില്ലാതെ കഷ്ടപ്പെടുന്ന ആളല്ലേ, എന്തുമാകട്ടെ' എന്ന്. പിള്ളേരൊക്കെ കോളേജില്‍ പോയി തുടങ്ങിയാല്‍ ഇതു വല്ലതും പറ്റോ? ക്രിസ്തുമസ്സ് സമയത്ത് വില കുറവുണ്ടെന്നു പറഞ്ഞു കഴിഞ്ഞയാഴ്ച ഞങ്ങള്‍ പോയി ഒരെണ്ണം വാങ്ങി. കൃസ്തുമസ്സിന് ആ കാറോടിച്ചാ പള്ളിയില്‍ പോയത്.

അമ്മേ, ഫോണ്‍ വിളിക്കണമെന്നുണ്ടെങ്കിലും മാസാമാസം കടം തീര്‍ക്കാന്‍ ജോണിച്ചായന്റെ നെട്ടോട്ടം കണ്ടിട്ട് ഞാന്‍ വേണ്ടാന്നു വയ്ക്കാ. എല്ലാം ചെലവല്ലേ? ഫോണ്‍ കമ്പനിക്കാരാണെങ്കില്‍ ദിവസോം ദിവസോം വില കൂട്ടുകയാ. അമ്മയ്ക്കത് മനസ്സിലാകുമല്ലോ.

അമ്മക്കെന്താ ഇപ്പോള്‍ ഇത്ര കാശിനാര്‍ത്തി? ഇവിടെ കാശിന് വല്യ ചെലവാ.

അമ്മ എപ്പോഴും പറയാറുണ്ടല്ലോ
'പെമ്പിള്ളേര് കല്യാണം കഴിഞ്ഞാല്‍ അടങ്ങി ഒതുങ്ങി കെട്ടിയോനെ അനുസരിച്ച് മര്യാദക്ക് ജീവിക്കണമെന്ന്. പാട്ടും കൂത്തും ഒന്നും വേണ്ടാന്ന്. കഥയെഴുത്തും കവിതയെഴുത്തും ഓക്കെ നിര്‍ത്തി കഞ്ഞീം കറീം വെച്ച് ഒതുങ്ങണമെന്ന്'.

അമ്മേ, ഞാന്‍ അമേരിക്കേല് വന്ന് ഒരു മാസം കഴിഞ്ഞപ്പളേ കുടെ കൊണ്ടു വന്ന ഒ. വി. വിജയനും ചങ്ങമ്പുഴയും ചുള്ളിക്കാടും ഒക്കെ എടുത്തു ചവറ്റു കൊട്ടയില്‍ ഇട്ടു. ഇതൊന്നും വായിച്ച് തല ചുമ്മാതെ ചൂടാക്കരുത് എന്ന് വന്നപ്പോഴേ ജോണിച്ചായന്‍ ഉപദേശിച്ചാര്‍ന്നു..... അപ്പൊ മുതല് ജോണിച്ചായന്റെ ഇഷ്ട്ട സിനിമകളും , ടിവി സീരിയലുകളും, പാട്ടുകളൊക്കെയായിട്ടു മാറി ഈ മോള്. രാതിയില് ജോണിച്ചായന്‍ ജോലി കഴുഞ്ഞു വന്നാല്‍ സിനിമയിലേയും ടി വിയില്‍ വരണ സീരിയലുകളുടേയും ഒക്കെ കഥ പറഞ്ഞു കേള്‍പ്പിക്കാനാ പറഞ്ഞത്. അതിലൊക്കെ അഭിനയിക്കുന്ന ജോണിച്ചായെന്റെ ഇഷ്ട്ട താരങ്ങളുടെ വിവരങ്ങള്‍ എല്ലാം എന്നെ പറഞ്ഞു കേള്‍പ്പിക്കും. അതോടൊപ്പം നല്ല കോട്ടയം മീന്‍ കറിയും വേണം എന്നും. അത് പുളിയിട്ടു വെച്ചത് രണ്ടു ദിവസം പഴകിയാലേ ഇഷ്ടാകൂള്ളൂ. അതൊക്കെ അന്നേ തൊട്ട് മുടക്കാതെ അമ്മേടെ മോള് ചെയ്യുന്നുണ്ട്.

'ഭാര്യമാരായാ അച്ചായന്മാരുടെ ഇഷ്ടം അറിഞ്ഞു വേണ്ടത് ഉണ്ടാക്കി കൊടുക്കുന്നതിലാ ബുദ്ധിയും സാമര്‍ഥ്യവും വേണ്ടത്' എന്ന ജോണിച്ചായന്റെ വേദവാക്യം എന്റേതും ആയിമാറി.

കഴിഞ്ഞ മാസം വീടു മാറാനായീ പെട്ടി അടക്കിയപ്പോള്‍ അതിന്റെ അടിയില്‍ മറന്നു കിടന്ന ജില്ലാ യുവജനോത്സവത്തിന് എനിക്ക് കവിതക്ക് ഒന്നാം സമ്മാനം കിട്ടിയതിന്റെ സര്‍ട്ടിഫിക്കറ്റ് കണ്ടപ്പോള്‍ ഉള്ളൊന്ന് വിതുമ്പിയാര്‍ന്നു.....

അമ്മ ഓര്‍ക്കണുണ്ടോ അന്നാ സര്‍ട്ടിഫിക്കേറ്റും ആയി മ്മള് ശവക്കോട്ടയില്‍ അച്ചായന്റെ കബറിങ്കല്‍ പോയതും, 'അച്ചായനായിരിക്കും അത് കണ്ടു ഏറ്റവും സന്തോഷിക്കണത്' എന്ന് അമ്മ പറഞ്ഞതും.
മ്മളതു അച്ചായനെ കാണിക്കാനായീ കുറച്ചുനേരം തലക്കല്‍ വച്ചതും?!
അത് വീട്ടിലെ ഭിത്തിയില്‍ ചില്ലിട്ടു വെച്ചേക്കാമെന്നു അമ്മ പറഞ്ഞിട്ടും വല്യ കാര്യത്തില്‍ ഇങ്ങോട്ട് കൊണ്ടു പോന്നതാ!....

ങാ... എല്ലാ ആഴ്ച്ചയും ജോലീന്നു വരുമ്പോള്‍ അച്ചായന്‍ എനിക്കായി കൊണ്ടുവരാറുള്ള കഥ പുസ്തകങ്ങള്‍..

ജോണിച്ചായനിതുവരെ വീട്ടിലോട്ടു ഒന്നും കൊടുക്കണ ഞാന്‍ കണ്ടട്ടില്ല. പിന്നെങ്ങനെയാ ഞാന്‍ ചോദിക്കണേ? മ്മടെ സ്റ്റാറ്റസിനു മോശാല്ലേ!

എന്നോടെപ്പോഴും പറയും 'കല്യാണം കഴിച്ചപ്പോള്‍ അച്ചന്‍ പറഞ്ഞു തന്നത് മറന്നു പോയോന്ന്? അപ്പനേയും അമ്മയേയും വിട്ടു ഭര്‍ത്താവിനോട് ചേരണ'മെന്ന്?

അമ്മേ, പള്ളിലച്ചന്‍ പറഞ്ഞു തന്നത് അനുസരിക്കാതിരുന്നാല്‍ ദൈവകോപം ഉണ്ടാവില്ലേ. എനിക്കു വല്യ പേടിയാമ്മേ..

അമ്മക്ക് അമേരിക്കായിന്നൊക്കെ കാശു  വന്നെന്നറിഞ്ഞാല്‍ വല്ല കള്ളന്മാരും വീട്ടില്‍ കേറൂന്നാ ജോണിച്ചായന്‍ പറയണത്. പത്രത്തില് ഒരോന്നു വായിക്കുമ്പോ എന്നാ പേടിയാന്നോ. ആതും അല്ല, നാട്ടുകാരും വീട്ടുകാരും ഓരോ ആവശ്യം പറഞ്ഞോണ്ട് വീട്ടീന്ന് ഇറങ്ങില്ലത്രേ!...

ഇന്നലെ പറയാ, 'അപ്പനും അമ്മേം പ്രായമായാല്‍ വേദപുസ്തകോം വായിച്ചു മക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചു വീട്ടില്‍ അടങ്ങി ഒതുങ്ങി ഇരിക്കണ' മെന്ന്... 'ചാരിറ്റിയും മറ്റുള്ളവര്‍ക്ക് സഹായം കൊടുക്കലൊക്കെ നിര്‍ത്തണ'മെന്നു...

ജോണിച്ചായന്‍ വല്യ പഠിപ്പുള്ള ആളല്ലേ, അമ്മേ. ഒത്തിരി ഒത്തിരി മുന്നോട്ടു കണ്ടേ എന്തും പറയൂ. പറയുന്നതിനൊക്കെ വല്യ അര്‍ത്ഥമുണ്ട്. എനിക്കിതൊക്കെ മനസ്സിലായീ വരാന്‍ ഒത്തിരി താമസം വരും.

ഇപ്രാവശ്യം ജോണിച്ചായന്‍ ഒത്തിരി സമ്മാനങ്ങള്‍ കൂട്ടുകാര്‍ക്കൊക്കെ കൊടുത്തൂ.. പിള്ളേരാണെകില്‍ ഒരു മാസമായീ കടകളില്‍ കിടപ്പാന്നു പറഞ്ഞാല്‍ മതിയല്ലോ... വാങ്ങിച്ചും തിരിച്ചു കൊടുത്തും കടയില്‍ പോകാന്‍ വണ്ടിയോടിച്ച് ഞാന്‍ മടുത്തു.. അമ്മക്കൊന്നും അയക്കാന്‍ ഇപ്രാവശ്യവും പറ്റിയില്ല. അല്ലേലും, അമ്മക്കെന്തിനാ ഇനിയിപ്പോള്‍ ക്രിസ്തുമസ്സ് സമ്മാനം!...

എന്ന് അമ്മയുടെ സ്വന്തം സോനോ മോള്‍
** ** ********************************************

മൂന്നു മാസം മുന്‍പാണ് മന്‍ഹാട്ടന്‍ ഡിസ്ട്രിക്ട് കോടതിയില്‍ വെച്ച് അവള്‍ അവസാനമായി അവനെ കണ്ടത്. ജഡ്ജ് രണ്ടു പേരെയും കാണണമെന്നു പറഞ്ഞു പോലും. മനസ്സില്ലാ മനസ്സോടെയാ അവള്‍ പോയത്.

അവന്റെ അറ്റോര്‍ണിയോട് ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന അവനെ ദൂരേന്നു തന്നെ അവള്‍ കണ്ടു.

ഡൈവോഴ്‌സ് എഗ്രിമെന്റില്‍ വരുത്തേണ്ട മാറ്റങ്ങള്‍... നല്ലവണ്ണം നിഗോഷിയേറ്റു ചെയ്തു കഴിവതും അവള്‍ക്കു കുറച്ചു കൊടുക്കാനുള്ള തന്ത്രങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്യുന്നു.

'എനിക്കൊന്നും വേണ്ട, മിസ് ക്രിസ്റ്റി... .. എല്ലാം ജോണിച്ചായന്‍ എടുത്തോട്ടെ' എന്ന് തന്റെ അറ്റോര്‍ണിയുടെ ചോദ്യത്തിന് മറുപടി പറഞ്ഞപ്പോള്‍ ആ അമേരിക്കക്കാരി തന്നെ ദയനീയമായീ നോക്കിയത് അവള്‍ ഓര്‍ത്തു...

'Are you sure, Ms Sono?!'

'Yes, I am very very sure, Ms Christy. He needs money.. lots of money..'

എല്ലാ ഡോക്യൂമെന്റുകളിലും ഒപ്പിട്ടു പരസ്പരം പിരിയുമ്പോള്‍ അവന്റെ കണ്ണുകളിലേക്ക് അവളൊന്ന് അറിയാതെ നോക്കിപ്പോയീ.
അവളെ കാണാനായീ പണ്ട് ഹോസ്റ്റലില്‍ നാണം കുണുങ്ങിയായി വന്ന ഒരു യുവാവിനെ അവള്‍ ഓര്‍ത്തെടുത്തു..
അന്നാ കണ്ണുകളില്‍ കാരുണ്യമുണ്ടായിരുന്നു ....

ഇപ്പോളാ കണ്ണുകളില്‍ അവന്റെ യൂക്രേനിയന്‍ കാമുകിയുടെ പുഞ്ചിരിക്കുന്ന മുഖം തത്തിക്കളിക്കുന്നത് അവള്‍ കണ്ടു.... ഒപ്പം ഡോളറിന്റെ മിന്നലാട്ടവും
ഹണിമൂണ്‍ ആഘോഷിക്കാനായീ കാമുകിയുമായീ കരീബിയനിലേക്ക് പാര്‍ക്കാന്‍ വെമ്പുന്ന കണ്ണുകള്‍.......

അവള്‍ നേരെ പോയത് ഹഡ്‌സണ്‍ റിവറിലേക്കായിരുന്നു.

അടിമത്തത്തിന്റെ മുഖ മുദ്രയായി കഴുത്തില്‍ കെട്ടിയിട്ടിരുന്ന താലി അവള്‍ വലിച്ച് പൊട്ടിച്ച് 
ഹഡ്‌സണ്‍  റിവറില്‍ എറിഞ്ഞു......
കയ്യില്‍ കിടന്ന 'J' എന്നു മുദ്രപതിച്ച മോതിരം ഊരി ഒരു ഹോംലെസ്സ് സ്ത്രീക്കു കൊടുത്തു. അവരതു ആര്‍ത്തിയോടെ വാങ്ങിക്കൊണ്ടു പോയത് അവളിപ്പോഴും ഓര്‍ക്കുന്നു. അവരതു വിറ്റ് വല്ലതും കഴിക്കട്ടെ..
വര്‍ഷങ്ങളോളം അണിഞ്ഞ ചങ്ങലകള്‍........

കഴിഞ്ഞ ദിവസം മെയിലില്‍ വന്ന ചെയ്‌സ് മന്‍ഹാട്ടന്‍ ബാങ്കിന്റെ ചെക്ക് ബുക്ക് വാനിറ്റി ബാഗില്‍ നിന്നും അവള്‍ പുറത്തെടുത്തു.
ഹാ ... അവളുടെ പേരു മാത്രം .... അവളുടെ സ്വന്തം പേരു മാത്രം....... അച്ചായന്‍ അവളെ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ എഴുതി കൊടുത്ത അതേ പേരു തന്നേ...

ബാങ്കുകാരോട് പ്രത്യേകം പറഞ്ഞിരുന്നു അവള്‍ക്കു കിട്ടിയ സ്വാതന്ത്രത്തിന്റെ സ്വര്‍ണ്ണ ചിറകുകളെ കുറിച്ച്!....

ചെക്കു നമ്പര്‍ 101...... ആദ്യത്തെ ചെക്ക്......
പെന്‍ ഹോള്‍ഡറില്‍ നിന്നും അവള്‍ക്കിഷ്ടപ്പെട്ട പൈലറ്റിന്റെ PRECISE V7 നീല മഷിയുടെ പേനകൊണ്ട് അമ്മക്കൊരു ചെക്ക് ... 1000 ഡോളര്‍...... പോരാ....... ....പോരാ .... കടങ്ങള്‍ എത്രയോ ബാക്കി.. ഒരിക്കലും ഒരിക്കലും തീരാത്ത കടങ്ങള്‍......

അമ്മക്കൊരു ബ്ലാങ്ക് ചെക്കു തന്നെ കൊടുക്കണം ... എത്ര വേണെമെങ്കിലും അമ്മ എഴുതി എടുത്തോട്ടെ..
എത്ര വേണമെങ്കിലും.... അമ്മക്ക് മതിയാവോളം എടുത്തോട്ടേ........

ചെക്കിന്റെ അടിയില്‍ ഒപ്പിട്ടിട്ടു അത് കവറില്‍ ആക്കി ഡൌണ്‍ ടൌണിലെ പോസ്റ്റ് ഓഫീസിലേക്ക് അവള്‍ നടന്നു..

അമ്മ ഈ ലോകയാത്ര മതിയാക്കി തന്റെ നിത്യകാമുകന്റെ അടുത്തേക്കു പോയിട്ട് അടുത്ത മാസം രണ്ടു വര്‍ഷം തികയുകയാണെന്നത് അവളെ നോവിച്ചു... ഇന്നെങ്കിലും ഈ ക്രിസ്തുമസ്സ് സമ്മാനം!.....................

നാട്ടിലുള്ള കുഞ്ചായെന്റെ മോനെ ഫോണില്‍ വിളിച്ചു പറഞ്ഞു....

'മോനൂട്ടാ... അമ്മയുടെ പേരിലൊരു എഴുത്തു വരും.. മോനത് പള്ളിയില്‍ കൊണ്ടു പോയി, അമ്മേടെ കബറിങ്കലെ തലക്കല്‍ വയ്ക്കണേ... അത് എടുത്തു മാറ്റേണ്ടാട്ടോ...... അതവിടെ തന്നെ ഇരുന്നോട്ടേട്ടോ മോനോ.......
അതവിടെ തന്നെ എന്നും ഇരിക്കട്ടെ..... എഴുത്തു കിട്ടിയാ അന്നു തന്നെ ട്ടോ മോനോ ........'
*****************************************

കോബോള്‍(COBOL): ഐബിഎം ന്റെ വലുതും ചെറുതുമായ കംപ്യൂട്ടറുകളില്‍ ഉപയോഗിക്കുന്ന പ്രസിദ്ധമായ ഭാഷ.
ബഗ്ഗ്: കമ്പ്യൂട്ടര്‍ പ്രോഗ്രാമില്‍ ഉണ്ടാകാറുള്ള തെററുകളെ പൊതുവേ പറയുന്നത്.
ക്രാഷ് ചെയ്യുക: കമ്പ്യൂട്ടര്‍ പ്രോഗ്രാമിലെ തെറ്റുകള്‍ മൂലം അത് പ്രവര്‍ത്തിക്കാതെ വരുക
കംപ്യൂട്ടര്‍ ഹാങ്ങു് ആകുക: ഉപയോഗിക്കുന്ന ആള്‍ പറയുന്നതുപോലെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കാതിരിക്കുക.
പ്രൊസീഡിയരും ഫങ്ക്ഷനുകളും: കംപ്യൂട്ടര്‍ പ്രോഗ്രാം എഴുതുമ്പോള്‍ ഉപയോഗിക്കാറുള്ള രീതികള്‍.
Y2K ഫിക്സ്: 2000 ആണ്ടില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമുകള്‍ക്ക് ഉണ്ടാകാമായിരുന്ന വലിയ ഒരു അപകടം ഒഴുവാക്കാനായീ എടുത്ത മുന്‍കരുതലുകള്‍.
വൈകിയെത്തിയ ക്രിസ്തുമസ്സ് സമ്മാനം (ചെറുകഥ- ബെന്നി ന്യൂ ജേഴ്സി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക