Image

ജനിമൃതികളുടെ അജ്ഞാത തീരങ്ങളില്‍: (ചെറുകഥ-രാജീവ് പഴുവില്‍)

രാജീവ് പഴുവില്‍ Published on 17 December, 2017
ജനിമൃതികളുടെ അജ്ഞാത തീരങ്ങളില്‍: (ചെറുകഥ-രാജീവ് പഴുവില്‍)
സൂര്യാസ്തമയം കഴിഞ്ഞു മണിക്കൂറുകള്‍ നാലഞ്ചായി.

അമ്പല വിളക്കുകള്‍ അണഞ്ഞു പരിസരം ശൂന്യമായപ്പോള്‍ ന്‍ പതുക്കെ ആല്‍ത്തറക്കല്‍ നിന്നെണീറ്റു. മുന്നില്‍ വിരിച്ചിട്ടിരുന്ന തുണിയില്‍ വീണുകിടന്നിരുന്ന നാണയത്തുട്ടുകള്‍ പെറുക്കിയെടുത്തു. മറ്റെല്ലാം ചുരുട്ടി ഭാണ്ഡത്തിലാക്കി.

സന്തത സഹചാരിയായ മുളവടി എടുത്ത് അതില്‍ താങ്ങി എണീറ്റു നിന്നു ക്ഷേത്രത്തിനു നേരെ ഒന്ന് നോക്കി ഒരു നിമിഷം ധ്യാന നിരതനായി. പിന്നെ തിരിഞ്ഞു, സമീപത്തുള്ള അങ്ങാടിയിലെ കടത്തിണ്ണകളില്‍ ഒന്നിലേക്ക് പതുക്കെ നടന്നു.

അയാള്‍ ഇവിടെ എത്തിപ്പെട്ടിട്ട് ഇപ്പോള്‍ ഒരു മാസത്തോളമാവുന്നു.

ഒരു ദശാബ്ദത്തിനു മുന്‍പ് , ജീവിതത്തിലെ കടമകളെല്ലാം തീര്‍ന്നു എന്ന് ബോദ്ധ്യമായ അവസരത്തില്‍ നാട്ടില്‍ മക്കളെയും പേരക്കുട്ടികളെയുമെല്ലാം ആശീര്‍വദിച്ചു സ്വമനസ്സാ തീര്‍ത്ഥാടനത്തിനിറങ്ങിയ നിമിഷം ഇന്നലെയെന്ന പോലെ അയാള്‍ ഓര്‍ത്തു.

ലക്ഷ്മി അതിനും രണ്ട് വര്ഷം മുന്‍പ് തങ്ങളെയെല്ലാം വിട്ടു പരലോകത്തേക്കു പോയിരുന്നു.

നാളിതു വരെ ഏതെല്ലാം പുണ്യ സ്ഥലങ്ങള്‍ കണ്ടു യാത്ര തുടര്‍ന്നു. ഇപ്പോള്‍ അവശത അലട്ടി തുടങ്ങിയപ്പോള്‍ , ഇവിടെ ഉത്തര്‍ പ്രദേശിലെ ഈ കൊച്ചു ഗ്രാമത്തിലെ ക്ഷേത്ര പരിസരത്തു എത്തിപ്പെട്ടു.

എന്ത് കൊണ്ടോ , ശേഷകാലം ഇവിടെ ഇങ്ങനെ കൂടാം എന്നൊരു ചിന്ത അയാളുടെ മനസ്സില്‍ കുടിയേറിയിരിക്കുന്നു.  യാത്ര തുടങ്ങിയതിനു ശേഷം ഈയിടെയായി പതിവില്ലാത്ത വിധം ശക്തിയോടെ ലക്ഷ്മിയെപ്പറ്റിയുള്ള ഓര്‍മ്മകള്‍ അയാളെ മഥിക്കാനും തുടങ്ങിയിരുന്നു.

കടത്തിണ്ണയിലെത്തി അയാള്‍ കംബളം  വിരിച്ചു അതില്‍ ചുരുണ്ട് കൂടി.

ഒരു കൊച്ചിറയത്തിന്റെ വീതിയുണ്ട്. അത്യാവശ്യം രണ്ടുപേര്‍ക്കു സുഖമായി കിടക്കാം. അയാളില്‍ ഇനിയും അവശേഷിക്കുന്ന ഗതകാല പ്രൗഢി വായിച്ചറിഞ്ഞിട്ടോ, സ്ഥലം വൃത്തി കേടാക്കാത്തതിനാലോ എന്തോ, കടയുടമ ഇതുവരെ അയാളെ വിലക്കിയില്ല.

വഴിയരികിലെ പോസ്റ്റില്‍ വെളിച്ചം ഇടവിട്ട് മങ്ങിയും പ്രകാശിച്ചും നിന്നു.

ചിരപരിചിതമായ ചീവീടുകളുടെ ശബ്ദത്തിനു ശക്തി കൂടി വന്നു.

അത് കേട്ട് കണ്ണടച്ച് തുടങ്ങിയപ്പോള്‍ ഒരു പൂച്ചയുടെ ശബ്ദം 'മ്യാവൂ'.

'ശ്ശേ , ഇതെവിടുന്നു വന്നു?'
ഇത് വരെ ഇവിടെ കണ്ടിട്ടില്ലല്ലോ.
ഉറങ്ങാന്‍ സമ്മതിക്കില്ല. തനിക്കാണെങ്കില്‍ ഈയിടെയായി വല്ലാത്ത ക്ഷീണം.

അയാള്‍ പതുക്കെ വടിയെടുത്തു നിലത്തടിച്ചു ശബ്ദമുണ്ടാക്കി അതിനെ ഓടിക്കാന്‍ നോക്കി. അത് പടിയില്‍ നിന്ന് അയാളെ തന്നെ നോക്കി 'മ്യാവൂ' എന്ന് പറഞ്ഞതല്ലാതെ പോയില്ല. അവിടെ ചുറ്റിപ്പറ്റി നിന്നു.

തളര്‍ച്ചയ്ക്കിടയില്‍ അയാളെപ്പോഴോ ഉറങ്ങിപ്പോയി .

രാവിലെ എണീറ്റ് നോക്കിയപ്പോള്‍. അത് തന്നോട് ചേര്‍ന്ന് കിടക്കുന്നതു കണ്ടു. എന്തോ അയാള്‍ ശല്യപ്പെടുത്താന്‍ പോയില്ല.

നല്ല വെളുത്ത ഭംഗിയുള്ള ഒരു പൂച്ച.  പെണ്‍ പൂച്ചയാണ്. അല്പം പ്രായം ഉണ്ടെന്നു തോന്നുന്നു.

പിന്നീടുള്ള ദിവസങ്ങളില്‍ അതാവര്‍ത്തിച്ചു.

രാത്രി എവിടെ നിന്നോ ആ പൂച്ച അയാള്‍ക്കടുത്തെത്തി. കൂടെ ചേര്‍ന്നു കിടന്നു.
കണ്ണുകളില്‍ നോക്കി , അയാളുടെ കയ്യും മുഖവും നക്കി ത്തുടച്ചു.

രാവിലെ അയാള്‍ ക്ഷേത്ര പരിസരത്തേക്ക് പോകുമ്പോള്‍ , പൂച്ചയും എങ്ങോട്ടോ പോകും. ഗ്രാമവാസികള്‍ ഇപ്പോള്‍ അയാളെയും പൂച്ചയേയും അറിഞ്ഞു തുടങ്ങിയിരിക്കുന്നു.

അന്ന് സന്ധ്യക്ക് മഴ തുടങ്ങി . വല്ലാത്ത മഴ. വൃദ്ധന്‍ നേരത്തെ കടത്തിണ്ണയിലേക്കു എത്തിയെങ്കിലും അയാള്‍ നനഞ്ഞിരുന്നു. വല്ലാതെ വിറയ്ക്കാന്‍ തുടങ്ങിയിരുന്നു.

പൂച്ചയെ കണ്ടില്ല.  അയാള്‍ ചുരുണ്ട് കൂടി വഴിക്കണ്ണുമായി പൂച്ച വരുന്നതും നോക്കി കിടന്നു.

പിന്നെപ്പോഴോ രാത്രിയുടെ അര്‍ദ്ധയാമങ്ങളിലെപ്പോഴോ ഒരു ഞരക്കം കേട്ട് അയാള്‍ കണ്ണുകള്‍ വലിച്ചുതുറക്കാന്‍ ശ്രമിച്ചു.

സാധിക്കുന്നില്ല ...ചെവി വട്ടം പിടിച്ചു 'മ്യാവൂ' ശബ്ദത്തിനു കാതോര്‍ത്തു.

ശരിയായി കേള്‍ക്കുന്നില്ല ..ഒരു നിമിഷം..

തന്റെ മുഖം ആരോ നക്കിത്തുടക്കുന്നതയാള്‍ക്കു അറിയാന്‍ കഴിഞ്ഞു. അതെ അവള്‍ എത്തിയിരിക്കുന്നു.. അയാള്‍ കൈ ഉയര്‍ത്താന്‍ ശ്രമിച്ചു കഴിഞ്ഞില്ല ..

തന്റെ അവസാനം അടുത്തെത്തിയിരിക്കുന്നോ ? അര്‍ദ്ധ ബോധാവസ്ഥയിലും ഒരു ഞെട്ടലോടെ അയാള്‍ ഓര്‍ത്തു.

രണ്ട് കണ്ണുകള്‍ തന്നെത്തന്നെ നോക്കിയിരിക്കുന്നതായി ഉള്‍ക്കണ്ണുകളില്‍ അയാള്‍ക്കനുഭവപ്പെട്ട നിമിഷം ..

അവസാന ശക്തിയും സംഭരിച്ചു അയാള്‍ കണ്ണുകള്‍ വലിച്ചു തുറന്നു. അതെ .. പൂച്ച അയാളെ തന്നെ നോക്കിയിരിക്കുന്നു . അവളുടെ കണ്ണുകള്‍ ...

പൊടുന്നനെ കോരിത്തരിപ്പോടെ അയാളത് തിരിച്ചറിഞ്ഞു ... തന്റെ ലക്ഷ്മിയുടെ കണ്ണുകള്‍...പന്ത്രണ്ടു വര്ഷം മുന്‍പ് തന്നെ വിട്ടു പോയ ലക്ഷ്മി ഇവിടെ മറ്റൊരു നാട്ടില്‍, മറ്റൊരു രൂപത്തില്‍ തന്റെ അവസാന ദിവസങ്ങളില്‍ കൂട്ടിനായി പുനര്‍ജനിച്ചുവോ ?

എന്തേ .. എന്തേ നിന്നെ, നിന്റെ കണ്ണുകളെ ഇത് വരെ ഞാന്‍ തിരിച്ചറിഞ്ഞില്ല ?

'എന്റെ ലക്ഷ്മീ', അയാള്‍ ആ കണ്ണുകളില്‍ ഉറ്റു നോക്കി ഉറക്കെ വിളിച്ചു. ശബ്ദം പുറത്തു വന്നില്ലെങ്കിലും , ലക്ഷ്മി അത് കേട്ടു..

കണ്ണു ചിമ്മി, അയാളുടെ മുഖം സ്‌നേഹത്തോടെ അവള്‍ നക്കി തുടച്ചു.

അയാളുടെ വിസ്മയം വിടര്‍ന്ന കണ്ണുകളില്‍ നിന്ന് സന്തോഷാശ്രു ധാരയായൊയൊഴുകി. ചുണ്ടുകളില്‍ ഒരു പുഞ്ചിരി തെളിഞ്ഞു വന്നു. 
പിന്നെപ്പിന്നെ, പതുക്കെ അയാളുടെ കണ്ണുകളിലെ തിളക്കം നിലച്ചപ്പോള്‍ ..

അവള്‍ കണ്‍പോളകളില്‍ നക്കി അതടച്ചു വെച്ചു...അതിനു ശേഷം, അയാളോട് ചേര്‍ന്ന് കിടന്നു.

മഴ ആര്‍ത്തലച്ചു പെയ്തു കൊണ്ടിരുന്നു....

പിറ്റേന്ന് ഗ്രാമവാസികള്‍ വിസ്മയത്തോടെ ആ കാഴ്ച കണ്ടു .

വൃദ്ധന്‍ കടത്തിണ്ണയില്‍ പുഞ്ചിരിയോടെ മരിച്ചു കിടക്കുന്നു. അയാളുടെ മുഖത്തോട് മുഖം ചേര്‍ത്ത് കിടന്ന ആ പൂച്ചയുടെ ശരീരവും തണുത്തു മരിച്ചു വിറങ്ങലിച്ചിരുന്നു.

അപ്പോള്‍..അകലെയകലെ.. 

അനന്ത കോടി നക്ഷത്രങ്ങള്‍ക്കുമപ്പുറത്ത് ,

ജനിമൃതികളുടെ അജ്ഞാത തീരങ്ങളില്‍....

രണ്ടാത്മാക്കള്‍ കൈകോര്‍ത്തു പരസ്പരം നോക്കിയിരിക്കുകയായിരുന്നു.

ഒരുമിച്ച് ഒരു പുനര്‍ജ്ജനിക്ക് അടുത്ത ഊഴവും കാത്ത് !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക