Image

ഓഖിയും ക്രിസ്മസും പിന്നെ മുളയും (ലൗഡ് സ്പീക്കര്‍ 15: ജോര്‍ജ് തുമ്പയില്‍)

Published on 18 December, 2017
ഓഖിയും ക്രിസ്മസും പിന്നെ മുളയും (ലൗഡ് സ്പീക്കര്‍ 15: ജോര്‍ജ് തുമ്പയില്‍)
ചുഴലിക്കാറ്റുകള്‍ അമേരിക്കന്‍ മലയാളികള്‍ക്ക് ഒരു പുത്തരിയല്ല, എന്നാല്‍ കേരളക്കരയിലുള്ളവര്‍ക്ക് അങ്ങനെയല്ല. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ ഇതാദ്യമായി ആഞ്ഞടിച്ച ചുഴലിക്കാറ്റ് പറിച്ചെടുത്തത് ഒട്ടേറെ ജീവിതങ്ങള്‍. എത്ര പേര്‍ മരിച്ചെന്നോ, അപകടത്തില്‍പ്പെട്ടെന്നോ പോലും വ്യക്തമായ കണക്കുകളില്ലാതെ ഇരുട്ടില്‍ തപ്പുകയാണ്. പ്രകൃതിക്ഷോഭങ്ങളെ കൈകാര്യം ചെയ്തു ശീലിച്ചിട്ടില്ലാത്തതിനാലാവും പെട്ടെന്ന് കേരളീയര്‍ തളര്‍ന്നു പോയത്. ഇതൊരു പാഠമാണ്. ഇനി ഇത്തരമൊരു ദുരന്തം ഉണ്ടാവരുത്. അതിനു വേണ്ട എല്ലാ മുന്‍കരുതലുകളും ഉണ്ടാവണം. അതിനു വേണ്ടിയുള്ള പദ്ധതികളില്‍ അഴിമതി ഉണ്ടാവരുത്. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിനു തുല്യമാവും അത്. ഇക്കാര്യത്തിലെങ്കിലും ജാതി-മത കക്ഷി-രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒന്നിക്കേണ്ടിയിരിക്കുന്നു. ജീവനു വേണ്ടി നിലവിളിക്കുമ്പോള്‍ രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ലെന്ന് ഓര്‍മ്മിക്കാനുള്ള ഔചിത്യവും വിവേചനവും ഉണ്ടാകണം. അതിനു വേണ്ടിയാവണം, നമ്മുടെ ബോധചിന്ത ഉണരേണ്ടത്. ഇവിടെയിരുന്ന് കേരളത്തിലേക്കു നോക്കുമ്പോള്‍ കണ്ണീരൊഴുക്കുന്നവരുടെ വിലാപങ്ങള്‍ ഞങ്ങള്‍ക്കു കേള്‍ക്കാന്‍ കഴിയുന്നുണ്ട്. അതൊരു രോദനമായി കര്‍ണ്ണപുടങ്ങളില്‍ അലടയിക്കുന്നുമുണ്ട്.

**** ***** *****
ക്രിസ്മസ് ആഘോഷങ്ങള്‍ എങ്ങും ആരംഭിച്ചു കഴിഞ്ഞു, അതിനൊപ്പം തന്നെ അമേരിക്കയിലും മലയാളികള്‍ വിവിധ അസോസിയേഷനുകളുടെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ഒരാഴ്ച മുന്നേ തുടങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു വാര്‍ത്ത വന്നത് കാനഡയില്‍ നിന്നാണ്. ആഘോഷങ്ങളുടെ വ്യത്യസ്തതയും ആവിഷ്കാരത്തിന്റെ നൂതനാശയങ്ങളുമായി അമേരിക്കന്‍ മലയാളി കൂട്ടായ്മകള്‍ക്കിടയില്‍ ശ്രദ്ധേയമായ മിസ്സിസ്സാഗ കേരള അസോസിയേഷനാണ് വ്യത്യസ്തമായ പരിപാടിയുമായി ശ്രദ്ധേയമായത്. സിംഹാസനത്തില്‍ ഉപവിഷ്ടനായ സാന്റക്ലോസ് അപ്പൂപ്പനൊപ്പം കുടുംബ ഫോട്ടോ എടുക്കാനുള്ള അവസരമായിരുന്നു ഇത്തവണത്തെ പ്രത്യേകത. ഇത് കുട്ടികളെന്നപോലെ മുതിര്‍ന്നവരെയും ആകര്‍ഷിച്ചു. കാനഡയിലെ പ്രഗത്ഭരായ കലാകാരന്മാരും വളര്‍ന്നുവരുന്ന യുവതാരങ്ങളും ചേര്‍ന്ന് മനോഹരമാക്കിയ സംഗീതനൃത്ത വിരുന്ന് വൈവിധ്യംകൊണ്ടും നിലവാരംകൊണ്ടും മികവുപുലര്‍ത്തി. ഗായികയും കലാപ്രതിഭയുമായ സുമ നായര്‍ ആയിരുന്നു പരിപാടിയുടെ അവതാരക.
**** ***** *****
ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യമായ കെ.പി.ജോര്‍ജ്ജ് സുപ്രധാന പദവിയായ ഫോര്‍ട്ട്‌ബെന്റ് കൗണ്ടി ജഡ്ജ് കൗണ്ടിയുടെ ഭരണാധികാരി സ്ഥാനത്തേക്ക് മത്സരിക്കുന്നു. ജോര്‍ജിന് അതിനുള്ള ആര്‍ജവത്വമുണ്ട്. എല്ലാ ആശംസകളും നേരുന്നു. ടെക്‌സാസിലെ ഏറ്റവും വലിയ കൗണ്ടികളിലൊന്നായ ഫോര്‍ട്ട്‌ബെന്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യന്‍ വംശജന്‍ ഈ പദവിയിലേക്ക് മത്സരിക്കുന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി വീണ്ടും മത്സരിക്കുന്ന ഇപ്പോഴത്തെ കൗണ്ടി ജഡ്ജ് റോബര്‍ട്ട് ഹെബര്‍ട്ടിനെതിരെ ശക്തമായ ഒരു മത്സരം കാഴ്ചവെച്ചുകൊണ്ട് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെ.പി.ജോര്‍ജ്ജ് ശ്രമിക്കുന്നത്. ഒരു മലയാളിയുടെ ഈ ജാഗ്രതയെ ശരിക്കും ആശംസിച്ചേ പറ്റൂ.

**** ***** *****
ക്യാന്‍സറിന് കാരണം മുന്‍കാല തെറ്റുകളാണോ? ആണെന്ന പ്രസ്താവനയുമായി അസം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മയാണ് രംഗത്തു വന്നിരിക്കുന്നു. ക്യാന്‍സര്‍ ദൈവീക നീതിയാണെന്നാണ് ബിജെപി മന്ത്രിയുടെ വ്യാഖ്യാനം. "നാം തെറ്റ് ചെയ്യുമ്പോഴാണ് ദൈവം നമുക്ക് സഹനങ്ങള്‍ തരുന്നത്. ചിലര്‍ ചെറിയ പ്രായത്തില്‍ മരിക്കുന്നതും ചിലര്‍ക്ക് ചെറുപ്പത്തില്‍ തന്നെ ക്യാന്‍സര്‍ വരുന്നതും നാം കാണാറുണ്ട്. ഇതേ കുറിച്ച് വിശദമായി പഠിച്ചാല്‍ ഇത് ദൈവീക നീതിയാണെന്നു ബോധ്യം വരും. അത് നാം സഹിച്ചേ മതിയാകൂ.'ഹിമാന്ത ബിശ്വ ശര്‍മ പറയുന്നു. ചിരിക്കണോ, കരയണോ എന്നാണ് ആദ്യം തോന്നിയത്. എന്തായാലും, മന്ത്രിയുടെ പ്രസ്താവന വന്‍വിവാദമാണുണ്ടാക്കിയത്. മന്ത്രിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. അര്‍ബുദ രോഗികളെ വേദനിപ്പിക്കുന്ന പ്രസ്താവനയാണ് മന്ത്രിയില്‍ നിന്ന് ഉണ്ടാകുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ദേബപ്രഭ സൈകിയ വിമര്‍ശിച്ചു. മന്ത്രി പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു കഴിഞ്ഞു.
**** ***** *****
മുള മരമാണോ, അതോ ചെടിയോ? അതുമല്ല മറ്റു വല്ലതുമോ? കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഓര്‍ഡിനന്‍സ് അനുസരിച്ച് വനത്തിനുള്ളില്‍ വളരുന്നത് മരം. വനത്തിനു പുറത്തുള്ളതു മരമല്ല, എന്തൊരു വിരോധാഭാസം? ലോകത്ത് ഏറ്റവും കൂടുതല്‍ സ്ഥലത്തു മുള കൃഷി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. പല സംസ്ഥാനങ്ങളിലും മുള വീടുനിര്‍മാണത്തിനും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ മുള വെട്ടുന്നത് ശിക്ഷാര്‍ഹമായിരുന്നു ഇതുവരെ. ഇപ്പോഴിതാ സന്തോഷകരമായ വാര്‍ത്ത വന്നിരിക്കുന്നു! മുളയെ മരങ്ങളുടെ പട്ടികയില്‍ നിന്നുമൊഴിവാക്കി കൊണ്ടു പുതിയ നിയമം അവതരിപ്പിച്ചിരിക്കുന്നു. വനപ്രദേശം അല്ലാത്ത സ്ഥലങ്ങളില്‍ വളരുന്ന മുളയെയാണ് മരങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇവ വെട്ടുന്നതിനും കൊണ്ടുപോകുന്നതിനും ഇനി പെര്‍മിറ്റ് ആവശ്യമില്ല. കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശ പ്രകാരം 1927ലെ ഇന്ത്യന്‍ വനനിയമം ഭേദഗതി ചെയ്യാനുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിനു രാഷ്ട്രപതി റാം നാഥ് കോവിന്ദ് അനുമതി നല്‍കിയിരിക്കുന്നു. കാര്യമിതാണെങ്കിലും വനത്തില്‍ വളരുന്ന മുള മരത്തിന്റെ പട്ടികയില്‍ തന്നെ തുടരും. അവയ്ക്കുള്ള നിയന്ത്രണങ്ങളും തുടരും. പ്രധാനമന്ത്രിയുടെ ഓഫിസ് പ്രത്യേക താല്‍പര്യമെടുത്താണു വനത്തിനു പുറത്തുള്ള മുളയെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നതത്രേ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക