Image

സാമൂഹ്യ പ്രതിബദ്ധത(ഒരിക്കല്‍ ഒരിടത്ത്- ജയ്ന്‍ ജോസഫ്)

ജയ്ന്‍ ജോസഫ് Published on 19 December, 2017
സാമൂഹ്യ പ്രതിബദ്ധത(ഒരിക്കല്‍ ഒരിടത്ത്- ജയ്ന്‍ ജോസഫ്)
നാട്ടില്‍ നിന്നുള്ള പപ്പയുടെ ഫോണ്‍കോള്‍ കേട്ടാണ് രാവിലെ ഉറക്കമുണര്‍ന്നത്. ആറുമണി കഴിഞ്ഞിട്ടേ ഉള്ളൂ.

'നീ എണീറ്റില്ലേ ഇതുവരെ? അവിടെ പിന്നെയും വെടിവെപ്പുണ്ടായല്ലോ? ന്യൂസ് കേട്ടിട്ട് വിളിച്ചതാ.'
'പപ്പ ഏതു ഷൂട്ടിംഗിന്റെ കാര്യമാ പറയുന്നത്? വേഗസിലേയാണോ?'
'അതുകൊള്ളാം. അപ്പോള്‍ നിങ്ങള്‍ ഇതൊന്നുമറിഞ്ഞില്ലേ? നിങ്ങളുടെ അവിടെ ടെക്‌സാസില്‍. ഒരു പള്ളിയില്‍ ഒരുത്തന്‍ കയറി വെടിവെപ്പു നടത്തി.'

'പപ്പാ, ഞാനൊരു ബിസിനസ് ട്രിപ്പിലായിരുന്നു. ഇന്നലെ രാത്രിയാ വീട്ടിലെത്തിയത്.'
പപ്പ അതൊന്നും കേട്ടഭാവം നടിക്കുന്നില്ല.

'ഇവിടെ ഇന്ത്യയിലിരിക്കുന്ന ഞങ്ങള്‍ വിവരമറിഞ്ഞു. നിങ്ങലീ ടി.വിയും പത്രവുമൊന്നും നോക്കാറില്ലേ?'

'പപ്പ എനിക്ക് രാവിലെ ഒരു മീറ്റിംഗ് ഉണ്ട്. ഞാന്‍ ന്യൂസ് നോക്കിയിട്ട് വൈകീട്ട് വിളിക്കാം. വേറെ വിശേഷമൊന്നുമില്ലല്ലോ?' പപ്പ മനസ്സില്ലാമനസ്സോടെ ഫോണ്‍ വച്ചു. ന്യൂസ് നോക്കിയപ്പോള്‍ കാര്യം ശരിയാണ്. ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്തു നിന്ന് ഏതാണ്ട് മൂന്നു മണിക്കൂര്‍ അകലെയുള്ള ഒരു കൊച്ചുടൗണിലെ ഒരു പള്ളിയിലാണ് സംഭവം. കുറച്ചുപേര്‍ മരിച്ചിട്ടുമുണ്ട്. എന്താണ് കാരണം എന്ന് പോലീസ് പുറത്ത് പറഞ്ഞിട്ടില്ല.

കാലിഫോര്‍ണിയായില്‍ ഒരു കോണ്‍ഫറന്‍സ് കഴിഞ്ഞ് അവിടെ നിന്ന് ഏതാണ്ട് ഉച്ചയോടെയായിരുന്നു ഫ്‌ളൈറ്റ് കണക്ഷനുമൊക്കെയായി വീട്ടിലെത്തിയപ്പോള്‍ പതിനൊന്നുമണി കഴിഞ്ഞു. നിമ്മിയും കുട്ടികളും ഉറങ്ങിയിരുന്നു. ഇന്നലെയൊരു ദിവസം ലോകത്തില്‍ നടന്ന സംഭവവികാസങ്ങളൊന്നും ഞാനറിഞ്ഞില്ല.

'രാവിലെ തന്നെ പപ്പയുടെ കൈയില്‍ നിന്ന് കിട്ടിയല്ലേ?' നിമ്മിയുടെ ചോദ്യം. പപ്പയുടെ ഫോണ്‍ എടുക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസം നിമ്മിയുടെ മുഖത്തുണ്ട്. നാട്ടിലെ രാഷ്ട്രീയമൊന്നും ഞാന്‍ കാര്യമായി ശ്രദ്ധിക്കാത്തതിന്റെ പരാതി പപ്പയ്ക്ക് സ്ഥിരമായി ഉണ്ട്. അതിന്റെ കൂടെ ഇതും! മനുഷ്യനിവിടെ ജോലിയും വീടും ആയി ഓടി എത്തുന്നില്ല. പിന്നെ അമേരിക്കന്‍ ഗവണ്‍മെന്റില്‍ ഒരു വിശ്വാസം എനിക്കുണ്ട്. പാര്‍ട്ട് ഏതായാലും ഒരു സാധാരണ പൗരന്റെ ജീവിതം വലിയ കുഴപ്പമില്ലാതെ മുന്നോട്ടുകൊണ്ടുപോവാന്‍ പറ്റും. പക്ഷെ നാട്ടിലെ സ്ഥിതി അതല്ല. അമേരിക്കയില്‍ ഓരോ നിമിഷവും എന്തു സംഭവിക്കുന്നു എന്നാണ് ഓരോരുത്തരും അറിയാന്‍ ശ്രമിക്കുന്നത്. ഇന്നലെ ഞങ്ങളുറങ്ങിയ സമയം കൊണ്ട് നാട്ടില്‍ വാര്‍ത്താചാനലുകള്‍ മുഴുവന്‍ ടെക്‌സസിലെ വെടിവെപ്പ് ചര്‍ച്ച ചെയ്ത് ആഘോഷമാക്കിക്കാണും. പിന്നെയെങ്ങിനെ പപ്പയെ കുറ്റപ്പെടുത്തും?
എന്റെ പ്രഭാതകൃത്യങ്ങള്‍ക്ക് അകമ്പടിയായി പത്രത്തിന് പകരം ഇപ്പോള്‍ വാട്‌സപ്പാണ്. ക്ലാസ്‌മേറ്റ്‌സിന്റെ ഗ്രൂപ്പാണ് ആദ്യം തുറന്നത്. മുന്നൂറില്‍പ്പരം മെസേജുകള്‍. വിഷയം അമേരിക്കയിലെ വെടിവെയ്പു തന്നെ! ദുബായിക്കാരനും, ബാംഗ്ലൂര്‍കാരനും ലണ്ടന്‍കാരും കോത്താഴംകാരനുമൊക്കെ ആവേശഭരിതരായി വിഷയം ചര്‍ച്ച ചെയ്യുന്നു. ഇവര്‍ക്കൊക്കെ എങ്ങിനെ ഇതിനൊക്കെ സമയം കിട്ടുന്നു?

ഈ ചര്‍ച്ചകളിലൊക്കെ പൊതുവായി കാണുന്നത് ഒരു അമേരിക്കന്‍ വിരുദ്ധ മനഃശാസ്ത്രമാണ്. അല്ലാതെ പാവം കുറെ മനുഷ്യര്‍ മരിച്ചതിലുള്ള വിഷമമല്ല!
ഇതു മുഴുവന്‍ വായിച്ചു തീര്‍ക്കാന്‍ എനിക്കു രാവിലെ സമയമില്ല. ഏഴരയ്ക്ക് ഇന്ത്യയിലെ ടീമുമായി മീറ്റിംഗുണ്ട്.

റെഡിയായി ഒരു ചായ എടുക്കാന്‍ കിച്ചണിലെത്തിയപ്പോള്‍ നിമ്മി ഫോണിലാണ്.
'ദേ, ഞാന്‍ ജിജുവിന് കൊടുക്കാം സിബിച്ചായനാ.'

അടുത്ത പാര, ബാംഗ്ലൂര്‍ നിന്ന് നിമ്മിയുടെ ആങ്ങള; എന്റെ പുന്നാര അളിയന്‍. വേണ്ടാ, വേണ്ടാ എന്ന് ഞാന്‍ ആംഗ്യം കാണിച്ചെങ്കിലും നിമ്മി ഫോണ്‍ എന്റെ കൈയില്‍ പിടിച്ചേല്‍പ്പിച്ചു.
'അളിയാ, അവിടെ ആകെ കുഴപ്പമാണല്ലോ? നാട്ടിലോട്ട് പോരുന്നതായിരിക്കും നല്ലത് കേട്ടോ. ഈ പ്രസിഡന്റ് മാറാതെ അമേരിക്ക ഗുണം പിടിക്കുമെന്ന് തോന്നുന്നില്ല.'

ഒരു ഓഫ്‌ഷോര്‍ അസൈന്‍മെന്റ് സംഘടിപ്പിച്ച് വല്ലവിധേനയും അമേരിക്കയിലെത്താന്‍ കിണഞ്ഞ് പരിശ്രമിച്ച് പരാജയപ്പെട്ട ഒരു സോഫ്റ്റ് വെയര്‍ എന്‍ജിനീയറുടെ ഗദ്ഗദമാണഅ ഇപ്പോള്‍ കേട്ടത്. അമേരിക്കയെ കുറ്റം പറയാന്‍ ഒരു കാരണം നോക്കിയിരിക്കുകയാണ് കക്ഷി.

'എന്തു ചെയ്യാനാ അളിയാ? ആകെ പ്രശ്‌നമാണ്. ഇങ്ങനെ പോയാല്‍ നാട്ടില്‍ ജോലി നോക്കേണ്ടി വരുമെന്ന് തോന്നുന്നു.'

അളിയനു സന്തോഷമായി. ഇത്തരത്തിലുള്ള അഭ്യുദയകാംക്ഷികള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് കൊടുക്കുക. അതാണ് അവരുടെ ഈഗോയ്ക്കും നമ്മുടെ മനഃസമാധാനത്തിനും നല്ലത്!
മീറ്റിംഗിന്റെ കാര്യം പറഞ്ഞ് ഫോണ്‍ നിമ്മിയെ തിരിച്ചേല്‍പ്പിച്ച് ഞാന്‍ രക്ഷപ്പെട്ടു. തങ്ങള്‍ ടാക്‌സ് കൊടുക്കുന്ന, പോറ്റമ്മയായ അമേരിക്കയെ ന്യായീകരിച്ചുകൊണ്ട് നിമ്മി സംഭാഷണം തുടര്‍ന്നു. ആങ്ങളയോട് സംസാരിച്ച് തളര്‍ന്ന നിമ്മിക്ക് കുറച്ച് മധുരം കൂട്ടിയിട്ട് ഒരു നല്ല ചായ ഞാന്‍ ഉണ്ടാക്കിക്കൊടുത്തു.

'സിബിച്ചായന്‍ പറയുന്നത് പുതിയ എച്ച്. വണ്‍.ബി. നിയമം വന്നെന്ന് അവിടെ പത്രത്തിലൊക്കെയുണ്ടെന്ന്. ഇവിടെയിപ്പോള്‍ ഉള്ളവര്‍ക്കും കൂടി എന്തൊക്കെയോ റൂള്‍സ് മാറിയത്രേ.'

എന്റെ നിമ്മീ, വിസയിലെ ചില ഭേദഗതികളെക്കുറിച്ച് ചില ആലോചനകള്‍ നടക്കുന്നതേയുള്ളൂ. അതിനകം നാട്ടിലെ പ്ത്രക്കാര്‍ അത് വാര്‍ത്തയാക്കുന്നതാണ്. നാട്ടിലെ കൊടുമ്പിരി കൊള്ളുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള അടവല്ലേ ഇതൊക്കെ. ഇന്ത്യയില്‍ പട്ടിണിമൂലം ആയിരങ്ങളാണ് മരിക്കുന്നത്. കൊച്ചുകുട്ടി മുതല്‍ വൃദ്ധകള്‍ വരെ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു. എന്നാലും അമേരിക്കയില്‍ എന്തു സംഭവിക്കുന്നു എന്നതാണ് ചര്‍ച്ചാ വിഷയം.'
കമ്പനിയുടെ ഇന്ത്യയിലെ ടീമുമായി എല്ലാ തിങ്കളാഴ്ചയും രാവിലെ ഏഴരയ്ക്ക് ഒരു സ്റ്റാറ്റസ് മീറ്റിംഗുണ്ട്. കോളില്‍ കയറിയപ്പോള്‍ തന്നെ ഒരു പ്രസ്മീറ്റിന് പോയ പ്രതീതി. ചോദ്യങ്ങള്‍ വര്‍ഷിച്ചു കൊണ്ടേയിരിക്കുന്നു.

'നിങ്ങളുടെ അടുത്താണോ ഷൂട്ടിംഗ് നടന്നത്?'
'കറമ്പനാണോ വെടിവെച്ചത്?'
'തീവ്രവാദമാണോ?'
കോണ്‍ഫറന്‍സ് കോളിലുള്ളവര്‍ ആരും അമേരിക്കയില്‍ വന്നിട്ടില്ലാത്തവരാണ്. അമേരിക്കയുടെ ജ്യോഗ്രഫി തന്നെ പലര്‍ക്കും നിശ്ചയമില്ല.

പക്ഷെ അമേരിക്കയുടെ ഓരോ മുക്കും മൂലയും അറിയാമെന്ന മട്ടിലാണ് പലരുടേയും സംസാരം. തീരെ മിണ്ടാമൂളികളായിട്ടുള്ളവര്‍ വരെ അമേരിക്കന്‍ ഗണ്‍ലോബിയെക്കുറിച്ച് ഘോരഘോരമായി സംസാരിക്കുന്നു. ഒരു വിധത്തില്‍ വരാന്‍ പോകുന്ന പ്രോജക്ട് റിലിസിലേക്ക് എല്ലാവരുടേയും ശ്രദ്ധ തിരിച്ചു. വാഗ്മികള്‍ പലരും വേഗം മൗനികളായി. അമേരിക്കയെ നന്നാക്കാന്‍ കാണിക്കുന്ന ആവേശം ജോലിക്കാര്യത്തില്‍ കാണിച്ചിരുന്നെങ്കില്‍!

തിരക്കേറിയ മറ്റൊരു ദിവസത്തിനുശേഷം ഓഫീസില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴേക്കും സമയം വൈകീട്ട് ഏഴര. ഇന്നെങ്കിലും നേരത്തെ കിടക്കണം. നല്ല ക്ഷീണം. കുട്ടികളുമായി കുറച്ചുനേരം ഇരുന്ന് അവരുടെ വിശേഷം കേള്‍ക്കുന്നതിനിടയിലാണ് നിമ്മി കാനഡയില്‍ നിന്ന് ഉപ്പാപ്പന്‍ വിളിച്ചിരുന്നുവെന്നും, അവള്‍ ഫോണെടുത്തില്ലയെന്നും ഉള്ള വാര്‍ത്ത എന്നെ അറിയിച്ചത്. കാനഡയിലെ എന്റെ ഉപ്പാപ്പന്‍; മറ്റൊരു അഭ്യുദയകാംക്ഷി! തിരിച്ചു വിളിക്കാന്‍ വൈകിയാല്‍ ആക്രമണത്തിന്റെ ശക്തി കൂടും. വിളിച്ചപ്പോഴേ അങ്ങേതലയ്ക്കല്‍ നിന്ന് സ്‌നേഹാന്വേഷണം. 'എന്താടാ ജിജു ഇത്? പ്രശ്‌നങ്ങള്‍ക്കു പുറകേ പ്രശ്‌നങ്ങളാണല്ലോ ടെക്‌സാസില്‍? കാനഡ ഇമിഗ്രേഷന്‍ അപ്ലൈ ചെയ്യാന്‍ സമയമായിരി കേട്ടോ.'

ഉപ്പാപ്പന്റെ പറച്ചിലു കേട്ടാല്‍, ഞാനാണ് വെടിവെയ്പ് നടത്തിയതെന്ന് തോന്നും. പ്രശ്‌നങ്ങള്‍ക്ക് പുറകേ പ്രശ്‌നം എന്നു പറയുമ്പോള്‍.... ടെക്‌സസില്‍ ഇതല്ലാതെ ഷൂട്ടിംഗ് ഒന്നും നടന്നില്ലല്ലോ? ഹാര്‍വിയാണോ ഉദ്ദേശിച്ചത്? അത് ഒരു പ്രകൃതിക്ഷോഭമല്ലേ!
അമേരിക്കന്‍ ഇക്കോണമിയെ വളരെയധികം ആശ്രയിച്ച് ജീവിക്കുന്ന രാജ്യമാണ് കാനഡ. പക്ഷെ അതിന്റെയൊരു അഹങ്കാരം ഉപ്പാപ്പനോട് സംസാരിക്കുമ്പോള്‍ ഞാന്‍ കാണിക്കാറില്ല. പിന്നെയെന്തിനാണ് ഈ പുച്ഛം!

ഉപ്പാപ്പനേയും ഒരുവിധം സമാധാനിപ്പിച്ച് ഫോണ്‍ വച്ചപ്പോഴേക്കും അമേരിക്കന്‍ പ്രസിഡന്റിനേക്കാള്‍ ക്ഷീണിതനായി ഞാനും. അത്താഴം കഴിച്ച് കിടക്കുന്നതിനു മുമ്പ് ഫോണെടുത്തു പുതിയ ബ്രേക്കിംഗ് ന്യൂസ് വല്ലതുമുണ്ടോയെന്ന് ഓടിച്ചൊന്നു നോക്കി.

അമേരിക്കന്‍ സെന്‍ട്രല്‍ സമയം രാത്രി ഒമ്പതര മണി. കേരളത്തില്‍ രാവിലെ ഒമ്പതുമണി. നാട്ടിലെ ചായക്കടകളില്‍ നല്ല തിരക്കായി കാണും. കട്ടന്‍ചായയും കുടിച്ച് ബീഡിയും വലിച്ച് കോരനും കുഞ്ഞനും ദോശയും ചമ്മന്തിയും കഴിച്ച് അന്തോണി മാപ്പിളയും, പുട്ടും കടലയും കഴിച്ച് രാമനും സതീശനും ഒക്കെ എന്റെ നാട്ടിലെ ചായക്കടയില്‍ ഒത്തുകൂടി അമേരിക്കന്‍ ഇക്കോണമിയെക്കുറിച്ച്, ഗണ്‍ലോബിയെക്കുറിച്ച്, എച്ച്.വണ്‍.ബി.ഭേദഗതികളെക്കുറിച്ച് ഒക്കെ ആധികാരികമായി സംസാരിക്കുന്നുണ്ടാവും.

തങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന അരിയുടേയും മണ്ണെണ്ണയുടേയും വിലയെക്കുറിച്ചോ, തങ്ങളുടെ പെണ്‍മക്കളുടെ, ഭാര്യമാരുടെ, അമ്മമാരുടെ മാനം സംരക്ഷിക്കുന്നതിനെക്കുറിച്ചോ, പത്രത്തിന്റെ രണ്ടുംമൂന്നും നാലും പേജുകളില്‍ നിറഞ്ഞു നില്‍ക്കുന്ന മോഷണം, പിടിച്ചുപറി, പീഡനങ്ങള്‍ എന്നിവയെക്കുറിച്ചോ സംസാരിക്കാന്‍ അവര്‍ക്കു താല്‍പര്യമില്ല; കാരണം അത് ഇടപെടലുകള്‍ ആവശ്യപ്പെടുന്ന കര്‍മ്മമണ്ഡലമാണ്. ഇറങ്ങി പ്രവര്‍ത്തിക്കേണ്ട ഇടമാണ്. എന്നാല്‍ അമേരിക്ക അങ്ങനെയല്ലല്ലോ? അതങ്ങു ദൂരെയല്ലേ? വല്ലവരുടേയും നാടല്ലേ? നാവനക്കിയാല്‍ മതിയല്ലോ, മെയ്യനങ്ങണ്ടല്ലോ!!

സാമൂഹ്യ പ്രതിബദ്ധത(ഒരിക്കല്‍ ഒരിടത്ത്- ജയ്ന്‍ ജോസഫ്)
Join WhatsApp News
അറക്കല്‍ അബു. 2017-12-20 00:01:51

ഒരു ത്രീവ്രതയാര്‍ന്ന വിഷയം വളരെ സരസമായി അവതരിപ്പ്ച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍. നമ്മുടെ ഭരണകര്തക്കള്‍ക്കും ഉധ്യോഗസ്ഥര്‍കും, മാധ്യമങ്ങള്‍ക്കും പ്രതിബദ്ധത ഇല്ലാത്തതിന്റെ കുറവാണു ഓഖി ദുരന്ത്യത്തില്‍ കണ്ടത്.

അറക്കല്‍ അബു

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക