Image

റിച്ചി; ഉത്തരമില്ലാത്ത അന്ത്യം

Published on 20 December, 2017
റിച്ചി; ഉത്തരമില്ലാത്ത അന്ത്യം


മലയാള സിനിമയില്‍ പ്രണയഭാവങ്ങള്‍ക്ക്‌ തന്റേതായ ഭാഷ്യം രചിച്ച നടനാണ്‌ നിവിന്‍ പോളി. അദ്ദേഹത്തിന്റെ ആദ്യതമിഴ്‌ ചിത്രം റിച്ചി വലിയ പ്രചാരണത്തിന്റെ അകമ്പടിയോടയാണ്‌ തിയേറ്ററുകളിലെത്തിയത്‌. മലയാളത്തില്‍ ഇന്നേ വരെ പ്രേക്ഷകര്‍ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള മാസ്‌ ഗെറ്റപ്പിലും ലുക്കിലുമാണ്‌ തന്റെ കന്നി തമിഴ്‌ ചിത്രത്തിലൂടെ നിവിന്‍ വന്നത്‌.

2014ല്‍ പുറത്തിറങ്ങിയ ഉളിദവരു കണ്ടംതേ എന്ന കന്നഡ സിനിമയുടെ തമിഴ്‌ റീമേക്കാണ്‌ റിച്ചി. ഒറിജിനലില്‍ നിന്നും കഥയില്‍ ഏറെ വ്യത്യാസം വരുത്തിയാണ്‌ റിച്ചിയെ അവതരിപ്പിച്ചിട്ടുള്ളതെങ്കിലും പ്രേക്ഷക സ്വീകാര്യതയില്‍ റിച്ചി താഴെയാണെന്നു പറയാം. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തരംഗമായി മാറിയ ടീസരും മറ്റ്‌ പരസ്യപ്രചരണങ്ങളുമെല്ലാം പ്രേക്ഷകന്‌ വാനോളം പ്രതീക്ഷകള്‍ നല്‍കിയെങ്കിലും തിയേറ്ററില്‍ അതിന്‌ അനുകൂല തരംഗമുണ്ടാക്കാന്‍ റിച്ചിയുടെ സംവിധായകനും തിരക്കഥാകൃത്തിനും കഴിഞ്ഞില്ല എന്നതാണ്‌ വാസ്‌തവം.

തൂത്തുക്കുടി, മണപ്പാടി, കുറ്റാലം എന്നിവിടങ്ങളിലെ തീരദേശ മേഖലയിലെ മനുഷ്യരുടെ കഥ പറയുന്ന ചിത്രമാണ്‌ റിച്ചി. പകയുടെ കഥയാണ്‌ പറയാന്‍ ശ്രമിക്കുന്നതെങ്കിലും വഴി മാറിപ്പോകുന്നതായാണ്‌ പ്രേക്ഷകന്‌ അനുഭവപ്പെടുന്നത്‌. റിച്ചാര്‍ഡ്‌.കെ.സഗായം എന്ന ലോക്കല്‍ ഗുണ്ടയെയാണ്‌ നിവിന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. അയാളുടെ ചുരുക്കപ്പേരാണ്‌ റിച്ചി. ഒരു ഫ്‌ളാഷ്‌ ബാക്കിലൂടെ അയാളുടെ ജീവിതകഥ പറയാന്‍ ശ്രമിക്കുകയാണ്‌ സംവിധായകന്‍. സ്‌കൂള്‍ പഠനകാലത്ത്‌ കിക്കുന്നതിനിടെ കൂട്ടുകാരുമായുണ്ടായ ഒരു വാക്കു തര്‍ക്കത്തെ തുടര്‍ന്ന്‌ സുഹൃത്തുക്കളിലൊരാളെ കുത്തിക്കൊന്നതിന്റെ അതിന്റെ പേരില്‍ വര്‍ഷങ്ങളോളം ജുവനൈല്‍ ഹോമില്‍ കഴിയേണ്ടി വരികയും ചെയ്‌ത ചെറുപ്പക്കാരനാണ്‌ റിച്ചി. അയാളുടെ ചെറുപ്പകാലത്തിലൂടെയാണ്‌ ക്യാമറ ചലിക്കുന്നത്‌. സംഭവത്തെ തുടര്‍ന്ന്‌ നാടുവിട്ട ഉറ്റസുഹൃത്ത്‌ വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ജുവനൈല്‍ ഹോമില്‍ നിന്നിറങ്ങിയ റിച്ചി സ്ഥലത്തെ പ്രധാന ഗുണ്ടയായി മാറിയിരുന്നു.

ശ്രദ്ധ ശ്രീനാഥാണ്‌ നായികയെ അവതരിപ്പിച്ചിരിക്കുന്നത്‌. റിച്ചിയുടെ ജീവിതത്തെ പ്രേക്ഷകരിലേക്കെത്തിക്കുന്നത്‌ ശ്രദ്ധ അവതരിപ്പിക്കുന്ന മേഘ എന്ന കഥാപാത്രമാണ്‌. റിച്ചിയുടെ ജീവിതത്തെ കുറിച്ച്‌ ഒരു പരമ്പ തയ്യാറാക്കാന്‍ ശ്രമിക്കുന്ന മേഘ അയാള്‍ ജീവിച്ച തൂത്തുക്കുടി, കുറ്റാലം, മണ്ണപ്പാടി എന്നിവിടങ്ങളിലെ പഴയ സുഹൃത്തുക്കളെ കണ്ട്‌ അയാളുടെ ഇന്നലെകളെ കുറിച്ച്‌ വിശദമായി പഠിച്ച്‌ പ്രേക്ഷകരിലേക്കെത്തിക്കുന്നു.

പ്രതികാരമാണ്‌ വിഷയം എന്നു പറയുന്നുണ്ടെങ്കിലും പക്ഷേ എന്തിലേക്കാണ്‌ ഫോക്കസ്‌ ചെയ്യുന്നതെന്ന്‌ മനസിലാകുന്നില്ല. കഥയുടെ അവസാനം റിച്ചിക്കും ഉറ്റസുഹൃത്തിനും പള്ളിപ്പറമ്പില്‍ കുഴിവെട്ടി `റെസ്റ്റ്‌ ഇന്‍ പീസ്‌' എന്നെഴുതി കാണിക്കുമ്പോള്‍ പോലും പ്രേക്ഷകന്‌ സംഭവിച്ചത്‌ ദുരന്തമാണോ എന്നു തീര്‍ച്ചയാക്കാന്‍ കഴിയുന്നില്ല. ഒന്നിനും വ്യക്തമായ ഉത്തരം നല്‍കാന്‍ മുതിരാതെ സംവിധായകന്‍ രാമചന്ദ്രനും തിരക്കഥാകൃത്ത്‌ രക്ഷിത്‌ ഷെട്ടിയും വല്ലാത്തൊരു അവ്യക്തതയുടെ മുന്നിലേക്ക്‌ പ്രേക്ഷകനെ ഇട്ടുകൊടുത്തുകൊണ്ട്‌ കഥയവസാനിപ്പിക്കുന്നു. പ്രതികാരകഥയെന്ന ലേബലില്‍ ഇറങ്ങിയിട്ടും ആക്ഷന്‍ രംഗങ്ങള്‍ തീരെയില്ലാത്തതും അല്‍പം മടുപ്പിക്കുന്നുണ്ട്‌.

സിനിമയുടെ ഏറ്റവും വലിയ ആകര്‍ഷണം നിവിന്‍ പോളിയുടെ കട്ടിത്താടിയും കൂളിങ്ങ്‌ ഗ്‌ളാസും മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളുമുള്ള മാസ്‌ ഗെറ്റപ്പാണ്‌. നിവിനൊപ്പം തമിഴ്‌ താരങ്ങളായ നടരാജന്‍സുബ്‌ഹ്മണ്യന്‍, പ്രകാശ്‌ രാജ്‌ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമിത പ്രതീക്ഷകളില്ലാതെ പോയാല്‍ അത്യാവശ്യം കണ്ടിരിക്കാവുന്ന ഒരു സിനിമ എന്നതിലപ്പുറം റിച്ചിയില്‍ നിന്നും ഒന്നും പ്രതീക്ഷിക്കരുത്‌.













Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക