Image

ഒമാനില്‍ പോലീസ്‌ റെയ്‌ഡ്‌: ഇന്ത്യക്കാരടക്കം 409 പേര്‍ അറസ്റ്റിലായി

Published on 13 March, 2012
ഒമാനില്‍ പോലീസ്‌ റെയ്‌ഡ്‌: ഇന്ത്യക്കാരടക്കം 409 പേര്‍ അറസ്റ്റിലായി
മസ്‌കറ്റ്‌: അല്‍ഖുവൈര്‍, അല്‍ഗൂബ്ര മേഖലയില്‍ ഇന്നലെ രാവിലെ റോയല്‍ ഒമാന്‍ പൊലീസ്‌ നടത്തിയ റെയ്‌ഡില്‍ ഇന്ത്യക്കാരടക്കം 409 പേര്‍ അറസ്റ്റിലായി. ഇവരില്‍ 375 പേര്‍ തൊഴില്‍നിയമം ലംഘിച്ച്‌ സ്‌പോണ്‍സറില്‍ നിന്ന്‌ ഒളിച്ചോടിയ വീട്ടുജോലിക്കാരാണെന്ന്‌ പൊലീസ്‌ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. 28 സ്‌ത്രീകളും ഇക്കൂട്ടത്തിലുണ്ട്‌. അറസ്റ്റിലായവരില്‍ 31 പേര്‍ താമസകുടിയേറ്റ നിയമങ്ങള്‍ ലംഘിച്ച്‌ ഒമാനില്‍ താമസിക്കുന്ന വിദേശികളാണെന്നും പൊലീസ്‌ വ്യക്തമാക്കി. പിടിയിലായവരില്‍ 109 പേര്‍ ബംഗ്‌ളാദേശ്‌ സ്വദേശികളാണെന്ന്‌ ബംഗ്‌ളാദേശ്‌ എംബസി വ്യക്തമാക്കി. എന്നാല്‍, ഇന്ത്യക്കാരുടെ എണ്ണം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ അന്വേഷണങ്ങള്‍ക്ക്‌ മസ്‌കത്തിലെ ഇന്ത്യന്‍ എംബസി മറുപടി നല്‍കിയിട്ടില്ല.

അല്‍ഗൂബ്ര, അല്‍ഖുവൈര്‍ മേഖലയില്‍ നിരവധി പേര്‍ അനധികൃതമായി താമസിച്ച്‌ തൊഴിലെടുക്കുന്നുവെന്ന വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ റോയല്‍ ഒമാന്‍ പൊലീസിന്‍െറ കുറ്റാന്വേഷണ വിഭാഗം, തൊഴില്‍മന്ത്രാലയം, മസ്‌കത്ത്‌ മുനിസിപ്പാലിറ്റി എന്നിവ സംയുക്തമായാണ്‌ റെയ്‌ഡ്‌ നടത്തിയതെന്ന്‌ പൊലീസ്‌ പറഞ്ഞു.

രാജ്യത്ത്‌ അനധികൃതമായി താമസിക്കുന്ന സാമൂഹിക ജീവിതത്തിനും സമ്പത്ത്‌ വ്യവസ്ഥക്കും ഭീഷണി സൃഷ്ടിക്കുന്നു എന്ന്‌ കണ്ടെത്തിയതിന്‍െറ അടിസ്ഥാനത്തില്‍ അടുത്തകാലത്തായി ഇത്തരക്കാരെ പിടികൂടാന്‍ ശക്തമായ നടപടികളാണ്‌ പൊലീസ്‌ ആവിഷ്‌കരിക്കുന്നത്‌.

കഴിഞ്ഞ നിരവധി ആഴ്‌ചകളിലായി നൂറുകണക്കിന്‌ അനധികൃത തൊഴിലാളികളെ സംയുക്തമായ സമാന ഓപറേഷനുകളിലൂടെ പിടികൂടിയിരുന്നതു. അനധികൃത താമസക്കാര്‍ മാത്രമല്ല ഇത്തരം തൊഴിലാളികള്‍ക്ക്‌ അഭയം നല്‍കുന്നവരും കുറ്റവാളികളാണെന്ന്‌ പൊലീസ്‌ ആവര്‍ത്തിച്ച്‌ വ്യക്തമാക്കി.
അനധികൃത താമസക്കാരെ കുറിച്ചും തൊഴിലാളികളെ കുറിച്ചും വിവരം ലഭിക്കുന്നവര്‍ 9999 എന്ന നമ്പറില്‍ അടിയന്തിരമായി അറിയിക്കണമെന്നും പൊലീസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക