Image

നഴ്‌സുമാര്‍ക്ക്‌ അവധി അനുവദിക്കാത്ത ആശുപത്രികള്‍ക്ക്‌ സൗദി ആരോഗ്യമന്ത്രാലയത്തിന്‍െറ താക്കീത്‌

Published on 13 March, 2012
നഴ്‌സുമാര്‍ക്ക്‌ അവധി അനുവദിക്കാത്ത ആശുപത്രികള്‍ക്ക്‌ സൗദി ആരോഗ്യമന്ത്രാലയത്തിന്‍െറ താക്കീത്‌
ദമ്മാം: ഗള്‍ഫില്‍ ജോലിക്കെത്തിയ മലയാളി നഴ്‌സുമാരെ നാലുവര്‍ഷമായിട്ടും നാട്ടിലയക്കാത്ത ആശുപത്രി അധികൃതര്‍ക്ക്‌ ആരോഗ്യമന്ത്രാലയത്തിന്‍െറ താക്കീത്‌. ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെ തുടര്‍ന്ന്‌ ഈയാഴ്‌ച തന്നെ ഇവരെ നാട്ടിലയച്ചിരിക്കണമെന്നാണ്‌ കര്‍ശന നിര്‍ദേശം നല്‍കി. ഹഫര്‍ അല്‍ ബാത്തിനിലെ രണ്ട്‌ സ്വകാര്യ ആശുപത്രികളില്‍ കുടുങ്ങിപ്പോയ കോട്ടയം പാക്കില്‍ പുത്തന്‍പറമ്പില്‍ ഷീബാജോണ്‍, പത്തനംതിട്ട മല്ലപ്പള്ളി ചീരാകുന്നേല്‍ ആഷ്‌ലി പി ജോണ്‍, കായംകുളം സ്വദേശിനി ബിന്ദു സുരേഷ്‌, പത്തനംതിട്ട സ്വദേശിനി ആശാ രാജ്‌ എന്നിവര്‍ക്കാണ്‌ എംബസിയുടെ ഇടപെടല്‍ ആശ്വാസമായത്‌.

2008ലാണ്‌ നാലുപേരും ഹഫറില്‍ എത്തുന്നത്‌. വന്നതുമുതല്‍ ഇഖാമക്കും ഇറഷുറന്‍സിനും എന്ന പേരില്‍ 3700ല്‍ അധികം റിയാല്‍ ശമ്പളത്തില്‍ നിന്ന്‌ പിടിച്ചെടുത്തിട്ടും ഇതുവരെ ഇഖാമ ലഭിച്ചിട്ടില്ല. മന്ത്രാലയത്തിന്‍െറ പരീക്ഷ എഴുതിക്കാതെ തന്നെ അതിനുള്ള ഫീസും ഈടാക്കി.. മൂന്നു ദിവസത്തിലൊരിക്കല്‍ 200 റിയാല്‍ എന്ന കണക്കിലാണ്‌ ശമ്പളം ലഭിക്കുന്നത്‌. ?ഓണ്‍ കാള്‍ ഡ്യൂട്ടി ?എന്ന പേരില്‍ മണിക്കൂറു കണക്കില്ലാതെ ഇവര്‍ക്ക്‌ ജോലി ചെയ്യേണ്ടിയും വരാറുണ്ടത്രെ. എല്ലാം സഹിച്ച്‌ കഴിഞ്ഞ ഇവര്‍ രണ്ട്‌ വര്‍ഷം കഴിഞ്ഞതുമുതല്‍ അവധിക്ക്‌ ചോദിച്ചപ്പോള്‍ പുതിയ ആള്‍ക്കാര്‍ വരുന്നുണ്ടെന്നും അപ്പോള്‍ നാട്ടിയക്കുന്നതിനുള്ള വാഗ്‌ദാനം ആവര്‍ത്തിച്ചതല്ലാതെ നാട്ടിലയക്കുന്നതിനുള്ള യാതൊരു നടപടിയും സ്വീകരിച്ചില്ല.

ഇളയ മകന്‌ ഒന്നര വയസ്സുള്ളപ്പോള്‍ മാതാപിതാക്കളെ ഏല്‍പിച്ച്‌ ജോലിക്കെത്തിയതാണ്‌ ആഷ്‌ലി. ഷീബാജോണ്‍ രണ്ട്‌ വയസുള്ള കുട്ടിയെ നാട്ടിലാക്കിയാണ്‌ എത്തിയത്‌. ബിന്ദു സുരേഷ്‌ മകന്‍ ഏഴാം ക്‌ളാസില്‍ പഠിക്കുമ്പോള്‍ വന്നതാണ്‌. ആശാരാജ്‌ മാത്രമാണ്‌ ഇവരുടെ കൂട്ടത്തില്‍ അവിവാഹിതയായിട്ടുള്ളത്‌.

മധ്യസ്ഥ ശ്രമവുമായി ആശുപത്രി അധികൃതരെ പലപ്രാവശ്യം പലരും സമീപിച്ചിട്ടും ഒരു ഫലവും ഉണ്ടായില്ല. ഇതിനിടയില്‍ എംബസിയും, നോര്‍ക്ക കണ്‍സള്‍ട്ടന്‍റ്‌ ശിഹാബ്‌ കൊട്ടുകാട്‌ മുഖേനശ്രമിച്ചിരുന്നു. ഒരു മാസം മുമ്പ്‌ മാത്രം എംബസിയില്‍ എത്തിയ ലേബര്‍ വെല്‍ഫയര്‍ ഓഫിസര്‍ ഡോ. മുഹമ്മദ്‌ അലീം ഇവരുടെ വിഷയം ഗൗരവപൂര്‍ണം ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ശിഹാബ്‌ കൊട്ടുകാടിനും എംബസി ഉദ്യോഗസ്ഥന്‍ ഫസീഉല്ലക്കുമൊപ്പം ഹഫറില്‍ എത്തിയ അദ്ദേഹം ആരോഗ്യ മന്ത്രാലയ ഡയറക്ടര്‍ക്ക്‌ മുന്നില്‍ വിഷയം അവതരിപ്പിച്ചു. ഉടന്‍ ആശുപത്രി ഉടമയെ വിളിച്ചു വരുത്തി വിഷയങ്ങള്‍ അന്വേഷിച്ചപ്പോള്‍ തൊഴില്‍ മന്ത്രാലയത്തിന്‍േറയും ജവാസത്തിന്‍േറയും ചില തടസങ്ങള്‍ കാരണമാണിതുവരെ നാട്ടിലയക്കാന്‍ സാധിക്കാത്തത്‌ എന്ന മറുപടിയാണ്‌ നല്‍കിയത്‌. ഇതിന്‍െറ നിജസ്ഥി അന്വേഷിച്ച ആരോഗ്യമന്ത്രാലയ ഡയറക്ടര്‍ ഈ ആഴ്‌ച തന്നെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച്‌ ഇവരെ നാട്ടിയച്ചിരിക്കണം എന്ന കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക