Image

എംബസ്സിയുടെയും നവയുഗത്തിന്റെയും സഹായത്തോടെ 3 പേര്‍ ജയില്‍മോചിതരായി മടങ്ങി

Published on 20 December, 2017
എംബസ്സിയുടെയും നവയുഗത്തിന്റെയും സഹായത്തോടെ 3 പേര്‍ ജയില്‍മോചിതരായി മടങ്ങി
ദമ്മാം: ഇന്ത്യന്‍ എംബസ്സിയുടെയും നവയുഗം സാംസ്‌ക്കാരികവേദിയുടെയും സഹായത്തോടെ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ വിവിധകുറ്റങ്ങള്‍ക്ക് തടവ് ശിക്ഷ പൂര്‍ത്തിയാക്കിയ മൂന്നു ഇന്ത്യക്കാര്‍, ദമ്മാം ഫൈസലിയ സെന്‍ട്രല്‍ ജയിലില്‍ നിന്നും മോചിതരായി നാട്ടിലേയ്ക്ക് മടങ്ങി. മലയാളികളായ ശൈലേന്ദ്രകുമാര്‍, രാജീവ്, തമിഴ്‌നാട്ടുകാരനായ ഗുരുതേവര്‍ എന്നിവരാണ് നാട്ടിലേയ്ക്ക് മടങ്ങിയത്.

ശൈലേന്ദ്രകുമാര്‍ വ്യക്തിപരമായി യാതൊരു പങ്കുമില്ലാത്ത ഒരു മയക്കുമരുന്ന് കേസില്‍പ്പെട്ടാണ് ജയിലിലായത്. ഒരു അവധിദിവസം കൂട്ടുകാരനായ ഒരാളുടെ മുറിയില്‍ സന്ദര്‍ശനത്തിന് പോയപ്പോഴാണ് ശൈലേന്ദ്രന് ദൗര്‍ഭാഗ്യം നേരിട്ടത്. കൂട്ടുകാരന്റെ മുറിയില്‍ സംസാരിച്ചു കൊണ്ടിരിയ്ക്കുന്ന സമയത്ത് പോലീസ് വന്ന് ആ മുറിയില്‍ ഉണ്ടായിരുന്ന എല്ലാവരെയും അറസ്റ്റു ചെയ്യുകയായിരുന്നു. കൂട്ടുകാരന് മയക്കുമരുന്ന് കച്ചവടമായിരുന്നു എന്ന രഹസ്യവിവരം അനുസരിച്ചായിരുന്നു പോലീസ് വന്നത്. റൂമിലുണ്ടായിരുന്ന ശൈലേന്ദ്രകുമാറും കേസില്‍ കൂട്ടുപ്രതിയായി മാറി.സ്വന്തം നിരപരാധിത്വം തെളിയിയ്ക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. ശൈലേന്ദ്രകുമാറിന്റെ സ്‌പോണ്‍സര്‍ വിവരം അറിഞ്ഞപ്പോള്‍ വൈകിപ്പോയി. ശൈലേന്ദ്രകുമാര്‍ ഒരിയ്ക്കലും ഇത്തരം കുറ്റകൃത്യം ചെയ്യില്ലെന്ന് അറിയാമായിരുന്ന സ്‌പോണ്‍സര്‍ അയാളെ പുറത്തിറക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. രണ്ടുവര്‍ഷത്തെ ശിക്ഷ അനുഭവിയ്‌ക്കേണ്ടി വന്ന ശൈലേന്ദ്രകുമാറിനെ നാട്ടിലേയ്ക്ക് അയയ്ക്കാന്‍ സ്‌പോണ്‍സര്‍ നവയുഗം ജീവകാരുണ്യവിഭാഗത്തെ ബന്ധപ്പെടുകയായിരുന്നു.

കണ്ണൂര്‍ സ്വദേശിയായ രാജീവിനെ മദ്യപിച്ചതിനാണ് പോലീസ് അറസ്റ്റു ചെയ്തത്. ഒരു വര്‍ഷത്തെ ജയില്‍വാസം അനുഭവിച്ച ശേഷവും പാസ്സ്‌പോര്‍ട്ടോ രേഖകളോ ഇല്ലാതെ നാട്ടിലെ പോകാനാകാതെ വന്നപ്പോള്‍, നാട്ടിലെ ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം വളരെ വിഷമത്തിലായി. അവരുടെ ആവശ്യപ്രകാരമാണ് നവയുഗം ഈ കേസില്‍ ഇടപെട്ടത്.

തമിഴ്നാട് സ്വദേശിയായ തിരിഞ്ഞാണം ഗുരു തേവര്‍ അറസ്റ്റിലായതും മദ്യപിച്ചതിനാണ്. ഒരു വര്‍ഷത്തെ തടവുശിക്ഷ കഴിഞ്ഞശേഷവും രേഖകള്‍ ഇല്ലാതെ നാട്ടില്‍ പോകാന്‍ കഴിയാതെ വന്നപ്പോള്‍, സുഹൃത്തുക്കളാണ് നവയുഗത്തിന്റെ സഹായം തേടിയത്.

നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ പദ്മനാഭന്‍ മണിക്കുട്ടനും, മഞ്ജു മണിക്കുട്ടനും മൂന്നുപേര്‍ക്കും ഇന്ത്യന്‍ എംബസ്സി വഴി ഔട്ട്പാസ്സ് എടുത്തു കൊടുത്തു. ശൈലേന്ദ്രകുമാറിന് സ്‌പോണ്‍സറും, രാജീവ്, ഗുരുതേവര്‍ എന്നിവര്‍ക്ക് അവരുടെ സുഹൃത്തുക്കളും ടിക്കറ്റ് എടുത്തു കൊടുത്തു. മൂന്നുപേരും ജെറ്റ് എയര്‍വെയ്സ് വിമാനത്തില്‍ നാട്ടിലേയ്ക്ക് മടങ്ങി.

ഈ പ്രവാസികളുടെ അനുഭവം എല്ലാവര്ക്കും നല്‍കുന്ന സന്ദേശം വ്യക്തമാണ്. ഇപ്പോള്‍ ദമ്മാം ഫൈസലിയ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതില്‍ പകുതിപേരും മദ്യപാനം, മയക്ക് മരുന്ന് എന്നിവയുമായി ബന്ധപ്പെട്ട കേസുകളില്‍ ശിക്ഷ അനുഭവിയ്ക്കുന്നവരാണ്. ജോലിയ്ക്കു വേണ്ടി ഈ രാജ്യത്തു വന്നിട്ട്, ഇത്തരം നിയമവിരുദ്ധ,നിരോധിത കാര്യങ്ങളില്‍ ഏര്‍പ്പെടാതെ, സ്വന്തം കുടുംബത്തെക്കുറിച്ചോര്‍ത്ത് ജീവിയ്ക്കുകയാണ് പ്രവാസികള്‍ ചെയ്യേണ്ടത് എന്ന് നവയുഗം ജീവകാരുണ്യവിഭാഗം അഭ്യര്‍ത്ഥിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക